എല്ലാ ശബ്ദങ്ങളും കേൾക്കുന്ന ലോകം വരണം


സി വി രാജീവ്
Published on May 25, 2025, 12:53 AM | 3 min read
‘‘ഒരിക്കലെങ്കിലും സ്‌ത്രീയാകൂ’’-എന്ന് ദൈവത്തിനോട് പറയുന്നുണ്ട് ബാനു മുഷ്‌താഖിന്റെ കഥാപാത്രം. സ്ത്രീജീവിതമെന്നത് സഹനമല്ല, മറിച്ച് ഇതുപോലെയാകാൻ കെൽപ്പുണ്ടോ എന്ന ചോദ്യമാണത്. ആത്മധൈര്യത്തിന്റെ വാക്കൊഴുക്കിന് അന്താരാഷ്‌ട്ര ബുക്കർ സമ്മാനം ലഭിക്കുമ്പോൾ ഉയരുന്നത് ഓരോ സ്‌ത്രീയുടെയും അഭിമാനമാണ്. സമകാലീന ഇന്ത്യൻ സ്‌ത്രീകളുടെ ബഹുമുഖ യാഥാർഥ്യങ്ങളാണ് ബാനു മുഷ്‌താഖിന്റെ കഥകളുടെ ഇതിവൃത്തം. ഇന്ത്യൻ പ്രാദേശികഭാഷയ്‌ക്കും മൊഴിമാറ്റത്തിനുമുള്ള അംഗീകാരമാണ് ഈ വർഷത്തെ ബുക്കർ ഇന്റർനാഷണൽ പ്രൈസ്. കന്നട എഴുത്തുകാരി ബാനു മുഷ്‌താഖിന്റെ കഥാസമാഹാരം‘ഹാർട്ട് ലാംപ്’ ലോകനെറുകയിലേറുമ്പോൾ അത് പ്രാദേശിക സാഹിത്യത്തിനും പുതുവഴി തുറക്കും. ബുക്കർ ഇന്റർനാഷണൽ നേടുന്ന, ഇന്ത്യയിൽനിന്നുള്ള ആദ്യ വിവർത്തകയായി ദീപ ഭസ്‌തിയും ചരിത്രത്തിൽ ഇടംനേടി. 2024ൽ ബാനുവിന്റെ ‘ഹസീന ആൻഡ് അദർ സ്‌റ്റോറീസ്’ എന്ന കഥാസമാഹാരം ഇംഗ്ലീഷ് പെൻ ട്രാൻസ്‌ലേഷൻ പുരസ്‌കാരം നേടിയിരുന്നു. അത് മൊഴിമാറ്റം ചെയ്‌തതും ദീപ ഭസ്‌തിയാണ്.
മനുഷ്യാവസ്ഥകളുടെ നിരീക്ഷക
‘‘ചോദ്യങ്ങളില്ലാത്ത അനുസരണയാണ് മതവും സമൂഹവും രാഷ്‌ട്രീയവും സ്‌ത്രീയോട് ആവശ്യപ്പെടുന്നത്. അതിനെതിരായാണ് എഴുത്ത്’’, ബാനു മുഷ്‌താഖ് നിലപാട് വ്യക്തമാക്കിയത് ഇങ്ങനെ. കൂർത്ത ഹാസ്യത്തോടെ കർണാടകത്തിലെ മുസ്ലിം സ്‌ത്രീകളുടെ ക്ലേശമാനസികാവസ്ഥകൾ കഥകളിലേക്ക് പകർത്തി. കുടുംബവ്യവസ്ഥ, അന്തഃസംഘർഷങ്ങൾ, കുട്ടികൾ, വയോധികർ എന്നിവരുടെ വ്യഥകളും എഴുതി. അഭിഭാഷക, പത്രപ്രവർത്തക, ആക്ടിവിസ്റ്റ് എന്നീ തലങ്ങളിലുള്ള അനുഭവങ്ങൾ അതിന് കരുത്തേകി.
