സന്ധിചെയ്തു വിജയിച്ചതല്ല സമരം ചെയ്തു തോല്‍പ്പിച്ചതാണ് ...!; ജെയ്ക്ക് സി തോമസ് എഴുതുന്നു

സന്ധിചെയ്തു വിജയിച്ചതല്ല
സമരം ചെയ്തു തോല്‍പ്പിച്ചതാണ് ...!
വിണ്ടുകീറിയ മരുയിടങ്ങളില്‍ ഉറവകളുടെ പാട്ടുണരുകയാണ്...!
തോല്‍പ്പിച്ചെറിഞ്ഞത് ആര്‍എസ്എസിനെയാണ് സംഘ്‌നെയാണ്. തോല്‍വി തീര്‍ത്തത് ആരാണ്, എങ്ങനെയുമാണ്..?
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബഹുസ്വരതയുള്ള ഭാരതത്തിന്റെ ഭാവി പ്രതീക്ഷാനിര്‍ഭരമാണെന്നു തെളിയിക്കപ്പെടുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അധികാര പന്ഥാവുകളില്‍ നിന്നും നിര്‍ദയമാംവിധം ആര്‍എസ്എസ് പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയാണ്.
ഇനിയൊരു ലോക്‌സഭാ തെരഞ്ഞെടുപ്പാനന്തരം ആര്‍എസ്എസ് ആണ് അധികാരത്തിലേക്ക് എങ്കില്‍ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഒടുവിലത്തെ തെരഞ്ഞെടുപ്പ് ആവുമതെന്ന ആശങ്കാകുലമായ അഭിപ്രായം പങ്ക് വെച്ചത് സച്ചിദാനന്ദന്‍ ആയിരുന്നു.
ഡല്‍ഹിയിലെ മന്‍ഡ്യാ ഹൗസിനു സമീപമിരുന്നു കര്‍ഷക സംഘത്തിന്റെയും എസ്എഫ് ഐയുടെയും ഓഫീസ് മുറികള്‍ക്ക് മുന്‍പില്‍ നിന്ന് ലോങ് മാര്‍ച്ചാനന്തരമുള്ള ദിവസങ്ങളില്‍ രാജ്യാന്തര മാധ്യമങ്ങളെ അഭിസംബോധന ചെയ്ത സഖാക്കള്‍ കൃഷ്ണപ്രസാദും, വിജു കൃഷ്ണനും പറഞ്ഞത് ഇപ്പോഴും മുഴക്കങ്ങള്‍ തീര്‍ക്കുന്ന അനുരണങ്ങള്‍ പോലെ കാതില്‍ മുഴങ്ങുന്നുണ്ട്.
"We won't let this RSS-Modi Govt to ruin once more". കലാലയങ്ങളും,കൃഷിയിടങ്ങളും ഗര്‍ജിച്ച ഇന്ത്യ ആണ് ഇപ്പോള്‍ ചരിത്രമെഴുതുന്നത്.
ഇലക്ടറല്‍ ബേസിന്റെ ശാക്തിക ബലാബലങ്ങള്‍ക്കപ്പുറം, ഇന്ത്യന്‍ നഗരഗ്രാമാന്തരങ്ങളിലെ ഹൃദയങ്ങളില്‍ നിന്നും അവസാനത്തെ അനുഭാവിയെയും തെരുവിലിറക്കിയുള്ള ഐതിഹാസികവും ധീരവുമായ സമരങ്ങള്‍ക്ക് നമ്മുടെ പാതയോരങ്ങള്‍ അനസ്യൂതം സാക്ഷിയായി തുടരുകുയാണ്.
മഹാരാഷ്ട്രയില്‍ സിപിഐഎമ്മിന്റെ ഒരൊറ്റ നിയമസഭാംഗത്വമുള്ള മണ്ഡലത്തില്‍ നിന്നും ആരംഭിച്ച കര്‍ഷക മാര്‍ച്ച് ചെങ്കൊടി പിടിക്കുന്ന അവസാനത്തെ മനുഷ്യനെയും തൂത്തെറിയാന്‍ കോണ്‍ഗ്രസ് സഹായത്തില്‍ രൂപംകൊണ്ട ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറേയെ വരെ സമരവേദിയില്‍ എത്തിച്ചു. വിധാന്‍ സഭയില്‍നിന്ന് ഒപ്പിട്ട് നല്‍കിയ അവകാശങ്ങളുടെ ചുവടെ വിജയം കൈവരിക്കുന്ന സമരമുഖത്തേക്ക് ബാല്‍താക്കറെയുടെ സഹോദരീപുത്രന്‍ നോക്കുമ്പോള്‍ കണ്ണെത്താദൂരം പടര്‍ന്ന് പന്തലിച്ച് ചുവപ്പ് പതാകകള്‍ക്കു ഇടയില്‍നിന്നും ആയിരം കണ്ഠങ്ങളില്‍നിന്ന് ''കോമ്രഡ് ഉദ്ധവ് താക്കറെ കോ ലാല്‍സലാം' എന്ന വിളികള്‍ ഉയരുകയാണ്.
