ഐഐഎമ്മിൽ ബാച്ചിലർ സയൻസ് പ്രോഗ്രാമുകൾ

iim sambalpur
avatar
പി കെ അൻവർ മുട്ടാഞ്ചേരി

Published on Jul 09, 2025, 10:04 AM | 2 min read

സംബൽപുരിലെ (ഒഡിഷ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM) ഈ വർഷം മുതൽ ആരംഭിക്കുന്ന നാലു വർഷ ബാച്ചിലർ ഓഫ് സയൻസ് (ബിഎസ്) പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിഎസ് ഇൻ ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഎസ് ഇൻ മാനേജ്‌മെന്റ്‌ ആൻഡ് പബ്ലിക് പോളിസി എന്നിവയാണ് പ്രോഗ്രാമുകൾ. നാലുവർഷ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിഎസ് (ഓണേഴ്‌സ്) ബിരുദം ലഭിക്കും. ഓരോ വർഷത്തിലും എക്സിറ്റ് ഓപ്ഷനുമുണ്ട്. ഒരു വർഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും രണ്ട് വർഷം പൂർത്തിയാക്കുന്നവർക്ക് ഡിപ്ലോമയും മൂന്ന് വർഷം പൂർത്തിയാക്കുന്നവർക്ക് ബിഎസ് ഡിഗ്രിയും ലഭിക്കും.


യോഗ്യത


അപേക്ഷകർക്ക് 2025 ജൂലൈ 31-ന് 21 വയസ്സിൽ കവിയാൻ പാടില്ല. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ നിയമാനുസരണമുള്ള ഇളവ് ലഭിക്കും. 2024/ 2025ൽ പ്ലസ്‌ടു/ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. 10, 12 ക്ലാസ് പരീക്ഷകളിൽ 70 ശതമാനം മാർക്ക് ലഭിക്കണം. പട്ടിക/ ഒബിസി എൻസിഎൽ/ ഇഡബ്ല്യുഎസ്/ ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം മതി. പത്തിലും പന്ത്രണ്ടിലും ഇംഗ്ലീഷ് ഭാഷാപരീക്ഷ ജയിക്കുകയും വേണം.


പ്രവേശന രീതി


ബിഎസ് ഇൻ ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവേശനത്തിന് 2025ലെ ജെഇഇ മെയിൻ സ്കോർ പരിഗണിച്ചാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. എന്നാൽ, ബിഎസ് ഇൻ മാനേജ്‌മെന്റ്‌ ആൻഡ് പബ്ലിക് പോളിസി പ്രവേശനത്തിന് സിയുഇടി യുജി 2025-ൽ ജനറൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് പേപ്പറുകളിലെ സ്കോർ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.


അപേക്ഷ


ബിഎസ് ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ജൂലൈ 20 വരെയും ബിഎസ് ഇൻ മാനേജ്‌മെന്റ്‌ ആൻഡ് പബ്ലിക് പോളിസിക്ക് ജൂലൈ 30 വരെയും ഓൺലൈനിൽ അപേക്ഷിക്കാം. 1000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക/ ഒബിസി എൻസിഎൽ/ ഇഡബ്ല്യുഎസ്/ ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ മതി. ആവശ്യമായ രേഖകളും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ആഗസ്‌ത്‌ ആദ്യ വാരം ഫലം പ്രസിദ്ധീകരിക്കും. സെപ്തംബർമുതൽ പ്രോഗ്രാമുകൾ ആരംഭിക്കും. വിവരങ്ങൾക്ക്‌: www. iimsambalpur.ac.in, ഫോൺ: 9078546024/ 7327014789, ഇമെയിൽ: bs. admission@ iimsambalpur.ac.in



deshabhimani section

Related News

View More
0 comments
Sort by

Home