‘എടുത്തെറിയെടാ കിണ്ടിയും വെള്ളവും’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 21, 2018, 04:56 PM | 0 min read


എല്ലാ നവോത്ഥാനവും  വരുന്നത്  കരച്ചിലോടെയാണ്; അത് സ്വതന്ത്രമാകാനുള്ള മനുഷ്യചേതനയുടേതാണെന്നായിരുന്നു ഹെലൻ  കെല്ലറുടെ അധ്യാപിക ആനി സള്ളിവന്റെ നിർവചനം. ശാരീരികാവശതകളെക്കാൾ പ്രതിബന്ധം തീർക്കുന്നതാണ് സാമൂഹ്യ വിലക്കുകൾ. ആ അർഥത്തിൽ കേരളീയ നവോത്ഥാനവും  കരച്ചിലുകളുടെയും പിടച്ചിലുകളുടെയും ആകത്തുകയാണ്. അതിൽ സ്ത്രീകൾ വഹിച്ച പങ്കും ആ മുന്നേറ്റം  സൃഷ്ടിച്ച ചലനങ്ങളും ചരിത്രപരം. ജാതിശ്രേണിയുടെ താഴ്ന്ന പടവിലായ   അവർണസ്ത്രീകൾ അനുഭവിച്ച കഷ്ടതകൾ  വിവരണാതീതവും. 

നവോത്ഥാനത്തിനുമുമ്പ് കീഴാളസമുദായങ്ങൾ മിക്കതും സ്ത്രീക്കുകൂടി പ്രാമുഖ്യമുള്ള കുടുംബവ്യവസ്ഥ സ്വീകരിച്ചെങ്കിലും സവർണരിൽ പുരുഷാധിപത്യത്തിനായിരുന്നു മേൽക്കൈ. മൂത്ത നമ്പൂതിരിക്കേ വിവാഹാനുമതിയുണ്ടായുള്ളൂ. അനുജൻ അമ്പലവാസി വീടുകളിലും നായർ തറവാടുകളിലും സംബന്ധം എന്ന ഓമനപ്പേരിലറിയപ്പെട്ട അസംബന്ധത്തിൽ ആറാടി.  നമ്പൂതിരിമാരുടെ കുടുംബഘടന സ്ത്രീകളുടെ അടിമത്തത്തിന് സവിശേഷരൂപമാണ് നൽകിയത്.  കുടുംബനാഥന് സ്വത്തിന്റ  അവകാശം  മാത്രമല്ല, സ്ത്രീകളുടെമേലുള്ള അധികാരവും  കൈവന്നു.  വൃദ്ധനമ്പൂതിരിമാർക്ക് ബാലികാവധുക്കൾ. വിധവാവിവാഹം വിലക്കപ്പെട്ടത് മറ്റൊരു ക്ഷതം.  അവയെല്ലാം വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് മാറിയത്.

