'എന്നെ പുണരും നിലാവേ': മധുരമധുരമായ ഓർമകളുടെ പുസ്തകം

enne punarum nilave book
avatar
എൻ സിന്ധു

Published on Jan 11, 2025, 11:19 AM | 3 min read

ദിവാൻ ഭരണത്തിനും സാമ്രാജ്യത്വത്തിനും എതിരെ സധീരം പോരാടിയ വിപ്ലവകാരികളുടെ നാടാണ് ആലപ്പുഴ. ആലപ്പുഴ നഗരത്തിനുള്ളിലെ നാട്ടിൻപുറം എന്നു വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് ചാത്തനാട് - തോണ്ടൻകുളങ്ങര ഭാഗങ്ങൾ. അവിടെ ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരുമായ കുറേ സാധാരണരുടെ ഹൃദയസ്പർശിയായ ജീവിതകഥകളിലൂടെ കടന്നുപോകുന്ന ഓർമപ്പുസ്തകമാണ് 'എന്നെ പുണരും നിലാവേ'.


മഹാരാജാസ് കോളേജിലെ പ്രൊഫസറും എൻ്റെ ബാല്യത്തിലെ കളിക്കൂട്ടുകാരനായ മധു വാസുദേവനാണ് ഈ പുസ്തകം എഴുതിയത്. വൈക്കം വിജയലക്ഷ്മി പാടിയ 'ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ' എന്ന ഗാനത്തിലൂടെ പ്രശസ്തനായ മധു വാസുദേവൻ അറിയപ്പെടുന്ന കവിയും സംഗീതനിരൂപകനുമാണ്.


ഒരു നാടിന്റെ ദീപസ്തംഭമായി വിളങ്ങിയിരുന്ന കൊല്ലംപറമ്പിലെ കുടിപ്പള്ളിക്കുടം ആശാട്ടിയായ വാഗീശ്വരി അമ്മയിൽ തുടങ്ങുന്ന 'എന്നെ പുണരും നിലാവേ' സാധാരണ ഓർമപ്പുസ്തകങ്ങളിൽനിന്ന് വള്ളപ്പാടുകൾക്കു ദൂരെ നിൽക്കുന്ന മനോഹരമായ കൃതിയാണ്. മരംവെട്ട് ഒരു കലയായി കണക്കാക്കിയാൽ അതിന്റെ ആചാര്യനായി കരുതാവുന്ന, കൊച്ചു കുഞ്ഞാശാൻ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന മരംവെട്ടുകാരൻ കൊച്ചുകുഞ്ഞിനും തന്റെ ഓർമത്താളുകളിൽ ഇടം നൽകിയ മധു വാസുദേവൻ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇന്നും നാട്ടുകാരുടെ സ്മൃതിപഥങ്ങളിൽ ഒരു നൊമ്പരമായി നിറയുന്ന തെങ്ങുകയറ്റക്കാരൻ ശങ്കുവിൻ്റെ ദാരുണമായ ജീവിതകഥ എഴുത്തുകാരൻ്റെ അലിവിനും സഹജീവിസ്നേഹത്തിനുമുള്ള മികച്ച മാതൃകയാണ്. പാർശ്വവൽകരിക്കപ്പെട്ട നിസ്വരുടെ വേദനകൾ വിങ്ങുന്ന പുസ്തകത്തിൽ ശ്മശാനം കാവൽക്കാരനായ അണ്ണാറക്കണ്ണനും കടന്നുവരുന്നു. ആലപ്പുഴയുടെ പൈതൃകസമ്പത്തായ കടൽപ്പാലവുമായ ബന്ധപ്പെട്ട ഓർമകൾ ആരിലും ചിരി പൊട്ടിക്കും. കേഡികളും ചട്ടമ്പികളും കരപ്രമാണികളും ഭ്രാന്തിത്തള്ളയും തെരുവു സന്തതികളും ഓർമകളിൽ നിറയുമ്പോൾ 'എന്നെ പുണരും നിലാവേ' ഒരു നാടിന്റെ കഥകൂടിയാകുന്നു.


