നിറം മങ്ങാത്ത ചുവപ്പ്‌

എൻ. വാസുവിന്റെ ആത്മകഥാപരമായ ഓർമ്മകൾ പുസ്തക രൂപത്തിൽ

Pinarayi Vijayan, N. Vasu, N. Varadarajan

Pinarayi Vijayan, N. Vasu, N. Varadarajan

avatar
സുരേഷ് എം ജി

Published on Feb 25, 2025, 06:13 PM | 7 min read

 സഖാവ്‌ എൻ. വാസുവിന്റെ ആത്മകഥാപരമായ കുറിപ്പുകൾ, “ചുവന്നു വിരിഞ്ഞ ഓർമകൾ” എന്ന സുരേഷ്‌ കുമാർ ടി എഴുതിയ പുസ്തകത്തിന്റെ ഒരു വായന

 

പൊതുപ്രവർത്തനം എന്ന വാക്കിന്റെ നിർവചനം ഇന്നത്തെ തലമുറയിലെ ഒരു വിഭാഗം അത്ര കൃത്യതയോടെ മനസിലാക്കിയിട്ടുണ്ടാകുമെന്നു തോന്നുന്നില്ല. പലതും കാണുമ്പോൾ പൊതുപ്രവർത്തനം ഒരു തൊഴിലാണെന്ന്‌ ഈ  വിഭാഗമെങ്കിലും ധരിച്ചിരിക്കുന്നു എന്ന ചിന്തയുണ്ടാകുന്നു.  പൊതുപ്രവർത്തനം എന്നാൽ ജനങ്ങളെ സേവിക്കുന്ന പ്രക്രിയയാണ്‌. ജനസേവനം. അത്‌ പരോപകാരത്തിൽ അധിഷ്ഠിതമാണ്‌. സഹജീവി സ്നേഹമാണതിന്റെ കാതൽ. ഇന്നൊരു പക്ഷേ നിർവചനങ്ങൾ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടാകാം. 

ജനസേവനം എന്നു പറയുമ്പോൾ അതിൽ വേർതിരിവുകളില്ലാതാകുന്നു. ജനം എന്ന പദത്തിനു തന്നെയാണു പ്രാധാന്യം. ജനത്തിന്റെ വർണ്ണം, കുലം, ജാതി, നാട്‌, മഹിമ, മതം, രാജ്യം തുടങ്ങിയ വേർതിരിവുകൾക്ക്‌ പ്രാധാന്യമേയില്ല.  അതിനാൽ ചില സമുദായങ്ങൾക്കോ ചില വിഭാഗങ്ങൾക്കോ വേണ്ടി മാത്രം പ്രവർത്തിക്കുന്നതിനെ പൊതുപ്രവർത്തനം എന്നതിന്റെ വിശാലാർത്ഥത്തിൽ ഉൾപ്പെടുത്താൻ ശ്രമങ്ങൾ നടത്തുന്നത്‌ വ്യർത്ഥമാകുകയേയുള്ളു. കാരണം ആ പ്രവർത്തനം “പൊതു” അല്ല എന്നതു തന്നെ. അവരും ഒരു പക്ഷേ “ജന”ത്തെ തന്നെയാകും സേവിക്കുന്നത്‌. എന്നാൽ അതിൽ വിഭാഗീയ ചിന്തകളുണ്ട്‌.  മറ്റൊരു വിഭാഗത്തിനോട്‌ ശത്രുതാ മനോഭാവവുമുണ്ട്‌.

