കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം... 6 പിജി ഡിപ്ലോമ പ്രോ​ഗ്രാമുകൾ

k r narayanan institute
വെബ് ഡെസ്ക്

Published on Jul 17, 2025, 11:14 AM | 2 min read

കേരള സർക്കാരിന്റെ മികച്ച പ്രൊഫഷണൽ ഫിലിം/ഓഡിയോ- വിഷ്വൽ പരിശീലന സംരംഭവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണ കേന്ദ്രവുമാണ്‌ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ്‌ ആർട്സ്‌. വിവിധ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കോട്ടയം ജില്ലയിലെ തെക്കുംതലയിലാണ് സ്ഥാപനം.


പ്രോഗ്രാമുകൾ


വ്യത്യസ്ത മേഖലകളിൽ മൂന്ന് വർഷം ദൈർഘ്യമുള്ള ആറ് പിജി ഡിപ്ലോമ പ്രോഗ്രാമുകളാണുള്ളത്. ആക്‌ടിങ്, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, സിനിമറ്റോഗ്രഫി, ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിങ്‌, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈനിങ് എന്നീ ഫുൾ ടൈം റെസിഡൻഷ്യൽ പ്രോഗ്രാമുകളാണുള്ളത്‌.


60 സീറ്റ്‌


ഓരോ പ്രോഗ്രാമിനും 10 സീറ്റുവീതം ആകെ 60 സീറ്റാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാലാ ബിരുദമാണ് അപേക്ഷാ യോഗ്യത. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.


പ്രവേശന രീതി


യോഗ്യരായ അപേക്ഷകർക്ക് രണ്ട് ഘട്ടങ്ങളുള്ള സ്ക്രീനിങ് വഴിയാണ് പ്രവേശനം നൽകുന്നത്. ആദ്യഘട്ടമായ പ്രിലിമിനറി പ്രവേശന പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് രണ്ടാംഘട്ടമായ ഓറിയന്റേഷനും അഭിമുഖവും ഉണ്ടാകും.


പ്രിലിമിനറി പ്രവേശന പരീക്ഷ


രണ്ടു ഭാഗങ്ങളുണ്ട്. പാർട്ട് - 1 ൽ ജനറൽ അവയർനസ് പരീക്ഷയാണ്. ഒബ്ജക്ടീവ്‌ ടൈപ്പ് ചോദ്യങ്ങൾ, 50 മാർക്കിന്റെ ഒരു മണിക്കൂർ പരീക്ഷ. നെഗറ്റീവ് മാർക്കില്ല. പാർട്ട് -2 ൽ 2 മണിക്കൂർ ദൈർഘ്യമുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റാണ്.100 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ. സിനിമയെക്കുറിച്ചുള്ള ധാരണ പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാകും. പ്രവേശനപരീക്ഷ ആഗസ്ത്‌ 10ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം ആറ് കേന്ദ്രങ്ങളിൽ നടക്കും.


ഇന്റർവ്യൂ


ഓരോ പ്രോഗ്രാമിലേക്കും, പ്രവേശന പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ 30–--40 വിദ്യാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഈ വിദ്യാർഥികൾക്ക് ഓറിയന്റേഷനും ഇന്റർവ്യൂവും നടത്തിയാണ് അന്തിമ അലോട്ട്മെന്റ്‌ ലിസ്റ്റ് തയ്യാറാക്കുന്നത്. സംവരണ മാനദണ്ഡങ്ങളും പാലിക്കും. എൻട്രൻസ് പരീക്ഷയുടെയും അലോട്ട്‌മെന്റിന്റെയും ചുമതല എൽബിഎസ് സെന്ററിനാണ്. 2,73,000 രൂപയാണ് മൂന്ന് വർഷത്തേക്കുള്ള ഫീസ്. തിരികെ ലഭിക്കുന്ന ഡെപ്പോസിറ്റായി 30, 000 രൂപയും പ്രവേശന സമയത്ത് അടയ്‌ക്കണം.


അപേക്ഷ 30 വരെ


ഓൺലൈനിൽ ജൂലൈ 30 വരെ അപേക്ഷിക്കാം. എല്ലാ പ്രോഗ്രാമുകൾക്കും പൊതുവായ അപേക്ഷയാണ്. ഒരു വിദ്യാർഥിക്ക് പരമാവധി 3 പ്രോഗ്രാമുകൾക്കുവരെ മുൻഗണനാ ക്രമത്തിൽ അപേക്ഷിക്കാം. ഒന്നിലധികം അപേക്ഷ പാടില്ല. 2000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക, ഭിന്നശേഷി, വനിത, എൽജി ബിടിക്യു + വിഭാഗക്കാർക്ക് 1000 മതി. വിവരങ്ങൾക്ക്‌: www.krnnivsa.edu.in ഫോൺ: 9061706113, ഇ–-മെയിൽ: [email protected]



deshabhimani section

Related News

View More
0 comments
Sort by

Home