ചാറ്റ് ജിപിടി കാലത്ത് എന്ത് വായിക്കണം

ബെന്യാമിൻ
Published on Jun 19, 2025, 10:49 AM | 2 min read
വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഇക്കാലത്ത് അധികം പറയേണ്ടതില്ലല്ലോ. കുട്ടികളിൽ വായനാശീലം വളർത്താൻ അധ്യാപകരും ലൈബ്രറിപ്രവർത്തകരും എഴുത്തുകാരും നിരന്തരം ശ്രമിക്കുന്നുണ്ട്. വായന അനിവാര്യമാണെന്ന് പൊതുബോധമുണ്ട്. എന്നാൽ എന്തുവായിക്കണം എന്നതാണ് നമ്മെ അലട്ടുന്ന പ്രധാനപ്രശ്‌നം. ആയിരക്കണക്കിനു പുസ്തകങ്ങളാണ് ലൈബ്രറിയിൽ നമ്മെ കാത്തിരിക്കുന്നത്.
കുട്ടികൾക്കായി മാതാപിതാക്കളും അധ്യാപകരും നിർദേശിക്കുക വൈജ്ഞാനിക പുസ്തകങ്ങളാവും. അറിവ് വർധിപ്പിക്കുകയാണ് അവരുടെ ആഗ്രഹം. അറിവ് എന്നാൽ ഇൻഫർമേഷൻ ആണെന്ന തെറ്റിദ്ധാരണയും ഇതിനു പിന്നിലുണ്ട്.
ചാറ്റ് ജിപിടിയുടെയും എഐയുടെയും കാലത്ത് വിയറ്റ്‌നാമിന്റെ തലസ്ഥാനമേത്? അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ആര്? ഏറ്റവും ചെറിയ രാജ്യമേത്? ബെർമുഡട്രയാങ്കിൾ എവിടെ സ്ഥിതി ചെയ്യുന്നു? എന്നിങ്ങനെയുള്ള അറിവുകൾ കാണാതെ പഠിച്ച് തലച്ചോറിൽ ശേഖരിച്ചുവയ്ക്കേണ്ട കാര്യമില്ലല്ലോ. ഓർമശക്തി പരിശോധിക്കുന്ന ക്വിസ് മത്സരങ്ങളിൽ സമ്മാനം നേടാം എന്നതല്ലാതെ വേറെ ഗുണങ്ങളൊന്നുമില്ല. ഈ അറിവുകളെല്ലാം ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്.
ബെന്യാമിൻ
വായനയിൽ നിന്ന് നാം സമ്പാദിക്കേണ്ടത് അറിവല്ല, ജ്ഞാനമാണെന്ന തിരിച്ചറിവാണ് വേണ്ടത്. എന്താണ് ജ്ഞാനം? നമുക്ക് പുതിയ കാഴ്ചപ്പാടുകൾ സമ്മാനിക്കുന്നത്, തിരിച്ചറിവുകൾ ഉണ്ടാക്കുന്നത്, പുതിയ വെളിച്ചം നൽകുന്നത് , നമ്മെ നമ്മുടെ പരിമിതികളിൽനിന്ന് മോചിപ്പിക്കുന്നത് എന്താണോ അതാണ് ജ്ഞാനം. ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്നത് അറിവ്. ഇമ്മിണി വലിയ ഒന്ന് എന്നത് ജ്ഞാനം. അത് നമ്മൾ ഗൂഗിളിൽ തെരഞ്ഞാലോ റീലുകൾ കണ്ടാലോ ചാറ്റ് ജിപിടിയോട് ചോദിച്ചാലോ കിട്ടില്ല. അവിടെയാണ് പുസ്തകങ്ങളുടെ പ്രസക്തി.
എങ്ങനെയുള്ള പുസ്തകങ്ങൾ? കഥകൾ, നോവലുകൾ, കവിതകൾ, ആത്മകഥകൾ, ജീവചരിത്രങ്ങൾ, യാത്രാവിവരണങ്ങൾ,ചരിത്രഗ്രന്ഥങ്ങൾ. അതിലൂടെ നാം അതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത മനുഷ്യരെയും ജീവിതങ്ങളെയും അനുഭവങ്ങളെയും സംസ്കാരങ്ങളെയും ഭൂവിഭാഗങ്ങളെയും അടുത്തറിയാം. ഏതൊക്കെ ഘട്ടങ്ങളെ അതിജീവിച്ചാണ് മനുഷ്യരും സമൂഹവും ഇവിടെ വരെയെത്തിയതെന്ന് ആ പുസ്തകങ്ങൾ നമുക്ക് പറഞ്ഞു തരും. അങ്ങനെ ഒരു പുസ്തകം വായിച്ചാൽ നമ്മൾ പിന്നെ പഴയ ആൾ ആയിരിക്കില്ല. ആ പുസ്‌തകം നമ്മുടെ ഉള്ളിൽ പുതിയ വെളിച്ചം നിറയ്‌ക്കും. പുതിയ കാഴ്ചപ്പാടുണ്ടാക്കും. അതിലൂടെ നാം സംസ്കാരവും കാരുണ്യവും സഹാനുഭൂതിയും സ്നേഹവും മാനവികബോധവുമുള്ള മനുഷ്യരായി പരിണമിക്കും.