അതില്ലാതെ, തന്റെ കൈവശമുള്ളതെല്ലാം മറ്റുള്ളവർക്ക്‌ ഉപകാരപ്പെടണം എന്നു ചിന്തിച്ച്‌, തന്റെ സമയം, ധനം, ആരോഗ്യം, ബന്ധങ്ങൾ എന്നു തുടങ്ങിയവയെല്ലാം സമൂഹത്തിനു  സമർപ്പിക്കുന്ന ചിലരുണ്ട്‌. അവരെയാണു യഥാർത്ഥത്തിൽ പൊതുപ്രവർത്തകർ എന്നു വിളിക്കുന്നത്‌. അവർ അതിനായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങളിലും അവരുടെ വിശ്വാസ സംഹിതകളിലും വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ അവർ പ്രവർത്തിക്കുന്നത്‌ പൊതുജനങ്ങൾക്ക്‌ ഉപകാരമുണ്ടാകണം എന്ന ഏക ലക്ഷ്യത്തോടെയാണ്‌. അത്തരത്തിൽ ഒരു പൊതുപ്രവർത്തകനാണ്‌ സി.പി. ഐ (എം) തമിഴ്നാട്‌ സംസ്ഥാന കമ്മറ്റി അംഗവും 1988 മുതൽ 2006 വരെ നീലഗിരി ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ്‌ എൻ. വാസു.  തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, കൈവശമുള്ളതെല്ലാം പൊതുജനസേവനത്തിനായി സമർപ്പിച്ച ഒരു വ്യക്തി.  അതും ഒരു സന്യാസമാണല്ലോ. യഥാർത്ഥ സന്യാസം.  എൻ. വാസുവിന്റെ ജീവചരിത്രമാണ്‌ മുംബൈയിൽ മാധ്യമപ്രവർത്തകനായ  സുരേഷ്കുമാർ ടി. തന്റെ ചുവന്നു വിരിഞ്ഞ ഓർമ്മകൾ എന്ന പുസ്തകത്തിലൂടെ പറയുന്നത്‌. 

M Vasu and Leela

വർഗ്ഗരഹിതമായ ഒരു സാമൂഹിക വ്യവസ്ഥിതി വാർത്തെടുക്കാൻ യത്നിക്കുന്നവനാരോ അവനാണു കമ്മ്യൂണിസ്റ്റ്‌.  ഈ അടിസ്ഥാന തത്ത്വം മാത്രം മുന്നിൽ കണ്ട്‌, സഹജീവികൾക്ക്‌ വേണ്ടി, സമൂഹത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചവർ ലോകത്തെമ്പാടുമുണ്ട്‌. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ വളർച്ച, ലോകത്തിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌, കൂടുതൽ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്‌. അതിനൊരു കാരണം ഇന്ത്യയിലെ ജാതി വ്യവസ്ഥയാണ്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ജാതിവ്യവസ്ഥയെ നിരാകരിച്ചു എങ്കിലും, അതിനെതിരെ നിലകൊണ്ടു എങ്കിലും, ഇന്ത്യൻ ജനതയുടെ മനസ്സിൽ നിന്നും രക്തത്തിൽ നിന്നും ജാതിയെ ഉന്മൂലനം ചെയ്യുക അസാധ്യമായിരുന്നു. കമ്മ്യൂണിസത്തിൽ ജാതി വ്യവസ്ഥയ്ക്ക്‌ സ്ഥാനമില്ലാത്തതും കമ്മ്യൂണിസം ജാതി വ്യവസ്ഥയെ അംഗീകരിക്കാത്തതും തുല്യതയ്ക്ക്‌ വേണ്ടിയുള്ള ദളിത്‌ സമരങ്ങളെ അംഗീകരിക്കാത്തതിനു സമാനമാണെന്ന്‌ പല ദളിത്‌ നേതാക്കളും കരുതിയിട്ടുണ്ട്‌.  ഇന്ത്യയിൽ ഒരു സായുധ വിപ്ളവത്തിനു കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒരുങ്ങിയിട്ടില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ  ഇന്ത്യൻ ഭരണഘടനയ്ക്കകത്തൊതുങ്ങി നിന്നുകൊണ്ടുള്ള സമരങ്ങൾക്കാണ്‌ പാർട്ടി നേതൃത്വം കൊടുത്തിട്ടുള്ളത്‌. വിജയിപ്പിച്ചിട്ടുള്ളത്‌. ആ വിജയങ്ങൾ പലർക്കും അരോചകമായി തോന്നിയിട്ടുണ്ട്‌ എന്നതു സത്യം.   എന്നാൽ എന്നും എപ്പോഴും പാർട്ടി പ്രവർത്തകർ ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാർക്കൊപ്പം നിന്നു.

എൻ. വാസുവിന്റെ ജീവചരിത്രം, നീലഗിരി ജില്ലയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നാൾവഴി ചരിത്രം കൂടിയാണ്‌. ക്രൂരമായ ചൂഷണങ്ങൾക്ക്‌ വിധേയമായിരുന്ന ഒരു ജനവിഭാഗത്തിനു പ്രതീക്ഷയുടെ ഉണർവ്വുകൾ നൽകിയ ഒരു സഖാവിന്റെ ചരിത്രമാണ്‌. നിസ്വാർത്ഥത എന്ന വാക്കിന്റെ അർത്ഥമെന്തെന്ന്‌ ഇന്നത്തെ തലമുറയ്ക്ക്‌ മനസിലാക്കിക്കൊടുക്കുന്ന ജീവിതമാണ്‌ സഖാവ്‌ എൻ. വാസുവിന്റേത്‌. അതു തന്നെയാണീ പുസ്തകത്തിന്റെ മുഖ്യ ആകർഷണവും.

