നിർമിത ബുദ്ധിയുഗത്തിൽ സൈബർ സുരക്ഷയും പ്രധാനം

വിനീത് കെ കോലാരത്ത്
Published on Sep 25, 2025, 11:46 AM | 3 min read
ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും നമ്മുടെ ജീവിതം എത്രത്തോളം എളുപ്പമാക്കി? ഓൺലൈൻ ക്ലാസുകൾ, ഗെയിമുകൾ, സിനിമകൾ, ബാങ്കിങ്... എല്ലാം നമ്മുടെ വിരൽത്തുമ്പിൽ. വലിയ സാധ്യതകളുടെ ലോകമാണ് സൈബറിടം തുറന്നുതരുന്നത്. എന്നാൽ, എല്ലാ നല്ല കാര്യങ്ങൾക്കും ഒരു മറുവശമുണ്ടാകുമല്ലോ. ഈ ഡിജിറ്റൽ ലോകത്തും ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. അതിൽനിന്ന് നമ്മളെയും നമ്മുടെ വിവരങ്ങളെയും സംരക്ഷിക്കുന്ന പ്രതിരോധസംവിധാനമാണ് സൈബർ സുരക്ഷ (Cyber Security).
പലപ്പോഴും നമ്മൾ വിചാരിക്കുന്നത് സൈബർ സുരക്ഷ എന്നുപറഞ്ഞാൽ വെറും ഒരു ആന്റി-വൈറസ് സോഫ്റ്റ്‌വെയറാണെന്നാണ്. എന്നാൽ അങ്ങനെയല്ല, അതിനേക്കാൾ വലുതാണ് ഈ വിഷയം. നമ്മുടെ കംപ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, സ്വകാര്യ വിവരങ്ങൾ എന്നിവയെല്ലാം ഓൺലൈൻ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുന്ന ഒരു വലിയ സംവിധാനമാണിത്.
നിർമിതബുദ്ധി (AI) വരുമ്പോൾ
നിർമിതബുദ്ധി ഇന്ന് വലിയ ചർച്ചാവിഷയമാണ്. പുതിയ ഗെയിമുകൾ ഉണ്ടാക്കാനും പഠനത്തിന് സഹായിക്കാനും നിർമിതബുദ്ധിക്ക് സാധിക്കും. പക്ഷേ, ഈ നിർമിതബുദ്ധി ഉപയോഗിച്ച് സൈബർ ആക്രമണങ്ങൾ നടത്താനും കഴിയും. അതുകൊണ്ട് നിർമിതബുദ്ധി വളരുന്നതിനനുസരിച്ച് സൈബർ സുരക്ഷയും കൂടുതൽ പ്രധാനമാകുന്നു.
ഡീപ്ഫേക്ക് (Deepfake): ഒരു വ്യക്തിയുടെ മുഖവും ശബ്ദവും ചലനങ്ങളും കൃത്രിമമായി സൃഷ്ടിക്കുന്ന എഐ സാങ്കേതികവിദ്യയാണിത്. നിങ്ങൾ ഒരു വീഡിയോകോളിൽ ഏറ്റവും പരിചയമുള്ള വ്യക്തിയോട് സംസാരിക്കുമ്പോൾ ഒരു പക്ഷേ അപ്പുറത്ത് എഐ ഉണ്ടാക്കിയ ഒരു വ്യാജവീഡിയോ ആയിരിക്കാനുള്ള സാധ്യതയുണ്ട്. പണം അപഹരിക്കാൻ ഉൾപ്പെടെ ഡീപ് ഫേക്ക് ഇന്ന് ക്രിമിനലുകൾ ഉപയോഗിക്കുന്നുണ്ട്
ഫിഷിങ് (Phishing): ബാങ്കിൽനിന്നാണെന്ന് തോന്നിക്കുന്ന ഇ-മെയിലുകൾ കണ്ടിട്ടില്ലേ? എഐ ഉപയോഗിച്ച് ഇത്തരം വ്യാജ സന്ദേശങ്ങൾ കൂടുതൽ വിശ്വസനീയമായ രീതിയിൽ ഉണ്ടാക്കാനാകും. ഇത് നിങ്ങളുടെ സ്വകാര്യവിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ളതാണ്.
