വായനയുടെ അത്ഭുതലോകം സൃഷ്ടിച്ച ആലീസിന് ഇന്ന് പിറന്നാൾ

ടി എസ് ശ്രുതി
Published on May 04, 2025, 06:10 PM | 2 min read
ഒരു കഷ്‌ണം കേക്കുകഴിക്കുമ്പോൾ വലുതാവുകയും, ഒരു ദ്രാവകം കുടിക്കുമ്പോൾ ചെറുതാവുകയും പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ പൂക്കൾ സംസാരിക്കുകയും കരയാൻ തുടങ്ങുമ്പോൾ കണ്ണീർ കയത്തിൽ വീഴുകയും ചെയ്‌തിരുന്ന പെൺകുട്ടിയെ അറിയാമോ? ഭാഷയുടെയും രാജ്യത്തിന്റെയും അതിർത്തികളെ മറികടന്ന് ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരെയും അത്ഭുതങ്ങളുടെ ലോകത്തെത്തിച്ച ആലീസിനെ! മെയ് നാലിനാണ് ആലീസ് ജനിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന ലൂയിസ് കരോളിന്റെ വിഖ്യാതമായ ബാലസാഹിത്യ നോവലായ "ആലീസ് ഇൻ വണ്ടർലാൻഡി'ലൂടെയാണ് 7 വയസുകാരി ആലീസിനെ വായനാലോകം പരിചയപ്പെടുന്നത്. 1865ലാണ് കരോൾ ആലീസിന്റെ അത്ഭുത ലോകത്തെ സൃഷ്‌ടിക്കുന്നത്. മധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ്, കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് അത്യന്തം വിചിത്രലോകത്തിലേയ്ക്ക് എത്തിച്ചേരുന്നതും വിസ്‌മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നുപോകുന്നതായി സ്വപ്‌നം കാണുന്നതുമാണ് കഥ.
ആലീസ് ഇൻ വണ്ടർലാൻഡിന്റെ ആദ്യ പ്രതി
ആദ്യ നോവലിലെ സംഭവങ്ങൾക്കുശേഷം ആറുമാസം കഴിഞ്ഞ് ആലീസ് ഒരു കണ്ണാടിയിലേക്ക് പ്രവേശിക്കുന്നതും അവിടെയുള്ള അത്ഭുതലോകത്തിലെ സംഭവങ്ങളുമാണ് രണ്ടാമത്തെ നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്.
തേംസ് നദിയിലൂടെ തോണിയിൽ നടത്തിയ ഉല്ലാസയാത്രക്കിടെയാണ് കരോൾ ആലീസിന്റെ അത്ഭുതലോകത്തെ ആദ്യമായി തുറക്കുന്നത്. യാത്രയിൽ ഒപ്പമുണ്ടായിരുന്ന 10 വയസുകാരി ആലീസ് ലിഡൽ, ആലീസിന്റെ രണ്ട് സഹോദരിമാരായ ലൊറീന, എഡിത് എന്നിവർക്കായിരുന്നു കരോൾ കഥ ആദ്യം പറഞ്ഞുകൊടുക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാല വൈസ് ചാൻസലർ ഹെൻട്രി ലിഡലിന്റെ മക്കളായിരുന്നു ഇവർ. അവിടുത്തെ ഗണിതശാസ്ത്ര അധ്യാപകനയിരുന്നു കരോൾ. ആലീസ് ലിഡനിലൂടെയാണ് ആലീസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് എന്നും അല്ല എന്നും പല തരത്തിൽ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
ലൂയിസ് കരോൾ
എന്നാൽ പിൽക്കാലത്ത് ആലീസ് ഒരു സാംസ്കാരിക ചിഹ്നമായി തിരിച്ചറിയപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിലെ ബാലസാഹിത്യ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തയായിരുന്നു ആലീസ്. അന്നേവരെ ലോകസാഹിത്യത്തിൽ നിലനിന്നിരുന്ന ബാല സാഹിത്യ ശൈലിയിൽ നിന്നുമുള്ള കുതറലായിരുന്നു ആലീസിന്റെ അത്ഭുതലോകം.
രാഷ്‌ട്രീയം പറഞ്ഞ അത്ഭുതലോകം
ഒരു ഫാന്റസി പശ്ചാത്തലം, അതായത് നിർമിച്ചെടുത്ത അത്ഭുത ലോകത്തിലൂടെ കരോൾ അക്കാലത്ത് അടിച്ചേൽപ്പിക്കപ്പെട്ട യാഥാസ്ഥിതികമായ വിക്‌ടോറിയൻ സദാചാരസങ്കൽപ്പങ്ങളിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുകയായിരുന്നു. വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വിക്ടോറിയൻ സിവിലിയന്റെ പരമ്പരാഗത രൂപവുമായി കഥയിലെ മുയലിന് വളരെ സാമ്യമാണുള്ളത്.

