എഴുത്ത്: അസ്വസ്ഥതയുടെ ആനന്ദം- ഷാഹിന ഇ കെ പറയുന്നു

shahina e k
avatar
സി വി രാജീവ്‌

Published on May 04, 2025, 12:01 AM | 3 min read

ലളിതം ചില ചോദ്യങ്ങൾ’ എന്ന കഥയുടെ ശീർഷകംപോലെയാണ്‌ ഷാഹിന ഇ കെയുടെ കൃതികളും. കാലത്തെ അടയാളപ്പെടുത്തുന്ന വാക്കുറവകൾ. ജീവിതസന്ദർഭങ്ങളെ സൂക്ഷ്‌മമായി വ്യാഖ്യാനിക്കുന്ന കഥകളാണ്‌ ഷാഹിനയുടേത്‌. ചുറ്റുപാടിനെ ചുറ്റിവരിയലില്ലാതെ വാക്കുകളിലേക്കാക്കുന്ന ശൈലി. ആദ്യസമാഹാരം ‘അനന്തപത്മനാഭന്റെ മരക്കുതിരകൾ’ (2011) മുതൽ അടുത്തിടെ ഇറങ്ങിയ ‘പുസ്തകങ്ങളുടെ വീട്’ (2025) വരെയുള്ളവയിലെ കഥകളിൽ തെളിയുന്നത്‌ ഈ ലാളിത്യമാണ്‌. ‘‘എഴുത്തിൽ നിങ്ങളുടെ സന്തോഷമാണ് പ്രധാനം’’ എന്ന ഒ ഹെൻട്രിയുടെ അഭിപ്രായത്തിനൊപ്പമാണ്‌ ഇവർ. കഥയെഴുത്തിന്റെ സന്തോഷത്തിനൊപ്പം രണ്ടുപതിറ്റാണ്ടാകുന്ന സഞ്ചാരത്തെപ്പറ്റി ഷാഹിന പറയുന്നു.

അപൂർണതയുടെ സൗന്ദര്യം

അന്നും ഇന്നും ഓരോ കഥയും അന്വേഷണമാണ്‌. ചുറ്റുമുള്ളതിനോടുള്ള പ്രതികരണം, സ്വപ്നങ്ങൾ, പ്രതീക്ഷകൾ, സങ്കൽപ്പങ്ങൾ, നിരീക്ഷണങ്ങൾ എല്ലാമുണ്ടവയിൽ. അപൂർണമാണ് കഥകളുടെ ലോകം. കഥ തുടരാൻ പ്രേരിപ്പിക്കുന്നത്‌ ആ അപൂർണതയുടെ സൗന്ദര്യമാണ്‌. എല്ലാ കഥകളിലുമുണ്ടാകും മറ്റൊരു കഥയിലേക്കുള്ള അജ്ഞാതമായ വാതിലുകൾ. എഴുത്ത്‌ എനിക്ക്‌ അതിജീവനത്തിന്റെ ഇടമാണ്. അസ്വസ്ഥതയുടെ ആനന്ദമാണ്.

1996ലാണ്‌ (പ്രീഡിഗ്രിക്കാലം) ആദ്യകഥ അച്ചടിക്കുന്നത്-. വായനയാത്രയുടെ ഏതോ ബിന്ദുവിൽ എഴുത്ത് സംഭവിച്ചെന്നേ പറയാനാകൂ. ആദ്യസമാഹാരം പുറത്തിറങ്ങുമ്പോൾ, കഥയുടെ കടലിലേക്ക്‌ ഒറ്റയ്‌ക്ക്‌ തോണിയിറക്കുമ്പോൾ സന്ദേഹങ്ങളായിരുന്നു. വിചാരിച്ചതിനേക്കാൾ അത് വായിക്കപ്പെട്ടു. കഥയുടെ മറ്റേ അറ്റത്ത് ആരോ ഉണ്ടെന്ന തോന്നലുണ്ടാക്കി. പിന്നെ ഒരിടവേള. തിരിച്ചുവരവായത്‌ ‘പുതുമഴ ചൂരുള്ള ചുംബനങ്ങൾ ’(2014) എന്ന സമാഹാരമാണ്‌. പിന്നീട്‌ ഫാന്റംബാത്ത്, കാറ്റും വെയിലും ഇലയും പൂവുംപോലെ, സ്വപ്നങ്ങളുടെ പുസ്തകം, പുസ്തകങ്ങളുടെ വീട് എന്നീ കഥാസമാഹാരങ്ങളും നീലത്തീവണ്ടി (നോവെല്ലകൾ), ഒറ്റഞൊടിക്കവിതകൾ (കവിതാസമാഹാരം), പ്രവാചകൻ (വിവർത്തനം), പ്രണയത്തിന്റെ തീക്കാടിനുമപ്പുറം (കുറിപ്പുകൾ), ഉണ്ണി എക്സ്പ്രസ്സ്- ഡൽഹീന്ന് മുത്തശ്ശിവീട്ടിലേയ്ക്ക്, ടുട്ടൂസിന്റെ മിന്നാമിന്നിക്കൂട്ടം (ബാലസാഹിത്യം) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. നിരവധി പുരസ്‌കാരങ്ങളും കിട്ടി.


