ഫോണിൽ നിന്ന് സ്പോർട്സ് കാറിലേക്ക്; ഞെട്ടിച്ച് ഷവോമി

ഷവോമിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവി YU7 ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ 200,000 പ്രീ-ഓർഡറുകൾ നേടി. മൊബൈൽ ഫോണുകളും ഇലക്ട്രോണിക് അനുബന്ധ ഉപകരണങ്ങളുമായി ലോക വിപണിയിൽ തരംഗം തീർത്ത കമ്പനിയുടെ എസ് യു വി നിരയിലേക്കുള്ള പുതു ചുവടാണ് വൈയു7 സ്പോട്സ്.
മുൻനിര മോഡലിന് 329,900 യുവാൻ ഏകദേശം 39,46,943 രൂപ വിലവരുന്ന തരംഗമാണ്. ഒറ്റ ചാർജിൽ 760 കിലോമീറ്റർ സഞ്ചരിക്കാനും 3.23 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയുമെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്.
ടെസ്‌ലയുടെ മോഡൽ വൈയുമായാണ് മത്സരം. ചൈനയിൽ ശക്തമായ പ്രാരംഭ ഓർഡറുകൾ ലഭിച്ചതിനെത്തുടർന്ന് ഷവോമി കോർപ്പിന്റെ ഓഹരികൾ 8% ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തി.
18 മണിക്കൂറിനുള്ളിൽ തന്നെ റീഫണ്ട് ചെയ്യാത്ത ലോക്ക്-ഇൻ പേയ്‌മെന്റുകൾ ഉപയോഗിച്ചുള്ള ബുക്കിങ്ങുകൾ 240,000 ആയി ഇരട്ടിയായി എന്ന് ഷവോമി പിന്നീട് സ്ഥിരീകരിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ വണ്ടി ലഭിക്കാൻ ഒരുവർഷം വരെ കാത്തിരിക്കേണ്ടി വരും. കമ്പനിയുടെ പ്ലാന്റുകൾ ഇത്രയും ഉത്പാദന വേഗതയിലേക്ക് എത്തിയിട്ടില്ല എന്നാണ് വാർത്തകൾ. 2021 ലാണ് ഒരു ദശാബ്ദത്തിനുള്ളിൽ ഇലക്ട്രിക് വാഹന മേഖലയിൽ ശക്തിയാവുക എന്ന ലക്ഷ്യത്തോടെ ഷവോമി 10 ബില്യൺ യുഎസ് ഡോളർ നിക്ഷേപം പ്രഖ്യാപിച്ചത്.
വൈയു സെവൻ 9 നിറങ്ങളിൽ ലഭ്യമാണ്. ഫാസ്റ്റ് ചാർജിംഗിനായി 800 വോൾട്ട് പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നു. വലിയ ടച്ച് സ്‌ക്രീനുകൾ, മസാജ് കസേരകൾ മുതൽ ഡ്രോയറുകൾ വരെ സൗകര്യങ്ങൾ പലതും പുതുമയാർന്നതാണ്. ഷവോമി ആദ്യം പുറത്തിറക്കിയ സെഡാൻ വിപണിയിൽ അത്ര വേഗം നേടിയിരുന്നില്ല. ചൈനയിലെ ആഭ്യന്തര വിപണിയിൽ ഇപ്പോൾ തന്നെ വൈയു 7 നെ വെല്ലുന്ന ഫീച്ചർ കാറുകൾ ഹിറ്റായിട്ടുണ്ട്. ഇവയെ എല്ലാം വെല്ലുന്നത് എന്തായിരിക്കും അധികമായി ഉണ്ടാവുക എന്നതും വാഹന വിപണിയിൽ ചർച്ചയാണ്.
0 comments