പക്ഷി പറന്നപ്പോൾ പിറന്ന പുസ്‌തകം

വലിയശാല രാജു
Published on Jan 23, 2025, 11:44 AM | 2 min read
ഗിന്നസ് ബുക്കിനെ കുറിച്ച് കേട്ടിട്ടില്ലേ? ലോകറെക്കോഡുകൾ അടയാളപ്പെടുത്തുന്ന പുസ്‌തകം എന്ന് രീതിയിൽ കേട്ടിരിക്കുമെന്ന് ഉറപ്പ്. പക്ഷേ, അങ്ങനെയൊരു പുസ്‌തകം ഉണ്ടായതിന് പിന്നിൽ രസികൻ ചരിത്രമുണ്ടാകുമല്ലോ? അത് കേൾക്കണമെന്ന് തോന്നിയിട്ടില്ലേ, എങ്കിൽ തുടർന്ന് വായിച്ചോളൂ...
1759ൽ ആർതർ ഗിന്നസ് അയർലൻഡിൽ സ്ഥാപിച്ച ‘ഗിന്നസ് ബ്രൂവറി’ പ്രശസ്‌തമായ ആൾക്കഹോൾ (മദ്യം) കമ്പനിയാണ്. ഈ കമ്പനിയുടെ എംഡി സർഹ്യൂഗ് ബീവറാണ് ലോക റെക്കോർഡുകൾ രേഖപ്പെടുത്തുന്ന പുസ്തകത്തിന്റെ പിറവിക്ക് പിന്നിൽ.
1951 നവംബർ 10ന് സർഹ്യൂഗ് ബീവർ വേട്ടക്കായി വനത്തിൽ സഞ്ചരിക്കവേ ഒരു പക്ഷിയെ വെടിവയ്‌ക്കാൻ ശ്രമിച്ചു. പക്ഷേ, അത് വേഗത്തിൽ പറന്നുപോയി. അപ്പോഴാണ് ഏറ്റവും വേഗതയിൽ പറക്കുന്ന പക്ഷി ഏതായിരിക്കും എന്ന ചിന്ത അദ്ദേഹത്തിനുണ്ടായത്. അത് മറ്റുള്ളവരുമായി പങ്കുവയ്‌ക്കുകയും അത് ചില തർക്കങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്തു. ലോകറെക്കോഡുകൾ എഴുതിവെക്കുന്ന പുസ്തകം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് അദ്ദേഹത്തിന് തോന്നി. ഈ ആശയം നടപ്പാക്കാൻ ബീവർ ഗിന്നസ് കമ്പനി ജീവനക്കാരനായ ക്രിസ്റ്റഫർ ചാറ്റവേയോട് ആവശ്യപ്പെട്ടു. ഇദ്ദേഹം ലോക റെക്കോർഡുകൾ ശേഖരിക്കാനും മറ്റുമായി അർധ സഹോദരങ്ങളായ നോറീസ്, മക്വിർട്ടർ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു.
പ്രതീകാത്മക ചിത്രം. Meta AI
1955 ആഗസ്‌ത് 27നാണ് ഗിന്നസ് ബുക്ക് ഔദ്യോഗികമായി ലണ്ടനിൽ പുറത്തിറങ്ങുന്നത്. ഗിന്നസ് കമ്പനിയുടെ പേര് കൂടി ചേർത്ത് പുസ്തകം പുറത്തിറക്കിയതിന് പിന്നിൽ ഗിന്നസ് എം ഡിയായ ബീവറിന്റെ താൽപ്പര്യമായിരുന്നു. പ്രസിദ്ധീകരിച്ച ആ വർഷം തന്നെ ഈ പുസ്‌തകം ബെസ്റ്റ് സെല്ലറായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴിത് ഒരു റഫറൻസ് ഗ്രന്ഥം കൂടിയാണ്. ലോകത്തെ വിവിധ ഗ്രന്ഥശാലകളിൽ നിന്നും ഏറ്റവും കൂടുതൽ മോഷണം പോയ പുസ്തകം കൂടിയാണിത്. ഇതും ഒരു ഗിന്നസ് റെക്കോഡാണ്. 2025ൽ 70വർഷം പൂർത്തിയാകുന്ന ഈ റെക്കോഡ് പുസ്‌തകം 40 ഭാഷകളിലായി നൂറിലധികം രാജ്യങ്ങളിൽ പ്രസിദ്ധികരിക്കുന്നു.
70 പതിപ്പ്, 150 ദശലക്ഷം കോപ്പി
നിരന്തരം പുതുക്കി പതിപ്പുകളിറക്കുന്ന ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഇതുവരെ 70 പതിപ്പുകളിലായി 150 ദശലക്ഷം കോപ്പികൾ അച്ചടിച്ചിട്ടുണ്ട്. മലയാളം പതിപ്പിന് 3000 രൂപയോളമാണ് വില. വിവിധ വിഷയങ്ങളിലായി നാലായിരത്തിത്തിലധികം റെക്കോഡുകൾ ഈ പുസ്തകത്തിലുണ്ട്. ഇപ്പോൾ ഓൺലൈൻ പതിപ്പും ഗിന്നസ് വേൾഡ് റെക്കോഡ്‌സിനുണ്ട്. ലോക റെക്കോഡുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാവർഷവും നവംബർ ഒമ്പത് ഗിന്നസ് വേൾഡ് റെക്കോഡ് ദിനമായി ആചരിക്കുന്നു.
മനുഷ്യത്വവിരുദ്ധവും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതുമായ റെക്കോഡുകൾ ഗിന്നസിൽ ഉൾപ്പെടുത്താറില്ല. മൃഗങ്ങൾക്ക് എതിരായിട്ടുള്ളതും ഉൾപ്പെടുത്താറില്ല. മുമ്പ് ചേർത്തവ പിന്നീട് പിൻവലിക്കുകയായിരുന്നു.
‘ഗിന്നസ് വേൾഡ് റെക്കോഡ്സ്' ഇ പ്പോൾ ലിമിറ്റഡ് കമ്പനിയായാണ് പ്രവർത്തിക്കുന്നത്. ഇത് മറ്റ് ബിസിനസ് ഗ്രൂപ്പുകളെപ്പോലെ ലാഭം ഉണ്ടാക്കുന്ന സ്വതന്ത്ര കമ്പനിയാണ്. 1976 മുതൽ ക്യാനഡയിലെ ജിം പാറ്റിസൺ ഗ്രൂപ്പാണ് ഇതിനെ നിയന്ത്രിക്കുന്നത്. ആസ്ഥാനം ലണ്ടൻ. നിരവധി മറ്റ് പ്രവർത്തങ്ങളും ഇവർ നടത്തുന്നു. കുട്ടികളുടെ ടെലിവിഷൻ പരമ്പരകളാണ് ഇതിൽ പ്രധാനം. ലണ്ടനിൽ വേൾഡ് റെക്കോഡ്‌സ് മ്യൂസിയവുമുണ്ട്.









0 comments