മന്നവും ആചാരപരിഷ‌്ക്കരണങ്ങളും
ബ്രാഹ്മണാധിപത്യത്തിന്റെ അനുബന്ധമായി നായർസ്ത്രീകൾ അഭിമുഖീകരിച്ചതും അടിമത്തം.  നമ്പൂതിരി സംബന്ധത്തിന്റെ കെടുതികൾ  ഭയാനകവും.  നായർ സ്ത്രീകളിൽ നമ്പൂതിരിമാർക്ക് ജനിക്കുന്ന മക്കൾക്ക് സ്വത്തിൽ അവകാശമുണ്ടായില്ലെന്നു മാത്രമല്ല,  സ്പർശിക്കാനുള്ള അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ഇതിനെതിരെയാണ് മന്നത്ത് പത്മനാഭന്റെ  നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളുടെ തുടക്കം. അത്തരത്തിലുള്ള ആദ്യസംഘടനയായിരുന്നു 1914ൽ സ്ഥാപിച്ച ‘തിരുവിതാംകൂർ ഭൃത്യജനസംഘം’. സംഘത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനം ആചാരപരിഷ്കരണം. കാരുതോടി കണ്ണൻനായർ താൻ പത്രാധിപരായ ‘നായർ’ ദ്വൈമാസികയിൽ താലികെട്ടുകല്യാണത്തെക്കുറിച്ച് എഴുതി. അതിന്റെ പതിനായിരം പ്രതികൾ വിതരണംചെയ്യുകയുമുണ്ടായി. മതത്തെ കേന്ദ്രമാക്കിയ സമുദായപരിഷ‌്കരണമെന്ന  കാഴ്ചപ്പാടിന് വിരുദ്ധമായി സാമുദായികവും വിദ്യാഭ്യാസപരവുമായ പ്രവൃത്തികൾക്കായിരുന്നു മന്നം ഊന്നൽനൽകിയത്. ആ സങ്കൽപ്പങ്ങൾ  പ്രസംഗങ്ങളിലും നിറഞ്ഞു.‘പ്രഭുക്കന്മാരുടെ ഇരുമ്പുപെട്ടി തുറപ്പിക്കുന്ന സ്വർണത്താക്കോലുകൾ’ എന്നാണ് ആ വാഗ‌്‌വൈഭവം അറിയപ്പെട്ടതും. നിരർഥകങ്ങളായ ചടങ്ങുകൾക്കും  ആചാരങ്ങൾക്കും അന്ത്യംകുറിക്കാൻ പോരാടിയ അദ്ദേഹം  കുടുംബ വ്യവസ്ഥയും മരുമക്കത്തായവും അവസാനിപ്പിക്കുക, ആളോഹരി ഭാഗം നടപ്പാക്കുക, പടയണി, ഗരുഡൻതൂക്കം തുടങ്ങിയ പരിപാടികളും  താലികെട്ട്, തെരണ്ടുകുളി, പുളികുടി തുടങ്ങിയ ആർഭാടങ്ങളും  നിർത്തുക തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തി.  നായന്മാരെ വരിഞ്ഞുമുറുക്കിയ നാല്‘കെട്ടു’(താലികെട്ട്, കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട്)കളെ തൂത്തെറിയാനും ആഹ്വാനം നൽകി.

വിശ്വാസങ്ങളുടെയും  ആചാരങ്ങളുടെയും സംരക്ഷണമാണ് ലക്ഷ്യമെന്ന് വിളിച്ചു പറഞ്ഞ സുകുമാരൻനായർ, സമുദായത്തെ വീണ്ടും വർണാശ്രമവ്യവസ്ഥയുടെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുകയാണ്. കിണ്ടിയിൽ വെള്ളം നിറച്ച് ഉമ്മറത്തുവച്ച് തോർത്ത് മുണ്ട് അയലിൽ അടയാളമാക്കി നായർസ്ത്രീയെ സംബന്ധംചെയ്ത നമ്പൂതിരിക്ക് കാവൽ നിൽക്കണമായിരുന്നു പഴയകാലത്ത്. ആ  അസംബന്ധത്തിന്റെ  വലിയ തെളിവായിരുന്നു മന്നത്ത്. ‘പഴയ കാലത്ത് നിലനിന്ന സംബന്ധം എന്ന  ആചാരത്തിൽ, ഇന്നത്തെ അനാചാരത്തിൽ പിറന്ന പുത്രൻ’. എടുത്തെറിയെടാ കിണ്ടിയും വെള്ളവും എന്ന് ഉറപ്പിച്ച അദ്ദേഹം‘സമുദായത്തിലെ സ്ത്രീത്വത്തെ ബ്രാഹ്മണന്റെ കാമകേളിക്ക് വിട്ടുകൊടുക്കി’ല്ലെന്ന്  കൂട്ടിച്ചേർത്തു. 

