ഭൂമിശാസ്ത്ര പഠനവും സാധ്യതകളും

പ്രൊഫ. കെ പി ജയരാജന്‍
Published on Aug 27, 2025, 04:44 PM | 2 min read
ഭൂമിയെപ്പറ്റിയുള്ള പഠനം വിപുലമായ സാധ്യതകളാണ് തുറക്കുന്നത്. ഭൂമിയുടെ ഉപരിതലം, ജലവും കരയും, കാലാവസ്ഥ, മനുഷ്യ നിർമിതഘടനകൾ തുടങ്ങി നിരവധി കാര്യങ്ങൾ ജ്യോഗ്രഫി എന്ന ശാസ്ത്രവിഷയത്തിലൂടെ പഠിക്കാം.
വിഷയ മേഖലകൾ
ജ്യോഗ്രഫി വിഷയത്തിനു കീഴിൽ ഫിസിക്കൽ ജ്യോഗ്രഫി, ഹ്യൂമൻ ജ്യോഗ്രഫി, എൻവയൺമെന്റൽ ജ്യോഗ്രഫി,അർബൻ ജ്യോഗ്രഫി, സോഷ്യൽ ജ്യോഗ്രഫി, ജിയോസ്പേഷ്യൽ ജ്യോഗ്രഫി എന്നിങ്ങനെയുള്ള ശാഖകളുടെയും ഇവ സംയോജിച്ചുള്ള പഠനവും പുതിയ കാലത്ത് ഈ പ്രോഗ്രാമിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഭൂരൂപങ്ങൾ, കാലാവസ്ഥ, ആവാസവ്യവസ്ഥകൾ, ജനസംഖ്യ, മനുഷ്യ ഇടപെടൽ, നഗരവൽക്കരണം, പ്രകൃതി പരിസ്ഥിതി- പ്രത്യാഘാതങ്ങൾ, ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ്, റിമോട്ട് സെൻസിങ്, ഭൂപട നിർമാണം തുടങ്ങിയവയെല്ലാം പഠനഭാഗങ്ങളാണ്.
തൊഴിലവസരങ്ങൾ
ജിയോളജിസ്റ്റ്, ക്ലൈമറ്റോളജിസ്റ്റ്, ടൗൺ പ്ലാനർ, ജിഐഎസ് സെപ്ഷ്യലിസ്റ്റ്, അധ്യാപകൻ, ഗവേഷകൻ, കാർട്ടോഗ്രാഫർ, എൻവയൺമെന്റൽ കൺസൾട്ടന്റ്, ലാൻഡ്സ്കേപ് ആർക്കിടെക്റ്റ്, പൊല്യൂഷൻ അനലിസ്റ്റ്, വാട്ടർ കൺസർവേഷൻ ഓഫീസർ, ടൂറിസം ഓഫീസർ, സയന്റിഫിക് ജേർണലിസ്റ്റ്/ എഡിറ്റർ തുടങ്ങി നിരവധി തൊഴിലവസരങ്ങളുണ്ട്. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് തിരുവനന്തപുരം, സെന്റർ ഫോർ എർത്ത് സയൻസ് ബംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മെറ്റീരിയോളജി പുണെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി ഗോവ എന്നീ മുൻനിര ഗവേഷണ സ്ഥാപനങ്ങളിൽ ഗവേഷണത്തിനും ജോലിക്കും ചേരാം.
പഠന പ്രോഗ്രാമുകൾ
ബിഎസ്‌സി, ബിഎസ്‌സി (ഓണേഴ്‌സ്), ബിഎ, ബിഎ (ഓണേഴ്‌സ്), എംഎസ്‌സി, ഇന്റഗ്രേറ്റഡ് എംഎസ്‌സി, എംഎ, എംടെക്, എംഎഫിൽ, പിഎച്ച്ഡി എന്നിങ്ങനെ വ്യത്യസ്ത ജ്യോഗ്രഫി കോഴ്സുകൾ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ പഠിക്കാം. കേരളത്തിൽ സയൻസ് വിഷയമായാണ് കോഴ്സ് ഘടന. ഡിഗ്രി കോഴ്സിനു ചേരാൻ ഏത് സ്ട്രീമിലും ഹയർ സെക്കൻഡറി/ തത്തുല്യം പരീക്ഷ പാസായാൽ മതി. തുടർന്നുള്ള പഠന പ്രോഗ്രാമുകൾക്ക് ജ്യോഗ്രഫിയിൽ അതിനനുസരിച്ചുള്ള യോഗ്യത വേണം. ജ്യോഗ്രഫി ബിരുദമുള്ളവർക്ക് എംഎസ്‌സി എൻവയൺമെന്റൽ സയൻസിന് ചേരാം.
