അതിജീവനത്തിന്റെ അടയാളങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 19, 2017, 09:52 AM | 0 min read

പ്രളയമായാലും പ്രവാസമായാലും വന്‍കരകള്‍ താണ്ടി പോവുകയും ഇടവേളകളില്‍ തിരിച്ചുവരികയും ചെയ്യുന്ന മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറയുന്നതാണ് കെ എസ് റിച്ചാര്‍ഡ് എഴുതിയ 'മേപ്പിള്‍ വൃക്ഷത്തിലെ ഇലകള്‍' എന്ന നോവല്‍.

അതിജീവനത്തിന്റെ തത്രപ്പാടുകള്‍ക്കിടയില്‍ ലക്ഷ്യബോധവും മൂല്യങ്ങളും മുറുകെപ്പിടിച്ച ഒരു യുവാവിന്റെ പ്രവാസജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും സമ്മര്‍ദങ്ങളുടെയും സന്ദര്‍ഭങ്ങളിലൂടെയാണ് ഈ നോവല്‍ കടന്നുപോകുന്നത്. അതിസാധാരണമായ കഥ പറയുമ്പോഴും നിരവധി സാമൂഹ്യപ്രശ്നങ്ങള്‍ നോവലിസ്റ്റ് ഉയര്‍ത്തിക്കാട്ടുന്നു. മനുഷ്യമനസ്സ് ലോകത്തെവിടെയും ഒരുപോലെയാണെന്നും വ്യക്തികളുടെ സുഖദുഃഖങ്ങളും മാനസികഭാവങ്ങളും സമാനമാണെന്നുമുള്ള സന്ദേശം പകരുന്നു. വര്‍ത്തമാനകാലത്തെ വാര്‍ധക്യത്തിന്റെ പ്രശ്നങ്ങളും സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ കരുതലും ആവശ്യകതയും കഥാപാത്രങ്ങളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. അമേരിക്കയിലെയും കേരളത്തിലെയും ജീവിതവും സംസ്കാരവും താരതമ്യം ചെയ്യാനും ഭാരതത്തിന്റെ സാംസ്കാരികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. ഡേറ്റിങ്ങും ലിവിങ് ടുഗെദറും ഡിവോഴ്സും സര്‍വസാധാരണമായിട്ടുള്ള അമേരിക്കയുടെ സംസ്കൃതിയെ അമേരിക്കക്കാരനായ കമ്പനി മേധാവി പുനര്‍വിചിന്തനം ചെയ്യുന്നത് അതുകൊണ്ടാണ്. വിദേശത്തും സ്വദേശത്തും വര്‍ധിച്ചുവരുന്ന മദ്യപാനവിപത്തുകളും പരാമര്‍ശവിഷയമാകുന്നു.

ആഗോളീകരണത്തിന്റെ ഭാഗമായി ലോകംമുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന 'ഹയര്‍ ആന്‍ഡ് ഫയര്‍' തൊഴില്‍സംസ്കാരം കഥാസന്ദര്‍ഭങ്ങളിലൂടെ വിമര്‍ശിക്കപ്പെടുന്നു. നമ്മുടെ ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളും മാഞ്ഞുപോകുന്ന പൈതൃകമൂല്യങ്ങളും സാംസ്കാരികാധിനിവേശത്തിന്റെ ഭാഗമായി എടുത്തുകാട്ടുന്നു. സമ്മര്‍ദമേറുമ്പോള്‍ പൊട്ടിത്തെറിച്ചുപോകുന്ന പ്രഷര്‍കുക്കറിനോട് മനുഷ്യമനസ്സിനെ താരതമ്യം ചെയ്തിരിക്കുന്നത് യുക്തിസഹമാണ്.

പൌരത്വവും പൌരോഹിത്യവും ഒരുപോലെയാണെന്ന് സൂചിപ്പിച്ചുകൊണ്ട് പൌരോഹിത്യത്തില്‍ ലൌകികസുഖങ്ങളെയും കുടുംബത്തെയും ത്യജിക്കുമ്പോള്‍ പൌരത്വത്തില്‍ മാതൃഭൂമിയെ ത്യജിക്കുന്നു എന്ന സത്യം വെളിവാക്കുന്നു. രണ്ടിലും തിരിച്ചുപോക്ക് ദുഷ്കരമാണ്. അതുകൊണ്ടാണ് പ്രൊമോഷനും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം നല്‍കിയിട്ടും കഥാനായകന്‍ അമേരിക്കന്‍ പൌരത്വം സ്വീകരിക്കാന്‍ തയ്യാറാകാഞ്ഞത്. എന്നാല്‍, സ്നേഹസമ്പന്നനായ മേധാവി കമ്പനിയുടെ കൊച്ചിയില്‍ ആരംഭിക്കുന്ന ഓഫീസിലേക്ക് അയാള്‍ക്ക് സ്ഥലംമാറ്റം നല്‍കുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത്. നോവലിന്റെ അവതരണരീതിയും ആഖ്യാനശൈലിയും ആകര്‍ഷകമാണ്. നോവലിസ്റ്റിന്റെ സ്വാഗതാഖ്യാനം വളരെ കുറഞ്ഞിരിക്കുകയും കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ കഥാഗതിയെ നയിക്കുകയും ചെയ്യുന്ന രീതി സ്വാഗതാര്‍ഹമാണ്.

[email protected]



deshabhimani section

Related News

View More
0 comments
Sort by

Home