നവോത്ഥാന മതിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 31, 2018, 08:24 PM | 0 min read

നവോത്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും.  ഏതൊരു സമൂഹത്തിലും നവോത്ഥാനം ആവശ്യമാകുന്നത് നിലനില്‍ക്കുന്ന സമൂഹത്തിന് താങ്ങാവുന്നതിലധികം ജീവിതം അസഹനീയമാകുമ്പോഴാണ്. ജനസഞ്ചയത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പുകളാണ് നവോത്ഥാനമാകുന്നത്.  ഇത്തരം ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലേതുമാകാം. എല്ലാറ്റിലുമാകാം. ചരിത്രപരമായി  പരിശോധിക്കുമ്പോള്‍ യൂറോപ്പില്‍ നവോത്ഥാനമുണ്ടായത് ഇത്തരത്തിലുള്ള പല സാഹചര്യങ്ങളും ഒത്തുവന്നപ്പോഴാണ്.

കേരള മാതൃക

കേരളത്തില്‍ 19-ാം നൂറ്റാണ്ടില്‍ നടന്ന നവോത്ഥാനവും മറ്റൊരു കേരളത്തെ സൃഷ്ടിക്കുക തന്നെയായിരുന്നു.    ജാതി-ജന്മി-നാടുവാഴിത്ത സമ്പദ്വ്യവസ്ഥയില്‍  ജനങ്ങള്‍ക്കുണ്ടായ  അതൃപ്തി, കൊളോണിയല്‍  ഭരണത്തോടുളള  അമിതമായ പ്രതിഷേധം, മനുഷ്യരെ പരസ്പരം മാറ്റിനിര്‍ത്തുന്ന ജാതീയതയോടുണ്ടായ വെറുപ്പ്/കലഹങ്ങള്‍, നാടുവാഴിത്തത്തിന്റെയും ജന്മിത്തത്തിന്റെയും അടിമത്തംപേറി നടന്നതിലെ മടുപ്പ് ഇവയെല്ലാംചേര്‍ന്ന് ഒരു മാറ്റം അനിവാര്യമാണ് എന്ന തോന്നലാണ് നവോത്ഥാനത്തിന് നാന്ദി കുറിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും സ്‌കൂള്‍ വിദ്യാഭ്യാസത്തിനുമായുള്ള മുറവിളികള്‍, വിവാഹകുടുംബസംവിധാനത്തില്‍ മാറ്റം വരുത്താനായുള്ള വിവിധ ജാതിവിഭാഗങ്ങളുടെ വിവാഹ റെഗുലേഷന്‍, കുടുംബ റെഗുലേഷന്‍, സ്വത്തവകാശവും ഭൂസ്വത്തും  സംബന്ധിച്ച  നിയമപരമായ നീക്കങ്ങള്‍,  പുതിയ   തൊഴില്‍ രംഗങ്ങളിലേക്കുള്ള പ്രവേശം, അക്ഷരം നേടിത്തന്ന മാറ്റങ്ങള്‍, വാര്‍ത്താവിനിമയരംഗത്തെ വിസ്‌ഫോടനങ്ങള്‍ എന്നിങ്ങനെ, രാഷ്ട്രീയസാമൂഹ്യ സാമ്പത്തികരംഗത്ത് മാറ്റങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട്  സമൂഹത്തില്‍   ഉയര്‍ന്നുവന്ന രോഷങ്ങളാണ് സാമൂഹ്യപരിഷ്‌കരണമായി മാറിയത്.

സാമുദായിക പരിഷ്‌കരണപ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ കാര്‍ഷികരംഗത്തെ തൊഴിലാളി /ഫാക്ടറി/തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍, ദേശീയ പ്രക്ഷോഭങ്ങള്‍ ഇവയെല്ലാംകൂടി ചേര്‍ന്ന്  1948ലെ പാലിയം സത്യഗ്രഹത്തിലെത്തുകയും മിശ്രഭോജനം, മിശ്രവിവാഹം, അയിത്തോച്ചാടനം എന്നിവയിലൂടെ ജാതി-ജന്മി-നാടുവാഴിത്തം തൂത്തെറിയുകയും ചെയ്തതാണ് മാറ്റങ്ങള്‍ സൃഷ്ടിച്ചത്.  ഭൂപരിഷ്‌കരണനിയമങ്ങള്‍  1960കളോടെ പ്രാബല്യത്തില്‍ വരുന്നു.  വിദ്യാഭ്യാസത്തിന്റെ/സാക്ഷരതയുടെ സാര്‍വത്രികത, ആരോഗ്യരംഗത്തെ ഘടനയിലും ഗുണനിലവാരത്തിലും വന്ന മാറ്റങ്ങള്‍, സ്ത്രീവിദ്യാഭ്യാസത്തിന്റെ വ്യാപ്തി, തൊഴില്‍രംഗത്തെ പുതിയ സാധ്യതകള്‍ എന്നിങ്ങനെ, കേരളം 40 വര്‍ഷത്തിനുള്ളില്‍  വികസിതരാജ്യങ്ങളോടൊപ്പം  എത്തുന്ന രീതിയില്‍, കേരള മാതൃകാ വികസനമെന്നപേരില്‍ ആഗോളതലത്തില്‍ അറിയപ്പെട്ടു.

