കവിതയുടെ ചില്ലാട്ടങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2016, 10:05 AM | 0 min read

കവിയുടെ മനസ്സിന്റെ ദര്‍പ്പണമാണ് കവിത. അവിടെ തെളിയുന്ന വരകളും വര്‍ണങ്ങളും നിഴലും നിലാവും കവിതകളില്‍ പ്രതിബിംബിക്കും. സമകാലികസംഭവങ്ങള്‍ മനസ്സില്‍ കോറിയിടുന്ന അസ്വസ്ഥതകള്‍ കവിതകളില്‍ നീറിപ്പുകയും. പ്രകൃതിയോടും ജീവിതത്തോടുമുള്ള മനുഷ്യബന്ധങ്ങളുടെ വൈവിധ്യമാര്‍ന്ന അനുരണനങ്ങള്‍ സര്‍ഗസപര്യയില്‍ പ്രതിധ്വനിക്കും. പാരമ്പര്യവഴികളില്‍ കാലുറപ്പിച്ചുകൊണ്ട് വിധിവിലക്കുകളെ ചോദ്യംചെയ്യുന്ന ദ്രാവിഡത്തനിമയുടെ കവി ഏഴാച്ചേരി രാമചന്ദ്രന്റെ പുതിയ കവിതാസമാഹാരമാണ് 'ആകാശം മുട്ടുന്ന ചില്ലാട്ടങ്ങള്‍'. ഇതിലെ 48 കവിതകളും വൈവിധ്യമാര്‍ന്ന പ്രമേയങ്ങളാലും ബിംബസമൃദ്ധിയാലും വൃത്ത താള ഛന്ദോബദ്ധതയാലും തിളങ്ങിനില്‍ക്കുന്നു.

പ്രകൃതിയുമായി ഇഴചേര്‍ന്നിരിക്കുന്ന പ്രണയവും രതിയും ഏഴാച്ചേരിക്കവിതകളുടെ മുഖമുദ്രയാണ്. 'നമ്മളെ നമ്മള്‍ വിതാനിക്കുമിന്ദ്രിയച്ചിന്തുകള്‍ക്കില്ല പേരിന്നോളം' എന്ന് ശീര്‍ഷക കവിതയില്‍ കവി കുറിച്ചിടുന്നു. 'ചന്ദനം പൂക്കുന്ന ഞാറ്റുവേല', 'ധനുമാസധന്യത', 'നെറ്റിയില്‍ കൊത്തുന്ന കിളികള്‍', 'നൂറു നിറങ്ങളില്‍ പൂക്കും സെലീന' തുടങ്ങി മിക്ക കവിതകളിലും പ്രണയവര്‍ണങ്ങള്‍ കാണാം. മണ്ണില്‍ പണിയെടുക്കുന്ന അധ്വാനവര്‍ഗത്തിന്റെ പ്രതീകമാണ് ഏഴാച്ചേരിക്കവിതകളിലെ ശൈവഭാവം. 'നിഴലുകള്‍ക്കന്നം വിളമ്പാന്‍', 'ശിവനന്ദി', 'ധന്വന്തരിവിലാസം സ്വപ്നശാല' എന്നിവയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കവി ആഗ്രഹിക്കുന്നു. 'ഒരു പുഷ്പം മാത്രം' എന്ന കവിതയില്‍ നിറയുന്നത്  ആദിവാസി പെണ്‍കൊടികളുടെ ദുരന്തനോവുകളാണ്. സ്ത്രീപക്ഷരചനയുടെ കരുത്തുള്ള കവിതകളാണ് 'ചന്ദ്രവിളക്കിനു നൂല്‍ത്തിരിയാകാം', 'ഒരു നദിയുടെ പൂര്‍വശ്രമം', 'ധനുമാസധന്യത', 'മുള്ളിലേക്കടരുന്ന പൂക്കള്‍' തുടങ്ങിയവ. 'ചത്തടിഞ്ഞ പ്രതീക്ഷയ്ക്കുചുറ്റും രക്തയക്ഷികളാടിത്തിമിര്‍ക്കെ, വൃത്തഭംഗം വിധിച്ചുമേലാളര്‍ ചുട്ടുതിന്നുവോ നേരിളക്കത്തെ' എന്ന് വര്‍ത്തമാനകാല ആസുരതയെ നോക്കി കവി ചോദിക്കുന്നു.