ആദ്യ കഥാസമാഹാരത്തിന്റെ (എ പാത്ത് ജസ്‌റ്റ് വിസിബിൾ–-1990) ആമുഖത്തിൽ ബാനു പറയുന്നു, ‘‘ മുസ്ലിംസമുദായത്തിലെ ആളുകൾ, അവരുടെ സന്തോഷം, സങ്കടം, ദുഃഖങ്ങൾ എന്നിവയെപ്പറ്റിയാണ് ഞാൻ എഴുതുന്നത്. ഇത്തരത്തിൽ വെളിപ്പെടുത്തുന്ന യാഥാർഥ്യങ്ങളെ മുസ്ലിം സമുദായം എതിർക്കുമെന്ന് മനസ്സിലാക്കുന്നു. അതേസമയം, ഞാനുയർത്തുന്ന വിമർശങ്ങൾക്ക് പുറത്തെ വലിയ സമൂഹവും പ്രതിരോധം തീർക്കും’’. അതേ പാതയിലായിരുന്നു പിന്നീടുള്ള അവരുടെ എഴുത്തും സാമൂഹ്യപ്രവർത്തനവും.
പ്രജാമാത മാസികയിൽ 1974ലാണ് ആദ്യകഥ അച്ചടിക്കുന്നത്. കന്നട സാഹിത്യത്തിലും കർണാടകത്തിലും പുതിയ സാമൂഹ്യമുന്നേറ്റമുണ്ടാക്കിയ കാലമാണ് 1970–1980. മാറ്റത്തിന്റെ കാറ്റുമായി ബണ്ഢായ സാഹിത്യപ്രസ്ഥാനം പടർന്നു. ബ്രാഹ്‌മണ കേന്ദ്രീകൃതമായ എഴുത്തിനെതിരെ നിരവധിപേർ രംഗത്തെത്തി. സ്‌ത്രീകൾ, മുസ്ലിം സമുദായക്കാർ, ഗോത്ര-ദളിത് വിഭാഗങ്ങൾ, കർഷകർ എന്നിവരുടെ ശബ്ദം കേട്ടുതുടങ്ങിയ കാലം. കന്നട സാഹിത്യത്തിലെ തിളക്കമുള്ള പേരുകളായ സാറ അബൂബക്കർ, ഫക്കീർ മുഹമ്മദ് കട്‌പാടി, ബോൽവാർ മൊഹമ്മദ് കുഞ്ഞി എന്നിവർക്കൊപ്പം ബാനു മുഷ്‌താഖും മുസ്ലിം ജീവിതങ്ങളുടെ സംഘർഷങ്ങളെ അനാവരണം ചെയ്‌തു. സാറാ അബൂബക്കറിനെപ്പോലെ പാരമ്പര്യത്തെ എതിർത്തപ്പോൾ ബാനുവിനും സമുദായത്തിന്റെ എതിർപ്പ് നേരിടേണ്ടിവന്നു. കർണാടകത്തിലെ ബഹുഭൂരിപക്ഷം മുസ്ലിം കുടുംബങ്ങളുടെയും ആദ്യഭാഷ ഉറുദുവായതിനാൽ കന്നടയിൽ എഴുതുക എന്നതുതന്നെ വലിയ സാഹസമായിരുന്നു.
നിരൂപകൻ ഡി എസ് നാഗഭൂഷണ നിരീക്ഷിച്ചതുപോലെ ‘‘പൊതുവായ മനുഷ്യത്വം അനാവൃതമാക്കി പരസ്‌പരമുള്ള ഭിന്നതകളെ ഇല്ലാതാക്കാൻ സാഹിത്യത്തിന് കഴിയും. തീർച്ചയായും ആ വഴിയിലേക്കുള്ള പടവുകളാണ് ബാനുവിന്റെ കഥകൾ.’’ എതിർപ്പിന്റെ സ്വരമുയർത്തുക മാത്രമല്ല, ആത്മവിശ്വാസവും ആശ്വാസവും പകരുന്ന തൂവലുകൾ പൊഴിക്കുന്നവകൂടിയാണ് ഈ കഥകൾ.
