എന്റെ പുസ്തക കൂട്ടുകാർ

ദക്ഷിണ എസ് എൻ
Published on Jun 19, 2025, 12:02 PM | 2 min read
ജെൻ ആൽഫ അംഗമായ ഞാൻ വായനയെക്കുറിച്ച് എഴുതിയാൽ എന്റെ ജനറേഷൻ എന്നെ അംഗീകരിക്കുമോ എന്ന് സംശയമാണ്. വായനയോ ?പുസ്തകങ്ങളോ ? ഈ കുട്ടിക്ക് വേറൊന്നും പറയാനില്ലേ എന്നാണ് ചോദിക്കുക. എങ്കിലും ഒരു പുസ്തകപ്രേമിയുടെ വാക്കുകൾ കുറച്ച് നേരം ശ്രദ്ധിച്ചാലോ… എന്താ… സെറ്റ് അല്ലേ?
ബൈക്കിൽ ഞാൻ ഉറങ്ങിപ്പോകാതിരിക്കാൻ അച്ഛനും ഭക്ഷണം കഴിപ്പിക്കാൻ അമ്മയും പറഞ്ഞുതന്ന കഥകളാണ് എന്നെ കഥകളുടെ ലോകത്ത് എത്തിച്ചത്. അവരുടെ കഥകളുടെ സ്റ്റോക്ക് തീർന്നപ്പോൾ യുകെജിയിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്കൂൾ ലൈബ്രറിയെ ആശ്രയിക്കുന്നത്. അന്നുമുതൽ ഞാൻ വായനയുമായി കൂട്ടാണ്. ലോക്‌ഡൗൺ കാലം ‘വായനയുടെ ചാകര’ ആയിരുന്നു. പുസ്തകങ്ങൾ ഒരിക്കലും നമ്മെ തനിച്ചാക്കില്ല എന്ന് മനസിലാക്കിയ സമയം കൂടിയായിരുന്നു അത്.
തിരൂരിൽ നിന്ന് സ്വന്തം നാടായ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ യാത്രകളാണ് പുസ്തകങ്ങളെ കൂടെ കൂട്ടാനുള്ള മറ്റൊരു കാരണം. പുസ്തകങ്ങൾ വേണമെന്ന് യാത്ര തുടങ്ങും മുമ്പേ ഞാൻ ഡിമാൻഡ് വയ്ക്കുമായിരുന്നു. അന്നത്തെ വാശി ഇന്ന് എത്തി നിൽക്കുന്നത് 2500ൽപരം പുസ്‌തകങ്ങളിലാണ്. ചുറ്റുമുള്ള ലോകത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അന്വേഷിച്ചറിയാനുള്ള വ്യഗ്രതയാണ് വായന എന്നിലുണ്ടാക്കിയ ഏറ്റവും വലിയ മാറ്റം. മലയാളം മാത്രമല്ല മറ്റുഭാഷാപുസ്തകങ്ങളും വായിക്കാൻ എനിക്കിഷ്ടമാണ്. അതിലൂടെ നമ്മുടെ ചിന്തകൾ world wide explore ചെയ്യാൻ നമുക്കാകും.
