അംബേദ‌്കർ ഇപ്പോൾ ‘സനാതന ഹിന്ദു’ ആണ്

ഡോ. ബി ആർ അംബേദ‌്കർ
ഡോ. ബി ആർ അംബേദ്കറെ ഇപ്പോൾ ഹിന്ദുത്വവാദികൾ "സനാതന ഹിന്ദു’വായി കാവിവൽക്കരിക്കാനുള്ള തീവ്രയത്ന ‘കലാപരിപാടി' കളിൽ വ്യാപൃതമായിരിക്കുകയാണ്. ഹിന്ദുയിസത്തിന്റെ അടിസ്ഥാന ആരുഢമായ ശ്രേണീബദ്ധ ജാതിവ്യവസ്ഥയുടെയും അതിന് അടിവരയിടുന്ന ബ്രാഹ്മണിക പ്രത്യയശാസ്ത്രത്തിന്റെയും ഹിന്ദുരാഷ്ട്രവാദത്തിന്റെയും ഏറ്റവും നിശിതവിമർശകനായിരുന്നു അംബേദ്കർ എന്ന പരമാർഥം ബോധപൂർവം തമസ‌്കരിച്ചാണ് ഇപ്പോൾ അംബേദ്കറിനെയും അംബേദ്കറൈറ്റുകളെയും കാവിവൽക്കരിക്കാനുള്ള ഊർജിതശ്രമങ്ങൾ നടക്കുന്നത്. അംബേദ്കറുടെ ജാതിവ്യവസ്ഥാവിരുദ്ധ നിലപാട് വെറും വിമർശനമായിരുന്നില്ല. അത് പരിപൂർണ വെറുപ്പ് തന്നെയായിരുന്നു.
ഹിന്ദുരാഷ്ട്രസ്ഥാപനത്തിന് ദളിതരെക്കൂടി ഹിന്ദുത്വ പരിവൃത്തത്തിൽ കൊണ്ടുവരണമെന്നും അതിന് അംബേദ്കറെ കാവിവൽക്കരിക്കണമെന്നും ആദ്യമായി മനസ്സിലാക്കുന്നത് 1973–--94 കാലഘട്ടത്തിൽ ആർഎസ്എസിന്റെ സർ സംഘചാലകായിരുന്ന ബാലാസാഹേബ് ദേവറസ‌് ആയിരുന്നു. ആനുഷംഗികമായി പറയട്ടെ, മാംസാഹാരപ്രിയനായ ദേവറസ‌് ആഴ്ചയിലൊരിക്കൽ ഗോമാംസം ഭക്ഷിക്കാൻ പുറത്തുപോകുമായിരുന്നു. അക്കാലത്താണ് ദളിതർക്കിടയിൽ പ്രവർത്തിക്കാൻ "സേവാഭാരതി' എന്ന സംഘടന ഉടലെടുക്കുന്നത്. മാത്രമല്ല, ആർഎസ്എസിന്റെ പ്രഭാതപ്രാർഥനയിൽ അംബേദ്കറെ "പ്രഥമ സ്മരണീയൻ' ആക്കി മാറ്റുകയും ചെയ്തു. അതായത് പ്രഥമമായി സ്മരിക്കപ്പെടേണ്ട ആരാധ്യവ്യക്തിത്വം. പിന്നെ ദളിത് മധ്യവർഗത്തെ ആകർഷിക്കാൻ ‘സാരസ്ഥമഞ്ച്' എന്ന സംഘടനയുണ്ടാക്കി.
ആർഎസ്എസിന്റെ സ്ഥാപകനായ കെ ബി ഹെഡ്ഗവാറും അംബേ ദ്കറും ഉറ്റ സുഹൃത്തുക്കളായിരുന്നെന്നും വി ഡി സവർക്കറും അംബേദ്കറും നിരന്തരം കണ്ടുമുട്ടിയിരുന്നെന്നും പ്രചരിപ്പിച്ചു. വാസ്തവത്തിൽ ഹെഡ്ഗെവാറും സവർക്കറുമൊക്കെ അംബേദ്കറെ അങ്ങോട്ടുചെന്ന് കാണുകയായിരുന്നു. ഹെഡ‌്ഗെവാറിനെയും അംബേദ്കറെയും ഉറ്റ സുഹൃത്തുക്കളായ Two Doctors എന്നാണ് അന്ന് സംഘികൾ വിശേഷിപ്പിച്ചത്. ഹെഡ്ഗെവാർ വെറും ഡിപ്ലോമയുള്ള ഒരു ലൈസൻഷിയേറ്റ് പ്രാക്ടീഷണറായിരുന്നു. അംബേദ്കറോ, അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽനിന്നും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നും രണ്ട് ഡോക്ടറേറ്റുകൾ നേടിയ പണ്ഡിതനും.
