28 September Monday

ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഡോ. ബി ഇക്‌ബാൽUpdated: Friday May 22, 2020

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ആഗോള രാഷ്ട്രീയമാനങ്ങളുള്ള ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയുണ്ടായി.  മുഖ്യമന്ത്രി പറഞ്ഞു “കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ വികസിപ്പിച്ചെടുക്കാൻ കുത്തക കമ്പനികൾ ശ്രമിച്ചുവരികയാണ്. ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾ പേറ്റന്റ് ചെയ്ത് സാധാരണക്കാർക്ക് താങ്ങാനാകാത്ത വൻ വിലയ്ക്കായിരിക്കും മാർക്കറ്റ് ചെയ്യുക. ഇതിന്‌ ബദലായി പരസ്പര സഹകരണത്തിന്റെയും പങ്കു വയ്‌ക്കലിന്റെയും  അടിസ്ഥാനത്തിൽ ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം ശക്തിപ്പെട്ടുവരുന്നുണ്ട്. ഈ പ്രസ്ഥാനത്തോട് കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അതോടൊപ്പം കോവിഡിനെതിരെയുള്ള അതിജീവനത്തിനായി  മുതലാളിത്തേതര  ബദലുകൾ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ആഗോള പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തിപകരുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം  സാർവദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞിരിക്കുകയാണ്.

പേറ്റന്റ് വ്യവസ്ഥ
ഔഷധ ഗവേഷണമേഖലയിൽ ബഹുരാഷ്ട്ര മരുന്ന്‌ കമ്പനികൾക്കാണ് മേധാവിത്വം.  ഇവർ വികസിപ്പിച്ചെടുക്കുന്ന മരുന്നുകളും വാക്സിനുകളും മറ്റും പേറ്റന്റ് വ്യവസ്ഥയ്‌ക്ക് വിധേയമായിരിക്കും. പേറ്റന്റ് കാലാവധിയായ 20 വർഷത്തേക്ക്  വിപണനാധികാരം കുത്തക കമ്പനികൾക്കായിരിക്കും. മരുന്നുകൾക്ക് തന്നിഷ്ടപ്രകാരം വിലനിശ്ചയിക്കാനും ഇഷ്ടമുള്ള രാജ്യങ്ങളിൽ മാർക്കറ്റ് ചെയ്യാനും കമ്പനികൾക്കവകാശം ലഭിക്കും.  ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമപ്രകാരം മറ്റൊരു ഉൽപ്പാദന രീതിയിലൂടെ പേറ്റന്റ് മരുന്നുകൾക്ക് പകരമായി  കുറഞ്ഞ വിലയ്‌ക്കുള്ള ജനറിക് മരുന്നുകൾ നിർമിക്കാൻ നമുക്ക് കഴിയുമായിരുന്നു. എന്നാൽ, 2005ൽ പേറ്റന്റ് നിയമം ട്രിപ്സ് വ്യവസ്ഥയനുസരിച്ച് മാറ്റിയതോടെ ഉൽപ്പന്ന പേറ്റന്റ് വ്യവസ്ഥ നിലവിൽ വന്നു. ഇതോടെ കുറഞ്ഞവിലയ്‌ക്കുള്ള ജനറിക് മരുന്നുകൾ ഉൽപ്പാദിപ്പിക്കാനുള്ള അവകാശം ഇല്ലാതായി. അതോടെ ലോകമെമ്പാടും ഔഷധവില കുതിച്ചുയർന്നുവരികയാണ്. 


 

