കാളിഭ്രാന്തി രക്തസാക്ഷികളുടെ അമ്മ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 26, 2017, 05:35 AM | 0 min read

പുന്നപ്ര വയലാറിന്റെ അവിസ്മരണീയവും ആവേശകരവുമായ ചരിത്രത്തിന് 'ഉഷ്ണരാശി'യിലൂടെ നോവല്‍ഭാഷ്യം നല്‍കാനുള്ള നിശ്ചയമുണ്ടാകുന്നത്  കാളിഭ്രാന്തിയെ തിരിച്ചറിഞ്ഞ നിമിഷമാണ്

പാറിപ്പറക്കുന്ന ചപ്രത്തലമുടി. ഇരുണ്ട നിറം. കീറിപ്പറിഞ്ഞ നാലഞ്ചു മാവാടകള്‍ ചേര്‍ത്തുടുത്ത് ഒരു കൈയില്‍ നീണ്ട വടിയും മറുകൈയില്‍ കൊയ്ത്തരിവാളുമായി അവര്‍ ആലപ്പുഴ പട്ടണത്തിലങ്ങോളം അലഞ്ഞുനടന്നു. കഴുത്തില്‍ കുറെ കല്ലുമാലകള്‍. തോളത്തൊരു ഭാണ്ഡവും. ആളുകള്‍ അവരെ കാളിഭ്രാന്തി എന്നു വിളിച്ചു. വീടുകളുടെ മുന്നില്‍ വന്ന് കാളിഭ്രാന്തി അട്ടഹസിക്കുമ്പോള്‍ കുട്ടികള്‍ പേടിച്ചുകരഞ്ഞു.

ഞാനന്ന് രണ്ടാം ക്ളാസിലാണ്. പട്ടണമധ്യത്തിലുള്ള ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍. അധ്യാപകജോലി ഉപേക്ഷിച്ച്, നാടകാഭിനയത്തില്‍ ഭ്രമം കയറി ഒടുവില്‍ ആധാരമെഴുത്തിലേക്ക് തിരിഞ്ഞ അച്ഛന്‍ കിടപ്പിലായതോടെ വീട്ടില്‍ സാമ്പത്തികഞെരുക്കം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. പ്രമേഹം നിയന്ത്രണാതീതമായി അദ്ദേഹം രോഗശയ്യയിലായപ്പോള്‍ അതുവരെ റിക്ഷാവണ്ടിയില്‍ സ്കൂളിലേക്കുപോയിരുന്ന എന്റെ സഞ്ചാരം കാല്‍നടയായി. ഒരു ദിവസം സ്കൂള്‍വിട്ട് വരികയായിരുന്നു ഞാന്‍. ഒറ്റയ്ക്കാണ്. വഴിയിലെങ്ങും ആരുമില്ല. പുസ്തകക്കെട്ടും പിടിച്ച് ധൃതിയില്‍ നടന്നുവന്ന എന്റെ പാദങ്ങള്‍ പെട്ടെന്ന് നിശ്ചലമായി. കുറച്ചു മുന്നിലായി കാളിഭ്രാന്തി! ഞാന്‍ വല്ലാതെ ഭയന്നുപോയി. ശരീരമാകെ വിറച്ചു. മുന്നോട്ടും പിന്നോട്ടും പോകാന്‍ കരുത്തില്ലാതെയായി. എന്റെ നോട്ടം അവരുടെ കൈയിലെ അരിവാളിലേക്കായിരുന്നു. അതിന്റെ മുന, മൂര്‍ച്ഛ. കാളിഭ്രാന്തി ഉച്ചത്തില്‍ ചിരിക്കുകയാണോ? എന്റെ നേര്‍ക്ക് പാഞ്ഞടുക്കുമോ? പരിസരം മറന്ന് ഞാന്‍ 'അമ്മേ' എന്ന് അത്യുച്ചത്തില്‍ അലറിവിളിച്ച് കരഞ്ഞു.

ആ കരച്ചിലില്‍ നടുങ്ങിയത് കാളിഭ്രാന്തിയാണെന്നു തോന്നുന്നു. അവരുടെ ചിരി നിന്നു. എന്നിട്ട് എന്നെ സൂക്ഷിച്ച് നോക്കുകയാണ്. പിന്നെ വാത്സല്യത്തോടെ 'കുഞ്ഞുമക്കളു പൊയ്ക്കോ... കാളിയൊന്നും ചെയ്യത്തില്ല' എന്നു പറഞ്ഞു.