മലപ്പുറത്തു നിന്നും ജോലി തേടി, ജീവിത മാർഗ്ഗം തേടി

മലപ്പുറം ജില്ലയിലെ ചേളാരിയിലാണദ്ദേഹത്തിന്റെ ജനനം. 1949 ൽ. ബാല്യകൗമാരങ്ങൾ പ്രാരാബ്ധങ്ങളുടേതായിരുന്നു. ഒമ്പതിൽ തോറ്റതോടെ തുടർപഠനം അസാധ്യമായി. അതുകൊണ്ടുതന്നെ വളരെ ചെറുപ്പത്തിൽ നാടുവിട്ടു.  തമിഴ്നാട്‌ വൈദ്യുതി വകുപ്പിൽ തൊഴിലാളിയായി. 1966 ൽ നവമല സിവിൽ സർവെ സെക്ഷനിൽ മസ്ദൂറായാണു തൊഴിൽ ജീവിതം ആരംഭിക്കുന്നത്‌.  അടുത്ത വർഷം അദ്ദേഹം സി. പി. ഐ (എം) അംഗമായി. ജോലിയും പൊതുപ്രവർത്തനവും ഒന്നിച്ചുകൊണ്ടുപോയിരുന്ന സഖാവ്‌ എൻ. വാസു1990 ൽ ജോലി ഉപേക്ഷിച്ച്‌ പൂർണ്ണസമയ പാർട്ടി പ്രവർത്തകനായി. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പലതവണ ജയിൽ വാസമനുഭവിക്കേണ്ടി വന്നു. എന്നാൽ ഇത്ര ലളിതമായി പറഞ്ഞുപോകാവുന്ന ഒരു ജീവിതമല്ല അദ്ദേഹത്തിന്റേത്‌. എന്നും എപ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കൊപ്പം നിന്ന കഥയാണത്‌.


ജാതി ചിന്തകൾ അതിന്റെ മൂർദ്ധന്യത്തിൽ തന്നെ നിലനിന്നിരുന്ന കാലത്താണ്‌ എൻ. വാസുവിന്റെ ജനനം. സ്കൂളിലെ പേര്‌ വാസുണ്ണി എന്നായിരുന്നു.  മാതാപിതാക്കളിട്ടത്‌ വാസുദേവൻ എന്ന പേര്‌. പേരുകളെല്ലാം സങ്കരമാകുകയും തൊഴിലാളി പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തതോടെയാണ്‌ എൻ. വാസു എന്ന പേരു സ്വീകരിക്കുന്നത്‌. എൻ. എന്നത്‌ അച്ഛന്റെ പേരിന്റെ ആദ്യാക്ഷരമാണ്‌. 

ജാതി എത്രകണ്ട്‌ അക്കാലങ്ങളിൽ സ്വാധീനം ചെലുത്തിയിരുന്നു എന്ന്‌ ഒരിടത്ത്‌ സ്വന്തം അനുഭവത്താൽ വാസു വിവരിക്കുന്നുണ്ട്‌. “ബ്രാഹ്മണാധിപത്യം ഉള്ള കാലഘട്ടമായിരുന്നു. അവിടെ വർഷാവർഷം പൂണൂൽ പുതുക്കണമെന്ന ആചാരമുണ്ട്‌” എന്ന്‌ ആ അനുഭവം തുടങ്ങുന്നു. ഒരു സൂപർവൈസറാണ്‌ വാസുവിന്റെ പഴയ പൂണൂൽ കണ്ട്‌ അതു മാറ്റാൻ, അതായത്‌ ആചാരപ്രകാരം പുതുക്കാൻ, നിർദ്ദേശിക്കുന്നത്‌. “പൂണൂൽ മാറ്റിയതോടെ അദ്ദേഹത്തിന്റെ ഇടപെടലിൽ സ്ഥാനക്കയറ്റം ലഭിച്ചു. അങ്ങനെ നാലുമാസം കൊണ്ട്‌ ഹെഡ്‌ മസ്ദൂർ ആയി. നാലണ ഇംക്രിമെന്റും ലഭിച്ചു“ എന്നത്‌ തുടരുന്നു. പക്ഷേ അധികം കഴിയുന്നതിനു മുമ്പ്‌ ജാതിയുടെ അടയാളങ്ങൾ തനിക്കാവശ്യമില്ല എന്നദ്ദേഹം തിരിച്ചറിഞ്ഞു. നമ്പീശൻ എന്നജാതിവാലും പൂണൂലുംഉപേക്ഷിച്ചു.