ആരാണമ്മേ അച്ഛൻ? എന്ന ചോദ്യത്തിന് മാസത്തിൽ ഒന്നോ രണ്ടോ വട്ടം  വന്നു പോകുന്ന ഈശ്വരൻനമ്പൂതിരി എന്ന മറുപടിയെക്കുറിച്ച് മന്നം ‘എന്റെ ജീവിത സ്മരണകൾ’  എന്ന ആത്മകഥയിൽ കുറിച്ചിട്ടുണ്ട്. ഒരിക്കൽപോലും അച്ഛന്റെ മുഖത്തുനോക്കി ആ പേരിൽ വിളിക്കാൻ അവസരം ലഭിക്കാത്ത,  ലാളനയേൽക്കാത്ത, ആ കൈകൊണ്ട് ഒരു ഉരുള ചോറ് വാങ്ങി കഴിക്കാൻ കഴിയാത്ത ആചാരങ്ങൾകൊണ്ട് പീഡിപ്പിക്കപ്പെട്ട കയ്പുനിറഞ്ഞ ബാല്യം. നാണക്കേട് സഹിക്കാനാകാതെ  12–-ാം വയസ്സിൽ വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുമായുള്ള ബന്ധം  വേർപെടുത്തി കളത്തിൽ വേലായുധൻ പിള്ള എന്ന നായരെ അമ്മ ചിറമുറ്റത്ത് പാർവതിയമ്മ രണ്ടാമത് വിവാഹം  കഴിച്ചതിനെ പറ്റിയും തീവ്രവേദനയോടെയാണ്  എഴുതിയത്. ഇത്തരം ദുരനുഭവങ്ങളാണ് നായർ സമുദായത്തെ പരിഷ‌്കരിക്കാൻ ഇറങ്ങി പുറപ്പെട്ടതിനു പിന്നിലെ പ്രേരണ. 

സവർണജാഥയുടെ സന്ദേശം 
ആചാരങ്ങൾ കാലാനുസൃതം നിർവചിക്കേണ്ടതാണെന്ന പക്ഷക്കാരനായിരുന്നു മന്നം.  16 ദിവസ ചടങ്ങുകൾക്കുശേഷമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന നാട്ടുനടപ്പ് സാധൂകരിക്കുന്നതാണ്   പുല സർക്കുലർ. അത് വകവയ‌്ക്കാതെ  പത്മനാഭൻ ക്ഷേത്രത്തിൽ  തൊഴുതു. മഹാരാജാവിനുമുന്നിൽ  പരാതിയെത്തി.  കേസ് സ്വയം വാദിച്ച മന്നം ഏത് വിഭാഗത്തിൽപ്പെട്ടാലും  10 ദിവസത്തെ പുലയേയുള്ളൂവെന്ന് പരാശരസ്മൃതിയിലെ ശ്ലോകങ്ങൾ ഉദ്ധരിച്ച്  സമർഥിച്ചു. ആചാരങ്ങളും അതനുസരിച്ച് സ്മൃതികളും കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നുമാത്രമല്ല  സൂചിപ്പിച്ചത്.    ‘‘ഓരോ സമുദായത്തിനും അവരുടെ അനാചാരങ്ങൾ ഇല്ലാതാക്കാൻ അധികാരമുണ്ടെന്ന് സ്ഥാപിക്കുകയുംചെയ്തു. നായന്മാർക്കുമുണ്ടായി തീണ്ടൽദോഷം. ഇത്തരം പ്രാകൃതതത്വങ്ങൾക്ക് സാക്ഷിയായി പത്മനാഭൻ. ഈ പശ്ചാത്തലത്തിലാണ് വൈക്കം–-ഗുരുവായൂർ സത്യഗ്രഹങ്ങളെ വിലയിരുത്തേണ്ടത്. അയിത്തോച്ചാടന പ്രക്ഷോഭം തുടങ്ങാൻ ഉചിതമായ ഇടമായിരുന്നു വൈക്കം. മഹാദേവക്ഷേത്ര പരിസരത്തും നിരത്തിലും അയിത്തജാതിക്കാരുടെ പ്രവേശനം തടയുന്ന തീണ്ടൽപ്പലകകൾ സ്ഥാപിച്ചിരുന്നു.   വൈക്കം  സവർണജാഥയുടെ സർവാധിപനായും ഗുരുവായൂർ പ്രചാരണകമ്മിറ്റി നായകനായും  തെരഞ്ഞെടുക്കപ്പെട്ടു മന്നം. ഈഴവന്റെ പട്ടിക്കും പുലയന്റെ പൂച്ചയ്ക്കും ഭക്ഷണകാര്യത്തിൽ  ശുദ്ധവൃത്തിക്കാരനല്ലാത്ത കാക്കയ‌്ക്കും  പ്രവർത്തന സ്വാതന്ത്ര്യമുള്ള ക്ഷേത്രസന്നിധിയിൽ മനുഷ്യന് അശുദ്ധി കൽപ്പിക്കുന്ന നീതിശാസ്ത്രം ശരിയല്ലെന്ന് പ്രഖ്യാപിച്ചു. ആ  നേതൃത്വത്തിൽ വൈക്കത്തുനിന്ന് 1924 നവംബർ ഒന്നിന് തുടങ്ങിയ സവർണജാഥ തിരുവനന്തപുരത്തെത്തിയപ്പോൾ വൻ പുരുഷാരമായി.