shahina e k

കഥ വഴി നടത്തുകയാണ്

എഴുത്ത് ഒരുപരിധിവരെ അബോധ പ്രക്രിയയാണെന്ന്‌ ഷാഹിന പറയുന്നു. അതിൽ ബോധപൂർവം ഇടപെടുന്നത് എഡിറ്റിങ്ങിന്റെ സമയത്താണ്. ഒരുവാക്കും കൂട്ടിചേർക്കാനോ എടുത്തുകളയാനോ ഇല്ലെന്ന് തോന്നുംവരെ എഡിറ്റുചെയ്യും. കഥയുടെ ഇതിവൃത്തത്തിന് അനുസൃതമായി ഭാഷ രൂപപ്പെടുകയാണ്‌. വ്യത്യസ്‌തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്‌. അതേസമയം ചില വാക്കുകൾ, ഇമേജറികൾ ബോധപൂർവം ഉപയോഗിക്കാറുമുണ്ട്. കഥ എന്നെ വഴി നടത്തുകയാണ്‌. കഥയെ ഞാൻ വഴി നടത്തുന്നതിനേക്കാൾ പലപ്പോഴും സംഭവിക്കുന്നത്‌ അങ്ങനെയാണ്‌.

70 വയസ്സിലും നായകന്മാർ ‘ഹീറോ

എഴുത്തിലോ വായനക്കാരുടെ കാര്യത്തിലോ ആൺ–- പെൺ വേർതിരിവുണ്ടെന്ന്‌ തോന്നിയിട്ടില്ല. പല വേദികളിലും സ്ത്രീകളായ എഴുത്തുകാരുടെ പ്രാതിനിധ്യം വേണ്ടവിധമില്ലെന്ന്‌ തോന്നിയിട്ടുണ്ട്‌. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും മാനസികാവസ്ഥയുടെ ആഴം കഥകളിൽ കൊണ്ടുവരാറുണ്ട്‌. സാമാന്യവൽക്കരണങ്ങൾ ഇല്ല. അടിസ്ഥാനപരമായി ആണുങ്ങൾ ഡിസൈൻചെയ്ത മൂല്യങ്ങൾ, സദാചാരം, രാഷ്ട്രീയം, സാമൂഹ്യസ്ഥാപനങ്ങൾ ഒക്കെത്തന്നെയാണ് ഇവിടെയുള്ളത്‌. മാറ്റം ഉണ്ടാകുന്നുവെന്നത് ശരിയാണ്‌. എങ്കിലും സ്ത്രീകളെ ശരീരമായി മാത്രമായും കഴിവ് കുറഞ്ഞവരായും കാണുന്ന, അങ്ങനെ ചിത്രീകരിക്കുന്ന ആളുകൾ ഒരുപാടുണ്ട്. അത് അവരുടെ മത– -സാമൂഹ്യ -സാംസ്‌കാരിക -ബോധ്യങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നുമൊക്കെ വളർന്നുവരുന്നതും സംഭവിക്കുന്നതുമാണ്. ഉള്ളിനുള്ളിൽ സ്ത്രീകളിൽ ഒരുതരം അരക്ഷിതബോധവും ആണുങ്ങളിൽ അധികാരബോധവും ആ വ്യവസ്ഥ ഉണ്ടാക്കിവച്ചിട്ടുണ്ട്‌. അരുത്‌, വേണ്ട, പറ്റില്ല, കഴിയില്ല എന്നൊക്കെ സ്ത്രീകളോട് നിരന്തരം പുലമ്പുന്ന സമൂഹം ഇവിടെയുണ്ട്‌. ലിംഗ അസമത്വം ശക്തമായിത്തന്നെ സമൂഹമനസ്സിൽ വേരോടുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വളരെ വ്യക്തമായി കാണാം. അതുകൊണ്ടാണ് 70 വയസ്സിലും നായകന്മാർ ‘ഹീറോ’ ആയി തുടരുമ്പോഴും 30 വയസ്സുള്ള നായിക തള്ളയെന്ന് വിളിക്കപ്പെടുന്നത്‌. ഭൗതികമായി മെച്ചപ്പെട്ടിടത്തോളം സാംസ്‌കാരികമായും ആന്തരികമായും നമ്മൾ മെച്ചപ്പെട്ടിട്ടില്ല. കഥകളിലും സ്വാഭാവികമായും ഇതെല്ലാം പ്രതിഫലിക്കും.

