അചിന്ത്യമായ സ്നിഗ്ധത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2016, 04:45 PM | 0 min read

ഇരുപതാംനൂറ്റാണ്ടിലെ ലാറ്റിനമേരിക്കന്‍ കവികളില്‍ ഏറ്റവും പ്രസിദ്ധനാണ് ഹ്വാന്‍ ഹെല്‍മാന്‍ (Juan Gelman). 1930 ജനുവരി മൂന്നിന് അര്‍ജന്റീനയില്‍ ജനിച്ച ഹെല്‍മാന്‍ സമകാലികരായ കവികളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത്, കലയിലും ജീവിതത്തിലും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ പേരിലാണ്. ഇരുപതിലധികം വരുന്ന ഹെല്‍മാന്റെ കാവ്യസമാഹാരങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത നൂറിലധികം കവിതകളടങ്ങിയ പുസ്തകം കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചിരിക്കുന്നു. `UNTHINKABLE TENDERNESS' എന്ന് പേരുള്ള ഈ സമാഹാരത്തിന് അവതാരിക എഴുതിയത് എഡ്വാര്‍ദോ ഗലിയാനോ ആണ്. ഹെല്‍മാന്റെ കവിതകള്‍ സ്വന്തം രാജ്യത്തുപോലും കൊണ്ടാടപ്പെടാത്തതിന്റെ കാരണങ്ങള്‍ ഗലിയാനോ ചൂണ്ടിക്കാണിക്കുന്നു. 'സൌന്ദര്യത്തെ ഉപേക്ഷിച്ച് നീതിയെ സ്വയം വരിച്ചതാണ്' ഹെല്‍മാന്‍ ചെയ്ത കുറ്റം എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. "ഹെല്‍മാന്റെ വാക്കുകള്‍ ശുദ്ധമാണ്. പക്ഷേ, ഒരിക്കലും നിര്‍ദോഷമല്ല. സന്ദേഹങ്ങളില്‍ കുടിയിരിക്കുന്ന തീര്‍പ്പുകള്‍, തടവറയില്‍ ജീവിക്കുന്ന സ്വാതന്ത്യ്രങ്ങള്‍, മരണത്തിന്റെ യഥാര്‍ഥ കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന ജീവിതത്തിന്റെ ആഘോഷങ്ങള്‍''. ബ്യൂണേഴ്സ് ഐറിസ് എന്ന ജന്മനഗരത്തിലെ പൂങ്കോഴിയായാണ് ഗലിയാനോ ഹെല്‍മാനെ വിശേഷിപ്പിക്കുന്നത്.

എട്ടാംവയസ്സില്‍ വായിച്ച ദസ്തയെവ്സ്കിയുടെ നിന്ദിതരും പീഡിതരും എന്ന നോവല്‍ തന്റെ ജീവിതത്തെ പുനര്‍സൃഷ്ടിച്ചുവെന്ന് ഹെല്‍മാന്‍ പറയുന്നു. പത്രപ്രവര്‍ത്തകനായും വിവര്‍ത്തകനായും ആക്ടിവിസ്റ്റായും സംഭവബഹുലമായ ഒരു യൌവനകാലമായിരുന്നു അദ്ദേഹത്തിന്റേത്. അക്കാലത്ത് 'മൊണ്‍ടോനെ റോസ്' എന്ന രാഷ്ട്രീയസംഘടനയില്‍ അംഗമായിരുന്നു. ബോര്‍ഹസ്, കോര്‍ത്തസാര്‍, ഏണെസ്റ്റോ സബാറ്റോ, മാനുവല്‍ പൂയിഗ് എന്നിവര്‍ക്കൊപ്പം അര്‍ജന്റീനയില്‍ ലാറ്റിനമേരിക്കന്‍ 'ബൂം' സൃഷ്ടിച്ച എഴുത്തുകാരില്‍ ഒരാളാണ് ഹെല്‍മാന്‍. 1976ലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് രാജ്യഭ്രഷ്ടനായ ഹെല്‍മാന്‍ മെക്സിക്കോയില്‍ സ്ഥിരതാമസമാക്കി. 1976ല്‍ അര്‍ജന്റീനിയന്‍ ഏകാധിപത്യത്തിന്റെ ഭാഗമായി നടന്ന 'ഡര്‍ട്ടിവാര്‍' എന്നറിയപ്പെടുന്ന കൂട്ടക്കൊലയുടെ ഇരയായിരുന്നു ഹെല്‍മാന്‍. അദ്ദേഹത്തിന്റെ 20 വയസ്സായ മകനെയും പത്തൊമ്പതുകാരിയായ (ഗര്‍ഭിണിയായ) മരുമകളെയും വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി. അര്‍ജന്റീനയില്‍നിന്ന് ഔദ്യോഗികഭാഷയില്‍ 'അപ്രത്യക്ഷരായ' മുപ്പതിനായിരം യുവതീയുവാക്കളില്‍ രണ്ടുപേര്‍ മാത്രമായിരുന്നു അവര്‍. ഈ സംഭവം ഹെല്‍മാന്റെ ജീവിതത്തെയും കലയെയും മാറ്റിമറിച്ചു. വ്യക്തിപരമായ വേദനകളും രോഷവും ഒരു ജനതയുടെ മുഴുവന്‍ വൈകാരികമായ സത്യവാങ്മൂലങ്ങളാകുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്. ഏറ്റവും സ്വകാര്യമായിരിക്കുമ്പോഴും സാര്‍വലൌകികമാവുന്ന, ഏറ്റവും പേലവമായിരിക്കുമ്പോഴും ശക്തവും രോഷാകുലവുമാകുന്ന, ഏകാന്തതയെ ആന്തരികവല്‍ക്കരിച്ച് പ്രതിരോധസജ്ജമാക്കുന്ന, സവിശേഷമായ ഒരു കാവ്യപരിചരണം ഹെല്‍മാനില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് അതിനുശേഷമാണ്.