മരുന്നുകൾ മാത്രമല്ല, മെഡിക്കൽ ഉപകരണങ്ങളും ജൈവസാങ്കേതിക വിദ്യയുമെല്ലാം പേറ്റന്റ് ചെയ്യപ്പെടുന്നതുമൂലം ഇവയുടെ പ്രയോജനം പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിലെ സാധാരണക്കാർക്ക് ലഭ്യമല്ലാതാകുന്നു. കോവിഡ് രോഗനിർണയത്തിനും മറ്റ് നിരവധി ഗവേഷണങ്ങൾക്കും പ്രയോജനപ്പെടുത്തുന്ന പിസിആർ സാങ്കേതികവിദ്യ അമേരിക്കൻ ശാസ്ത്രജ്ഞൻ നൊബേൽ ജേതാവ് കാരി മുള്ളീസും സഹപ്രവർത്തകരും ചേർന്നാണ് വികസിപ്പിച്ചെടുത്തതെങ്കിലും ഗവേഷണത്തിന് സാമ്പത്തികസഹായം ചെയ്തതിന്റെ പേരിൽ സീറ്റസ് കോർപറേഷൻ എന്ന ബഹുരാഷ്ട്ര കമ്പനിയാണ് അതിന്റെ പേറ്റന്റ് എടുത്തത്. ഇപ്പോൾ പേറ്റന്റ് കാലാവധി കഴിഞ്ഞതുകൊണ്ടുമാത്രമാണ് മറ്റ് നിരവധി കമ്പനികൾക്ക് പിസിആർ ഉപകരണം നിർമിക്കാൻ കഴിയുന്നതും കുറഞ്ഞ വിലയ്‌ക്ക് മാർക്കറ്റ് ചെയ്യാൻ കഴിയുന്നതും.  രോഗാണുക്കളുടെ ജനിതകഘടന കണ്ടെത്തി പല കമ്പനികളും പേറ്റന്റ്  ചെയ്യുന്നുണ്ട്.  രോഗാണുക്കൾക്കെതിരെ ആന്റിബയോട്ടിക് കണ്ടെത്താൻ ജനിതകഘടനയെ സംബന്ധിച്ച വിവരങ്ങൾ ആവശ്യമാണ്. വൻ തുക റോയൽറ്റിയായി നൽകിയാൽ മാത്രമേ പേറ്റന്റെടുത്ത കമ്പനികൾ ജനിതക ഘടനാ വിവരങ്ങൾ നൽകുകയുള്ളൂ. ഇതിന്റെ ഫലമായി ആന്റിബയോട്ടിക്കുകളുടെ വില വർധിക്കുന്നു. 

ഈ സാഹചര്യത്തിലാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ തത്വശാസ്ത്രത്തിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആരോഗ്യ ഗവേഷണമേഖലയിൽ പുതിയ ജനകീയ ഗവേഷണസംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളത്. സ്വകാര്യ പകർപ്പവകാശനിയമത്തിന്‌ പകരമായി ജനറൽ പബ്ലിക് ലൈസൻസ് എന്ന പേരിൽ  മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ കംപ്യൂട്ടർ വിദഗ്ധനായിരുന്ന റിച്ചാർഡ് മാത്യു സ്റ്റോൾമാനാണ് പുതിയ ജനകീയ പകർപ്പവകാശനിയമം കരുപ്പിടിപ്പിച്ചത്. സ്വകാര്യ സോഫ്റ്റ്‌വെയറുകൾ മറ്റുള്ളവരുമായി പങ്കിടാൻ ഉപയോക്താവിന് അവകാശമില്ല. സോഫ്റ്റ്‌വെയറിന്റെ നിർമാണരേഖ (സോഴ്‌സ്‌ കോഡ്‌) നൽകാത്തതുമൂലം സോഫ്റ്റ്‌വെയറിൽ മാറ്റംവരുത്താനും കഴിയില്ല. എന്നാൽ, ജനറൽ പബ്ലിക് ലൈസൻസ് അംഗീകരിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ നിർമാണരേഖ ഉപയോക്താവിന് ലഭ്യമാക്കുന്നുവെന്ന് മാത്രമല്ല സോഫ്റ്റ്‌വെയർ പകർത്താനും  മറ്റുള്ളവരുമായി പങ്കുവയ്‌ക്കാനും അവകാശം ലഭിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം, സഹകരണം, പങ്കിടീൽ  എന്നീ അടിസ്ഥാന പ്രമാണങ്ങളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ തത്വശാസ്ത്രം മുന്നോട്ടുവയ്‌ക്കുന്നത്.