ഭയം വിട്ടൊഴിയാതെനിന്നതുകൊണ്ട് ഞാന്‍ അനങ്ങിയില്ല. കാളിഭ്രാന്തി പിന്നെയും പലതവണ 'പൊയ്ക്കോ പൊയ്ക്കോ' എന്ന് ആവര്‍ത്തിച്ചു. കൊയ്ത്തരിവാളും കൈയിലിരുന്ന വടിയും താഴേക്കിട്ടു. ഇതോടെ എങ്ങനെയോ ധൈര്യം സംഭരിച്ച് ഞാന്‍ ഓടി... വീട്ടിലേക്ക്. ദൂരെയെത്തിയിട്ടും പേടി ഉള്ളില്‍ത്തന്നെ കിടന്നു.

ജീവന്റെ അവസാനത്തെ ഇല എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരത്തില്‍ കാളിഭ്രാന്തിയെപ്പറ്റി എഴുതിയിട്ടുണ്ട്. കാരണം, ഒരാളിന്റെയും കുട്ടിക്കാലം നിഷ്കളങ്കമായ ഉല്ലാസങ്ങള്‍കൊണ്ടുമാത്രമല്ല നിറയുന്നത്, പില്‍ക്കാലത്ത് നിസ്സാരമെന്നു തോന്നാവുന്ന ഭയങ്ങള്‍കൊണ്ടുകൂടിയാണ്.

കാലത്തിന്റെ മേഘങ്ങള്‍ പിന്നെയുമൊരുപാട് പെയ്തു. ഏകദേശം പത്തുവര്‍ഷംമുമ്പ് ഞാന്‍ എം ടി ചന്ദ്രസേനന്‍ രചിച്ച 'പുന്നപ്ര വയലാര്‍ ജ്വലിക്കുന്ന അധ്യായങ്ങള്‍' വായിക്കുകയാണ്. അതിലും കടന്നുവരുന്നു കാളിഭ്രാന്തി. പുന്നപ്രയില്‍ സമരപോരാളികളായിരുന്ന കൃഷ്ണന്റെയും ഗോപാലന്റെയും അമ്മ! പുന്നപ്രയില്‍ തമ്പടിച്ച പട്ടാളക്യാമ്പിലേക്ക് സമരോത്സുകരായി നീങ്ങിയ ധീരസഖാക്കളുടെ അമ്മ! പ്രക്ഷോഭത്തിന്റെ കനല്‍ വഴികളില്‍നിന്ന് കൃഷ്ണനും ഗോപാലനും മടങ്ങിവന്നില്ല. സി പിയുടെ ചോറ്റുപട്ടാളം സമരപോരാളികള്‍ക്കുനേരെ നിറയൊഴിച്ചു.

അന്നുമുതല്‍ ആ അമ്മ പൊന്നുമക്കളെ തേടിനടക്കുകയാണ്. ആലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന ബോട്ടില്‍ കയറി നോക്കും. കോടതിയില്‍ ജഡ്ജിയുടെ ചേംബറില്‍ കയറി അന്വേഷിച്ച സംഭവംപോലുമുണ്ടായിട്ടുണ്ട്.

ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തില്‍ എത്രപേര്‍ രക്തസാക്ഷിത്വം വരിച്ചു എന്ന് കണക്കില്ല. എല്ലാവരുടെയും വിവരങ്ങള്‍പോലുമില്ല. കെ സി ജോര്‍ജിന്റെ പുസ്തകത്തില്‍ അഞ്ഞറൂപേര്‍ എന്നു പറയുന്നു. സര്‍ക്കാര്‍ കണക്കിലുള്ളത് നൂറ്റിതൊണ്ണൂറ്റി മൂന്നുപേര്‍. റോബിന്‍ ജഫ്രിയെപ്പോലുള്ള ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരത്തോളമെങ്കിലും വരും.

എന്റെ കുട്ടിക്കാലത്തെ ഭയത്തിലാഴ്ത്തിയ കാളിഭ്രാന്തിയെപ്പറ്റി മുതിര്‍ന്നശേഷം ഒരു പുസ്തകത്തില്‍ വായിച്ചപ്പോള്‍ മനസ്സിലൂടെ ഇതെല്ലാം കടന്നുപോയി. മക്കളെ അന്വേഷിച്ച് എവിടെയെന്നില്ലാതെ നടന്ന അവരോട് ആരോ ഒടുവില്‍ സത്യം പറഞ്ഞു. അതോടെയാണ് ആ അമ്മമനസ്സിന്റെ അവസാനചരടും പൊട്ടിപ്പോയത്. ഇങ്ങനെ എത്രയെത്ര കാളിഭ്രാന്തിമാരെ അധികാരദുര മൂത്ത ഏകാധിപത്യവാഴ്ച സൃഷ്ടിച്ചിട്ടുണ്ടാകണം.

