പുതു വർഷം 'ഇവി' വർഷം

E VITARA

E VITARA

വെബ് ഡെസ്ക്

Published on Dec 31, 2024, 11:34 AM | 2 min read

ഇന്ത്യൻ നിരത്തുകളെ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) കീഴടക്കുന്ന കാലമാണിത്. രാജ്യത്തിനകത്തും പുറത്തുമുള്ള വാഹന നിർമാതാക്കൾ പുതിയ മോഡലുകളും പഴയ മോഡലുകളുടെ ഇലക്ട്രിക് വകഭേദങ്ങളും പുറത്തിറക്കി പുതിയൊരു തരം​ഗംതന്നെയാണ് സൃഷ്ടിക്കുന്നത്. കുതിച്ചുയർന്ന ഇന്ധനവിലയാണ് സാധാരണക്കാർക്കുപോലും ഇലക്ട്രിക് വാഹനങ്ങളിൽ താൽപ്പര്യമുണർത്തുന്ന പ്രധാന കാര്യം. ഒറ്റത്തവണ ചാർജ് ചെയ്താൽ 300–-600 കിലോമീറ്റർ യാത്രചെയ്യാവുന്ന ഇലക്ട്രിക് കാറുകളാണ് നിരത്തിലെത്തുന്നത്. മെഴ്‌സിഡസ് ബെൻസ് ഇക്യുഎസ് പോലെ 850 കിലോമീറ്ററിലധികം ഡ്രൈവിങ് റേഞ്ച് വാ​ഗ്ദാനം ചെയ്യുന്ന അത്യാഡംബര മോഡലുകളുമുണ്ട്. 2025ൽ വമ്പൻ ബ്രാൻഡുകൾ എല്ലാംതന്നെ പുതിയ ഇലക്ട്രിക് കാറുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


കളം പിടിക്കാൻ ഇ വിറ്റാര


മാരുതി 800 അവതരിപ്പിച്ച് ഇന്ത്യൻ ഇടത്തരം കുടുംബങ്ങളുടെ ഹൃദയം കവർന്ന ഒസാമു സുസുകിയുടെ മകൻ തൊഷിഹിരോ സുസുകി ഇന്ത്യയിൽ ഇവി കാർ വിപ്ലവത്തിന് ഒരുങ്ങുകയാണ്. പുതുവർഷത്തിൽ ആദ്യമാസംതന്നെ "ഇ വിറ്റാര'യുമായി മാരുതി സുസുകി കളത്തിലിറങ്ങും. 22 ലക്ഷം രൂപയാണ് ഈ എസ്-യുവിക്ക്‌ വില പ്രതീക്ഷിക്കുന്നത്. ഇൻഫോടെയ്ൻമെന്റിനും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്ക്കുമായി ഡ്യുവൽ സ്‌ക്രീൻ, സുരക്ഷയ്ക്കായി ആറ് എയർ ബാ​ഗ്, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, 360 ഡി​ഗ്രി കാമറ, ഓട്ടോമാറ്റിക് എസി, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ സൗകര്യങ്ങളോടെയാകും ഈ വാഹനമെത്തുക. 550 കിലോമീറ്ററോളമാണ് ഡ്രൈവിങ് റേഞ്ച് പ്രതീക്ഷിക്കുന്നത്.


500 കെഎം റേഞ്ചിൽ ടാറ്റ, കിയ


ഹാരിയർ, സഫാരി, സിയറ ഇവികളുമായി ടാറ്റയും പുതുവർഷത്തിൽ അങ്കത്തിനിറങ്ങുന്നുണ്ട്. വില യഥാക്രമം 30, 32, 25 ലക്ഷം രൂപയും 500 കിലോമീറ്റർ ഡ്രൈവിങ് റേഞ്ചുമാണ് പ്രതീക്ഷിക്കുന്നത്. കിയ കാരൻസ് ഇവി ഏപ്രിലിൽ ഇന്ത്യൻ നിരത്തിലെത്തുമെന്നാണ് സൂചന. 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റേഷൻ ഡിജിറ്റൽ ഡിസ്-പ്ലേ, വയർലെസ് ഫോൺ ചാർജർ, സൺറൂഫ് തുടങ്ങിയവയോടെ 500 കിലോമീറ്റർ റേ‍ഞ്ചിലാണ് ഈ എംപിവിയും പ്രതീക്ഷിക്കുന്നത്.


രണ്ടാംപകുതിയിൽ എംജിയും ബെൻസും


ഏകദേശം 350 കിലോമീറ്റർ റേഞ്ചോടെ 12 ലക്ഷം രൂപയ്ക്ക് ഏപ്രിലിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഹുണ്ടായ് വെന്യു, ക്രെറ്റ, ടൊയോട്ട അർബൻ ക്രൂസർ ഇവി, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ എക്സ്ഇവി 7ഇ, എക്സ്-യുവി 4 എക്സ്ഒ എന്നിവയാണ് അടുത്തവർഷത്തിന്റെ ആദ്യപകുതിയിൽ ഇന്ത്യൻ നിരത്തിൽ താരമാകാൻ ഒരുങ്ങുന്ന മറ്റു ചില ഇലക്ട്രിക് വാഹനങ്ങൾ. രണ്ടാംപകുതിയിൽ എംജിയും സ്കോഡയും ഫോക്സ്-വാഗണും മെഴ്‌സിഡസ് ബെൻസും ഈ നിരയിലേക്ക് എത്തുമെന്നാണ് സൂചന.



deshabhimani section

Related News

View More
0 comments
Sort by

Home