സ്ത്രീകളുടെ അവസ്ഥയിലും  മാറ്റമുണ്ടായി. കുടുംബത്തിനകത്ത് കഴിഞ്ഞിരുന്ന അജ്ഞരായിരുന്ന സ്ത്രീകള്‍,  ഉന്നതവിദ്യാഭ്യാസത്തിലും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലും  അഗ്രഗണ്യരായി.  ഗര്‍ഭകാലത്ത് ഒമ്പത് മാസവും നിരീക്ഷണത്തിനായി ആശുപത്രിയില്‍ പോകുന്ന ആരോഗ്യബോധമുളള സ്ത്രീകളുള്ള  ഏക സംസ്ഥാനമായി കേരളം അറിയപ്പെട്ടു. സ്ത്രീകള്‍ക്കന്യമായിരുന്ന അധികാരവും രാഷ്ട്രീയവും കൈയെത്തും ദൂരത്തായി മാറി.  ഇതുവരെ ഇടപെടാത്ത തൊഴില്‍രംഗത്തും സംരംഭകത്വത്തിലും ഇടപെടാന്‍ ജനകീയാസൂത്രണവും കുടുംബശ്രീയും സഹായകമായി. സ്ത്രീകള്‍ക്കുനേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചെങ്കിലും പഠിക്കാനും പ്രക്ഷോഭങ്ങള്‍ നടത്താനും സ്ത്രീകള്‍തന്നെ തയ്യാറാകുന്ന സ്ഥിതിയുണ്ടായി.  ലോക്കോ പൈലറ്റായും  ബസ് കണ്ടക്ടറായും  ഡ്രൈവറായും എന്തിനധികം, നിര്‍മാണരംഗത്ത് പോലും സ്ത്രീകള്‍ എത്തി.  അറിവിന്റെ ലോകവും പ്രവര്‍ത്തനത്തിന്റെ ലോകവും  പ്രായോഗികതകൊണ്ട് സ്ത്രീകള്‍ കീഴടക്കി.