'പൊയറ്റിക് ജസ്റ്റിസ്', കാവ്യനീതിയാണ് സര്‍, കാലത്തിന്റെ കരങ്ങള്‍ക്ക് മായ്ക്കാനാവാത്ത വിധം ചില ചരിത്രസത്യങ്ങള്‍ ഇങ്ങനെ മുഖ്യധാരകളുടെ മേച്ചില്‍പുറങ്ങളില്‍ ഇടമില്ലാതായ അസംഖ്യം മനുഷ്യരിലൂടെ വെളിച്ചം തേടുക തന്നെയാണ്.
ഹൊവാര്‍ഡ് ഫാസ്റ്റ്‌ന്റെ 'സ്പാര്‍ട്ടക്കസ്'ല്‍ ജീവിത അവസാനം വരെ പോരാടി മരിക്കും അല്ലെങ്കില്‍ അടിമത്തം അവസാനിപ്പിച്ചു വിജയിക്കുമെന്ന് പ്രഖ്യാപിച്ചിറങ്ങിയ പോരാളികളാണ് തൂക്കിലേറ്റപ്പെടുന്നത്. തൂക്കിലേറ്റപ്പെടുന്ന മണിക്കൂറുകളില്‍ പ്രാണന്‍ മിന്നിമറയുന്ന ബലിക്കല്ലില്‍ വച്ചാണ് ചിതറിയ ചോരയുടെ കരുത്തുള്ള കണ്ണീരുപ്പിന്റെ ആര്‍ദ്രത പടരുന്ന ചോദ്യമുയരുന്നത് 'നമ്മള്‍ ആയിരുന്നില്ലേ ശരി എന്നിട്ടും നമ്മള്‍ എന്താണ് തോറ്റുപോകുന്നത്'.
തോറ്റു പോയ മുംബൈ മേയര്‍ സ്ഥാനമുണ്ടായിരുന്ന, ശിവസേനയുടെ കൊടിയ ക്രൂരതകളില്‍ കരുത്തില്ലാതായി എന്ന് രാഷ്ട്രീയ ശത്രുക്കള്‍ പ്രഖ്യാപിച്ച അതേ നാട്ടിലാണ് ലോങ്ങ് മാര്‍ച്ചിലൂടെ പ്രതിപക്ഷമില്ലാത്ത നിഷ്‌കാസിതമായ രാജ്യത്തിന്റെ ഒരായിരം തെരുവുകള്‍ക്ക് അഭംഗുരമായ സമരശബ്ദങ്ങളുയര്‍ത്തുവാന്‍ ഇന്ധനമായത്.
തോറ്റു പോയ,പരിഹാസങ്ങളേറ്റു വാങ്ങേണ്ടി വന്ന അതേ,പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിന്നാണ് പതിനായിരങ്ങള്‍ സമരങ്ങളുടെ ചെമ്പതാക ഉയര്‍ത്തുന്നത്.
ഒരൊറ്റ ജനപ്രതിനിധി മാത്രമുള്ള പിഡിപി ഭരിച്ചിരുന്ന ജമ്മു കശ്മീരില്‍ നിന്നാണ് കമ്യൂണിസ്റ്റുകാരനായ മുഹമ്മദ് യൂസഫ് തരിഗാമി കട്വയിലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുഞ്ഞിന്റെ സമരശബ്ദമായത്.
രാജസ്ഥാനിലെ ഇടതു സ്വാധീനമുള്ള ചില മണ്ഡലങ്ങളില്‍ നിന്നും മാത്രം ആരംഭിച്ച സമരങ്ങളാണ് അറിയപ്പെടാതെപോയ അസംഖ്യം വരുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് മുമ്പില്‍ അതിജീവനത്തിന്റെ സമരവഴികള്‍ വെട്ടിതെളിച്ചത്.
14 ജില്ലകളെ നിശബ്ദമാക്കിയ മഹാ സമരഗാഥയായി കത്തിപ്പടര്‍ന്നത്.
തമിഴ്‌നാടും തെലുങ്കാനയും ആന്ധ്രയും ത്രിപുരയും ബംഗാളും ഹിമാചലും, ഒക്കെ നിവര്‍ന്നുനിന്ന സമരങ്ങളിലെ ഇന്ദ്രപ്രസ്ഥത്തെ നോക്കിയാണ്, നിശബ്ദമായ കോണ്‍ഗ്രസിനെ സാക്ഷി നിര്‍ത്തി സമരോത്സുകമായി പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനം കമ്മ്യൂണിസ്റ്റുകാര്‍ക്കാണ് എന്ന് മലയാള മനോരമ ന്യൂസിന്റെ റിപോര്‍ട്ടര്‍ക്കു പറയേണ്ടതായി വന്നത്.