2004 ൽ അധികാരമേറ്റ എൻഡിഎ സർക്കാർ മറ്റൊരു സൃഗാലതന്ത്രം ആവിഷ്കരിച്ചു. ‘പഞ്ചതീർഥ പദ്ധതി' എന്നാണ് അതിന്റെ പേര്. അംബേദ്കറുടെ ജീവിതത്തിലെ അഞ്ച് പ്രധാന സ്ഥലങ്ങളെ കൂട്ടിയിണക്കി ഒരു ‘തീർഥാടന പര്യടനപഥം' (Pilgrim Circuit) ആ സർക്കാർ ഉണ്ടാക്കി. ഒന്നാമത്തേത് മധ്യപ്രദേശിലെ അംബേദ്കറുടെ ജന്മഗ്രാമം. രണ്ട്, ലണ്ടനിൽ പഠിച്ചപ്പോൾ അംബേദ്കർ താമസിച്ച വീട്. മൂന്ന്, നാഗ‌്പുരിലെ ദീക്ഷാഭൂമി. അംബേദ്കറും അനുയായികളും ബുദ്ധമതത്തിലേക്ക് പരിവർത്തനംചെയ്ത സ്ഥലം. നാല്, അംബേദ്കർ ഡൽഹിയിൽ അന്തരിച്ച വീട്. അഞ്ച്, ചൈത്യ ഭൂമി–- - മുംബൈയിൽ അംബേദ്കറെ സംസ്കരിച്ച സ്ഥലം. 1968 ഡിസംബർ 6 ന് ഡൽഹിയിൽ അന്തരിച്ച അംബേദ്കറുടെ മൃതദേഹം വിമാനമാർഗം മുംബൈയിലേക്ക് കൊണ്ടുപോകാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പണം അനുവദിച്ചിരുന്നില്ല. ഒടുവിൽ അന്നത്തെ ബോംബെയിലെ ‘ഷെഡ്യൂൾഡ് കാസ്റ്റ് ഇംപ്രൂവ്മെന്റ് ട്രസ്റ്റ്' ആണ് അതിന് പണം കൊടുത്തത്. 1968 ൽ അംബേദ്കർ അന്തരിച്ചതിനുശേഷം അദ്ദേഹത്തിന് സ്മാരകമുണ്ടായിരുന്നില്ല. അംബേദ്കറുടെ മകനായ യശ്വന്ത് റാവു അംബേദ്കറുടെ ജന്മഗ്രാമത്തിൽനിന്ന് ബോംബെയിലേക്ക് മാർച്ച് സംഘടിപ്പിച്ച് ചില്ലറത്തുട്ടുകൾ ശേഖരിച്ചാണ് 1967ൽ ചൈത്യഭൂമിയിൽ ഒരു ചെറു സ്മാരകം നിർമിക്കുന്നത്. ഭരണഘടനാശില്പിയായി വാഴ്ത്തപ്പെടുന്ന അംബേദ്കറുടെ ഛായാചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സ്ഥാപിക്കപ്പെടുന്നത് 1990 ഏപ്രിൽ 12 നാണ്. അക്കാലംവരെ, ഒരു ചെറിയ ഇടവേള ഒഴിച്ചാൽ രാജ്യം ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നുവല്ലോ.

