മഹാത്മാഗാന്ധി... കവിതയിലെ കർമയോഗി

Mahatma Gandhi
avatar
ഡോ. രാജേഷ് കടന്നപ്പള്ളി

Published on Oct 02, 2025, 01:49 PM | 2 min read

ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ മറ്റൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കാനില്ലെന്നായിരുന്നു മഹാത്മാഗാന്ധിയുടെ സന്ദേശം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ രാഷ്ട്രപിതാവിന്റെ ആദർശനിഷ്‌ഠ മനുഷ്യനുമായി ബന്ധപ്പെട്ടതിലെല്ലാമുണ്ട്. സഹനസമരദീപ്തമായ ആ ജീവിതത്തെ അത്രമേൽ ഹൃദയസ്പർശിയായി മലയാള കവികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌.


ഗാന്ധിജിയുടെ ജീവിതപരിശുദ്ധി വർണിക്കുന്ന ശ്രദ്ധേയമായ കവിതയാണ് വള്ളത്തോളിന്റെ ‘എന്റെ ഗുരുനാഥൻ’. ലോകം തറവാടായും മനുഷ്യരെപ്പോലെ പുൽക്കൊടിയെയും പുഴുവിനെയും കുടുംബമായി പരിഗണിച്ച യുഗപുരുഷന്റെ ജീവിതാപദാനമാണ് കവിത. യേശു ക്രിസ്തുവിന്റെ പരിത്യാഗം, ശ്രീകൃഷ്ണന്റെ ധർമ്മം, ഹരിശ്ചന്ദ്രന്റെ സത്യം, ബുദ്ധന്റെ അഹിംസ, ശങ്കരാചാര്യരുടെ ബുദ്ധി, മുഹമ്മദ് നബിയുടെ സ്ഥൈര്യം, രന്തിദേവന്റെ ദയാവായ്പ് ഇവയെല്ലാം സമന്വയിക്കുന്ന ഉദാത്തതയാണ് ഗാന്ധിയെന്ന് വള്ളത്തോൾ പ്രഖ്യാപിക്കുന്നു.


കൊല്ലപ്പെട്ട ഗാന്ധിജിയുടെ ഛായാചിത്രത്തിൽപോലും വെടിയുതിർത്ത് രസിക്കുന്ന കാലത്ത് വിശ്വമാനവികതയുടെ പ്രവാചകനായ മഹാത്മാഗാന്ധിയുടെ ജീവിത ഔന്നത്യം കവിതയിൽ ദർശിക്കാം. കവിത്രയത്തിലെ ശബ്ദമഹിമ ഉള്ളൂരിന്റെ " ആ ചുടലക്കളം ’ഗാന്ധി ഘാതകർക്ക്‌ നേരെയുള്ള കവിയുടെ രോഷമാണ്.


"ആർഷ ഭൂവണിഞ്ഞിടുമാദർശരത്നത്തിനെ

ഭാരതീയനാ മൊരാളഭ്യസ്ഥവിദ്യൻ

ഹാ ഹാ കാരിരുമ്പുണ്ട കൊണ്ടു

തീർന്നല്ലോ ഗതാസുവായ് ’’


-മഹാത്മാവിന്റെ നെഞ്ചിൽ നിറയൊഴിച്ച നാഥുറാം വിനായക് ഗോഡ്സെയെ ഏതുപേരിൽ വിളിക്കണമെന്ന് ചോദിക്കുന്ന കവി മനുഷ്യകുലത്തിനാകെ മഹാപരാധത്തിൽ മുഖം കുനിക്കേണ്ടിവന്നുവെന്നും പറയുന്നു. ജി ശങ്കരക്കുറുപ്പിന്റെ "രാജഘട്ടത്തിൽ’ - ഗാന്ധിജിയുടെ അന്ത്യവിശ്രമ ഭൂമിയിൽ നിൽക്കുമ്പോഴുണ്ടാകുന്ന നീറ്റലിന്റെ ആഖ്യാനമാണ്.


"മുൻവരി പല്ലു പോയ്പ്പോയ

മോണ കാട്ടിച്ചിരിച്ചൊരാൾ

ചമ്രം പടിഞ്ഞിരിക്കുന്ന

പടം നീ കണ്ടതില്ലയോ’


-വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ‘ആരമ്മേ ഗാന്ധി’ മലയാളത്തിലെ മറ്റൊരു ഹൃദ്യമായ കവിതയാണ്. ഗാന്ധിജയന്തി ദിനത്തിൽ നൂൽനൂൽക്കുന്ന അമ്മയോട് മകൻ കൗതുകത്തോടെ ഗാന്ധിയെക്കുറിച്ച് ചോദിക്കുന്നതാണ് സന്ദർഭം. ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച ഗാന്ധി അടികൊണ്ടാൽ ചിരിക്കുകയും കുടിൽ കൊട്ടാരമാക്കുകയും ചെയ്ത അത്ഭുതങ്ങളിൽ അത്ഭുതമാണെന്ന് അമ്മ കുട്ടിക്ക് പറഞ്ഞു കൊടുക്കുന്നു.


