ഓർമകളുടെ സമാഹാരമായി ‘പെരുമഴയിൽ ഒരു പാരിജാതപ്പൂവ് ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2022, 01:08 AM | 0 min read

മലപ്പുറം> വാർധക്യത്തിന്റെ  അസ്വസ്ഥതകളും നൊമ്പരങ്ങളും സമ്മാനിച്ച ഇടവേളകളിൽ തന്റെ ബാല്യവും കൗമാരവും സൗദാമിനിയമ്മ ഓർത്തെടുത്ത്‌ പകർത്തിയെഴുതി. വിരസമായ നിമിഷങ്ങളിലെ വിനോദമായിരുന്നു അത്‌. ഒടുവിൽ കുറിപ്പുകളെല്ലാം ചേർത്തുവച്ച്‌ തന്റെ  80ാം വയസ്സിൽ ആദ്യപുസ്‌തകം പുറത്തിറക്കി. വള്ളിക്കാപ്പറ്റ മുണ്ടത്തോട്ട്‌ സൗദാമിനി രാമചന്ദ്രൻ (81)ആണ്‌ ഓർമക്കുറിപ്പുകൾ ചേർത്ത്‌ ‘പെരുമഴയിൽ ഒരു പാരിജാതപ്പൂവ് ’  പുസ്‌തകം യാഥാർഥ്യമാക്കിയത്‌. 
 
‘ഒരു പുസ്‌തകം പ്രസിദ്ധീകരിക്കണം എന്ന്‌ കരുതിയല്ല എഴുതിവച്ചത്‌. ചില നിമിഷങ്ങളെ മറികടക്കാൻ ഓർമകൾ കുത്തിക്കുറിച്ചു. പിന്നീട്‌ അതൊരു ശീലമായി. ഒരു എട്ടുവർഷത്തെ കുറിപ്പുകളുണ്ടാവും. മകൾ മീരയാണ്‌ പുസ്‌തകം എന്ന സ്വപ്‌നത്തിലേക്ക്‌ കൈപിടിച്ചത്‌. ഒറ്റപ്പെട്ട നിമിഷങ്ങൾ, ചേർത്തുപിടിച്ചവർ, കുട്ടിക്കാലം, കൗമാരം തുടങ്ങി ജീവിതത്തിലെ പ്രധാന നിമിഷങ്ങളുടെ 13 ഓർമക്കുറിപ്പുകൾ ചേർന്നതാണ്‌ പുസ്‌തകം. അമ്മയിൽനിന്ന്‌ തുടങ്ങി അമ്മയിൽതന്നെ അവസാനിക്കുന്നതാണ്‌ അധ്യായങ്ങൾ’–- സൗദാമിനിയമ്മ പറഞ്ഞു. പഴയ ഇഎസ്‌എസ്‌എൽസിയാണ്‌ സൗദാമിനിയമ്മയുടെ വിദ്യാഭ്യാസം. മകൾ മീര പുഷ്‌പരാജ്‌ കവയത്രിയാണ്‌. 
 
"പെരുമഴയിൽ ഒരു പാരിജാതപ്പൂവ് ’ പേരക്ക ബുക്‌സ് ആണ്‌ പുറത്തിറക്കിയത്‌. പൂങ്കുടിൽ മനയിൽ മലയാള വരമൊഴി മാസിക സംഘടിപ്പിച്ച ചടങ്ങിൽ മുൻ  എംഎൽഎ കെ എൻ എ ഖാദറാണ്‌ പുസ്‌തകം പ്രകാശിപ്പിച്ചത്‌.


deshabhimani section

Related News

View More
0 comments
Sort by

Home