അക്കാദമിക- വ്യവസായിക സഹകരണം; സാങ്കേതിക സർവകലാശാലയും കെ- ഡിസ്‌കും ധാരണാപത്രം ഒപ്പിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2024, 09:12 PM | 0 min read

തിരുവനന്തപുരം > വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്‌ക്) എ പി ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയും ചേർന്ന് ധാരണപത്രം ഒപ്പുവെച്ചു.

2024ൽ നിലവിൽ വന്ന പരിഷ്ക്കരിച്ച ബി ടെക് പാഠ്യപദ്ധതിയിൽ വ്യവസായവുമായി ബന്ധപ്പെട്ട  ഇലക്‌റ്റീവുകൾ, മിനി പ്രോജക്ടുകൾ, കോർ പ്രോജക്ടുകൾ, ദീർഘകാല ഇൻ്റേൺഷിപ്പുകൾ എന്നിവയെ സമന്വയിപ്പിക്കുന്ന സമഗ്രമായ വിദ്യാഭ്യാസ പ്രക്രിയ പ്രാവർത്തികമാക്കുവാനായി സർവകലാശാലയും കെ- ഡിസ്ക്കും ചേർന്ന് പ്രവർത്തിക്കും.

സാങ്കേതിക മുന്നേറ്റങ്ങൾക്കും വിപണി സാധ്യതകൾക്കും അനുസൃതമായി  വ്യവസായ- പ്രസക്തമായ കോഴ്സുകളിൽ പരിശീലനം നൽകുക, അക്കാദമിക സ്ഥാപനങ്ങളും വ്യവസായവും തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുക, പ്രായോഗിക അനുഭവജ്ഞാനത്തിലൂടെ  തൊഴിലവസരം വർധിപ്പിക്കുക, സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകളിലൂടെ യഥാർത്ഥ ലോക പ്രശ്നപരിഹാര കഴിവുകൾ വികസിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമാക്കുന്നത്. കേരളത്തിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിപണി പ്രവണതകളെ കേന്ദ്രീകരിച്ചുള്ള വ്യവസായ വിദഗ്ധർ രൂപകല്പന ചെയ്ത മൈനർ കോഴ്സുകൾ, ഇലക്ടീവുകൾ എന്നിവ തിരഞ്ഞെടുക്കാനും വ്യവസായങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുവാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ സാധിക്കും.

വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട പഠന വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക പരിശീലനം കെ-ഡിസ്ക് വഴി നൽകാനും ധാരണയായി. സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളും വ്യവസായങ്ങളും തമ്മിലുള്ള പങ്കാളിത്തം സമന്വയിപ്പിക്കുക, പ്രോജക്ടുകൾ, ഇൻറേൺഷിപ്പുകൾ, അധ്യാപക പരിശീലന പ്രോഗ്രാമുകൾ എന്നിവയും സംരംഭത്തിലൂടെ സാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home