'കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു'; രണ്ടാം ഭാഗത്തിനു മുമ്പ് ഉത്തരം പുറത്ത് ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 19, 2017, 01:19 PM | 0 min read

ബ്രഹ്മാണ്ഡ സിനിമ എന്ന വിശേഷണത്തോടെ ഏകദേശം ഒന്നര  വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചിത്രമാണ് രാജമൌലിയുടെ “Bahubali, the begining”. ഗ്രാഫിക്സ്, ശബ്ദ പ്രഭാവങ്ങള്‍ ചിത്രീകരണ മികവ് എന്നിവ കൊണ്ട് ഇന്ത്യന്‍ സിനിമയെ തന്നെ വിസ്മയിപ്പിച്ച ചിത്രം!!!

സമൃദ്ധിയുടെ സാമ്രാജ്യമായ മഹിഷ്മതിയുടെ കഥ...
യുദ്ധ വീരനായ അമരേന്ദ്ര ബാഹുബലിയുടെ കഥ...
ഉരുക്കു വനിതയായ ശിവഗാമിയുടെ കഥ!

രാജമാത ശിവഗാമി, അമരേന്ദ്ര ബാഹുബലിയുടെ കുഞ്ഞുമായി മഹിഷ്മതി സാമ്രാജ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നിടത്തുനിന്നാണ് “Bahubali, the begining” തുടങ്ങിയത്... അവസാനിക്കുന്നതോ, അപ്രതീക്ഷിതമായി മഹിഷ്മതിയുടെ വിശ്വസ്ത അടിമയായ ‘കട്ടപ്പ’യാല്‍ കൊല്ലപ്പെടുന്ന ബാഹുബലിയിലും!!!
ആരായിരിക്കും ആ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടാകുക?, എന്തിനായിരിക്കും ഒരു കുഞ്ഞിനെ കൊല്ലുന്നത്?, എന്തിനാണ് ശിവഗാമി മഹിഷ്മതി വിട്ടു ഓടി പോകുന്നത്?, എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്? എന്നിങ്ങനെ എത്രയെത്ര ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തിയാണ് ചിത്രം അവസാനിച്ചത്! തീയറ്റര്‍ വിട്ടിറങ്ങിയിട്ടും പ്രേക്ഷകര്‍ പരസ്പരം ചോദിച്ചു, “കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?”.... അങ്ങനെ കുറെയേറെ ചോദ്യങ്ങള്‍  ബാക്കി നിര്‍ത്തി, പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പോയ ചിത്രം... അതിന്റെ ഉത്തരവുമായി “Bahubali, the conclusion”നു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍...

എന്നാല്‍ ഉത്തരവുമായി ഇറങ്ങുന്ന രണ്ടാം ചിത്രത്തിന് മുന്‍പേ തന്നെ അതിലേക്കുള്ള സൂചനകളുമായി എത്തിയ പുസ്തകം ആണ് “The Rise of Sivagami”. മലയാളിയായ ആനന്ദ് നീലകണ്ഠന്‍ രചിച്ച ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് വെസ്‌റ്റ്‌ലാന്‍ഡ്‌ പബ്ലിക്കേഷന്‍സ് ആണ് . ബാഹുബലി സീരീസിലെ ആദ്യ നോവല്‍... കാല്‍പനിക സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന പുസ്തകം...!

“Bahubali, the begining” എന്ന ചിത്രത്തില്‍ കാണുന്ന കഥയ്ക്കും മുന്നേ നടക്കുന്ന കഥയാണ്‌ പുസ്തകത്തിലേത്. സമൃദ്ധിയുടെയും സമ്പന്നതയുടെയും സാമ്രാജ്യം ആണ് മഹിഷ്മതി. ആ സാമ്രാജ്യത്തിലെ ഉരുക്ക് വനിതയാണ്‌ ശിവഗാമി. ആ മഹിഷ്മതിയുടെയും ശിവഗാമിയുടെയും കഥയാണ്‌ നോവലിന് പ്രമേയം ആകുന്നതു. ഒപ്പം മറ്റൊരു പ്രധാന കഥാപാത്രമായ കട്ടപ്പയുടെയും ജീവിതവും ആണ് താളുകളില്‍ നിറയുന്നത്.

