221 ബി ബേക്കർ സ്‌ട്രീറ്റ്! ലോകം മറക്കാത്ത ലണ്ടനിലെ ആ കൊച്ചു മുറി

ടി എസ് ശ്രുതി
Published on May 22, 2025, 04:19 PM | 3 min read
221 ബി ബേക്കർ സ്‌ട്രീറ്റ് ! ലോകം ഒരു പോലെ ഓർക്കുന്ന മേൽവിലാസം. സൃഷ്ടാവിനെ മറികടന്ന് ആ കഥപാത്രത്തെ ലോകം ഏറ്റെടുത്തു. ഷെർലോക് ഹോംസിനെ വായിച്ചവർ ഒരിക്കലെങ്കിലും ആ കഥാപാത്രത്തെ അനുകരിക്കാതിരുന്നിട്ടുണ്ടാകില്ല. സ്‌കൂളിലെ കോണി കയറുമ്പോൾ പടികൾ എണ്ണുകയും പെൻസിലോ, വാച്ചോ കാണാതാകുമ്പോൾ ഹോംസിനെ പോലെ കുറ്റാന്വേഷകനാവുകയും ചെയ്‌ത കുട്ടിക്കാലം.
1886ൽ അതായത് തന്റെ ഇരുപത്തിയേഴാമത്തെ വയസിലാണ് ആർതർ കോനൻ ഡോയൽ ഷെർലോക് ഹോംസിന് ജീവൻ നൽകുന്നത്. തന്റെ കുട്ടിക്കാല ഓർമയുടെ ബാക്കിയായി ഹോംസിന് ഡോയൽ ഒരു മേൽവിലാസവും നൽകി. ലണ്ടനിലെ 221 ബി ബേക്കർ സ്‌ട്രീറ്റ്!
ഷെർലോക്ക് ഹോംസ് മ്യൂസിയം
1891 നും 1892 നും ഇടയിൽ സ്ട്രാൻഡ് മാഗസിനിൽ കഥകളായും പിന്നീട് 1892 ഒക്ടോബറിൽ ഒരു സമാഹാരമായും പ്രസിദ്ധീകരിച്ച ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് എന്ന 12 കഥകളുടെ ഒരു സമാഹാരമായിരുന്നു ഹോംസിന്റെ ആദ്യരൂപം. ഒരുപാട് ആലോചിച്ചാണ് ഡോയൽ തന്റെ കഥാപാത്രത്തിന് ഷെർലക് ഹോംസ് എന്ന പേര് നൽകുന്നത്. ഷെറിൻഫോഡ് ഹോംസ്, ഓർമണ്ട് സാക്കർ എന്നിങ്ങനെയാണ് ഡോയൽ ആദ്യം തന്റെ കഥാപാത്രങ്ങൾക്ക് പേരിട്ടത്. ഒലിവർ വെൻഡൽ ഹോംസ് എന്ന എഴുത്തുകാരനിൽ നിന്നാണ് ഹോംസ് എന്ന പേര് കടമെടുത്തത്. മെഡിക്കൽ സ്കൂൾ സർജൻ ജോസഫ് ബെൽ, എഡിൻബറയിലെ പൊലീസ് സർജൻ ലിറ്റിൽ ജോൺ എന്നിവരുടെ പുനരാവിഷ്കാരമായിരുന്നു ഷെർലക് ഹോംസ്.
രോഗികളുടെ രോഗവിവരങ്ങൾ സൂക്ഷ്‌മ പരിശോധനയിലൂടെ മനസിലാക്കാൻ പ്രത്യേക സാമർഥ്യമുണ്ടായിരുന്നു ജോസഫ് ബെല്ലിന്. ഹോംസിനെപ്പോലെ, സൂക്ഷ്മ നിരീക്ഷണങ്ങളിൽ നിന്ന് വിശാലമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിൽ ബെല്ലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിയായ വാട്സൺ ഡോയിലിന്റെ തനിപ്പകർപ്പായിരുന്നു.
ഷെർലോക് ഹോംസും വാട്‌സണും(ദി അഡ്വഞ്ചർ ഓഫ് സിൽവർ ബ്ലെയ്‌സ്)
ഷെർലോക് ഹോംസ് എന്ന കുറ്റാന്വേഷകന്റെ വിജയം
ഹോംസ് എന്ന കുറ്റാന്വേഷകൻ വിജയിക്കുന്നത് എപ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തന രീതി കൊണ്ടാണ്. സൂക്ഷ്മ നിരീക്ഷണം, കൃത്യമായ നിഗമനം, തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റങ്ങളെ ഉറപ്പിക്കൽ, മാനുഷിക മൂല്യങ്ങളെയും ശാസ്ത്രത്തെയും മുറുകെ പിടിക്കുക എന്നിവയാണ് ഹോംസിന്റെ സവിശേഷത.