പഠിച്ച വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും അധ്യാപകൻ എന്ന നിലയിൽ പ്രവർത്തിച്ച സ്കൂളുകളിലെയും കോളേജുകളിലെയും തീവ്രമായ അനുഭവങ്ങൾ, ചെറിയ ചെറിയ സന്തോഷങ്ങൾ, ഹൃദയം നുറുക്കുന്ന നൊമ്പരങ്ങൾ എന്നിങ്ങനെ, പ്രിയതാരം മഞ്ജു വാര്യർ മുഖവുരയിൽ എഴുതിയതുപോലെ ഈ പുസ്തകത്തിൽ. ഓർമകൾ ഒഴുകിക്കൊണ്ടേയിരിക്കുന്നു. നാനൂറു പേജുകളിൽ പരന്നു കിടക്കുന്ന ഓർമകളിൽ നനുത്ത മകരനിലാവിൻ്റെ കുളിർമ വായനക്കാർക്ക് അനുഭവപ്പെടും. സമുദ്രം, പ്രവാഹം, തടാകം എന്നിങ്ങന്നെ മൂന്നു ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുള്ള എൺപതോളം ഓർമകൾ വൈവിധ്യംകൊണ്ട് ശ്രദ്ധേയമാകുന്നു.


അത്രയേറെ മനോഹരമായ ഭാഷയിലാണ് മധു വാസുദേവൻ ഒരോ വാക്കും വരിയും എഴുതിയിരിക്കുന്നത്. ഒരോ അദ്ധ്യായങ്ങളിലും നമ്മൾ ഓരോരുത്തരുടെയും ജീവിതങ്ങൾ പ്രതിഫലിക്കുന്നു. കടന്നുപോയ ഒരു കാലഘട്ടത്തിൻ്റെ നേർസാക്ഷ്യമായ 'എന്നെ പുണരും നിലാവേ' പഴയ തലമുറ അനുഭവിച്ചിട്ടുള്ള ദാരിദ്ര്യം പിടിച്ച ജീവിതത്തെ അടുക്കളക്കരി പുരണ്ട അമ്മയുടെ നേര്യതിന്റെ തുമ്പിലൂടെ വരച്ചുകാട്ടുന്നു. അങ്ങനെ എഴുത്തുകാരന്റെ ജീവിതസ്മൃതികൾ മാത്രമല്ല, വായിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തെയും കൂട്ടിച്ചേർത്തുകൊണ്ട് പുസ്തകം വളരുന്നു.


അങ്ങനെ ജീവിതം പൊളളിച്ച തീവ്രമായ ഓർമകളുടെ അസാധാരണമായ സംഗമമാണ് 'എന്നെ പുണരും നിലാവേ'. എഴുത്തുകാരൻ നമ്മുടെ അഭിമുഖമിരുന്ന് പറയുന്ന പ്രതീതി നൽകുന്ന 'എന്നെ പുണരും നിലാവേ' സത്യത്തിൽ നമ്മളെത്തന്നെ ഗാഢമായി പുണർന്നുകൊണ്ടാണ് മുന്നോട്ടുപോകുന്നത്.


തലശേരി ബ്രണ്ണൻ കോളജിനകത്ത് നടന്ന ഒരു ചെറിയ സംഭവം ഇതിൽ വിവരിക്കുന്നുണ്ട്. രാത്രിയിൽ തന്റെ കുഞ്ഞുങ്ങൾക്ക് നേരെ കുതിച്ചു ചാടിക്കൊണ്ടു വരുന്ന ഘടാഘടിയന്മാരായ തെരുവു പട്ടികൾക്കെതിരെ പൊരുതുന്ന, ക്ഷീണിച്ചു കോലംകെട്ട അമ്മപ്പട്ടിയുടെ കഥ കണ്ണുകളെ ഈറനാക്കും. കുഞ്ഞുങ്ങളെ ഓടയിൽ ഒളിപ്പിച്ച് കാവൽ നിൽക്കുന്ന അവശയായ ആ അമ്മപ്പട്ടിയുടെ വാൽസല്യത്തെ വർണിച്ചുകൊണ്ട് മാതൃത്വത്തിൻ്റെ മഹനീയതയെ മധു വാസുദേവൻ ഉയർത്തിപ്പിടിക്കുന്നു. അതുപോലെ സ്വന്തം അമ്മയെപ്പറ്റി എഴുതിയിട്ടുള്ള കുറിപ്പും വികാരഭരിതമാണ്. എല്ലാ മക്കളുടെയും പിറന്നാൾ ഓർത്തുവയ്ക്കുന്ന അമ്മയുടെ പിറന്നാൾ ദിവസം അവരെ തനിച്ചാക്കിയ ദുഃഖം ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ചതാകാം.