വൈക്കം ക്ഷേത്രത്തിലെ പ്രധാന ഊരാളൻ  മന്നത്തെ വീട്ടിലേക്ക് ക്ഷണിച്ചു. സത്യഗ്രഹ സമവായത്തിനാണ് വിളി. രണ്ടുപേർക്കൊപ്പമാണ് പോയത്. അതിലൊരാൾ പുലയൻ പാപ്പി. അയാളെ   കയറ്റിയില്ല. ‘പാപ്പിക്ക് സ്ഥലമില്ലാത്തിടത്ത് പത്മനാഭനുംവേണ്ട’ എന്നായിരുന്നു മന്നത്തിന്റെ നിലപാട്

വൈക്കം ക്ഷേത്രത്തിലെ പ്രധാന ഊരാളൻ  മന്നത്തെ വീട്ടിലേക്ക് ക്ഷണിച്ചു. സത്യഗ്രഹ സമവായത്തിനാണ് വിളി. രണ്ടുപേർക്കൊപ്പമാണ് പോയത്. അതിലൊരാൾ പുലയൻ പാപ്പി. അയാളെ   കയറ്റിയില്ല. ‘പാപ്പിക്ക് സ്ഥലമില്ലാത്തിടത്ത് പത്മനാഭനുംവേണ്ട’ എന്നായിരുന്നു മന്നത്തിന്റെ നിലപാട്. മറ്റൊരു സന്ദർഭത്തിലും മുഖ്യകഥാപാത്രം ഊരാളൻ. ക്ഷണം ക്ഷേത്രത്തിലേക്കായിരുന്നു. കൂടെ ചോതി എന്ന പുലയൻ. അയാൾ ക്ഷേത്രത്തിൽ കയറാൻ വന്നതിലെ  കോപം ഊരാളൻ മറച്ചുവച്ചില്ല. ഗുണ്ടകൾ ചോതിയെ വളഞ്ഞു. ‘ആദ്യം എന്നെ, പിന്നെയാകട്ടെ ചോതി’എന്നാണ് മന്നം പറഞ്ഞത്. ക്ഷേത്രനടയിലേക്ക് എത്താനായില്ലെങ്കിലും നീതി നിഷേധിക്കപ്പെട്ടവരോടുള്ള അനുഭാവം ഉറപ്പിച്ചത് ഇങ്ങനെ: ‘സ്വസമുദായസ്നേഹമെന്നാൽ ഇതര സമുദായങ്ങളോടുള്ള വൈരം എന്നർഥമില്ല.  സ്വസമുദായത്തിനായി വാദിക്കുന്നത് തെറ്റല്ല, മറ്റു സമുദായങ്ങളോട് സഹിഷ്ണുതയോടെ പെരുമാറാനും  അവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളെ അംഗീകരിക്കാനും കഴിയുന്നില്ലെങ്കിൽ വർഗീയവാദിയും ജാതീയവാദിയുമായിമാത്രമേ കാണാനാകൂ.