പുന്നപ്ര വയലാറിന്റെ അവിസ്മരണീയവും ആവേശകരവുമായ ചരിത്രത്തിന് 'ഉഷ്ണരാശി'യിലൂടെ നോവല്‍ഭാഷ്യം നല്‍കാനുള്ള നിശ്ചയമുണ്ടാകുന്നത് കാളിഭ്രാന്തിയെ തിരിച്ചറിഞ്ഞ നിമിഷമാണ്.

ഉഷ്ണരാശി എഴുതുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഭവമുണ്ടായി. അതൊരു പ്രഹേളികയാണ്. ഭൌതികവലയത്തിനപ്പുറമുള്ള അത്ഭുതപ്രവൃത്തികളില്‍ എനിക്ക് വിശ്വാസമൊന്നുമില്ല. എങ്കിലും സത്യമായതുകൊണ്ട് പറയാം. ഉഷ്ണരാശി കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. അഞ്ചാം അധ്യായത്തില്‍ അനഘാശയന്‍ കടന്നുവരുന്നു. കൌമാരം കടക്കുംമുമ്പേ പട്ടാളക്കാരുടെ ബുള്ളറ്റിനിരയായ മേനാശേരി രക്തസാക്ഷിയാണ് അനഘാശയന്‍. അടുത്ത അധ്യായത്തില്‍ അനഘാശയന്റെ സുഹൃത്തായി അയാളേക്കാള്‍ ആറേഴുവയസ്സ് പ്രായക്കൂടുതലുള്ള പ്രഭാകരന്‍ കടന്നുവരുന്നു. എന്റെ നോവല്‍ രൂപരേഖയില്‍ ആ കഥാപാത്രം ഉണ്ടായിരുന്നില്ല. ഞാന്‍പോലുമറിയാതെ കയറി വന്നതാണ്. ഉഷ്ണരാശി വായിക്കുന്നവര്‍ക്ക് പ്രഭാകരനെ പ്രധാന കഥാപാത്രങ്ങളിലൊന്നായി കാണാം. അങ്ങനെ പതിനഞ്ചോളം അധ്യായങ്ങള്‍ എഴുതിക്കഴിഞ്ഞപ്പോഴാണ് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ അനഘാശയന്റെ ജ്യേഷ്ഠനും സമരനായകനുമായ രാഘവന്‍ ചേട്ടനെപ്പറ്റി പറയുന്നത്. മേനാശേരിയില്‍ നേര്‍ക്കുനേര്‍ വന്ന ബുള്ളറ്റുകളില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. അതൊരു പുതിയ അറിവായിരുന്നു.

രാഘവേട്ടന് വയസ്സ് തൊണ്ണൂറായി. ഓര്‍മകള്‍ അവിടെവിടെ പിഞ്ചിത്തുടങ്ങി. അനഘാശയന്റെ ചങ്ങാതിമാരെപ്പറ്റി ഞാന്‍ ചോദിച്ചു. സമപ്രായക്കാരായി അങ്ങനെ ആരുമില്ലായിരുന്നു എന്ന് മറുപടി. പിന്നെ അല്‍പ്പനേരം ഓര്‍മയുടെ നൂലിഴകള്‍ തുന്നിക്കൂട്ടി പറഞ്ഞു. 'അവനേക്കാള്‍ ആറേഴുവയസ്സു മൂപ്പുള്ള ഒരു കൂട്ടുണ്ടായിരുന്നു. പൊള്ളയില്‍ പ്രഭാകരന്‍. ഏതുനേരവും ഒന്നിച്ചായിരുന്നു വരവും പോക്കും. ഒടുവില്‍ വെടികൊണ്ട് വീണതും രണ്ടാളും ഒരുമിച്ച്'.
പറഞ്ഞറിയിക്കാനാകത്ത ഒരു വികാരത്തിന് ഞാന്‍ അടിപ്പെട്ടുപോയി. ഒന്നുമറിയാതെയാണല്ലോ അനഘാശയന്റെ ചങ്ങാതിയായി ഞാന്‍ പ്രഭാകരനെ സൃഷ്ടിച്ചത്! പൊള്ളയില്‍ എന്ന വീട്ടുപേരില്ലെങ്കിലും മറ്റെല്ലാം കൃത്യം.

എഴുത്ത് അങ്ങനെയാണ്. നമ്മെ അത് പലയിടത്തും എത്തിക്കും. ഭൂതകാലത്തും ഭാവിയിലും, ഇനി അജ്ഞാതമായ മറ്റേതെങ്കിലും കാലവിഭജനമുണ്ടെങ്കില്‍ അതിലേക്കുപോലും.



deshabhimani section

Related News

View More
0 comments
Sort by

Home