ഹോംസിന്റെ കഴിവുകളും പരിമിതികളും
● സാഹിത്യപരിജ്ഞാനം - ഇല്ല
● തത്വശാസ്ത്രപരിജ്ഞാനം - ഇല്ല
● ജ്യോതിശാസ്ത്രപരിജ്ഞാനം - ഇല്ല
● രാഷ്ട്രീയപരിജ്ഞാനം - വളരെ കുറച്ചുമാത്രം
● സസ്യശാസ്ത്രപരിജ്ഞാനം - ഏകദേശം
● ബെല്ലഡോണ, കറുപ്പ് എന്നിവയിലുള്ള അറിവ് - കൂടുതൽ
● രസതന്ത്രപരിജ്ഞാനം - കൂടുതൽ
● ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് - പ്രായോഗികം, പക്ഷേ പരിമിതം.
● വയലിൻ നന്നായി വായിക്കും

ഹോംസിനെ സ്വാധീനിച്ചവർ
അമേരിക്കൻ നോവലിസ്റ്റ് എഡ്ഗാർ അലൻ പോയുടെ ഓഗസ്റ്റെ ഡ്യുപിൻ (റൂമോർഗിലെ കൊലപാതകങ്ങൾ), ഫ്രഞ്ച് നോവലിസ്റ്റ് എമിൽ ഗബോറിയുവിന്റെ മോൺസിയൂർ ലെക്കോക്ക്, കറുപ്പു തീറ്റക്കാരൻ ഹെൻറി കൊവായിൻ, ജർമൻ ഫിക്‌ഷനൽ ഡിറ്റക്ടീവ് വാൾട്ടർ ഷെറർ എന്നിവരെല്ലാം ഡോയലിനെ സ്വധീനിച്ചിട്ടുണ്ട്. ഈ സ്വാധീനം ഡോയൽ പലപ്പോഴും കഥകളിൽ കൊണ്ടുവരുന്നതായി കാണാം. ഡ്യുപിനുമായി താരതമ്യം ചെയ്തുകൊണ്ട് വാട്‌സൺ ഹോംസിനെ അഭിനന്ദിക്കാൻ ശ്രമിക്കുമ്പോൾ ഡ്യുപിൻ "വളരെ താഴ്ന്ന ഒരു സഹപ്രവർത്തകൻ" ആണെന്നും ലെക്കോക്ക് "ഒരു കുഴപ്പക്കാരൻ" ആണെന്നും താൻ കണ്ടെത്തിയെന്ന് ഹോംസ് മറുപടി നൽകുന്ന സന്ദർഭങ്ങളുണ്ട്.
അലൻ പോ
ഇരുപത്തിമൂന്ന് വർഷം ഡിറ്റക്ടീവായി ജോലി ചെയ്യുന്ന ഹോസിനെ അതിലെ പതിനേഴു വർഷവും വാട്‌സണാണ് സഹായിക്കുന്നത്. മിക്ക കഥകളിലും ആഖ്യാതാവ് വാട്‌സണാണ്. ഹോംസും വാട്സണുമായുള്ള സൗഹൃദവും വായനക്കാർ ഏറ്റവും അസ്വദിച്ച ഒരു ഘടകമാണ്. വെടിയേറ്റ് വാട്സണിന് പരിക്കേൽക്കുന്ന ഭാഗത്തെ ഹോംസിന്റെ പ്രതികരണം വാട്‌സണെപ്പൊലെ വായനക്കാരെയും വേദനിപ്പിക്കുന്നുണ്ട്.
ഡോയലും ഹോംസും
ജോസഫ് ബെൽ, ലിറ്റിൽ ജോൺ എന്നിവരുടെ കൂടാതെ ഡോയലിന്റെ പിതാവിനെയും ഹോംസിൽ കാണാം. ഡോയലിന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നു. ഹോംസിലും ലഹരിയോടുള്ള ഈ പ്രിയം കാണാം.
ഹോംസിന്റെ മരണം
1893-ൽ പ്രസിദ്ധീകരിച്ച " ദി ഫൈനൽ പ്രോബ്ലം " കൃതിയിൽ ഹോംസ് കൊല്ലപ്പെടുകയാണ്. തന്നെക്കാളും അധികം ഹോംസ് പ്രസിദ്ധിയാർജിച്ചതും കുറ്റാന്വേഷണ കൃതികൾക്കു പുറമേ ചരിത്ര നോവലുകളും ഇതിഹാസ കൃതികളും എഴുതാനുള്ള ആഗ്രഹവും ഡോയലിനെ ഹോംസിന്റെ മരണത്തിൽ കൊണ്ടെത്തിച്ചു. അങ്ങനെയാണ് ഹോംസിന്റെ ജീവനെടുക്കാൻ പ്രൊഫസർ ജയിംസ് മൊറിയാർട്ടി– നെപ്പോളിയൻ ഓഫ് ക്രൈം! ജനിക്കുന്നത്.