കമ്മൂണിസ്റ്റുകാരൻ പുറത്തായി

ഇടയ്ക്കുവച്ച്‌ അദ്ദേഹം പട്ടാളത്തിലും സേവനമനുഷ്ഠിച്ചു. പട്ടാളത്തിൽ പക്ഷേ അദ്ദേഹത്തെ പലരും ഒരു കമ്മ്യൂണിസ്റ്റുകാരൻ, അതിനാൽ പട്ടാളക്കാരനാകാൻ യോഗ്യതയില്ലാത്തവൻ എന്ന നിലയിൽ വീക്ഷിച്ചു. ആ അനുഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്‌. 1970 ലാണു പട്ടാളക്കാരനാകുന്നത്‌. മദ്രാസ്‌ റജിമന്റിന്റെ 110 ടെറിറ്റോറിയൽ ആർമിയുടെ ഭാഗമായുള്ള ഹ്രസ്വകാല സേവനമായിരുന്നു അത്‌.  1971 ലെ യുദ്ധത്തിലും പങ്കെടുത്തു. യുദ്ധാനുഭവങ്ങൾ, പാക്കിസ്താനി പട്ടാളക്കാരെ തടവുകാരായി പിടികൂടിയതെല്ലാം ഈ അനുഭവങ്ങളിൽ കയറിവരുന്നു.  അതിലൊരിടത്ത്‌ ”കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാരനാണോ, നക്സൽ ആണെന്ന പരാതിയുണ്ടല്ലോ“ എന്ന്‌ വാസുവിനോട്‌ ബറ്റാലിയൻ ക്യാപ്ടൻ ചോദിക്കുന്നുമുണ്ട്‌. ”പട്ടാളത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ പട്ടാളക്കാരനാണ്‌“ എന്നായിരുന്നു വാസുവിന്റെ മറുപടി.  ആ ആരോപണത്തെ മുൻനിർത്തിയാണദ്ദേഹത്തെ പട്ടാളത്തിൽ നിന്നു പിരിച്ചു വിടുന്നത്‌. അങ്ങനെ പട്ടാളസേവനം അവസാനിപ്പിക്കേണ്ടി വന്നപ്പോൾ തിരികെ തന്റെ പഴയ തൊഴിലിലെത്തി. 

മാനുഷാഭിമുഖ്യം കുട്ടിക്കാലം മുതലേ അദ്ദേഹത്തിലുണ്ടായിരുന്നു.  ജാതിയിൽ താഴ്ന്ന ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ ചോദ്യം ചെയ്ത അച്ഛനോടു കയർക്കുന്ന കുട്ടിയായ വാസുവിനെ നമുക്ക്‌ ഈ ജീവചരിത്രത്തിൽ കാണാം. അച്ഛനതിഷ്ടപ്പെട്ടില്ല. കയ്യിൽ കിട്ടിയതെടുത്ത്‌ വാസുവിനെ മർദിച്ചു. “ആരാണ്‌ ഈ താഴ്ന്ന ജാതി? മനുഷ്യകുലത്തിൽ പിറന്നവർ എല്ലാവരും തുല്യരല്ലേ?” എന്ന ചിന്ത അദ്ദേഹത്തിൽ അന്നേയുണ്ടായിരുന്നു. അവരമ്പലത്തിൽ കയറുന്നതിഷ്ടമല്ലെങ്കിൽ ദൈവം തന്നെ നേരിട്ടതിനെ തടയേണ്ടതല്ലേ, അല്ലാതെ എന്തിനുന്നതജാതിക്കാർ എന്നു വിളിക്കുന്നവർ അതു ചെയ്യുന്നു എന്ന ചോദ്യവും അദ്ദേഹത്തിൽ നിന്നുണ്ടാകുന്നുണ്ട്‌.

1967 ൽ വൈദ്യുതി ബോർഡിൽ സഖാവ്‌ കെ. എം. ദണ്ഡപാണി `പാർട്ടി സെൽ` രൂപീകരിച്ചപ്പോൾ അതിലുണ്ടായിരുന്ന എട്ടുപേരിൽ ഒരാൾ എൻ. വാസുവായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനമായിരുന്നു അത്‌ എന്നും പറയാം. അന്നു മുതൽ അദ്ദേഹം തന്റെ സമയത്തിന്റെ സിംഹഭാഗവും സാധാരണക്കാർക്കായി മാറ്റി വച്ചു. 1970 ലാണ്‌ തമിഴ്നാട്ടിൽ സി ഐ ടി യു ആരംഭിക്കുന്നത്‌. അതിന്റെ മുൻനിരയിലും വാസുവുണ്ടായിരുന്നു.

