പൂക്കളുടെ ഉത്സവം... ഓണം പ്രകൃതിയുടെ പൂക്കാലം

poopoli
avatar
ഡോ. രാജേഷ് കടന്നപ്പള്ളി

Published on Sep 05, 2025, 08:37 AM | 1 min read


"‘വൈരാഗ്യമേറിയൊരു വൈദികനാട്ടെ,

യേറ്റ വൈരിക്കു മുമ്പുഴറിയോടിയ ഭീരുവാട്ടെ,

നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി

യാരാകിലെന്തു? – മിഴിയുള്ളവർ നിന്നിരിക്കാം ’’-


പൂവിന്റെ സൗന്ദര്യത്തെ അത്രമേൽ ഹൃദയസ്പർശിയായി മഹാകവി കുമാരനാശാൻ "വീണപൂവിൽ" ആവിഷ്കരിച്ചിട്ടുണ്ട്. മനുഷ്യമനസിൽ പൂക്കൾ സമ്മാനിക്കുന്ന അനുഭൂതിയുടെ ആവിഷ്കാരമാണത്. പൂക്കൾ ആകുലതകളിൽ ആശ്വാസം പകരുന്നതിനാൽ ഉത്സവങ്ങളുടെ അനിവാര്യതയും ആകർഷണീതയുമായി അവ മാറി. "പൊന്നുവയ്ക്കേണ്ടിടത്ത് പൂവച്ചെങ്കിലും "എന്നൊരു ചൊല്ലുമുണ്ടല്ലോ. അനുഷ്ഠാനമാകട്ടെ, ആഘോഷമാകട്ടെ പൂവിന്റെ സാന്നിധ്യം പ്രധാനമാണ്. പ്രധാനപ്പെട്ട രണ്ടുത്സവങ്ങളാണല്ലോ ഓണവും പൂരവും. വില്യം ലോഗൻ "ഓണം കഴിഞ്ഞാൽ മലയാളിയുടെ പ്രധാന ആഘോഷം പൂരമാണെന്നും" രേഖപ്പെടുത്തി. രണ്ടിനും പൂക്കളുടെ ഉത്സവമെന്ന വിശേഷണവും ചേരും.


മാനവികതയുടെ ചക്രവർത്തി മഹാബലിയെ പൂക്കളം തീർത്ത് നാം വരവേൽക്കുന്നു. "മുറ്റം ചെത്തീലാ, പൂക്കളം തീർത്തില്ലാ" യെന്ന ആധിയായിരുന്നു പഴയ കാലത്ത്. പ്രകൃതിയുടെ പൂക്കാലമാണ് ഓണക്കാലം. തുമ്പ,മുക്കുറ്റി, ചെമ്പരത്തി, കായാമ്പൂ, കോളാമ്പി,അരിപ്പൂ, ആമ്പൽ, കാക്കപ്പൂ , തെച്ചിപ്പൂ, ശംഖുപുഷ്പം, ഗ്രാമജീവിതത്തിന്റെ വർണപ്പകിട്ടുകളായ ഓണപ്പൂക്കൾ നിരവധിയാണ്. ചിങ്ങമാസത്തിലെ അത്തംമുതൽ തിരുവോണംവരെ പൂക്കളം ഒരുക്കുകയെന്നത് മലയാളികളുടെ വികാരമാണ്.


മീനമാസത്തിലാണ് പൂരം. വസന്തോത്സവമെന്നാണ് പൂരത്തെ വിശേഷിപ്പിക്കുന്നത്. മീനച്ചൂടിന്റെ കഠിനതയിലും വടക്കൻ കേരളത്തിന്റെ വടക്ക് ഒരു ജനത പൂരോത്സവത്തിൽ തിമിർക്കുന്നു. കാമപൂജയാണ് പുരോത്സവത്തിന്റെ ഐതിഹ്യം. മലരമ്പനെ പൂവുകൾകൊണ്ട് പൂജിക്കുന്ന അപൂർവതയാണിത്. വീടുകളിലും കാവുകളിലും പൂവിടാനായി പലതരത്തിലുള്ള പൂക്കൾ ഉപയോഗിക്കുന്നു. ചെമ്പകപ്പൂ, കട്ടപ്പൂ ( ജഡപ്പൂവെന്നും പറയുന്നു) മുരിക്കിന്റെ പൂവ്, എരിക്കിൻ പൂവ്, അതിരാണിപ്പൂവ്, പാലപ്പൂവ്, മാമ്പൂവ്, കിളി തിന്നിപ്പൂവ് തുടങ്ങി വൃക്ഷങ്ങളിലും വള്ളികളിലുമുള്ള പൂക്കളാണ് പൂരപ്പൂക്കൾ. ചൂടിൽ പ്രകൃതിയാകെ തപിച്ചുരുകുന്നു. കുറ്റിച്ചെടികളും വള്ളികളും ഉണങ്ങിയമരുന്നു. അപ്പോഴും അതിജീവനത്തിന്റെ പൊരുളുകളുമായി വൃക്ഷങ്ങൾ പൂവിടുന്നു.


ഓണപ്പൂക്കൾ വള്ളികളിലും ചെടികളിലും വിരിയുമ്പോൾ പൂരപ്പുക്കൾ മരങ്ങളിലാണ് പുഷ്പിക്കുന്നത്. അത്തംമുതൽ പത്തുദിവസമാണ് ഓണം. മീനത്തിലെ കാർത്തികതൊട്ട് പൂരംവരെ ഒമ്പതുനാൾ പൂരവും. പൂക്കളുടെ രണ്ടുത്സവങ്ങൾക്കും കാലദൈർഘ്യത്തിലും ഇത്തരമൊരു സാദൃശ്യമുണ്ട്. ഇന്ന് ഗുണ്ടൽപ്പേട്ടിലും താേവാളയിലുമാണ് ഓണപ്പൂക്കൾ വിടരുന്നത്.





Tags
deshabhimani section

Related News

View More
0 comments
Sort by

Home