ബോറടിക്കാത്ത ഏകാകി

മണ്ണും മരങ്ങളും മലകളും കാറ്റും കഥാപാത്രങ്ങൾപോലെ വരുന്നുണ്ട്‌ പല കഥളിലും. നോവായും നിറവായുമുണ്ട്‌ അവ. കൂറ്റൻ മരത്തിന്റെയും പർവതങ്ങളുടെയും ചുവട്ടിൽ, കടൽക്കരയിൽ, മഴ നോക്കി നിൽക്കുമ്പോൾ, മഞ്ഞിൽക്കൂടി നടക്കുമ്പോൾ, രാത്രിയാകാശ വിസ്മയങ്ങൾ കാണുമ്പോൾ എത്ര ചെറുതാണ് നമ്മളെന്ന്‌ തിരിച്ചറിയാറുണ്ട്. ഇതെല്ലാം നമ്മുടെ പുറത്തെന്നപോലെ അകത്തുമുണ്ടെന്ന്‌ തോന്നാറുണ്ട്. നമ്മുടെയെല്ലാം ഉള്ളിലൊരു കാടുണ്ട്. ചിലപ്പോഴെങ്കിലും ആ കാട്ടിലേക്ക് തിരികെ ഓടി ഗുഹയുടെ സുരക്ഷിതമായ ഇരുട്ടിൽ തനിച്ചിരിക്കാൻ തോന്നുന്ന മനസ്സുണ്ട്‌ എല്ലാവരിലും. ആ സ്വാഭാവികത കഥകളിലും കടന്നുവരുന്നു.

ഉള്ളിൽ ഒരിക്കലും മടുക്കാത്ത ഏകാകിയുണ്ട്. ബോറടിക്കുന്നെന്ന്‌ തോന്നാറേയില്ല. ബഹളങ്ങളിൽനിന്നും ഒച്ചപ്പാടുകളിൽനിന്നും കഴിയുന്നത്ര മാറിനിൽക്കുന്ന ഒരാളാണ്. എന്നാൽ, മനുഷ്യരെ ഇഷ്ടമാണ്. ആ ഇഷ്ടമാണ് സാമൂഹ്യജീവിയാക്കുന്നത്‌. അകം ലോകവും പുറംലോകവും തമ്മിലുള്ള സംഭാഷണങ്ങൾ കഥയെ സ്വാധീനിക്കാറുണ്ട്.

ഇത്തരം അകം–-പുറം അനുഭവങ്ങളോടുള്ള പ്രതികരണമാണ് എഴുത്ത്. ആത്മസാക്ഷാൽക്കാരം മാത്രമല്ല. സ്വന്തം അനുഭവപരിസരങ്ങളെ, വൈകാരികതലത്തെ വിപുലീകരിക്കലുംകൂടിയാണ്‌. സർവോപരി മനുഷ്യരുമായി കൊരുക്കലാണ്.

ഷാഹിനയുടെ കൃതികൾ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, കന്നട ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്‌. സർവകലാശാല, സ്കൂൾ സിലബസിലും ഇടംനേടി.



deshabhimani section

Related News

View More
0 comments
Sort by

Home