തന്റെ ബാല്യകാലത്തിൽ, പ്രാകൃത വേഷത്തിൽ തെരുവിലൂടെ അലഞ്ഞു നടന്നിരുന്ന മനോരോഗിണിയായ മറ്റൊരു അമ്മയെ വട്ടപ്പേര് വിളിച്ചു കളിയാക്കിയിരുന്ന പയ്യൻ, വർഷങ്ങൾക്കിപ്പുറം കരഞ്ഞുകൊണ്ട് മാപ്പു ചോദിക്കുന്ന സന്ദർഭം 'എന്നെ പുണരും നിലാവേ'യിലെ ഏറെ ഹൃദ്യമായ ഒരു അധ്യായമാണ്. അമ്മയെപറ്റിയിട്ടുള്ള കുറിപ്പിന്റെ അവസാനം മധു വാസുദേവൻ എഴുതുന്നു - 'യഥാർത്ഥത്തിലുള്ള ബന്ധമായി ഭൂമിയിൽ അമ്മ മാത്രമേയുള്ളൂ, ഏതൊരു ജീവിയുടെയും ജന്മത്തോടുകൂടി ഉണ്ടാകുന്ന ബന്ധം. മറ്റുള്ള എല്ലാ ബന്ധങ്ങളും നമ്മൾ സ്വന്തം സുഖസൗകര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കുന്നതാണ്. അമ്മ ഇല്ലാതാകുന്നതോടെ എല്ലാ മനുഷ്യരും മണ്ണിൽ അനാഥനായി തീരുന്നു'. എത്ര സത്യസന്ധമാണ് ഈ നിരീക്ഷണം. മനുഷ്യരിൽ മാത്രമല്ല എല്ലാ ജീവജാലങ്ങളിലും മഹനീയമായ മാതൃത്വം കണ്ടെത്താൻ കഴിയുന്ന ലേഖകൻ്റെ ഈ ഹൃദയവിശാലത 'എന്നെ പുണരും നിലാവേ'-യിലെ ഓരോ ലേഖനത്തിലും കാണാം.


സാഹിത്യം, സിനിമ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട നിരവധി ഓർമകൾ ഈ പുസ്തകത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ഒഎൻവി , ഒ വി വിജയൻ, മാധവിക്കുട്ടി എന്നിവരുമായി വളരെ അടുത്ത് ഇടപഴകിയതിലൂടെ ലഭിച്ച രസകരമായ അനുഭവങ്ങൾ അപൂർവങ്ങളാണ്. പ്രേം നസീർ, ഭരത് ഗോപി, മമ്മൂട്ടി, മോഹൻലാൽ, നെടുമുടി വേണു തുടങ്ങി പ്രണവ് മോഹൻലാൽ വരെ കഥാപാത്രങ്ങളായി നിറഞ്ഞാടുന്ന മനോഹരങ്ങളായ ഓർമകൾ വായനക്കാർക്ക് ഉൻമേഷം നൽകുന്നതാണ്. ഇത്തരത്തിൽ വൈവിധ്യപൂർണവും വികാരഭരിതവുമായ ഓർമങ്ങളുടെ സഞ്ചയമാണ് 'എന്നെ പുണരും നിലാവേ'. ഓർമകൾ ക്ഷണികങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഓർമകളുടെ പ്രാധാന്യം മനസിലാക്കി തരുന്ന ഈ വിലപ്പെട്ട കൃതി നമ്മുടെ ചെറിയ ജീവിതങ്ങളുടെ സൗന്ദര്യങ്ങൾ തിരിച്ചറിയാൻ ഓരോ വായനക്കാരനെയും പ്രേരിപ്പിക്കും. മുഖവുരയിൽ മഞ്ജു വാര്യർ ഏറെ പ്രശംസിച്ചിട്ടുള്ള ഈ പുസ്തകം പ്രകാശനം ചെയ്തത് മോഹൻലാലാണ്. പ്രസാധകർ ഗ്രീൻഫ്ലവേഴ്സ് ബുക്സ് എറണാകുളം. വില 530 രൂപ. നാനൂറ് പേജ്. ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്.


(എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ലേഖിക)



deshabhimani section

Related News

0 comments
Sort by

Home