ഹോംസും മോറിയാർട്ടിയും
സ്റ്റോണിഹേസ്റ്റിലെ തന്റെ പഴയൊരു സഹപാഠിയുടെ പേര് അതാണ് ഡോയൽ എതിരാളിക്കായി തെരഞ്ഞെടുത്തത്. ലണ്ടനിലെ ക്രൈം സിൻഡിക്കറ്റിന്റെ തലവനായി മാറിയ മൊറിയാർട്ടി ഹോംസിന്റെ അന്തകനുമായി. എന്നാൽ ഡോയലിനെ ഞെട്ടിപ്പിക്കും വിധമായിരുന്നു വായനക്കാരുടെ പ്രതികരണം. ദുഃഖിതരായ വായനക്കാർ ദി സ്ട്രാൻഡ് മാഗസിന് സങ്കടത്തോടെ കത്തുകൾ എഴുതി. ഹോംസിന്റെ മരണത്തിൽ പ്രതിഷേധിച്ച് വരിക്കാരെ മാസികയ്ക്ക് നഷ്ടമായി. ഡോയലിനും നിരവധി പ്രതിഷേധ കത്തുകൾ ലഭിച്ചു. ഒരു സ്ത്രീ ഡോയലിന് അയച്ച കത്തിന്റെ തുടക്കം "യു ബ്രൂട്ട്" എന്നാണ്. ഹോംസിന്റെ മരണവാർത്ത കേട്ട ലണ്ടൻ ജനത കറുത്ത ബാൻഡുകൾ ധരിച്ച് അവരുടെ ദുഃഖം രേഖപ്പെടുത്തി എന്നാണ് പറയുന്നത്.
ആർതർ കോനൻ ഡോയൽ
കേസന്വേഷണത്തിന്റെ ഭാഗമായി മരിച്ചതായി അഭിനയിച്ചതാണെന്ന് വാട്‌സൺന്റെ അടുത്ത് പറഞ്ഞുകൊണ്ട് ഹോംസ് തിരിച്ചു വരുന്നുണ്ട്. തുടർന്ന് ഹിസ് ലാസ്റ്റ് ബോ എന്ന കൃതിയിൽ ഹോംസ് വിരമിച്ചതായും തേനീച്ച വളർത്തൽ തൊഴിലായി സ്വീകരിച്ചതായും വായനക്കാരനോട് പറയുന്നു.
ഹോംസ് യുഗം
വ്യവസായ വിപ്ലവത്തിന്റെ അവസാനഘട്ടത്തിൽ ജനിക്കുന്ന ഹോംസ് ലണ്ടൻ ജനതയ്ക്ക് ഒരു ആശ്വാസമായിരുന്നു. അപസർപ്പക കഥയാണോ യഥാർഥമാണോ എന്ന സംശയം പോലുമില്ലാതെയാണ് ഹോംസിനെ ജനങ്ങൾ ഏറ്റെടുത്തത്. 1910 ൽ ഫ്രാൻസിലെ ലിയോണിൽ ഹോംസിന്റെ രീതികൾ പിന്തുടർന്ന് ക്രിമിനോളജിസ്റ്റ് എഡ്മണ്ട് ലൊകാർഡ് ലോകത്തെ ആദ്യ പൊലീസ് ലാബ് സ്ഥാപിച്ചു. ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വിശിഷ്ടാംഗത്വം നൽകി ഹോംസിനെ ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത്.
ലണ്ടനിലെ 221B ബേക്കർ സ്ട്രീറ്റിന് സമീപമുള്ള ഷെർലക് ഹോംസിന്റെ പ്രതിമ
സാഹിത്യത്തിൽ ഏറ്റവുമധികം പുനരാഖ്യാനം ചെയ്യപ്പെട്ട കഥാപാത്രമാണ് ഷെർലോക് ഹോംസ്. നൂറുകണക്കിന് സിനിമകൾ, ആയിരത്തിലധികം ടിവി സീരീസുകൾ, അനിമേഷൻ, ഗെയിം, കോമിക്സ് തുടജങ്ങി ഇന്നും ഹോംസ് ലോകത്തെ വിസ്‌മയിപ്പിക്കുകയാണ്.









0 comments