അയിത്തത്തിൽ എരിഞ്ഞടങ്ങിയവർക്ക് ജീവിതവെളിച്ചം നൽകിയ ഗാന്ധിജിയെ സ്മരിക്കുകയാണ് വൈലോപ്പിള്ളി ‘ഹരിജനങ്ങളുടെ പാട്ടിലൂടെ’. വഴിനടക്കാൻ അവകാശമില്ലാത്ത ജനതയ്ക്ക് ക്ഷേത്ര പ്രവേശനം സാധ്യമാക്കിയ നവോത്ഥാന സമരങ്ങളുടെ നേർസാക്ഷ്യമാണ്‌ ഇ‍ൗ കവിത. കാവ്യഗന്ധർവനായ വയലാറിന്റെ ആദ്യ കാവ്യസമാഹാരമായ പാദമുദ്രയിലെ മുഴുവൻ കവിതകളും ഗാന്ധിയുടെ കർമ്മവഴികളുടേതാണ്.


"ഒരു വെടിയുണ്ട കവർന്നെടുക്കി

ല്ലൊരുനാളുമാ ദിവ്യ സുക്തകങ്ങൾ

ജനപദ രക്ത സിരകളിലാ-

ണിനിയവ ജീവിപ്പതെന്നുമെന്നും ’


‘ആ സന്ദേശം’ എന്ന്‌ പേരിട്ട കവിതയിൽ കവി വെടിയുണ്ടകൾക്കൊന്നും വകവരുത്താൻ കഴിയാത്ത മഹാത്മാവിന്റെ മഹത്വത്തെ ഉയർത്തിപ്പിടിക്കുന്നു. ഗാന്ധിവധം തീപ്പൊരിയായി കരളിൽ നീറുമെന്നാണ് ബാലാമണിയമ്മയുടെ ഭാഷ്യം. അടിമച്ചോറിൻ രുചി നുണഞ്ഞു ഉറങ്ങിയവർക്ക് ഉടവാൾ ഊരിത്തന്ന വീരനാണ് ഗാന്ധിയെന്നാണ് സുഗതകുമാരി വർണിക്കുന്നത്. യൂസഫലി കേച്ചേരി ‘ഒക്ടോബർ’ എന്ന കവിതയിൽ കൂപ്പിയ കൈകൾക്ക്‌ നേരെ തോക്കുമായെത്തിയവർക്കു നേരെയുള്ള വിമർശനമാണ്.


വർത്തമാനകാലത്തെ ഗാന്ധിനിന്ദ തുറന്നുകാട്ടുന്ന കവിതയാണ് എൻ വി കൃഷ്ണവാര്യരുടെ ‘ഗാന്ധിയും ഗോഡ്സേയും’. ഗാന്ധി അരി വാങ്ങാൻ ക്യൂ നിൽക്കുമ്പോൾ കൂറ്റൻ കാറിൽ ഗോഡ്സെ കടന്നുപോകുന്ന കാഴ്ചയിലൂടെയാണ് കവിതയുടെ യാത്ര. ഗോഡ്സെയെ ചരിത്ര പുരുഷനാക്കാൻ ശ്രമിക്കുന്നവരുടെ നെഞ്ചിലേക്ക് വാക്കുകളുടെ നിറയൊഴിക്കുകയാണ് കവി വി മധുസൂദനൻ നായരുടെ കവിത.


‘‘തനിയെ നടന്നു നീ പോവുക,

തളർന്നാലുമരുതേ

പരാശ്രയവും ഇളവും

അനുഗാമിയില്ലാത്ത പഥിക,

തുടർന്നാലുമിടറാതെ നിൻ

ധീര ഗാനം’’


1948 ജനുവരി 30 ന് ജീവിതം നിലച്ചിട്ടും അഹിംസയുടെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും മഹാപ്രവാഹമായി ഗാന്ധിനില കൊള്ളുന്നു. കാലത്തിന്റെ ചുവരിൽ ഒരു ചിത്രമായി മാറ്റാൻ ശ്രമിച്ചാലും അലയടിക്കും ആ ധീരജീവിത ഗാനം. അത് കവിതയായും പെയ്തുകൊണ്ടിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home