സ്വതന്ത്ര സോഫ്റ്റ്‌വെയർ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിയമവകുപ്പ് മേധാവി ലോറൻസ് ലെസിഗ് ക്രിയേറ്റീവ് കോമൺസ് എന്നപേരിൽ പുതിയ പകർപ്പവകാശ നിയമങ്ങൾ ആവിഷ്കരിച്ചു. സർഗാത്മക കൃതികളും ശാസ്ത്രവിവരങ്ങളും സ്രഷ്ടാവിന്റെ പങ്ക് അംഗീകരിച്ചുകൊണ്ടും സ്രഷ്ടാവാരാണെന്ന്  വെളിപ്പെടുത്തിക്കൊണ്ടും  താൽപ്പര്യമുള്ള ആർക്കും ലാഭേച്ഛകൂടാതെ പ്രചരിപ്പിക്കാൻ അവസരം നൽകുക എന്നതാണ് ക്രിയേറ്റീവ് കോമൺസ് പകർപ്പവകാശ നിയമങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ജനറൽ പബ്ലിക് ലൈസൻസ്, ക്രിയേറ്റീവ് കോമൺസ് എന്നീ തത്വങ്ങൾ പിന്തുടരുന്ന സോഫ്റ്റ്‌വെയറുകളെ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ എന്നും വിളിക്കാറുണ്ട്.
ഓപ്പൺ സോഴ്‌സ് ഡ്രഗ് ഡിസ്കവറി 

ആരോഗ്യമേഖലയിലെ ഗവേഷണങ്ങൾക്കും ഉൽപ്പന്ന വികസനത്തിനുമായി ഓപ്പൺ സോഴ്സ് തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഓപ്പൺ സോഴ്‌സ് ഡ്രഗ് ഡിസ്കവറി സംരംഭങ്ങൾ പല രാജ്യങ്ങളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഔഷധഗവേഷണത്തിൽ താൽപ്പര്യമുള്ള ആർക്കും സംഭാവന ചെയ്യാൻ കഴിയുന്ന രീതിയിൽ സഹകരണത്തിന്റെയും  സാമൂഹ്യ പങ്കാളിത്തത്തിന്റെയും  അടിസ്ഥാനത്തിലും സുതാര്യവുമായാണ്  ഒഎസ്ഡിഡി    പ്രവർത്തിക്കുന്നത്. വൻകിട മരുന്ന്‌ കമ്പനികൾക്ക് താൽപ്പര്യമില്ലാത്ത അവഗണിക്കപ്പെട്ടുവരുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്തുന്നതിനുവേണ്ടിയാണ് ഒഎസ്ഡിഡിയിലൂടെ ഗവേഷണങ്ങൾ  നടന്നുവരുന്നത്.

ഇന്ത്യയിൽ ക്ഷയരോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കാനായി സിഎസ്ഐആറിന്റെ കീഴിൽ ഇന്ത്യയിലും  ഒഎസ്ഡിഡി പദ്ധതിക്ക് യുപിഎ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ചിരുന്നു. കേരളത്തിലെ സർവകലാശാല ഡിപ്പാർട്ട്മെന്റുകളും മറ്റും ഇതിനോട് സഹകരിച്ചിരുന്നു. എന്നാൽ, എൻഡിഎ സർക്കാർ ഈ പദ്ധതിക്കുള്ള സാമ്പത്തിക സഹായം പിൻവലിക്കുകയാണുണ്ടായത്.

ജനകീയ ഗവേഷണ സംരംഭങ്ങളിലേക്ക്
മറ്റ് നിരവധി രാജ്യങ്ങളിലും ഒഎസ്ഡിഡി മാതൃകയിലുള്ള ഔഷധഗവേഷണ സംരംഭങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ജൈവ രാസ ഔഷധ ഗവേഷണങ്ങൾക്കാവശ്യമായ വിവരങ്ങൾ വെബ് അധിഷ്ഠിതമായി പൊതുഗവേഷണസ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിന് കാലിഫോർണിയയിൽ കൊളാബറേറ്റീവ് ഡ്രഗ് ഡിസ്കവറി എന്നൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്.  ഓസ്‌ട്രേലിയയിലെ സന്നദ്ധ സംഘടനയായ കാംബിയ ബൗദ്ധിക സ്വത്തവകാശനിയമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവേഷണത്തിൽ താൽപ്പര്യമുള്ള ഗവേഷകർക്കും സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്നതിനായി പേറ്റന്റ് ലെൻസ് ഇനിഷേറ്റീവ് ഫോർ ഓപ്പൺ ഇന്നൊവേഷൻ എന്ന  പ്രോജക്ടിന് തുടക്കം കുറിച്ചിട്ടുണ്ട്. ഉഷ്ണമേഖലാ രാജ്യങ്ങളിൽ കാണപ്പെടുന്ന രോഗങ്ങൾക്കാവശ്യമായ ഔഷധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള അടിസ്ഥാന ജനിതക വിവരങ്ങളുടെ ശേഖരണത്തിനായി ലോകാരോഗ്യസംഘടനയും യുനിസെഫും സംയുക്തമായി ആരംഭിച്ചിട്ടുള്ള പ്രോജക്ടാണ് ടിഡിആർ ടാർജെറ്റ്. ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ചാഗാസ് രോഗത്തിനുള്ള ഔഷധം കണ്ടെത്തുന്നതിന് സഹായകരങ്ങളായ ജനിതകഘടകങ്ങൾ ഈ പ്രോജക്ടിന്റെ ഭാഗമായി നിർണയിച്ചു കഴിഞ്ഞിട്ടുണ്ട്.