ഭൂപ്രഭുക്കൻമാരോട് കലഹിച്ച്

പൊതുജനങ്ങൾക്കായി സമർപ്പിച്ച ഈ പ്രവർത്തനം അത്ര എളുപ്പമായിരുന്നില്ല. എതിർപ്പുകൾ പലതുണ്ടായിരുന്നു. എതിർക്കാൻ കാരണങ്ങളും പലതുണ്ടായിരുന്നു. “ഒരു കാരണവുമില്ലാതെ `മുഖത്തേക്കു നോക്കി`, `കുനിഞ്ഞു നടന്നു` എന്നൊക്കെ കാരണം പറഞ്ഞ്‌” ഡി എം. കെയുടെ ഗുണ്ടകൾ ക്രൂരമായി ആക്രമിക്കുമായിരുന്നു. “ക്രൂരമായി ആക്രമിക്കുക, കേസു കൊടുക്കുക എന്ന രീതിയെല്ലാം അവർ പയറ്റി. നൂറോളം പേർ ആയുധങ്ങളുമായി സംഘടിച്ചു വന്ന്‌ നാലു പേരെ ക്രൂരമായി മർദിക്കും” എന്നൊരിടത്ത്‌, അടിയന്തിരാവസ്ഥക്കാലങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചും അക്കാലങ്ങളിലെ കാരമടയിലെ കോൺഗ്രസ്‌ `പ്രമാണി`യായ കെമ്പ കൗണ്ടർ എന്ന ഭൂപ്രഭു നടത്തിയിരുന്ന അക്രമങ്ങളെക്കുറിച്ചും മറ്റൊരിടത്ത്‌, എന്നിങ്ങനെ ഈ വിവരണങ്ങൾ നീളുന്നു.

അടിയന്തിരാവസ്ഥക്കാലത്തെ പാർട്ടി, തൊഴിലാളി, പ്രവർത്തനങ്ങൾ മൂലം വാസുവിനെ അധികാരികൾ പലതവണ സ്ഥലം മാറ്റി  ശിക്ഷിച്ചുകൊണ്ടിരിക്കാൻ ശ്രമിച്ചു. വ്യക്തിജീവിതത്തിൽ ബുദ്ധിമുട്ടുകളുണ്ടാക്കി തൊഴിലാളികൾക്കായുള്ള പ്രവർത്തനങ്ങളിൽ നിന്ന്‌ പിന്തിരിപ്പിക്കാനുള്ള ശ്രമമമായിരുന്നു അതെല്ലാം.


പക്ഷേ വാസുവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അധികാരികൾ പരാജയപ്പെട്ടു. അവസാനം ഹൈക്കോടതി ഇടപെട്ടാണ്‌ സ്ഥലം മാറ്റങ്ങൾ സ്റ്റേ ചെയ്യിച്ചത്‌. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുതി വകുപ്പിലെ തൊഴിലാളികളെ കൂടാതെ, “ആദിവാസികളെയും തേയിലത്തോട്ടം തൊഴിലാളികളേയും സംഘടിപ്പിക്കുന്ന പ്രവർത്തനത്തിൽ പങ്കാളിയായി” എന്നും വാസു ഓർക്കുന്നുണ്ട്‌.

1980 ൽ വാസു സി ഐ ടി യുവിന്റെ സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.  അടിയന്തിരാവസ്ഥയ്ക്ക്‌ ശേഷമുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ആ പ്രവർത്തനങ്ങളിൽ സഖാക്കൾ കാണിച്ചിരുന്ന ആത്മാർത്ഥതയെക്കുറിച്ചും വാസു തുറന്നു സംസാരിക്കുന്നുണ്ട്‌. ശമ്പളമില്ലാതെ, ലീവെടുത്ത്‌ സ്വന്തം പണം ഉപയോഗിച്ച്‌ പാർട്ടി പ്രവർത്തനത്തിലേർപ്പെട്ടിരുന്നപ്പോൾ ലഭിച്ചിരുന്ന മാനസിക സന്തോഷത്തെക്കുറിച്ചു സംസാരിക്കുന്നുണ്ട്‌. അന്ന്‌ “ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നവർ വളരെ കുറവാ”യിരുന്നു എന്നും “ദിവസത്തിൽ 6.00 രൂപ ചെലവാകും. ഇതെല്ലാം സ്വന്തം കൈയിൽ നിന്ന്‌ ചെലവാക്കണം” എന്നും വാസു ഓർക്കുന്നു.


രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും ആദിവാസി, തേയില തൊഴിലാളി സംരക്ഷണത്തിനായി പാർട്ടി സഖാക്കൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും മാത്രമല്ല ഈ പുസ്തകത്തിലുള്ളത്‌.  1986 ലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയുടെ ഒരു സഖാവ്‌ ഗൂഡലൂർ പഞ്ചായത്തു പ്രസിഡന്റായതിനു ശേഷം അവിടെ ശുദ്ധജല വിതരണമടക്കം എന്തൊക്കെ ജനോപകാരികളായ പ്രവർത്തനങ്ങൾ നടത്താനായി എന്നും വിവരിക്കുന്നുണ്ട്‌.

ആദിവാസികൾക്കൊപ്പം

ആദിവാസി ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിക്കൊണ്ടിരുന്ന സമരങ്ങളിലെ ഒരനുഭവം പ്രത്യേകം എടുത്തെഴുതേണ്ടതാണെന്നു തോന്നുന്നു. ആദിവാസികളുടെ ചില ആവശ്യങ്ങൾ നേടിയെടുക്കാനായി കോയമ്പത്തൂരിലെ ഫോറസ്റ്റ്‌ കൺസർവേറ്റർ ഓഫീസിനു മുന്നിൽ സമരം നടത്തി. “ആദിവാസി സമൂഹത്തിന്റെ നേതാവ്‌ കുടുമ വച്ച ഒരു വൃദ്ധനായിരുന്നു. മൂപ്പൻ എന്നാണു വിളിക്കുക.  സഖാവ്‌ ആർ. വെങ്കിഡു, മൂപ്പൻ ഉൾപ്പെടെ വേറെ രണ്ട്‌ ആദിവാസികളെയും കൂട്ടി അപേക്ഷ കൊടുത്ത്‌ പ്രശ്നം സംസാരിക്കാൻ ഓഫീസിനുള്ളിലേക്കു പോയി. എം. എൽ. എ ആയ ആർ വെങ്കിഡുവിനോട്‌ കൺസർവേറ്റർ ഇരിക്കാൻ പറഞ്ഞു. വെങ്കിഡുവാകട്ടെ അടുത്തുണ്ടായിരുന്ന കസേരകളിൽ ഇരിക്കാൻ മൂപ്പനോടും ജയചന്ദ്രനോടും ആവശ്യപ്പെട്ടു. അതുപ്രകാരം അവർ ഇരുവരും ഇരുന്നതും കൺസർവേറ്ററുടെ കണ്ണിൽ കോപം ഇരച്ചു കയറി. അദ്ദേഹം ആക്രോശിച്ചുകൊണ്ട്‌ `എഴുന്നേൽക്കടാ കഴുതേ` എന്നു പറഞ്ഞ്‌ മൂപ്പനെ അടിക്കാൻ കയ്യോങ്ങി. ഉടൻ തന്നെ വെങ്കിഡു എഴുന്നേറ്റ്‌ കൺസർവേറ്ററെ താക്കീതു ചെയ്തു.” ആദിവാസികളോടും താഴേത്തട്ടിലുള്ളവരോടും അധികാരികളുടെ മനോഭാവം എന്തായിരുന്നു എന്നു വ്യക്തമാക്കുന്നതാണ്‌ മുകളിലെ വിവരണം.  ഈ സംഭവത്തെ തുടർന്ന്‌ സമരം ശക്തമായി എന്നും കൺസർവേറ്റർക്ക്‌ ക്ഷമ ചോദിക്കേണ്ടി വന്നു എന്നും ആ വിവരണം തുടരുന്നുണ്ട്‌. പക്ഷേ അടിസ്ഥാന സമീപനത്തിൽ, മനോഭാവത്തിൽ വ്യത്യാസമുണ്ടായോ എന്നറിയില്ല. എന്തെങ്കിലും മാറ്റങ്ങൾ ഇന്നു സംഭവിച്ചിട്ടുണ്ടെങ്കിൽ അതിൽ സഖാവു വാസുവിനെപ്പോലെയുള്ളവരുടെ ശക്തമായ പ്രവർത്തനം കാരണമായിട്ടുണ്ട്‌ എന്ന്‌ നിസ്സംശയം പറയാനാകും.