"ഒരു ഭ്രാന്തൻ ചായ സൽക്കാരം" പോലുള്ള അധ്യായങ്ങൾ വിക്ടോറിയൻ കാലഘട്ടത്തിൽ പിന്തുടർന്നിരുന്ന മൂല്യങ്ങളോടുള്ള എതിർപ്പാണ്. ഒരു വിക്ടോറിയൻ ആഖ്യാനത്തിലെ ചായ സൽക്കാരത്തിന് വിപരീതമായി പരമ്പരാഗതരീതികളെ തകിടം മറിച്ചുകൊണ്ടാണ് കരോൾ ഈ അധ്യായം അവതരിപ്പിക്കുന്നത്. വിക്ടോറിയൻ സമൂഹത്തിലെ കർശനമായ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതിൽ ബുദ്ധിമുട്ടുന്ന ഒട്ടനവധി കഥാപാത്രങ്ങളെ അത്ഭുത ലോകത്ത് കാണാം. ആലീസും അതിനുദാഹരണമാണ്.
'എ കോക്കസ് റേസ് ആൻഡ് എ ലോംഗ് ടെയിൽ'എന്ന അധ്യായത്തിൽ നിന്ന്
'കോക്കസ് റേസ്' എന്ന അധ്യായവും കൃതിയുടെ രാഷ്‌ട്രീയ പശ്‌ചാത്തലത്തെയാണ് സൂചിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന, അമേരിക്കൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പദമാണ് "കോക്കസ് റേസ്'. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനോ നയം ചർച്ച ചെയ്യുന്നതിനോവേണ്ടി രാഷ്‌ട്രീയ പാർടികൾ നടത്തുന്ന യോഗമാണ് ഇത് . ആലീസിന്റെ അത്ഭുതലോകത്തിലും ഒരു കോക്കസ് റേസ് ഉണ്ട്. മുയലിന്റെ വേർപാടിൽ നിന്ന് പുറത്ത് കടക്കാൻ ജീവികൾ കോക്കസ് റേസ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഓട്ടത്തിൽ ഏർപ്പെടുന്നു. ഈ ഓട്ടം എങ്ങനെ നടത്തണമെന്ന് വ്യക്തമായ ധാരണയില്ലാത്ത ഡോഡോ, എല്ലാവരും വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. കോക്കസ് റേസിന്റെ പ്രധാന സവിശേഷത നിയമങ്ങളുടെയും ഘടനയുടെയും അഭാവമാണ്. പങ്കെടുക്കുന്നവർ ഏകപക്ഷീയമായ ദിശകളിലേക്ക് ഓടുന്നു, മത്സരം അവസാനിക്കുന്നത് ഒരു ഫിനിഷിംഗ് ലൈൻ എത്തുമ്പോഴല്ല, മറിച്ച് ഡോഡോ അത് അവസാനിച്ചുവെന്ന് തീരുമാനിക്കുമ്പോഴാണ്. അന്നത്തെ അമേരിക്കൻ രാഷ്ട്രീയത്തെയും തീരുമാനമെടുക്കലിനെയും കുറിച്ചുള്ള കരോളിന്റെ ആക്ഷേപഹാസ്യം നിറഞ്ഞ വീക്ഷണം ഈ അധ്യായത്തിലൂടെ വ്യക്തമാണ്.









0 comments