മിത്തുകളും ഭ്രമാത്മകബിംബങ്ങളും വര്‍ത്തമാനകാല സാമൂഹ്യാവസ്ഥയോട് ചേര്‍ത്തുനിര്‍ത്തി കവിത രചിക്കാനുള്ള ഏഴാച്ചേരിയുടെ കഴിവ് അന്യാദൃശമാണ്. 'കമ്മാരന്‍' എന്ന കവിതയില്‍ ഇതള്‍വിരിയുന്നത് ഈ ഭ്രമാത്മകഭാവമാണ്. നിന്റെ ഉള്ളിലുള്ള ശത്രു നീതന്നെയാണെന്ന തിരിച്ചറിവാണ് ഈ കവിത. 'ദയനീയ ദൈവം', 'ഉര്‍വരച്ചിരിയമ്പുകള്‍', 'വാവുകാണാക്കാവുകള്‍' എന്നിവയും ഇതിനോട് ചേര്‍ത്തുവയ്ക്കാവുന്നതാണ്. കുടിയേറ്റഭൂമിയിലെ ജീവിതദുരിതങ്ങളുടെ കഥയാണ് 'അന്നയുടെ സുവിശേഷം' പറയുന്നത്. ശ്രീലങ്കയിലെ തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള 'മകനേ നിനക്കുവേണ്ടി', ഗുരുദേവനെക്കുറിച്ചുള്ള 'നിന്ദിതരുടെ നിലാവ്', വിഷ്ണുനാരായണന്‍ നമ്പൂതിരിയെക്കുറിച്ചുള്ള 'വിഷ്ണുവിജയം', ചെറുകാട്, വയലാര്‍ എന്നിവരെ സ്മരിക്കുന്ന 'ഒക്ടോബര്‍', 'തകഴി' എന്നിവയെല്ലാം ഉല്‍ക്കൃഷ്ട രചനകളാണ്.

വിരുദ്ധോക്തികള്‍ നിറയുന്ന ഉപഹാസകവിതകള്‍ ഈ സമാഹാരത്തിലും ധാരാളമുണ്ട്. 'കാടു സമ്മാനിച്ച കാരുണ്യമേ വനവേടനെത്തന്നതും നീയേ...' എന്നു പറയുന്ന 'കൂരമ്പിലേക്കുള്ള ദൂരം', 'ഊര്‍ജഭാരതി', 'അന്നദാനേശ്വരി', 'കവിയുടെ മരണം', 'ഏകലോകാദര്‍ശം' തുടങ്ങിയ കവിതകള്‍ ഉപഹാസത്തില്‍ ചാലിച്ചവയാണ്. 'പിന്തിരിഞ്ഞിനിപ്പോകാനാകാഞ്ഞിതൊരു ജന്മം, പന്താടിത്തുലച്ചതിന്‍ പന്തികേടിപ്പോള്‍ ബോധ്യം...' എന്നു 'കവിയുടെ മരണം' എന്ന കവിതയില്‍ കവി വിലപിക്കുകയും ചെയ്യുന്നു. 'കാട്ടിലേക്കു തിരിച്ചുപോയാലോ', 'വാവുകാണാക്കാവുകള്‍' എന്നിവ മികച്ച പരിസ്ഥിതിക്കവിതകളാണ്. 'നേരിനെച്ചാരി നില്‍ക്കയാല്‍ നിത്യം നീ പരാജിതന്‍' എന്ന നേരറിവും കവി കാട്ടിത്തരുന്നു.  'കെടുകാര്യസ്ഥതയാര്‍ന്ന കറുപ്പുകള്‍, വെച്ചൊഴിയുന്നതുവരെയും നമ്മുടെ, തിരുശേഷിപ്പുകള്‍ രാകി മിനുക്കി, ചന്ദ്രവിളക്കിനു നൂല്‍ത്തിരിയാകാം' എന്ന പ്രത്യാശയും കവി പങ്കുവയ്ക്കുന്നു.

ബിനോയ് വിശ്വം എഴുതിയ അവതാരികയും നേമം പുഷ്പരാജിന്റെ കവര്‍ ഡിസൈനും ഈശ്വരന്‍ നമ്പൂതിരിയുടെ ചിത്രങ്ങളും ഈ സമാഹാരത്തെ ആകര്‍ഷകമാക്കുന്നു.

ാമ്ശിാീീറൌമെശെ@ഴാമശഹ.രീാ



deshabhimani section

Related News

View More
0 comments
Sort by

Home