"ഘർ വാപസി'യുടെ വക്താവായിരുന്നു അംബേദ്കർ എന്ന കള്ള പ്രചാരണവും ഇപ്പോൾ ഹിന്ദുത്വവാദികൾ നടത്തുന്നുണ്ട്. കാരണമായി പറയുന്നത്, അദ്ദേഹം സെമറ്റിക് മതങ്ങളിലേക്കല്ല, ഹിന്ദുമതത്തിന്റെ ഒരു ‘വകഭേദമായ' ബുദ്ധമതത്തിലേക്കാണ് പോയതെന്നാണ്. ബ്രാഹ്മണിക ഹിന്ദുമതത്തെ അതിശക്തമായി എതിർത്തുകൊണ്ട് നിലവിൽവന്ന പുതിയ മതമാണ് ബുദ്ധമതം. ബുദ്ധൻ ഈശ്വരനിൽപോലും വിശ്വസിച്ചിരുന്നില്ല. പിന്നീട് ബുദ്ധമതത്തെ ഇവിടത്തെ ബ്രാഹ്മണ്യം ഹിംസയിലൂടെ നിഷ്കാസനംചെയ്തു.
ഇനി ഹിന്ദുത്വവാദികളുടെ ഇന്നത്തെ "ഇന്ത്യ എന്ന ആശയത്തെ' അംബേദ്കർ ഏതെല്ലാം വിധത്തിൽ അതിരൂക്ഷമായി വിമർശിച്ചു എന്നു നോക്കാം. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയാണ് ആർഎസ്എസിന്റെ പരമലക്ഷ്യമെന്ന് അംബേദ്കർ അസന്ദിഗ്ധമായി നിരീക്ഷിക്കുകയുണ്ടായി. "ഒരു ജനത, ഒരു രാഷ്ട്രം , ഒരു നേതാവ്' (Eien volk, ein Reich, ein Furhrer) എന്ന നാസി മുദ്രാവാക്യമാണ് ആർഎസ്എസിന്റേതെന്ന് അദ്ദേഹം എഴുതി. "Pakistan or Partition Of India'(1945) എന്ന ഗ്രന്ഥത്തിൽ അംബേദ്കർ എഴുതി : “ഹിന്ദുരാജ് യാഥാർഥ്യമാകുകയാണെങ്കിൽ അത് രാജ്യത്തിന് വലിയ വിപത്തായി മാറും. ഹിന്ദുമതം, അതിന്റെ അടിസ്ഥാനമായ ജാതി, സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും എതിരാണ്. അതുകൊണ്ടുതന്നെ ജനാധിപത്യവുമായി അതിന് പൊരുത്തപ്പെടാനാകില്ല. എന്തുവില കൊടുത്തും ഹിന്ദുരാജിനെ തടയണം.''Dr. Baba Saheb Ambedkar’s Writing and Speeches(BAWS, I, 50) എന്ന ആദ്യവാള്യത്തിൽ അദ്ദേഹം ഇങ്ങനെയാണ് എഴുതിയത്: “ഹിന്ദുസമൂഹം എന്നൊന്നില്ല. അത് വിവിധ ജാതികളുടെ സഞ്ചയമാണ്. ‘ഹിന്ദുബോധം' എന്ന സംഗതിയും ഇല്ല. എല്ലാ ഹിന്ദുക്കളിലുമുള്ള ബോധം അവന്റെ/അവളുടെ ജാതിയെക്കുറിച്ചുള്ള ബോധം മാത്രമാണ്. അതുകൊണ്ടാണ് ഹിന്ദുക്കൾ ഒരു സമൂഹമോ ഒരു ദേശമോ അല്ലെന്ന് ഞാൻ പറയുന്നത്. ഇന്ത്യ സമുദായങ്ങളുടെ, ജാതികളുടെ ഒരു സഞ്ചയമാണ്. നവ ജാതിയാകാം, മതമാകാം, പ്രാദേശികമാകാം, ഭാഷാവിഭാഗങ്ങളാകാം, ന്യൂനപക്ഷങ്ങളാകാം.”