ഹാർട്ട് ലാംപ് എന്ന കഥ മെഹ്‌റുൻ എന്ന മൂന്നുകുട്ടികളുടെ അമ്മയുടേതാണ്. ഭർത്താവിന്റെ രണ്ടാം വിവാഹത്തിൽ മനംനൊന്ത് തീകൊളുത്തി ആത്മഹത്യചെയ്യാനായി ദേഹത്ത് മണ്ണെണ്ണയൊഴിക്കുന്ന വീട്ടമ്മയെ മകൾ തടയുന്നു. മക്കളുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തകളുടെ പൊള്ളലിൽ അവൾ ആത്മഹത്യയിൽനിന്ന് പിൻമാറുന്നു. പുരുഷ കാപട്യങ്ങളെയും ആത്മസംഘർഷങ്ങളെയും അടയാളപ്പെടുത്തുന്ന കൃതികളുമുണ്ട്. ‘ഹൃദയത്തിന്റെ തീരുമാനം’ എന്ന കഥയിലെ യൂസഫ് കലഹക്കാരിയായ ഭാര്യക്കും വിധവയായ അമ്മയ്‌ക്കും ഇടയിൽ പിടയുന്ന മനസ്സിനുടമയാണ്. ഒടുവിൽ യൂസഫ് അമ്മയെ വിവാഹം കഴിപ്പിച്ചയക്കുന്നു.
ബുക്കർ സമ്മാനം ഏറ്റുവാങ്ങി ബാനു പറഞ്ഞു, ‘‘ എല്ലാ ശബ്ദങ്ങളും കേൾക്കുന്ന ലോകം സൃഷ്‌ടിക്കണം. എല്ലാ കഥകളും മാനിക്കപ്പെടണം. എല്ലാവരെയും ഉൾക്കൊള്ളണം’’. അതുതന്നെയാണ് അവരുടെ ആറ് സമാഹാരങ്ങളിലെയും കഥകളുടെ സന്ദേശവും.
നമ്മുടെ സാഹിത്യം പടരട്ടെ
ഇന്ത്യയിൽനിന്നുള്ള കൃതി ലോകരാജ്യങ്ങളിലേക്കെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ദീപ ഭസ്‌തി. ബാനു മുഷ്‌താഖിന്റെ കഥകളുടെ സാംസ്‌കാരികത്തനിമ പ്രതിഫലിപ്പിക്കുക എന്നതായിരുന്നു വിവർത്തനത്തിൽ നേരിട്ട പ്രധാന വെല്ലുവിളി. അത് ഫലപ്രദമായി ചെയ്യാനായി എന്നാണ് വിശ്വാസമെന്ന് ദീപ പറഞ്ഞു.
‘‘തന്റെ ഭാഷയ്‌ക്കുകൂടി കിട്ടിയ വലിയ സമ്മാനമാണ് ബുക്കർ ഇന്റർനാഷണൽ. പുരസ്‌കാരനേട്ടത്തിൽ സന്തോഷമേറെ. നമ്മുടെ രാജ്യത്തിന് സമ്പന്നമായ സാഹിത്യ പൈതൃകമുണ്ട്. നിരവധി എഴുത്തുഭാഷയും വാമൊഴികളും നമുക്കുണ്ട്. അവയിലെല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ള സാഹിത്യവും മാറ്റുള്ള കൃതികളുമുണ്ട്. പല കാരണങ്ങളാൽ ഇന്ത്യയിൽനിന്നുള്ള സാഹിത്യകൃതികൾ പുറത്ത് പ്രസിദ്ധീകരിച്ചിട്ടില്ല. ബുക്കർ ഇന്റർനാഷണലിലൂടെ ഇന്ത്യൻ ഭാഷകളിലെ സാഹിത്യത്തിലെ മികച്ച കൃതികൾക്ക് മറ്റ് ദേശങ്ങളിലേക്ക് വാതിൽ തുറക്കുമെന്ന് കരുതുന്നു. കന്നടയുൾപ്പെടെയുള്ള ഭാഷകളിലെ എഴുത്തിന് കൂടുതൽ വായനക്കാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’’, ദീപ ഭസ്‌തി പറഞ്ഞു.









0 comments