ഒരു ഉദാഹരണം പറയാം. ഞാൻ അടുത്തിടെ വായിച്ചത് ദക്ഷിണാഫ്രിക്കയിൽ ജനിച്ച് ഇപ്പോൾ ലോകം അറിയുന്ന സ്റ്റാൻഡ് അപ് കൊമേഡിയനായ ട്രെവർ നോവയുടെ ‘ബോൺ എ ക്രൈം’ എന്ന ആത്മകഥയാണ്.
വർണവിവേചനകാലത്ത് വെള്ളക്കാരനായ പിതാവിനും കറുത്തവർഗക്കാരിയായ മാതാവിനും ജനിച്ച നോവ നേരിട്ട വിവേചനങ്ങൾ, ആത്മസംഘർഷങ്ങൾ, പരിഹാസങ്ങൾ, ഉപേക്ഷിക്കലുകൾ ,അതിജീവനം എന്നിവയെല്ലാം ഹൃദ്യമായി പുസ്തകം പറയുന്നു. ദക്ഷിണാഫ്രിക്ക, നെൽസൻ മണ്ടേല, വർണവിവേചനം, എന്നൊക്കെ നാം വൈജ്ഞാനിക ഗ്രന്ഥങ്ങളിൽനിന്ന് വായിച്ചറിഞ്ഞിട്ടുണ്ടാവും.
പക്ഷെ ആ കാലത്തെ മനുഷ്യന്റെ ജീവിതം സ്വന്തം അനുഭവമായി തോന്നിപ്പിക്കുകയാണ് ഈ പുസ്‌തകം. അവിടെ ജീവിക്കേണ്ടിവന്ന മനുഷ്യരോട് നമുക്ക് സഹജഭാവം ഉണ്ടാവുന്നു. ലോകത്തെവിടെയും ഇനി വർണവിവേചനം ഉണ്ടാവരുത് എന്ന ചിന്തയുണ്ടാകുന്നു. നമ്മുടെയുള്ളിൽ അതൊരു രാഷ്‌ട്രീയബോധമായി പരിണമിക്കുന്നു. അതാണ് ജ്ഞാനം. ട്രെവർ നോവയെക്കുറിച്ച് വിക്കിപീഡിയയിൽ കിട്ടുന്ന അറിവിൽ നിന്ന് അങ്ങനെയൊരു ബോധം നമ്മുടെയുള്ളിൽ നിറയുകയില്ല. യുദ്ധം വേണമെന്ന് അലറുന്ന മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. അവർ ഒരിക്കലും യുദ്ധത്തിലൂടെ കടന്നുപോയ മനുഷ്യരുടെ അനുഭവങ്ങൾ വായിച്ചിട്ടില്ല എന്നുറപ്പ്. വർഗീയമായ ഭിന്നിപ്പിനും കലാപത്തിനും ആഹ്വാനം ചെയ്യുന്നവർ കലാപങ്ങളുണ്ടാക്കുന്ന ഉണങ്ങാത്ത മുറിവുകളെക്കുറിച്ച് ഒരിക്കലും വായിച്ചിട്ടുണ്ടാവില്ല.
ഓരോ പുസ്തകവും നാളെയിലേക്കുള്ള പിടിവള്ളിയാണ്. ജീവിതാനുഭവങ്ങളെ എങ്ങനെ നേരിടണമെന്ന ജ്ഞാനം പകർന്നു നൽകുന്നവയാണ്. ഭാഷാനൈപുണ്യം, ഏകാഗ്രത, സ്വപ്‌നം കാണാനുള്ള കഴിവ്, പല ജീവിതങ്ങൾ ജീവിക്കാനുള്ള അവസരം എന്നിവ വായന പ്രത്യക്ഷത്തിൽ നമുക്ക് നൽകുന്നുണ്ട്. എന്നാൽ വായന നൽകുന്ന ജ്ഞാനമാണ് അതിനേക്കാൾ പ്രധാനം. നമുക്ക് നമ്മുടെ വായനകളെ ജ്ഞാനം നേടാൻ പാകത്തിൽ ചിട്ടപ്പെടുത്താം.









0 comments