തൊഴിലാളി സമര രംഗത്ത്

അതുപോലെ മറ്റൊന്നാണ്‌ തേയില എസ്റ്റേറ്റിലെ ദിവസക്കൂലി പുരുഷന്മാർക്ക്‌ രണ്ടു രൂപ എഴുപത്തിയഞ്ചു പൈസ, സ്ത്രീകൾക്ക്‌ രണ്ടു രൂപ ഇരുപത്തിയഞ്ചു പൈസ എന്നതുയർത്തി നാലുരൂപയാക്കണമെന്നും, വേതനത്തിൽ സ്ത്രീപുരുഷ വ്യത്യാസം അരുതെന്നും ആവശ്യപ്പെട്ടുള്ള സമരം. ഈ സമരം തോട്ടം ലോക്കൗട്ടിലാക്കുകയുണ്ടായി. ദീർഘിച്ച ചർച്ചകൾക്ക്‌ ശേഷം നാലു രൂപ എന്നതിനു പകരം മൂന്നു രൂപ എഴുപത്തിയഞ്ചു പൈസ എന്ന നിരക്കിൽ സമവായമുണ്ടായി. ഒത്തുതീർപ്പായി. അതിനൊപ്പം എല്ലാവർഷവും യൂണിയനുമായി ചർച്ച ചെയ്ത്‌ കൂലി ഉയർത്തുമെന്നും ബോണസായി നൽകിയിരുന്ന സാരിയ്ക്കു പകരം പണം നൽകണമെന്നും വ്യവസ്ഥയുണ്ടായി. അങ്ങനെ 2010 ആയപ്പോഴേക്കും അത്‌ 350 രൂപയിലെത്തി എന്ന്‌ വാസു അഭിമാനത്തോടെ പറയുന്നു. 118 ദിവസമാണിതിനായി എസ്റ്റേറ്റിനു മുന്നിൽ അവർ സമരം നടത്തിയതെന്നും അദ്ദേഹം ഓർക്കുന്നു.

പട്ടയത്തിനായി കുന്താപാലത്തിലെ കൂലിത്തൊഴിലാളികൾ നടത്തിയ സമരം, വാൽപ്പാറയ്ക്കടുത്തുള്ള കാടമ്പാറയിൽ തൊഴിലാളികൾ നടത്തിയ സമരം, ഫോറസ്റ്റുകാരുടെ അതിക്രമങ്ങൾക്കെതിരെയുള്ള സമരങ്ങൾ (ഇതിൽ “പൊന്നൻ എന്ന ആദിവാസിയെ ഫോറസ്റ്റുകാർ പിടിച്ചുകൊണ്ടുപോയി, കഴുത്തിൽ കത്തികൊണ്ട്‌ മുറിച്ച്‌ രക്തം ഒഴുകുന്ന നിലയിൽ മോയാർ വൈദ്യുതിബോർഡ്‌ പെൻ സ്റ്റോക്കിലേക്ക്‌ വലിച്ചെറിഞ്ഞ”തിനെതിരെയുള്ള സമരം പ്രത്യേകം ശ്രദ്ധേയമാണ്‌) എന്നിങ്ങനെ എൻ. വാസുവിന്റെ സമരങ്ങളുടേതായ ഒരു കാലഘട്ടത്തെക്കുറിച്ച്‌ പുസ്തകം വിശദമായിതന്നെ പറയുന്നു.

സമരങ്ങളുടെ തീച്ചൂളയിലായിരുന്നപ്പോൾ ഒപ്പം നിന്ന വാമഭാഗത്തെക്കുറിച്ചും മറ്റു ബന്ധുക്കളെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്‌. വാസുവിനോളം തന്നെ ജനകീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധത്തിൽ നിന്നിട്ടുണ്ട്‌ സഹധർമ്മിണി ലീല. അവരുടെ സമര കഥകളും അവർ നടത്തിയ പൊതുജനക്ഷേമ പ്രവർത്തനങ്ങളും വാസുവിന്റെ കഥയ്ക്കൊപ്പം തന്നെ ഈ പുസ്തകത്തിൽ ഇടം പിടിച്ചിരിക്കുന്നു.2002-ലും 2022-ലും ഗൂഡല്ലൂർ നഗരസഭയിലേക്ക്നടുഗൂഡല്ലൂർ വാർഡിൽനിന്ന്സിപി ഐ (എം) കൗൺസിലർ ആയിലീലതിരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട്ടിൽനിന്ന്ഒരുമലയാളിപാർട്ടിചിഹ്നത്തിൽ മത്സരിച്ച്രണ്ടുതവണകൗൺസിലർ ആവുകഎന്നത്എടുത്തുപറയേണ്ടതുണ്ട്. അഞ്ചുവർഷംഗൂഡല്ലൂർ കോ-ഓപ്പറേറ്റീവ്ബാങ്കിന്റെഭരണസമിതിയിൽ ഡയറക്ടറായുംലീലപ്രവർത്തിച്ചിട്ടുണ്ട്.