ശിവഗാമി എന്ന പെണ്‍കുട്ടിയുടെ ജീവിതപശ്ചാത്തലത്തില്‍ നിന്നാണ് കഥ ഇതള്‍ വിരിയുന്നത്. ആ കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സുരഭിലമായ കാലം ആയിരുന്നു ബാല്യകാലം. പക്ഷെ, പെട്ടന്ന് തന്നെ ആ മനോഹാരിതയുടെ നിറം മങ്ങി പോയി. അവളുടെ അച്ഛന്‍ രാജ്യദ്രോഹിയായി  മുദ്ര കുത്തപ്പെട്ട് വധിക്കപ്പെടുന്നതോടെ അവള്‍ അനാഥയാകുന്നു. പക മനസ്സിലിട്ടു, പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുന്ന ശിവഗാമിയില്‍ നിന്നുമാണ് കഥ വികസിക്കുന്നത്. പ്രതികാരത്തിനു കാത്തിരുന്ന ശിവകാമി, ഒടുവില്‍ മഹിഷ്മതി സാമ്രാജ്യത്തിലെ പ്രമുഖനായ ബിജ്ജലദേവയെ വിവാഹം കഴിച്ചു രാജ്മാതാ ശിവകാമിയായി മാറുന്നിടതാണ് കഥയുടെ പ്രധാന ട്വിസ്റ്റ്‌.

'വിശ്വസ്ത അടിമ' എന്നതിനപ്പുറം കട്ടപ്പയുടെ ജീവിതത്തിലെയും പല സൂക്ഷ്മമായ അംശങ്ങളും വായനക്കാര്‍ക്ക് മുന്നില്‍ വരച്ചു കാട്ടുന്നുണ്ട് എഴുത്തുകാരന്‍. കട്ടപ്പയും ശിവപ്പയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ഊഷ്മളതയും എല്ലാം ആ വരികളില്‍ നിന്നും തന്നെ നമുക്ക് വായിച്ചെടുക്കാം. വളരെ തന്മയത്വത്തോടെ കഥ പറഞ്ഞു പോകുന്നുണ്ട്.

കട്ടപ്പ എന്ന ‘അടിമ’യുടെയും കട്ടപ്പ എന്ന ‘വ്യക്തി’യുടെയും കെട്ടുപാടുകളും ചുറ്റുപാടുകളും മനോവ്യാപാരങ്ങളും തമ്മില്‍ ഒരു ശീതസമരം നടക്കുന്നുണ്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ധര്‍മ യുദ്ധം.  ഈ യുദ്ധത്തിന്റെ ആഴങ്ങളില്‍ എവിടെയോ വച്ച്, എന്തോ ഒരു കാരണത്താല്‍ ആണ് കട്ടപ്പ ബാഹുബലിയെ കൊലപ്പെടുത്തിയത് എന്ന് കഥാകൃത്ത്‌ പറയുന്നു. അവിടെ ധര്‍മം  പാലിക്കപ്പെട്ടിരുന്നു എന്ന് വേണം  കരുതാന്‍.

ലളിതമായ ഭാഷ... ശക്തമായ ഭാഷ... വ്യക്തമായ, സുന്ദരമായ ഭാഷ!!! അത് തന്നെയാണ് ഈ പുസ്തകത്തിന്റെ ഭംഗി. ആഖ്യാന രീതിയെ പ്രശംസിക്കാതെ വയ്യ. ആദ്യ നോവലായ ‘Asura: Tale of the Vanquished’ഇല്‍ നിന്നും ആഖ്യാന ശൈലി കുറച്ചൂടെ ഭംഗിയുള്ളതായി തീര്‍ന്നെന്ന് നിസ്സംശയം പറയാം... കയ്യടക്കത്തോടെ മടുപ്പിക്കാതെ ഒഴുക്കോടെ ഭാഷ ഉപയോഗിച്ചിരിക്കുന്നു. രാജനഗരിയുടെ പുത്രനായ എഴുത്തുകാരാ.... നിങ്ങള്‍ക്ക് അഭിമാനിക്കാം!

ബാക്കി ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പ്‌ ഇവിടെ തുടങ്ങുന്നു..



deshabhimani section

Related News

View More
0 comments
Sort by

Home