വർണവെറിയെ മുട്ടുകുത്തിച്ചപ്പോൾ; കുപ്രസിദ്ധമായ ഗ്രോവൽ ടെസ്റ്റ്‌ പരമ്പരയുടെ കഥ

grovel test
avatar
ആര്‍ സി വി

Published on Jul 04, 2025, 10:13 AM | 2 min read

‘വംശീയ അധിക്ഷേപവും വർണവെറിയും ചിലരിൽ രൂഢമൂലമായിരിക്കുന്നു. ഈ നവലോകത്തിലും അത് തുടരുന്നു വെന്നത് ഏറെ സങ്കടകരമാണ്. ഒരു മനസോടെ പോരാടേണ്ട കളിക്കളങ്ങളും ഈ മാനസിക അപചയത്തിൽനിന്നും വിമുക്തമല്ല.’ വംശീയാധിക്ഷേപം നേരിട്ട ബ്രസീലിയൻ ഫുട്ബോൾ താരം വിനീഷ്യസ് ജൂനിയറിനെ വംശീയ അധിക്ഷേപ പരിശോധനസമിതിയുടെ തലപ്പത്ത് കൊണ്ടുവന്നതിലൂടെ ഈ സന്ദേശമാണ്‌ ഫിഫ ലോകത്തിന് നൽകിയത്. ജനപ്രിയയായിരുന്ന മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നിറത്തിന്റെ പേരിൽ പരിഹാസം കേൾക്കേണ്ടി വന്നു എന്ന വെളിപ്പെടുത്തൽ നാം ഏറെ ഞെട്ടലോടെയാണ് കേട്ടത്. വർണവെറിയെ മുട്ടിലിഴയിച്ച കഥ ക്രിക്കറ്റ്‌ ചരിത്രത്തിലുമുണ്ട്‌.

1976 മേയിൽ ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ്‌പരമ്പരക്കായി വെസ്റ്റ് ഇൻഡീസ് എത്തി. കങ്കാരുക്കളോട് അവരുടെ നാട്ടിൽ വച്ച് 5-1 റൺസിന് തോറ്റിട്ടാണ് ലോകചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ്, ക്ലൈവ് ലോയ്‌ഡിന്റെ നേതൃത്വത്തിൽ ഒരു വൻ പേസ് പടയും രാകി മിനുക്കിയ തന്ത്രങ്ങളുമായി ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്..


"Grovelling...’


ദക്ഷിണാഫ്രിക്കയിൽനിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ വെളുത്ത വർഗക്കാരനായ ടോണി ഗ്രെയ്ഗ് ആയിരുന്നു ഇംഗ്ലീഷ്‌ ക്യാപ്റ്റൻ. പരമ്പരയ്ക്ക് മുമ്പ്‌ ബിബിസിയുടെ സ്‌പോർട്‌സ്‌ നൈറ്റ്‌ പ്രോഗ്രാമിനു വേണ്ടി ഗ്രെയ്ഗിനെ ഇന്റർവ്യൂ ചെയ്യുന്നതിനിടയിൽ അദ്ദേഹം സംസ്‌കാരശൂന്യമായ ഒരു കമന്റ് പാസാക്കി. മാധ്യമങ്ങളിൽ വെസ്റ്റിൻഡീസിനെ പറ്റി ധാരാളം വാർത്തകൾ വന്നത് ഗ്രെയ്ഗിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ‘‘അവർ ഈ പറയുംപോലെ അത്ര മികച്ചവരാണെന്ന്‌ തോന്നുന്നില്ല. നന്നായി കളിക്കുമ്പോൾ അവർ അജയ്യരാണ്‌. പക്ഷേ വീണാൽ പിന്നെ മുട്ടിൽ ഇഴയും. ഞങ്ങൾ അവരെ മുട്ടിലിഴയ്‌ക്കും’’ ഗ്രെയ്ഗ്‌ തട്ടിവിട്ടു…


"I'm not really sure they're as good as everyone thinks.These guys, if they get on top they are magnificent cricketers. But if they're down, they grovel, and I intend, with the help of Closey [Brian Close] and a few others, to make them grovel.’)


grovel test


വെസ്റ്റ് ഇൻഡീസ് കൊടുത്ത ‘പണി’