നമ്മുടെ ഉത്തരവാദിത്വം
പുതുതലമുറയ്ക്ക് സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതൽ അറിവുണ്ട്. നമ്മുടെ വീടുകളിൽ സ്മാർട്ട്ഫോണുകളും ഓൺലൈൻ ഇടപാടുകളും ഉപയോഗിക്കുന്ന മുതിർന്നവർക്ക് പലപ്പോഴും സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് വലിയ ധാരണയുണ്ടായിരിക്കില്ല. ഈ സാഹചര്യത്തിൽ അവരെ സഹായിക്കേണ്ട ഉത്തരവാദിത്വം വിദ്യാർഥികൾക്കുണ്ട്.
ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും അവ എങ്ങനെ തിരിച്ചറിയാമെന്നും നമ്മുടെ മാതാപിതാക്കളെയും മുതിർന്നവരെയും പഠിപ്പിക്കാം. ശക്തമായ പാസ്‌വേഡുകൾ ഉണ്ടാക്കാനും അത് സുരക്ഷിതമായി സൂക്ഷിക്കാനും അവരെ സഹായിക്കാം. സംശയാസ്പദമായ ഫോൺ വിളികളെയോ സന്ദേശങ്ങളെയോ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാം. മുതിർന്നവരുടെ ഫോണുകളിലെ അനാവശ്യ ആപ്പുകൾ നീക്കം ചെയ്യാനും സുരക്ഷാ ക്രമീകരണങ്ങൾ ശരിയാക്കാനും നമുക്ക് മുൻകൈയെടുക്കാം.
നിങ്ങൾക്കൊരു തൊഴിൽ
സൈബർ സുരക്ഷ എന്നത് ഒരു വലിയ തൊഴിൽമേഖലകൂടിയാണ്. നിങ്ങൾ കംപ്യൂട്ടറുകളോടും സാങ്കേതികവിദ്യയോടും താൽപര്യമുള്ളയാളാണെങ്കിൽ ഈ രംഗത്ത് നിങ്ങൾക്ക് വലിയ സാധ്യതകളുണ്ട്. സൈബർ സുരക്ഷാ വിദഗ്ദ്ധൻ (Cybersecurity Analyst): സൈബർ ആക്രമണങ്ങൾ കണ്ടെത്തുന്നതും അതിന് പരിഹാരങ്ങൾ നൽകുന്നതും ഇവരാണ്. എത്തിക്കൽ ഹാക്കർ (Ethical Hacker): ഒരു സ്ഥാപനത്തിന്റെ കംപ്യൂട്ടർ നെറ്റ്‌വർക്കിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി അത് പരിഹരിക്കാൻ സഹായിക്കുന്ന വിദഗ്ദ്ധരാണിവർ.
ഫോറൻസിക് അനലിസ്റ്റ് (Forensic Analyst): സൈബർ കുറ്റകൃത്യങ്ങൾ നടന്നാൽ അത് അന്വേഷിച്ച് തെളിവുകൾ ശേഖരിക്കുന്നതിൽ ഇവർക്ക് പ്രധാന പങ്കുണ്ട്. എഐ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്: എഐ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ തടയാനും എഐ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വിദഗ്ദ്ധരുടെ ആവശ്യകത വർധിച്ചുവരികയാണ്.കംപ്യൂട്ടർ സയൻസ്, നെറ്റ്‌വർക്കിങ് എന്നിവയിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് സൈബർ സുരക്ഷയിൽ പ്രത്യേക കോഴ്സുകൾ തെരഞ്ഞെടുക്കാം. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ഓൺലൈൻ കോഴ്സുകളും വെബിനാറുകളും ഇന്ന് ലഭ്യമാണ്.
ഓർക്കുക, ഡിജിറ്റൽ ലോകം ഒരുപാട് അവസരങ്ങൾ നൽകുന്നുണ്ട്. അതേസമയം, നിങ്ങളുടെ സൈബർ സുരക്ഷ നിങ്ങളുടെ കൈകളിലാണ്. ചെറുതും വലുതുമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് ഈ ലോകം സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കും.