സി പിയുടെ രാവണഭരണത്തിനെതിരെ
മന്നം ദേവസ്വം ബോർഡ് അധ്യക്ഷനായപ്പോൾ ബോർഡ് പ്രമേയത്തിൽ പറഞ്ഞത‌്,  ചടങ്ങുകളും ആരാധനാസമ്പ്രദായങ്ങളും കാലാനുസൃതം പരിഷ്കരിക്കണം, ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കണം, ക്ഷേത്രഭരണത്തിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം വേണം തുടങ്ങിയ നിർദേശങ്ങൾ.  ക്ഷേത്രങ്ങളിലെ ബ്രാഹ്മണ ഊട്ടും ബ്രാഹ്മണർക്കുമാത്രം പ്രവേശനമുള്ള തിരുവനന്തപുരം കോട്ടയ്ക്കകത്തെ വൈദിക പാഠശാലയും അദ്ദേഹം  നിർത്തലാക്കി.  സർ സി പിയുടെ സ്വതന്ത്ര തിരുവിതാംകൂർ വാദത്തെ മന്നം എതിർത്തു.  ഉത്തരവാദ ഭരണം അനുവദിക്കുക,  സി പിയുടെ രാവണഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആശയങ്ങളാണ് ഊന്നിയത്. മുതുകുളത്തെ പ്രസംഗത്തിന്റെപേരിൽ 1947 ജൂൺ 14ന് അറസ്റ്റിലായ അദ്ദേഹം  രണ്ടുവർഷം ശിക്ഷയും  അനുഭവിച്ചു. ക്ഷേത്രപ്രവേശനവിളംബരത്തിന് ശേഷവും കുമാരനല്ലൂർ ക്ഷേത്രത്തിൽ അവർണരെ പ്രവേശിപ്പിച്ചില്ല. താഴ്ന്ന ജാതിക്കാർ ക്ഷേത്രത്തിൽ കടക്കുന്നതിനെതിരെ  ഭീഷണി മുഴങ്ങി. അതിലും മന്നം ഇടപെട്ടു.

മന്നം ശ്രീമൂലം പ്രജാസഭയിൽ ചെയ്ത പ്രസംഗവും ഇന്നത്തെ എൻഎസ‌്എസ‌് നേതൃത്വം വായിച്ചുനോക്കേണ്ടതാണ്.‘പുലയരും പറയരും മറ്റും ഹിന്ദുക്കളെന്ന് പറയാൻ പോയതുകൊണ്ട് അവർ മനുഷ്യരല്ലാതായി. മൃഗങ്ങളെക്കാൾ കഷ്ടത്തിലും. നികൃഷ്ടജന്തുക്കളെന്ന് കരുതപ്പെടുന്ന  പട്ടികൾക്കുപോലും മതിൽക്കകത്തും ചിലപ്പോൾ നാലമ്പലത്തിലും  പ്രവേശനമുണ്ട്. തീണ്ടൽ നിമിത്തം ഹിന്ദുവിശ്വാസികളായ ഈഴവർ തുടങ്ങിയവർക്ക് മതിലിനു പുറത്തുള്ള വഴികളിൽപ്പോലും നടക്കാൻ പാടില്ല. ഈശ്വരന് തീണ്ടലുണ്ടെന്ന് സ്ഥാപിക്കാൻ സാധിക്കില്ല. ഈശ്വരൻ, വിശേഷിച്ച് ഹിന്ദുക്കളുടേത്  സർവവ്യാപിയും സർവാന്തര്യാമിയുമാണ്. സർവം എന്നുള്ളതിൽ ഈഴവാദികൾ പെടാതിരിക്കാൻ നിവൃത്തിയില്ല. പിന്നെങ്ങനെ ഈശ്വരന് തീണ്ടലുണാകും. ശക്തരും സ്വാർഥികളുമായ ആളുകളുടെ കൈയിലകപ്പെട്ടപ്പോൾ മുതലായിരിക്കണം ഈശ്വരന് അപകടം പറ്റിയത്. അങ്ങനെയുള്ളവരുടെ ബന്തോവസ്തിൽ ഇരിക്കാൻ ഈശ്വരൻ ഇഷ്ടപ്പെടുകയില്ല. മനുഷ്യന് മനുഷ്യനെ തീണ്ടലുണ്ടെന്ന് പറയുന്നതിൽപ്പരം പാപമില്ല. തീണ്ടലുള്ള ജാതി, മതം മാറി പള്ളിവഴി ഇറങ്ങിവരുമ്പോൾ  തീണ്ടൽ എവിടെപ്പോകുന്നു?’



deshabhimani section

Related News

View More
0 comments
Sort by

Home