ജീവചരിത്രമായി പിറന്ന ആത്മകഥ

വാസുവിന്റെ ജീവിതകഥ, എൻ. വാസു രചയിതാവിനോടു പറയുന്ന രീതിയിലാണെഴുതിയിരിക്കുന്നത്‌. വാസുവിന്റെ ജീവിതത്തിലെ ഓരോ പ്രധാന വശങ്ങളേയും ഘട്ടങ്ങളേയും തരം തിരിച്ച്‌, ചെറിയ അദ്ധ്യായങ്ങളിലാക്കി, ലളിതമായ ഭാഷയിൽ വിശദമാക്കിയിരിക്കുന്നു ഈ പുസ്തകത്തിൽ. 

sureshkumar tഗ്രന്ഥകാരൻ സുരേഷ് കുമാർ ടി



അങ്ങനെനോക്കുമ്പോൾസുരേഷ്കുമാർ ടി.യുടെഅദ്ധ്വാനത്തെഅഭിനന്ദിക്കാതിരിക്കാൻ വയ്യ. എളുപ്പമല്ല, ഇത്രയുംവിവരങ്ങൾ ശേഖരിച്ചെഴുതുകഎന്നത്.

മുൻമന്ത്രിടി.കെ. ഹംസയാണ്അവതാരികഎഴുതിയിട്ടുള്ളത്. എൻ. വാസുവിന്റെദീർഘകാലസുഹൃത്തുംസഹപ്രവർത്തകനുമായഅദ്ദേഹത്തിന്റെഅവതാരികതീർച്ചയായുംപുസ്തകത്തിന്റെമാറ്റുവർദ്ധിപ്പിക്കുന്നു.

അമ്പതു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച്‌ ഇത്തിരിയെങ്കിലും മെച്ചപ്പെട്ടതായ  ഇന്നു കാണുന്ന ലോകം നിർമ്മിക്കാൻ ഒരു തലമുറ എത്രയദ്ധ്വാനിച്ചിട്ടുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാകുന്നു ഈ പുസ്തകം. അന്നത്തെ ചൂഷണങ്ങൾക്കെതിരെ എങ്ങനെയൊക്കെ പോരാടി, എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തി എന്നു കാണിക്കുന്ന വിവരണങ്ങൾ. ഒരു പൊതുപ്രവർത്തകൻ എന്നാൽ എന്താണെന്ന്‌ യുവതലമുറയ്ക്ക്‌ വ്യക്തമാകും വിധത്തിലാണീ പ്രവർത്തനങ്ങളും അതിന്റെ വിവരണങ്ങളും. ദൂരമിനിയും സഞ്ചരിക്കാനുണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങളാണ്‌, സഖാവ്‌ എൻ. വാസുവിനെപ്പോലെയുള്ളവരാണ്‌, മനുഷ്യനിൽ നന്മ എന്നൊന്ന്‌ ഇന്നും നിലനിൽക്കുന്നുണ്ടെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.


ഇങ്ങനെയുംകുറെമനുഷ്യർ നമുക്കിടയിലുണ്ട്. സമൂഹത്തിനുവേണ്ടിമാത്രംജീവിക്കുന്നവർ. ഇങ്ങനെയുള്ളവരാണ് മണ്ണിനെവാസയോഗ്യമാക്കിയത്എന്ന്പുതുതലമുറയെഅറിയിക്കാൻ ഇത്തരംപുസ്തകങ്ങൾ തീർച്ചയായുംഉപകാരപ്രദമാകും.

(കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ (മാർക്സിസ്റ്റ്‌) നീലഗിരി ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ വില 260 രൂപ.   ഫോൺ: എൻ. വാസു 9443017799; സുരേഷ്‌ കുമാർ ടി 9821694370)

 



deshabhimani section

Related News

0 comments
Sort by

Home