ഓൺലൈൻ കെണികൾ: വിദ്യാർഥികൾ ശ്രദ്ധിക്കാൻ
വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ കൂടിവരികയാണ്. വേഗത്തിൽ പണമുണ്ടാക്കാൻ കഴിയുമെന്ന വാഗ്ദാനങ്ങൾ നൽകി നിങ്ങളെ കെണിയിലാക്കാൻ തട്ടിപ്പുകാർ ശ്രമിക്കുന്നു.ഓൺലൈൻ ജോബ് ഓഫറുകൾ: "വീട്ടിലിരുന്ന് ജോലി ചെയ്ത് ലക്ഷങ്ങൾ നേടാം" എന്ന് കാണിക്കുന്ന വ്യാജപരസ്യങ്ങൾ, ഓൺലൈൻ സർവേകൾ, ഡാറ്റാ എൻട്രി ജോലികൾ എന്നിവയുടെ പേരിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നു. പലപ്പോഴും രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ ചെറിയ തുക വാങ്ങി ഇവർ അപ്രത്യക്ഷമാകും.
വേഗത്തിൽ പണമുണ്ടാക്കാനുള്ള വാഗ്ദാനങ്ങൾ: വ്യാജ ക്രിപ്റ്റോകറൻസി നിക്ഷേപങ്ങൾ, ഓൺലൈൻ ഗെയിമുകൾ, ബെറ്റിങ് ആപ്പുകൾ എന്നിവയിലൂടെ എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന് പറഞ്ഞ് നിങ്ങളെ പ്രലോഭിപ്പിക്കാം. വിദേശ പഠനത്തിനുള്ള അവസരങ്ങൾക്കുള്ള വാഗ്ദാനം: വിദേശരാജ്യങ്ങളിൽ പഠിച്ച് മികച്ച ജോലികൾ നേടി ജീവിതത്തിൽ ഉന്നതിയിൽ എത്താം എന്ന പുതുതലമുറയുടെ ആഗ്രഹങ്ങളെയാണ് ഇന്ന് സൈബർ ഇടത്തിൽ തട്ടിപ്പ് സംഘങ്ങൾ ഏറ്റവും കൂടുതൽ ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ ചെലവിൽ മികച്ച വിദേശ വിദ്യാഭ്യാസം എന്ന വാഗ്ദാനത്തിൽ പലരും വീണു പോകും. വ്യാജമായി സൃഷ്ടിക്കപ്പെട്ട നിരവധി വിജയകഥകൾ ഇടതടവില്ലാതെ സോഷ്യൽ മീഡിയകളിൽ എത്തുമ്പോൾ അതെല്ലാം ശരിയാണ് എന്ന് വിദ്യാർഥികളും രക്ഷിതാക്കളും കരുതുന്നു. ഓർക്കുക ലോകത്തിലെ മികച്ച സർവകലാശാലകൾ ഒന്നും വിദ്യാർഥികളെ കിട്ടാൻ ഏജന്റുമാരെ ഏൽപ്പിച്ച് സോഷ്യൽ മീഡിയകളിൽ പരസ്യം നൽകുന്നില്ല.
ലഹരി മാഫിയകളുടെ കെണികൾ: വേഗത്തിൽ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരെ ലഹരി മാഫിയകൾ ലക്ഷ്യമിടുന്നു. ചെറിയ ജോലികളോ വാഗ്ദാനങ്ങളോ നൽകി ഇവരെ ലഹരി കടത്തിനും വിതരണത്തിനും ഉപയോഗിക്കാൻ സാധ്യതയുണ്ട്. വ്യാജ സൗഹൃദങ്ങൾ: സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി സൗഹൃദം സ്ഥാപിച്ചശേഷം നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയോ ബ്ലാക്ക്‌മെയിൽ ചെയ്യുകയോ ചെയ്യുന്നത് പതിവാണ്. ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ വാഗ്ദാനങ്ങളെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. സംശയാസ്പദമായ ലിങ്കുകളോ മെസേജുകളോ തുറക്കാതിരിക്കുക. വ്യക്തിപരമായ വിവരങ്ങളോ പണമോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്.









0 comments