ആശാപൂർണാദേവിയുടെ നോവൽ ത്രയങ്ങൾ (പ്രഥമപ്രതി ശ്രുതി, സുവർണലത, ബകുൽ) എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അന്യഭാഷാ എഴുത്തുകാരിൽ ഡാൻ ബ്രൗണിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ലോസ്റ്റ് സിംബൽ, ഡാവിഞ്ചി കോഡ് , ഒറിജിൻ, മാലാഖമാരും ചെകുത്താന്മാരും എന്നിവ പ്രിയപ്പെട്ട പുസ്തകങ്ങളാണ്. എലിഫ് ഷഫാക്കിന്റെ ‘40 റൂൾസ് ഓഫ് ലവ്’ ജീവിതത്തെ പ്രണയിക്കാൻ പഠിപ്പിക്കുകയും കുമാരനാശാന്റെ വരികളായ മാംസനിബദ്ധമല്ല രാഗം എന്നതിനെ കൃത്യമായി അപഗ്രഥിക്കുകയും ചെയ്യുന്ന പുസ്തകമാണ്. പ്രതിഭാ റായിയുടെ ദ്രൗപതി, ഖണ്ഡേക്കറുടെ യയാതി, അമീഷ് ത്രിപാഠിയുടെ പുസ്തകങ്ങൾ… പിന്നെ ഇംഗ്ലീഷിൽ തന്നെ വായിച്ച ഖാലിദ് ഹൊസെയ്‌നി കോമ്പോ( The kite runners, a thousand splendid suns, and the mountains echoed), സുധാ മൂർത്തിയുടെ The lost story, the magic of lost temple എന്നിവയും അതിൽ ചിലതാണ്.
വായന എനിക്ക് ജീവശ്വാസമാണ്. ഒരു വരിപോലും വായിക്കാതെ എന്റെ ഒരു ദിനവും കടന്നു പോകാറില്ല. ആൽഫാവേൾഡിലെ അലങ്കാരങ്ങളാൽ അധികമൊന്നും ചമയപ്പെടാതെ അക്ഷരങ്ങളുടെ വർണക്കൂടാരത്തിൽ കുഞ്ഞുകിളിയായി വിരാജിക്കുന്നവൾ എന്ന് എന്നെ വിശേഷിപ്പിക്കാൻ ആണ് എനിക്കിഷ്ടം.
എല്ലാവരും വായിക്കൂ, വായിച്ചാൽ അറിവ് കൂടും എന്നിങ്ങനെയുള്ള പൊള്ളയായ വാക്കുകൾ പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം അറിവ് നമ്മുടെ വിരൽത്തുമ്പിൽ തന്നെ ലഭ്യമാണല്ലോ. അതിനായി ലൈബ്രറികളിലെ പൊടി പിടിച്ച പുസ്തകങ്ങളെ കൈയിൽ എടുക്കണമെന്നോ മൊബൈൽ ഡാറ്റാ റിച്ചാർജിനുള്ള തുക ഉപയോഗിച്ച് പുസ്തകം വാങ്ങണമെന്നോ ഞാൻ പറയില്ല. പക്ഷേ ഒന്നുണ്ട്്, എന്റെ അനുഭവത്തിൽനിന്ന് പറയട്ടെ … വായന നമ്മളെ ആത്മാഭിമാനമുള്ളവരായി വളരാൻ സഹായിക്കും. സ്വയം ഇഷ്ടപ്പെടാനും സെൽഫ് ലവ് എന്നത് എത്ര മനോഹരമായ പദമാണെന്നും മനസിലാക്കിത്തരും. പ്രതികരിക്കാൻ നാവിന് ശക്തി പകരും. നല്ലത് തിരിച്ചറിയാൻ കണ്ണുകൾക്ക് പ്രകാശമേകും.ആയുധങ്ങളേക്കാൾ മൂർച്ച അക്ഷരങ്ങൾക്കാണെന്ന് മനസിലാക്കിത്തരും. അക്ഷരങ്ങൾ പകരുന്ന ലഹരി മറ്റൊന്നിനും തരാൻ കഴിയില്ല എന്ന തിരിച്ചറിവുണ്ടാകും.
വായനയിലേക്ക് ചുവട് വയ്ക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകം ചെറുതാകുമെങ്കിലും നമ്മുടെ ഉള്ളം വലുതായിക്കൊണ്ടേയിരിക്കും. അതാണല്ലോ നമ്മൾ അൽഫാ ജെൻസിന് വേണ്ടതും അല്ലേ.. പുസ്തകവുമായി കൂട്ടുകൂടൂ. ഒരിക്കലും നമ്മൾ ഒറ്റപ്പെടില്ല.









0 comments