അംബേദ്കർ ശുദ്ധഹിന്ദുവാണെന്ന് ഇപ്പോൾ വിതണ്ഡവാദം ഉന്നയിക്കുന്നവർ പ്രശസ്ത രാഷ്ട്രമീമാംസകനായ ക്രിസ്റ്റാഫ് ജഫ‌്‌ലോട്ട‌് എഴുതിയ Dr. Ambedkar and Untouchability : Anaiysis and fighting caste’(2005) എന്ന ഗ്രന്ഥം വായിക്കണം. അദ്ദേഹം മൂന്ന് ശ്രദ്ധേയ വസ്തുതകൾ ചൂണ്ടിക്കാട്ടുന്നു. 1. അംബേദ്കർ ഇന്ത്യയുടെ ദേശീയ പതാകയിൽ ബൗദ്ധപ്രതീകമായ ചക്ര(Wheel of Dharma) ഉൾപ്പെടുത്തി . 2. ഇന്ത്യയുടെ നാഷണൽ എംബ്ലത്തിൽ അശോകന്റെ സിംഹങ്ങൾ ഇടംപിടിച്ചു. 3. രാഷ്ട്രപതിഭവന്റെ അസ്തിവാരത്തിൽ ഒരു ബുദ്ധസൂക്തം ആലേഖനംചെയ്തു.
എന്താണ് ഹിന്ദുയിസത്തിന്റെ അർഥം എന്നു ചോദിച്ചപ്പോൾ ഇന്ത്യയുടെ ആദ്യത്തെ വൈസ് പ്രസിഡന്റായ ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞത് ‘‘അതിന് ഒരു നിർവചനമില്ല’’ എന്നാണ്. അത് അനിർവചനീയമാണ് എന്നാണ്. കാരണം അതിൽ എന്തും, എല്ലാം ഉൾക്കൊള്ളുന്നുണ്ട് എന്നാണ്.
ആനന്ദ് തെൽതുംബദെ 2018 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ‘Republic of Caste’ എന്ന പുസ്തകത്തിൽ ആർക്കും യോജിക്കാവുന്നതും അനുഭാവപൂർണമായി വിയോജിക്കാവുന്നതുമായ ഒരു നിരീക്ഷണം അവതരിപ്പിക്കുന്നുണ്ട്. “മാർക‌്സും അംബേദ്കറും അവരുടെ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടു. മാർക്സിന് അദ്ദേഹത്തിന്റെ ഭാവനയിലുള്ള ഒരു സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കാനായില്ല. അംബേദ്കറിന് ദളിതരുടെ ദുരിതങ്ങൾ പോകട്ടെ, അദ്ദേഹത്തിന്റെ ഉൽക്കടപ്രതീക്ഷയായിരുന്ന ജാതിയുടെ നിർമൂലനവും സാധിച്ചില്ല.
മാർക്സിന്റേത് ശാസ്ത്രീയവും ദീർഘവീക്ഷണപരവുമായ സമീപനമായിരുന്നു. അംബേദ്കറിന്റേത് പെട്ടെന്ന് ഫലംകിട്ടാൻ വേണ്ടിയുള്ള ഹ്രസ്വദർശനമായിരുന്നു. ജാതിയുടെ ഉന്മൂലനത്തിന് ഒരു സമഗ്രവിപ്ലവംതന്നെ വേണം. അതിന് ഫലപ്രദമായ വർഗ- ജാതി സഖ്യം ഉരുത്തിരിയണം. പക്ഷേ, അത് നടന്നില്ല. ജാതിസംഘടനകളിൽ പലതും കമ്യൂണിസ്റ്റുകാരെ വൈരനിര്യാതനശത്രുക്കളായി കണ്ടു. ഇക്കൂട്ടർ പറഞ്ഞ കാരണം. മാർക്സിസ്റ്റുകൾ ജാതിയെ വേണ്ട രീതിയിൽ അഭിസംബോധന ചെയ്തില്ല എന്നായിരുന്നു. അത് വേറെ ചർച്ചാവിഷയമാണ്. എന്നാൽ, ഇന്ത്യയുടെ സമീപഭാവിയിൽ മാർക‌്സും അംബേദ്കറും കണ്ടുമുട്ടേണ്ടിവരും. അപ്പോൾ ഒരു ദളിതേറിയറ്റ് വിപ്ലവാ (ദളിത + പ്രോലിറ്റേറിയറ്റ‌്) അനിവാര്യമായി വരും. ജാതിയുടെ ഉന്മൂലനത്തിന് ഒരു സമഗ്ര ജനാധിപത്യവിപ്ലവം അത്യാവശ്യമാണ്, അതുപക്ഷേ, വർഗസമരത്തിലൂടെമാത്രമേ സംഭവിക്കുകയുള്ളൂ.









0 comments