ഏഴാച്ചേരിയുടെ പടപ്പാട്ടുകള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 24, 2016, 07:08 AM | 0 min read

പാട്ടുകളുടെ സമ്പന്നമായ ഒരു ചരിത്രവും പാരമ്പര്യവും നമുക്കുണ്ട്. സ്വാതിതിരുനാളും ഇരയിമ്മന്‍തമ്പിയും മറ്റും ചെയ്തുവച്ച സാഹിത്യമയമായ, സംഗീതലയമുള്ള ആഢ്യവും ആഭിജാത്യവുമായ ഒരു ഗാനസാഹിത്യശാഖ ഇവിടെയുണ്ട്. കെട്ടിയുണ്ടാക്കിയത് പലപ്പോഴും ആരെന്നറിയാത്ത, താളവും ഈണവും ചേര്‍ന്ന നാടോടിപ്പാട്ടുകളുടെ വലിയ ശേഖരമുണ്ട്. ചെറുശ്ശേരിയും തുഞ്ചനും കുഞ്ചനും മോയന്‍കുട്ടി വൈദ്യരുമെല്ലാം സൃഷ്ടിച്ചുവച്ച പാട്ടുകവിതാപ്രസ്ഥാനം വേറെയുണ്ട്. പാട്ടുകളുടെയും പാട്ടുകവിതകളുടെയും ഈ പൈതൃകത്തിലെ വ്യത്യസ്തധാരകളെ സ്വന്തമായ രീതിയില്‍ സമന്വയിപ്പിച്ച് സ്വയം സൃഷ്ടിച്ചെടുത്ത സവിശേഷമായ ഒരു കാവ്യരചനാപദ്ധതി ചങ്ങമ്പുഴയും, പി ഭാസ്കരനെയും വയലാറിനെയും ഒ എന്‍ വിയെയുംപോലുള്ള അദ്ദേഹത്തിന്റെ വിഖ്യാതരായ പിന്മുറക്കാരും ചേര്‍ന്ന് പിന്നീട് വികസിപ്പിച്ചെടുക്കുകയുണ്ടായി. ഇതിനോടെല്ലാം ഏതൊക്കെയോ രീതിയില്‍ ഏഴാച്ചേരിയുടെ സര്‍ഗജീവിതം ചര്‍ച്ചയും വേഴ്ചയും പുലര്‍ത്തുന്നുണ്ട്. ഒരുകൈകൊണ്ട് കവിതയെഴുതുമ്പോള്‍ത്തന്നെ അദ്ദേഹം മറുകൈകൊണ്ട് പാട്ടുകളും എഴുതാറുണ്ട്. ആ കവിതകള്‍ക്ക് ഗാനാത്മകതയും പാട്ടുകള്‍ക്ക് കാവ്യാത്മകതയും സഹജമായ സിദ്ധികളാകുന്നു.

'കലഹകലയ്ക്കൊരു കല്ലുവള', ഒരു സമരഗാന സമാഹാരമാണ്. കിളിപ്പാട്ടിലും തുള്ളല്‍പ്പാട്ടിലുമെല്ലാം യുദ്ധങ്ങളും വീരകൃത്യങ്ങളും ധീരസാഹസങ്ങളും വര്‍ണിക്കുന്ന പതിവുണ്ട്. നാടോടിപ്പാട്ടുകളില്‍ വീരാപദാനഗാനങ്ങളുടെ ഒരു പ്രത്യേക ശാഖതന്നെയുണ്ട്. 'വടക്കന്‍പാട്ടുകള്‍, ബദര്‍' യുദ്ധകഥയും മറ്റും വിവരിക്കുന്ന മാപ്പിളപ്പാട്ടുകള്‍– ഇവയെല്ലാം ആ വിഭാഗത്തില്‍പ്പെടുന്നവയാണ്. പാലാട്ട് കോമന്റെ പോര്‍വീര്യം വാഴ്ത്തുന്ന പാട്ടുപാടി പാതിരായ്ക്ക് പുഞ്ചയ്ക്ക് തേവുന്ന തൊഴിലാളിദമ്പതികളെ ചൂണ്ടിക്കാട്ടി, 'ഈ രണ്ടുപോരാളികളെ പാടിപ്പുകഴ്ത്താന്‍ ആരുണ്ട്'' എന്ന് വൈലോപ്പിള്ളി ഒരു കവിതയില്‍ ചോദിക്കുന്നുണ്ട്. കവിയുടെ ആ ചോദ്യത്തോടുള്ള സര്‍ഗാത്മകമായ പ്രതികരണമാണ് ഏഴാച്ചേരിയുടെ ഈ സമരഗാനസമാഹാരമെന്ന് ഞാന്‍ കരുതുന്നു. ആരും ഇതുവരെ പാടിപ്പുകഴ്ത്താത്ത ജ്ഞാതരും അതിലുപരി അജ്ഞാതരുമായ പോരാളികളുടെ 'തോറ്റംപാട്ടു'കളാണ് ഈ കവി ആലപിക്കുന്നത്. അതുകൊണ്ട് 'കലഹകലയ്ക്കൊരു കല്ലുവള' നമ്മുടെ വീരാപദാനശാഖയുടെ തുടര്‍ച്ചയായിരിക്കുമ്പോള്‍ത്തന്നെ ആ പാരമ്പര്യത്തില്‍നിന്നുള്ള മൌലികമായൊരു വിടര്‍ച്ചയാണെന്നും പറയേണ്ടിവരും.

മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയ വിശ്വവിപ്ളവകാരികളെപ്പറ്റിയും കേരള കമ്യൂണിസത്തിന്റെ ഇതിഹാസനായകരായ കൃഷ്ണപിള്ളയെയും ഇ എം എസിനെയും എ കെ ജിയെയും പറ്റിയും വയലാറിന്റെയും കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും രണസ്മരണകളെ അധികരിച്ചും അഴീക്കോടനെയും കുഞ്ഞാലിയെയുംപോലുള്ള രക്തസാക്ഷികളെ ഓര്‍മിച്ചുകൊണ്ടും ഏഴാച്ചേരി പാടുന്നു. നമ്മുടെ ജനത ചരിത്രത്തിലും കാലത്തിലും ഹൃദയരക്തംകൊണ്ട് അടയാളപ്പെടുത്തിയ സമരങ്ങള്‍, സംഭവങ്ങള്‍, സ്ഥലങ്ങള്‍, വ്യക്തികള്‍– ഇവയെല്ലാം ഈ പാട്ടിലൂടെ കടന്നുപോകുമ്പോള്‍ മനസ്സില്‍ കടലിരമ്പം സൃഷ്ടിച്ചുകൊണ്ട് കടന്നുവരുന്നു. രക്തസ്നിഗ്ധസ്മൃതികളുടെ ശപ്തവും തപ്തവുമായ അനുഭവങ്ങളുടെ, മുഗ്ധമോഹനസ്വപ്നങ്ങളുടെ പലതരം കലര്‍പ്പുകള്‍ കാച്ചി വാര്‍ത്ത് ഈ പാട്ടുകള്‍ തീര്‍ത്തിരിക്കുന്നു.

പുലരിയും സന്ധ്യയും നിലാവും സൂര്യനും നക്ഷത്രങ്ങളും കാറ്റും കടലും മലകളും പുഴകളും ഈ പാട്ടുകളില്‍ സ്വച്ഛന്ദം ഉദിക്കുകയും അസ്തമിക്കുകയും തെളിയുകയും മായുകയും വീശുകയും ഒഴുകുകയും ചെയ്യുന്നതുകൊണ്ട് ഈ സമരഗാനങ്ങളുടെ ഭാഷയ്ക്ക് സാര്‍വജനീനതയുടെ മാനം കൈവരുന്നുണ്ട്. 'ഇടിവാളും' 'പെരുമ്പറ'യും 'ബലിത്തറ'യും 'പടയണി'യും 'രണപുളക'ങ്ങളും എല്ലാ പാട്ടുകളിലും ആവര്‍ത്തിച്ചുവരുന്നു. 'ചോരപ്പൂക്കളും' 'കനല്‍പ്പൂക്കളും' 'ശോണപുഷ്പ'ങ്ങളും 'കുങ്കുമ'പ്പൂക്കളും കോര്‍ത്തുകെട്ടിയ ഒരു 'രക്തഹാര'മെന്ന് ഈ ഗാനസമാഹാരത്തെ വിശേഷിപ്പിക്കാം. 'നിടില നേത്രം തുറക്കും രൌദ്രരൂപിയാം ഭഗവാന്റെ തൃക്കൈത്തുടി''പോലെ, 'ഈ മലനാടിന്റെ നാലുകെട്ടില്‍വന്ന് കാലം കൊളുത്തിയ സ്വര്‍ണവിളക്ക്''പോലെ, അപൂര്‍വം ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ പാട്ടുകളുടെ ഭാഷയും രൂപകാവലികളും താളവും ഈണവും എല്ലാം സാധാരണജനങ്ങളും സംസ്കാരത്തോടും ജീവിതത്തോടും ചേര്‍ന്നുനില്‍ക്കുന്നവയാണ്. ഗാനരചനയുടെ സവിശേഷമായ സമ്മര്‍ദങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ചരിത്രസംഭവങ്ങളെയും സന്ദര്‍ഭങ്ങളെയുമെല്ലാം ചിത്രീകരിക്കാന്‍, കവിതകള്‍ എഴുതി താന്‍ നേടിയ കൈത്തഴക്കം, ഏഴാച്ചേരിക്ക് നന്നായി പ്രയോജനപ്പെട്ടിരിക്കുന്നു. '57 ഏപ്രില്‍ അഞ്ചിന് ലോകത്താദ്യമായി ഈ കേരളത്തില്‍ ജനങ്ങള്‍ വോട്ടുചെയ്ത് ഒരു കമ്യൂണിസ്റ്റിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ 'ചിറവരമ്പില്‍ പൂത്ത കുപ്പമാടത്തിലെ ചിരുതയുടെ സ്വപ്നം ചിരിച്ചൂ'' എന്നെഴുതുമ്പോഴും, അരുംകൊല ചെയ്യപ്പെട്ട അഴീക്കോടനെപ്പറ്റി

'അഗ്നിതിലകമേ നീ മാഞ്ഞുപോയ്
നിലാവസ്തമിയ്ക്കുന്നു ഹൃദയതലങ്ങളില്‍'' എന്ന് ആ സംഘര്‍ഷനിര്‍ഭരമായ സന്ദര്‍ഭത്തിന്റെ വികാരഭാരം മുഴുവന്‍ സംഗ്രഹിക്കുമ്പോഴും കൃതഹസ്തനായ ഒരു കവിയെ നാം കണ്ടുമുട്ടുന്നു. 'മുകിലുകള്‍ ചോരത്തുകിലുകള്‍ തീര്‍ത്തും മുനയന്‍കുന്നിന്‍ താഴ്വര''യാകട്ടെ ഈ കവിയുടെ വിരലടയാളം പതിഞ്ഞ 'തിരിച്ചറിയല്‍കാര്‍ഡു'പോലെ വേറിട്ടുനില്‍ക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home