ഓപ്പൺ സോഴ്സ് ഫാർമാ ഫൗണ്ടേഷൻ
കോവിഡിന്റെ വ്യാപനത്തോടെ ഓപ്പൺ സോഴ്സ് തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും പദ്ധതികളും ശക്തിപ്രാപിച്ചുവരികയാണ്.  മലയാളി ശാസ്ത്രജ്ഞന്മാരടക്കം പ്രവർത്തിക്കുന്ന ഓപ്പൺ സോഴ്സ് ഫാർമാ ഫൗണ്ടേഷൻ ഇതിന് നേതൃത്വം നൽകുന്നുണ്ട്.  കമ്പോളാടിസ്ഥാനത്തിലുള്ള സ്ഥിരം വിപണി മാതൃകയിൽ കോവിഡ് നിയന്ത്രണത്തിനാവശ്യമായ ആരോഗ്യ ഉൽപ്പന്നങ്ങൾ കാലതാമസം കൂടാതെയും ആവർത്തനം ഒഴിവാക്കിയും  വികസിപ്പിച്ചെടുക്കാൻ  കഴിയില്ലെന്ന് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നു. സുതാര്യമായ തുറന്ന ശാസ്ത്രത്തിനും വിവരങ്ങൾക്കും സഹകരണത്തിനും വേണ്ടിയാണ് ഓപ്പൺ സോഴ്സ് പ്രസ്ഥാനങ്ങൾ നിലകൊള്ളുന്നത്. സഹകരണാടിസ്ഥാനത്തിൽ നടത്തുന്ന ഗവേഷണങ്ങളുടെ ചെലവ് കുറവായിരിക്കും,   അവഗണിക്കപ്പെടുന്ന രോഗാവസ്ഥകൾ പരിഗണിച്ച്  മുൻഗണന നിശ്ചയിക്കാനും കഴിയും. കമ്പോള താൽപ്പര്യങ്ങളുടെ സ്ഥാനത്ത് ലോകജനതയുടെ ആരോഗ്യസംരക്ഷണം മാത്രമാണ് ഓപ്പൺ സോഴ്സ് പ്രസ്ഥാനങ്ങളെ നയിക്കുന്നത്.  ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുടെയും  സർവകലാശാലകളുടെയും സഹായത്തോടെയും  ക്രൗഡ് ഫണ്ടിങ്ങിലൂടെയും ഉദാരമതികളുടെ സംഭാവനകളിലൂടെയുമാണ് ഗവേഷണങ്ങൾക്കുള്ള സാമ്പത്തികം കണ്ടെത്തുന്നത്.


 

