എംബിബിഎസ് വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; സഹപാഠികൾ അറസ്റ്റിൽ

മുംബൈ : മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ സഹപാഠികളും അവരുടെ സുഹൃത്തുമടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം.
മെയ് 18 ന് രാത്രി 10 മണിയ്ക്ക് 22കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ സഹപാഠികൾ സിനിമകാണാനായി ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും മദ്യം നൽകുകയും ചെയ്തു. മദ്യം കുടിച്ചയുടനെ തലകറങ്ങി അബോധാവസ്ഥയിലായ പെൺകുട്ടിയെ മൂന്നുപേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ മൊഴിയുണ്ട്.
കർണാടകയിലെ ബെലഗാവി സ്വദേശിയായ പെൺകുട്ടി വീട്ടിലെത്തിയ ഉടനെ മാതാപിതാക്കളോട് പീഡന വിവരം പറഞ്ഞു. തുടർന്ന് വിശ്രാംബാഗ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ പൂനെ, സോളാപൂർ, സാംഗ്ലി എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതി മൂന്നു പേരെയും മെയ് 27 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.









0 comments