സ്ഥാപനങ്ങൾ
രാജ്യത്തെ പ്രധാന സർവകലാശാലകളിലെല്ലാം ജ്യോഗ്രഫി വിഷയത്തിൽ പഠനത്തിനവസരമുണ്ട്. ജെഎൻയു ഡൽഹി, ഡൽഹി സർവകലാശാല, മൈസൂരു, പോണ്ടിച്ചേരി സർവകലാശാലകളിൽ ജ്യോഗ്രഫിയിൽ പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾ ഉണ്ട്. മംഗളൂരു, മദ്രാസ്, മുംബൈ, ബനാറസ്, എംഎസ് ബറോഡ, അലിഗഡ്, പഞ്ചാബ് തുടങ്ങിയ സർവകലാശാലകളിൽ ഡിഗ്രി, പിജി, ഗവേഷണ പ്രോഗ്രാമുകൾക്ക് പഠിക്കാം. ഖരഗ്പുർ, കാൻപുർ, ബോംബെ തുടങ്ങിയ ഐഎടികളിൽ റിമോട്ട് സെൻസിങ്, ജിയോ സ്പേഷ്യൽ വിഷയങ്ങളിലും ഡെറാഡൂൺ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങിൽ ജിയോ ഇൻഫർമാറ്റിക്സ്, റിമോട്ട്സെൻസിങ് എന്നിവയിലും പിജി പ്രോഗ്രാമുകൾ ഉണ്ട്. ഇഗ്നോവിൽ വിദൂര വിദ്യാഭ്യാസം വഴി ബിഎസ്‌സിക്കും എംഎസ്‌സിക്കും പഠിക്കാം.
കേരളത്തിൽ
യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, ശ്രീശങ്കരാചാര്യ സർവകലാശാല കാലടി, ഗവ. കോളേജ് ചിറ്റൂർ, കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ജ്യോഗ്രഫി എംഎസ്‌സി കോഴ്സുകൾക്ക് ചേരാം. പയ്യന്നൂർ ക്യാമ്പസിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പിജി, ജിയോ ഇൻഫർമാറ്റിക്സ് പിജി ഡിപ്ലോമ എന്നീ പ്രോഗ്രാമുകളും പഠിക്കാം. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഡാറ്റ അനലിറ്റിക്സ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സിൽ എംഎസ്‌സി കോഴ്സ് ഉണ്ട്.
ഗവ. കോളേജ് നെയ്യാറ്റിൻകര, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, ഗവ. കോളേജ് കാര്യവട്ടം, എസ് എൻ വനിതാ കോളേജ് കൊല്ലം, എൻഎസ്എസ് കോളേജ് പന്തളം, ഗവ. കോളേജ് ചിറ്റൂർ തുടങ്ങിയിടങ്ങളിലും മറ്റു ചില സ്വാശ്രയ കോളേജുകളിലും ബിഎസ്‌സി ജ്യോഗ്രഫി കോഴ്സുകൾ ഉണ്ട്. മാനന്തവാടി ഗവ. മോഡൽ കോളേജിൽ ജിയോഇൻഫർമാറ്റിക്സ് ആൻഡ് റിമോട്ട് സെൻസിങ്ങിൽ ബിഎസ്‌സിക്ക് ചേരാം. തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ (www.ncess.gov.in) നടക്കാറുള്ള ഇന്റേൺഷിപ്/പരിശീലനത്തിന് സെപ്തംബർ/ഫെബ്രുവരി മാസത്തിൽ അപേക്ഷിക്കാൻ അവസരമുണ്ട്.









0 comments