അര്‍ജന്റീനിയന്‍ ജനതയെ സംബന്ധിച്ച് ടാങ്കോ (tango) എന്ന കലാരൂപം കേവലം ഒരു നൃത്തരൂപമല്ല; അനുഷ്ഠാനമാണ്. ആ അനുഷ്ഠാനപരതയെ കവിതയുടെ ജൈവസ്വഭാവമാക്കിയ എഴുത്തുകാരനാണ് ഹെല്‍മാന്‍ എന്ന് വിവര്‍ത്തകനായ ജുവാന്‍ ലിന്‍ഡ്ഗ്രന്‍ സൂചിപ്പിക്കുന്നുണ്ട്.

1990ല്‍ മകന്റെ ഭൌതികാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഹെല്‍മാന് അവസരമുണ്ടായി. വെടിവച്ച് കൊന്നശേഷം സൈനിക ഭരണകൂടം അവന്റെ മൃതശരീരം പൂഴിയും സിമന്റും ചേര്‍ത്ത് ഒരു വീപ്പയില്‍ ഉപേക്ഷിക്കുകയായിരുന്നു. മകന്റെ ഭാര്യ വെടിയേറ്റ് കൊല്ലപ്പെടുംമുമ്പ് സൈനിക ആശുപത്രിയില്‍ പ്രസവിച്ചുവെന്നും ആ കുട്ടി ഉറുഗ്വേയിലെ ഒരു കുടുംബത്തില്‍ വളരുന്നുണ്ടെന്നും ഹെല്‍മാന്‍ കണ്ടെത്തി. മകന്റെ ഭാര്യയുടെ ശരീരം എവിടെ അടക്കം ചെയ്തുവെന്ന് ഇപ്പോഴും അജ്ഞാതമാണ്. അര്‍ജന്റീനയിലെ ദേശീയ കവിതാപുരസ്കാരം, സെര്‍വാന്റ്സ് പ്രൈസ്, നെരൂദ പുരസ്കാരം എന്നീ ബഹുമതികള്‍ ഹെല്‍മാനെ തേടിയെത്തി. 2014 ജനുവരി 14നാണ് ഹെല്‍മാന്‍ അന്തരിച്ചത്. മനുഷ്യാവകാശപ്രവര്‍ത്തകയായ കൊച്ചുമകള്‍ മാക്റീന ഉറുഗ്വേയില്‍നിന്ന് മെക്സിക്കോ നഗരത്തിലെത്തി ശവസംസ്കാരചടങ്ങുകളില്‍ പങ്കെടുത്തു.

'അചിന്ത്യമായ സ്നിഗ്ധത' എന്ന് ജൂലിയോ കോര്‍ത്ത സാര്‍ വിശേഷിപ്പിച്ച ഹെല്‍മാന്റെ കവിതകള്‍ ലോകമെമ്പാടുമുള്ള പ്രതിരോധപ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കപ്പെട്ട പാഠപുസ്തകമാണ്. മനുഷ്യസ്രഷ്ടമായ ആസുരതകള്‍ക്കെതിരെ മനുഷ്യപക്ഷത്തുനിന്നുകൊണ്ട് നടത്തപ്പെടുന്ന ഒരു തുയിലുണര്‍ത്ത്. ഓര്‍മകളുടെ കളരിയില്‍ അരങ്ങേറുന്ന വീണ്ടെടുപ്പിന്റെ ആയോധനകല.



deshabhimani section

Related News

View More
0 comments
Sort by

Home