പ്രതിപക്ഷം നിഷ്പ്രഭമായി ഇന്ത്യയില്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ മുതല്‍ സാമൂഹ്യ ശാസ്ത്രജ്ഞരുടെ വരെ തലയറുത്ത ചോരചിതറിയ മണ്ണില്‍ വീണ്ടും മനുഷ്യരുടെ ജീവിരക്തത്തില്‍ കുളിച്ച സംഘ പതാകകള്‍ ഉയര്‍ന്നപ്പോഴാണ്,ഭാവിയിലും വര്‍ത്തമാനത്തിലും ഇന്ത്യ അപകടത്തിലായ അടരുകളിലാണ് ഐതിഹാസികവും ത്യാഗപൂര്‍ണമായ മഹാസമരങ്ങള്‍ ശിരസ്സുയര്‍ത്തുന്നത്.
ഇലക്ടറല്‍ ബേസിനെ പണയംവെച്ച് പതാകയെടുക്കാതെ ആര്‍എസ്എസിന് കീഴില്‍ അണികളെ പറഞ്ഞയച്ചവര്‍ നിലപാട് തിരുത്താതെ ഒരു വിജയഘട്ടത്തിലും ആശ്വസിക്കാന്‍ വഴിയില്ല. കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ സാധ്യതകള്‍ തെളിഞ്ഞ മിസോറാമിലും തെലുങ്കാനയിലും ഇരുകൂട്ടരും നിര്‍ദ്ദയമാംവിധം തഴയപ്പെട്ടത് തിരുത്തേണ്ട നയങ്ങളെയല്ലാതെ മറ്റെന്തിനെയാണ് ഓര്‍മിപ്പിക്കുന്നത്.
കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ ജി രാമന്‍ നായര്‍, രാമന്‍നായര്‍ ജീ ആയി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയതും, കോണ്‍ഗ്രസ് നേതാവും വനിതാ കമ്മീഷന്‍ അംഗവുമായിരുന്ന ജെ പ്രമീളാദേവി, പ്രമീളാദേവി ജി ആയതും മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തില്‍ ആര്‍എസ്എസ് വേദിയിലെത്തിയതും കോണ്‍ഗ്രസ് ഓര്‍ക്കണം. ഇതെഴുതിയ അവസാനിപ്പിക്കുമ്പോള്‍ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ നിന്നും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ഇടതുപക്ഷത്തെ ഭരണത്തില്‍ നിന്ന് പുറത്താക്കിയ വാര്‍ത്തകള്‍ വരികയാണ്.
നിരപരാധികളായ അനേകം മനുഷ്യരുടെ ജീവിരക്തത്തില്‍ സ്‌നാനം ചെയ്ത് ഒരു സംഘഭീകരതയ്ക്കും ഈ നാടിനെ വിട്ടുതരില്ല എന്നുള്ള പ്രഖ്യാപനത്തിനു ഇടതുപക്ഷം ജീവിതംകൊണ്ട് കാവല്‍നിന്നാണ് ഈ നാടിനെ സംരക്ഷിക്കുന്നത്.
'റബ്ബര്‍ തന്റെ ആത്മമിത്രമായ പെന്‍സിലിനോട് പറയുന്നുണ്ട്
നീ വരയ്ക്കുന്നത്, പിഴയ്ക്കും എന്ന് ഉറപ്പുള്ളതുകൊണ്ട്
ഞാനിവിടെത്തന്നെ ഉണ്ടാവേണ്ടതുണ്ട്'
ചെങ്കോട്ടയില്‍ ചെങ്കൊടി പാറുന്നതു കാണാന്‍ മാത്രമല്ല ഹൃദയം നുറുങ്ങുന്ന അവസാന മനുഷ്യനുമുള്ള നാള്‍ വരെ, ആത്മഹത്യാ അഭയമാകേണ്ട കര്‍ഷകത്തൊഴിലാളികള്‍ ഉള്ള കാലം വരെ, അഭ്യസ്തവിദ്യര്‍ തൊഴില്‍തെണ്ടി നടക്കേണ്ടി വരുന്ന അവസാന കാഴ്ച വരെയും, വിദ്യാഭ്യാസം സ്വപ്നമായ മാറുന്ന വിദ്യാര്‍ഥികള്‍ ഉള്ള കാലം വരെ, തെരുവില്‍ മാനം ഭേദ്യം ചെയ്യുന്ന നരാധമന്മാര്‍ ഉള്ള കാലം വരെയും, വര്‍ഗീയത മാനവീകതയെ വെല്ലുവിളിക്കുന്ന അവസാന നിമിഷം വരെയും, മനുഷ്യ സംബന്ധിയായ സകലതിനെയും ഹൃദയത്തിലേറ്ററ്റുവാങ്ങാന്‍ ഈ പതാക ഇവിടിങ്ങനെ കൂടുതല്‍ കരുത്തോടെ ഉണ്ടാവേണ്ടത് തന്നെയുണ്ട്. സന്ധി ചെയ്യുന്നവര്‍ക്കിടയില്‍ നിന്ന്,ആര്‍ജവത്തോടെ സമരം ചെയ്തു തോല്‍ക്കാത്ത നാടിനു കാവല്‍ നില്ക്കാന്‍.









0 comments