ദക്ഷിണാഫ്രിക്കയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ടോണി ഗ്രെയ്ഗിന്റെ വംശീയപരാമർശം കടുത്ത പ്രതിഷേധങ്ങൾക്ക്‌ തിരികൊളുത്തി. വംശീയ പരിഹാസം വെസ്റ്റ്‌ ഇൻഡീസ് ടീമിനെ മാത്രമല്ല അവരുടെ ആരാധകരെയും അങ്ങേയറ്റം ചൊടിപ്പിച്ചു. അവർ കൂട്ടത്തോടെ മൈതാനങ്ങളിലേക്ക് പ്രതിഷേധവുമായി എത്തി. ഈ പരാമർശത്തിലൂടെ ഇംഗ്ലണ്ടിനെ കളിക്കളത്തിൽ തച്ച് തകർക്കാനുള്ള പോരാട്ട വീര്യമാണ്‌ വെസ്റ്റ്‌ ഇൻഡീസിന്‌ ലഭിച്ചതെന്ന് കരീബിയൻ ഇതിഹാസം വിവ് റിച്ചാർഡ്സ്‌ അഭിപ്രായപ്പെട്ടു.

ആദ്യത്തെ രണ്ട് ടെസ്റ്റുകളും സമനിലയിലായി. ബാക്കിയുള്ള മൂന്നു ടെസ്റ്റുകളും വിജയിച്ച് 3 -‐0ന്‌ വെസ്‌റ്റ്‌ ഇൻഡീസ് പരമ്പര സ്വന്തമാക്കി. ആൻഡി റോബർട്സ്, മൈക്കിൾ ഹോൾഡിങ് ഉൾപ്പെടെയുള്ള വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർമാർ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരുടെ മേൽ തീ തുപ്പി. വിവ് റിച്ചാർഡ്സ് ഉൾപ്പെടെയുള്ള ബാറ്റ്സ്മാൻമാർ ഇംഗ്ലണ്ട് ബൗളർമാരെ നെട്ടോട്ടമോടിച്ചു. അവസാന ടെസ്റ്റിനിടയിൽ പത്രക്കാരെ വിളിച്ച് തനിക്ക്‌ പറ്റിയ അബദ്ധമാണ് ആ വാക്ക് എന്ന്‌ ഗ്രെയ്‌ഗ് വിലപിച്ചു.


മുട്ടിലിഴഞ്ഞ്‌ ഗ്രെയ്‌ഗ്


അഞ്ചാം ടെസ്റ്റിൽ തോൽക്കാറായപ്പോൾ മൈതാനത്തിൽ മുട്ടിലിഴഞ്ഞ് അയാൾ വെസ്റ്റ്‌ ഇൻഡീസിനോടും അവരുടെ ആരാധകരോടും ശരിക്കും മാപ്പ് ചോദിച്ചു. ടീം അംഗങ്ങൾക്കും ആരാധകർക്കും അതൊരു മധുരപ്രതികാരമായി. തുടർന്ന് നടന്ന ഏകദിന പരമ്പരയും വെസ്‌റ്റ്‌ ഇൻഡീസ് തൂത്തു വാരി. അത്ര കട്ടക്കലിപ്പ് ആയിരുന്നു അവർക്ക് . വിവാദ മുട്ടിലിഴയൽ (Grovelling )പരാമർശത്താൽ കുപ്രസിദ്ധമായ ഈ പരമ്പര Grovel Test series എന്ന് വിളിക്കപ്പെട്ടു. പിന്നീട്‌ കെറി പാർക്കറിന്റെ വിമതക്രിക്കറ്റ് പരമ്പരയ്ക്ക് പിറകെ പോയി ഗ്രെയ്ഗിന്‌ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടു. പ്രശസ്തനായ കമന്റേറ്റർ ആയി മാറിയ അദ്ദേഹം പിന്നെയും വിവാദങ്ങളിൽപ്പെട്ടു. ടോണി ഗ്രെയ്ഗിന്റെ തന്നെ ആമുഖത്തോടെ ഡേവിഡ് ടോസൽ ഈ സംഭവവുമായി ബന്ധപ്പെട്ട് Grovel! എന്ന പുസ്തകം പുറത്തിറക്കി.



deshabhimani section

Related News

View More
0 comments
Sort by

Home