പക്ഷേ, അതിന്റെകൂടെ സാമൂഹ്യരാഷ്ട്രീയമാറ്റങ്ങള്‍ ലോകത്തെമ്പാടും സംഭവിക്കുന്നുണ്ടായിരുന്നു.  ജീവിതം ദുസ്സഹമാക്കുന്ന തരത്തില്‍, സാമ്പത്തികഭദ്രത ചോദ്യംചെയ്യപ്പെട്ടു.  കാര്‍ഷികരംഗത്തെ മുരടിപ്പും പുത്തന്‍ സാമ്പത്തികനയവും സ്വകാര്യവല്‍ക്കരണവും നല്‍കിയ സമ്മര്‍ദം ജീവിതം ദുസ്സഹമാക്കി. തൊഴില്‍രംഗത്തെ മാന്ദ്യം, സാമ്പത്തിക രംഗത്തെ മാന്ദ്യത്തിന് ആക്കം കൂട്ടി.  ഇതിനെ സഹായിക്കുന്ന രീതിയില്‍ ഉയര്‍ന്നുവന്ന നിയോലിബറല്‍ മൂല്യങ്ങളും വ്യവസ്ഥകളും കേരളജനത പ്രതീക്ഷിച്ചതിലപ്പുറം  നിരാശാജനകമായിരുന്നു.   പ്രക്ഷോഭങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും നിയോലിബറല്‍ നയങ്ങള്‍ ഒരു പ്രശ്‌നവുമില്ലാതെ അടിച്ചേല്‍പ്പിക്കപ്പെട്ടു. പൂര്‍ണമായും ഫ്യൂഡല്‍ മൂല്യങ്ങള്‍ തകര്‍ത്തെറിയുന്നതിനുമുമ്പേ മുതലാളിത്തവും അതിലും വേഗതയോടെ , നിയോലിബറല്‍ നയങ്ങളും താങ്ങാന്‍പറ്റാതെ ജനങ്ങള്‍ പകച്ചുനിന്നു. തൊഴിലിലും ജീവിതചര്യകളിലും ജാതിയും മതവും ഉപേക്ഷിച്ചപ്പോഴും, ജനന-മരണ-വിവാഹങ്ങളില്‍ ജാതിയും മതവും കൈവിട്ടുപോകാന്‍ വൈമനസ്യം കാണിക്കുന്നതുപോലെ,  ആന്തരികസംഘര്‍ഷങ്ങള്‍ പ്രകടമായി.  ആചാരങ്ങളും അനുഷ്ഠാനങ്ങളും തൂത്തെറിഞ്ഞ് പുതിയ മനുഷ്യനായി  'ഇനി അമ്പലങ്ങള്‍ക്ക് തീ കൊടുക്കാം'  എന്നുപറഞ്ഞ  വി ടി ഭട്ടതിരിപ്പാടിനെ അംഗീകരിച്ചപ്പോള്‍ത്തന്നെ, അമ്പലങ്ങള്‍ നല്ല വരുമാനമാര്‍ഗമാണ്, വിപണിയാണ് എന്ന് തിരിച്ചറിഞ്ഞ്  ഭക്തിയും കച്ചവടവും ഒന്നിച്ചു കൊണ്ടുപോകാന്‍ തീരുമാനിച്ചതിലുണ്ടായ വൈരുധ്യങ്ങളും ഇതേ തരത്തിലുള്ളതായിരുന്നു.
ഇത്തരത്തിലുളള പലതരം ആത്മവൈരുധ്യങ്ങള്‍ കാരണം  യാഥാസ്ഥിതികരും ആചാരബദ്ധരും   അതേസമയം സ്വാതന്ത്ര്യചിന്തകരുമായി പൊതുജനം മാറി. ഇന്റര്‍നെറ്റും കംപ്യൂട്ടറും അച്ചടിയന്ത്രവും  കടലാസിന്റെ സ്ഥാനം അപഹരിച്ചു.  ഇവ തരുന്ന പുതിയ അറിവുകള്‍, ജ്ഞാനലോകത്തില്‍ വന്ന മാറ്റങ്ങള്‍, അതിലുണ്ടാകുന്ന ചടുലത-വിവരങ്ങള്‍ വിരല്‍ത്തുമ്പിലാകുമ്പോഴും തെറ്റേത്, ശരിയേത് എന്നറിയാത്ത അവസ്ഥ. ഈ ആശയക്കുഴപ്പത്തെയാണ് ഹൈന്ദവശക്തികള്‍ ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്.  

ചരിത്രം സൃഷ്ടിക്കട്ടെ

ശരീരമറിയാതെ, ആര്‍ത്തവമറിയാതെ, പ്രസവമറിയാതെ  നാം, അവയെ സംബന്ധിച്ച നിയമങ്ങള്‍  പഠിച്ചു പ്രചരിപ്പിച്ചു.  അതില്‍ ഒന്ന് സദാചാരവും മറ്റൊന്ന് സദാ ആചാരവുമാണെന്ന് മനസ്സിലാക്കി.  പരസ്പരബന്ധം തിരിച്ചറിയാത്തതുകൊണ്ട്, സദാചാരത്തിലും ആചാരത്തിലും മുറുകെ പിടിച്ചു.  അപ്പോഴും ആത്മസംഘര്‍ഷം തുടര്‍ന്നുകൊണ്ടേയിരുന്നു. കേരള നവോത്ഥാനത്തില്‍ കൊളോണിയല്‍ നിയമങ്ങള്‍ ജാതിമര്യാദകളെയും ആചാരാനുഷ്ഠാനങ്ങളെയും പകരംവച്ചപ്പോള്‍, രണ്ടു കൈയും നീട്ടി സ്വീകരിച്ച നമുക്ക് ഇപ്പോള്‍ വിദ്യാഭ്യാസം നേടിയപ്പോള്‍ സുപ്രീംകോടതി വിധിയെക്കാള്‍ ആചാരമല്ലേ  ശരി എന്ന സംശയമായി.  സുപ്രീംകോടതിക്കും മുകളില്‍ നമ്മള്‍ ആചാരത്തെ പ്രതിഷ്ഠിച്ചു.   പുറന്തോട് മുഴുവന്‍ പൊളിച്ചുകൊണ്ടല്ല നാം പുരോഗമിച്ചത്.  മുഴുവനായും പൊളിച്ച് പുറത്തുവരേണ്ടതുണ്ട്.  ഈ ഒരവസ്ഥയില്‍ നിര്‍ബന്ധമായും  അനിവാര്യമായതാണ് നവോത്ഥാനം.  കേരളത്തില്‍ മറ്റൊരു നവോത്ഥാനത്തിനുള്ള സമയമായിരിക്കുന്നു.