കോവിഡ് നിയന്ത്രണത്തിനായി ടെസ്റ്റിങ്‌, നിരീക്ഷണം, ഔഷധഗവേഷണം എന്നീ മേഖലകളിലാണ് ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. രോഗനിർണയത്തിനായുള്ള ചെലവ് കുറഞ്ഞതും സാങ്കേതിക മികവുള്ളവയുമായ ടെസ്റ്റിങ്‌ രീതികൾ ആവിഷ്കരിക്കാനുള്ള പദ്ധതികൾ വിവിധ രാജ്യങ്ങളിലെ ഓപ്പൺ സോഴ്സ് കോവിഡ് സമൂഹം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ  സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഹെൽത്ത് കെയർ ക്ലിനിക്കൽ വൈറോളജി ലാബോറട്ടറി  പിസിആർ ടെസ്റ്റിനാവശ്യമായ പ്രോബുകളും പ്രൈമറുകളും ഓപ്പൺ സോഴ്സ് മാനദണ്ഡങ്ങൾ പാലിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സ്വകാര്യത നഷ്ടപ്പെടാതെ കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ മൊബൈൽ ഫോൺ വഴി നിരീക്ഷിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറുകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പല രാജ്യങ്ങളിലായി ഓപ്പൺ സോഴ്സ് പ്രവർത്തകർ നടത്തിവരുന്നു. യൂറോപ്യൻ വാക്സിൻ ഇനിഷ്യേറ്റീവ്,  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി എന്നിവരുടെ സഹകരണത്തോടെ ഓപ്പൺ സോഴ്സ് ഫാർമാ ഫൗണ്ടേഷൻ കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ഗവേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് രോഗങ്ങൾക്കുപയോഗിച്ചുവരുന്ന ആന്റി വൈറൽ മരുന്നുകളിൽ ഏതൊക്കെ കോവിഡ് ചികിത്സയ്‌ക്ക് പ്രയോജനപ്പെടുത്താം എന്ന് നിശ്ചയിക്കുന്നതിനുള്ള ഔഷധപരീക്ഷണങ്ങളും കൃത്രിമബുദ്ധിയുടെ സഹായത്തോടെ കോവിഡ് ചികിത്സയ്‌ക്ക് പ്രയോജനപ്പെടുത്താവുന്ന  ആയുർവേദ ഔഷധങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും ഫൗണ്ടേഷൻ നടത്തിവരുന്നു.

ഓപ്പൺ കോവിഡ് കൂട്ടായ്മ
സാർവദേശീയ രംഗത്ത് പ്രവർത്തിക്കുന്ന നിയമജ്ഞരും ഗവേഷകരും ചേർന്ന് രൂപീകരിച്ചിട്ടുള്ള ഓപ്പൺ കോവിഡ് കൂട്ടായ്മ നിരവധി ശ്രദ്ധേയങ്ങളായ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓപ്പൺ കോവിഡ് കൂട്ടായ്മ പേറ്റന്റ് പൂൾ  എന്നൊരാശയം മുന്നോട്ടുവച്ചിട്ടുണ്ട്. ആരോഗ്യ ഉൽപ്പന്നങ്ങളുടെ പേറ്റന്റുകൾ ഏതൊക്കെയെന്ന് പ്രസിദ്ധീകരിക്കുകയും ഇവ പരിശോധിച്ച്  ഉൽപ്പാദനത്തിന് താൽപ്പര്യമുള്ളവർക്ക്  ഇവ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് നൽകുകയും ചെയ്യുന്നതാണ് പേറ്റന്റ് പൂൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, പേറ്റന്റെടുത്ത കമ്പനിക്ക് റോയൽറ്റി നൽകേണ്ടിവരും എന്ന പരിമിതി ഇതിനുണ്ട്. എങ്കിലും   ഒറ്റ കമ്പനിമാത്രം ഉൽപ്പാദനം നടത്തുന്ന കുത്തകവിപണന രീതി അവസാനിപ്പിക്കാനും ഉൽപ്പന്നങ്ങളുടെ വില ഒരു പരിധിവരെ കുറയ്‌ക്കാനും പേറ്റന്റ് പൂൾ രീതി സഹായിക്കും.  ഓപ്പൺ കോവിഡ് പ്ലഡ്ജ് (ഓപ്പൺ കോവിഡ് പ്രതിജ്ഞ) എന്നതാണ് ഓപ്പൺ കോവിഡ് കൂട്ടായ്മയുടെ മറ്റൊരു സംരംഭം. ഇന്റൽ,  മൈക്രോസോഫ്റ്റ്, ഹൂലറ്റ് പാക്കാർഡ്, ഫെയ്‌സ്ബുക്, ആമസോൺ, യൂബർ  തുടങ്ങിയ കമ്പനികൾ  തങ്ങളുടെ പേറ്റന്റ് അവകാശം കോവിഡ് നിയന്ത്രണത്തിനായി വിട്ടുനൽകാമെന്ന പ്രതിജ്ഞയിൽ പങ്കാളികളായിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top