പഠിക്കാം അറുപതിലധികം ന്യൂജൻ കോഴ്‌സുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 11, 2020, 10:57 PM | 0 min read


തിരുവനന്തപുരം
സംസ്ഥാനത്തെ അഫിലിയേറ്റഡ്‌ കോളേജുകളിൽ പരമ്പരാഗത കോഴ്‌സുകൾക്കൊപ്പം ന്യൂജെൻ കോഴ്‌സുകളും പുതിയ അധ്യായനവർഷംതന്നെ എത്തും.  ഉന്നത വിദ്യാഭ്യാസമേഖലയിൽ 60 ന്യൂജനറേഷൻ കോഴ്‌സുകളാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചിതെങ്കിലും കൂടുതൽ കോഴ്‌സുകൾ അനുവദിക്കാനാണ്‌ തീരുമാനം.  എൻജിനിയിറിങ്‌, മാനേജ്‌മെന്റ്‌, ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ തുടങ്ങി എല്ലാ മേഖലയിലും പുതിയ കോഴ്‌സ്‌ വരും. എംജി വൈസ്‌ ചാൻസലർ ഡോ. സാബു തോമസ്‌ ചെയർമാനായ കോഴ്‌സുകൾ തെരഞ്ഞെടുക്കൽ സമിതി ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട്‌ നൽകും. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിലാണ്‌ കൂടുതൽ പുതിയ കോഴ്‌സുകളെത്തുക.

കേരളത്തിൽ എംജിയിലും കുസാറ്റിലും ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകൾ നിലവിലുണ്ട്‌. ബിരുദത്തോടൊപ്പം ബിരുദാനന്തരബിരുദവും പിജിയോടൊപ്പം ഗവേഷണവും ഒന്നിച്ചു നടത്താവുന്ന കോഴ്‌സുകളും വിവിധ വിഷയങ്ങൾ ഒരേ പ്രാധാന്യത്തോടെ പഠിക്കുന്ന (മൾട്ടി ഡിസിപ്ലിനറി) കോഴ്‌സുകളും ആരംഭിക്കും. നിർമിതബുദ്ധിമുതൽ മെഷീൻ ലേണിങ്ങുവരെയുള്ള പുതിയ കോഴ്‌സുകൾ എൻജിനിയറിങ്‌ കോളേജുകളിലുൾപ്പെടെ വരും. കോഴ്‌സുകൾക്ക് അർഹമായ കോളേജുകളെ തെരഞ്ഞെടുക്കുന്നത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌. കോളേജിന് നാക് അക്രഡിറ്റേഷന്റെ എപ്ലസ് ഗ്രേഡെങ്കിലും ലഭിക്കണം. സർക്കാർ കോളേജുകൾക്ക് ഇളവു നൽകും. പുതുതായി ആരംഭിച്ച പട്ടികവിഭാഗം ട്രസ്റ്റുകളുടെ കോളേജുകൾക്കുമാത്രമേ ഇതിൽനിന്ന്‌ ഒഴിവ് നൽകൂ.
കോഴ്‌സുകൾ അനുവദിക്കുന്നതിന് കോളേജിലെ ആ വിഷയത്തിലെ പാരമ്പര്യവും പ്രാഗത്ഭ്യവും അധ്യാപകരുടെ എണ്ണവും സമീപ കോളേജുകളിലെ സ്ഥിതിയും പരിഗണിക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം തേടുന്ന കുട്ടികളുടെ എണ്ണം ഈ അധ്യയനവർഷം കൂടുമെന്നാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് കണക്കാക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ്‌ പുതിയ കോഴ്‌സുകൾ പരമാവധി വർധിപ്പിച്ചു നൽകുക.



deshabhimani section

Related News

View More
0 comments
Sort by

Home