 കേരളത്തിലെ 52 ശതമാനം വരുന്ന സ്ത്രീകള്‍ ഏതാണ്ട് പൊതുരംഗം കീഴടക്കുന്ന രീതിയില്‍ പലതരം തൊഴിലുകളിലും അധികാരകേന്ദ്രങ്ങളിലും  തീരുമാനമെടുക്കുന്ന രംഗത്തുമൊക്കെ, കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കൂടുതലായി ദൃശ്യരായിട്ടുണ്ട്.  30 കളില്‍ നടന്ന നവോത്ഥാന കാലഘട്ടത്തില്‍നിന്ന്  സ്ത്രീകള്‍ ഏറെ മുന്നോട്ട് നടക്കുകയും നിര്‍ണായകസ്ഥാനം വഹിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളെയും ട്രാന്‍സ്ജനങ്ങളെയും വ്യക്തികളായി അംഗീകരിച്ചുകൊണ്ട്, സമൂഹം മുന്നോട്ട് പേകേണ്ടതുണ്ട്.  പ്രബുദ്ധരായ കേരളസ്ത്രീകള്‍ ഇരുട്ടിലേക്ക് വഴുതിവീഴാതെ വെളിച്ചത്തിലേക്ക് എത്തിപ്പെടാന്‍ ഇന്ന് പ്രാപ്തരാണ്. 

അതായത് അവരെ കൈപിടിച്ച് ഉയര്‍ത്തേണ്ട ആവശ്യമില്ലാതെതന്നെ, സ്വയം ബോധ്യപ്പെട്ട് ഭൂരിപക്ഷം സ്ത്രീകളും പല അശാസ്ത്രീയതയെയും ചോദ്യംചെയ്തുതുടങ്ങിയിരിക്കുന്നു.  അതിനര്‍ഥം സ്ത്രീകള്‍ക്കുമാത്രമായി ഒരു സാമൂഹ്യമാറ്റം ആവശ്യമാണ് എന്നല്ല, പരസഹായമില്ലാതെ തലയുയര്‍ത്തി എണീറ്റ് നില്‍ക്കുന്ന അവര്‍ ഒന്നിച്ച് നിന്നുകൊണ്ട്  ശാസ്ത്രത്തിന്റെയും യുക്തിയുടെയും തലം മുറുകെ പിടിച്ച് മുന്നോട്ടുതന്നെ എന്ന് പ്രഖ്യാപിക്കേണ്ട സമയമാണിപ്പോള്‍.  അതിനുള്ള പ്രതീകാത്മകതയാണ്  വനിതാമതില്‍. ആശയതലത്തിലും രാഷ്ട്രീയമായും വ്യത്യസ്തത നിലനില്‍ക്കുമ്പോഴും, കേരളത്തിലെ ശാസ്ത്രബോധവും യുക്തിപരതയും അറിവും ഉപയോഗിച്ചുകൊണ്ടുളള കൂട്ടായ്മയുടെ ആവശ്യം ഇന്ന് എന്നത്തേക്കാള്‍ കൂടുതലാണ്.  കേരളത്തെ ഗ്രസിക്കുന്ന ആശയക്കുഴപ്പത്തെ നേരെനിര്‍ത്താന്‍, ഇരുട്ടിലേക്ക് വഴുതാതെ, ആചാരമതിലുകളെ, വര്‍ഗീയമതിലുകളെ തടഞ്ഞുനിര്‍ത്തുന്നതാണ് വനിതാമതില്‍.  ഈ നവോത്ഥാനം സ്ത്രീകളിലൂടെ  മാത്രമേ  ഇനി  കേരളത്തില്‍  സാധ്യമാകൂ-പുതുവത്സരദിനത്തില്‍ ഉയരാന്‍പോകുന്നത് ജൈവികമായ സമൂഹത്തിന്റെ മതിലാണ്.  കേരള നവോത്ഥാനത്തില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷത, ജനാധിപത്യം എന്നീ ആശയങ്ങള്‍ തികഞ്ഞ പൗരബോധത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ഓരോസ്ത്രീയും, ചരിത്രം സൃഷ്ടിക്കുന്ന നവോത്ഥാന നായികമാരാണ്. വനിതാമതില്‍ ചരിത്രം സൃഷ്ടിക്കുകതന്നെ ചെയ്യും.



 



deshabhimani section

Related News

View More
0 comments
Sort by

Home