ഓഖി : അതിജീവനത്തിന്റെ ഒരുവർഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2018, 05:45 PM | 0 min read


സുനാമി ദുരന്തത്തിന് ശേഷം മത്സ്യത്തൊഴിലാളിമേഖല കണ്ട അപ്രതീക്ഷിതമായ വലിയ ദുരന്തമായിരുന്നു 2017 നവംബർ 29ലെ ഓഖി ദുരന്തം. കേരളതീരം ഒരു സുരക്ഷിത തീരമാണ് എന്ന നമ്മുടെ ധാരണയെ തകിടംമറിച്ചുകൊണ്ടായിരുന്നു,  തികച്ചും അപ്രതീക്ഷിതമായി ഗതിമാറി തീരത്തേക്ക് എത്തി നാശംവിതച്ച ഓഖി ചുഴലിക്കാറ്റ്.

തീരത്തുനിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ അപ്പുറത്തുള്ള ഉൾക്കടലിലായിരുന്നു ഓഖി കൊടുങ്കാറ്റിന്റെ പ്രഹരശേഷി കേന്ദ്രീകരിച്ചത്. ഇത് രക്ഷാപ്രവർത്തനത്തെ ഏറ്റവും ദുഷ്കരമാക്കി. എങ്കിൽപോലും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ  വിവിധ വകുപ്പുകളെയും ഏജൻസികളെയും  നാവിക, വ്യോമ, തീരരക്ഷാസേനകളെയും ഏകോപിപ്പിച്ച്  സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു നടത്തിയത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസവും
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനവും അതിനെ തുടർന്ന് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും  ഇപ്പോഴും തുടരുന്ന പുനരധിവാസ പ്രവർത്തനങ്ങളും സംസ്ഥാനത്തെയും രാജ്യത്തെയും പുനരധിവാസചരിത്രത്തിൽ  പുതിയ മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളത്.  ഓഖിയിൽ മരണപ്പെടുകയോ കാണാതാകുകയോ ചെയ്ത 143 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 20 ലക്ഷം രൂപ വീതം 28.6 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ലഭ്യമാക്കി. സംസ്ഥാനത്ത് 143 മത്സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവനാണ് ഓഖി ദുരന്തത്തിൽ കടലിൽ പൊലിഞ്ഞുപോയത്. ഇതിൽ 52 പേർ മരണമടഞ്ഞവരുടെ പട്ടികയിലും 91 പേർ മൃതദേഹങ്ങൾ കണ്ടെത്താനാകാത്തതിനാൽ കണാതായവരുടെ പട്ടികയിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്.  നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം കാണാതായവരെ മരിച്ചുപോയവരായി  കണക്കാക്കി എന്തെങ്കിലും ആനുകൂല്യം നൽകുന്നതിന് ഏഴുവർഷം  കഴിയേണ്ടതുണ്ട്. ഇവിടെയാണ് ജനകീയ സർക്കാർ ദുരന്തത്തിൽ  അകപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയത്.

ഓഖി ദുരന്തം ഉണ്ടായ ഉടൻതന്നെ അടിയന്തര ധനസഹായമായി 2000 രൂപവീതം 1,14,032 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അനുവദിക്കുകയും  അതിനായി 22.80 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. ഓഖിയിൽ പൂർണമായും വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സ്ഥലവും വീടും വാങ്ങുന്നതിന് 10 ലക്ഷം രൂപവീതം ആകെ 7.62 കോടി രൂപ അനുവദിക്കുകയും പദ്ധതിപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പൂർണമായും  വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപവീതം ജില്ലാ കലക്ടർമാർ മുഖേന വീട്ടുവാടക നൽകിവരുന്നു. ഇതിനായി 26.64 ലക്ഷം രൂപ അനുവദിച്ചു. ഓഖിയിൽ ഭാഗികമായി വീട് നഷ്ടപ്പെട്ട 458 മത്സ്യത്തൊഴിലാളി ഭവനങ്ങൾ  പുനരുദ്ധരിക്കുന്നതിന് 2.02 കോടി രൂപ അനുവദിച്ചു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ
കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനായി മൂന്ന് മറൈൻ ആംബുലൻസുകൾ കൊച്ചിൻ ഷിപ്പ്യാർഡ് മുഖേന നിർമിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഇതിനാവശ്യമായ 18.24 കോടി രൂപയിൽ 7.36 കോടി ഓഖി ഫണ്ടിൽനിന്ന് അനുവദിച്ചു. മത്സ്യബന്ധനോപകരണങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് അഞ്ചുഘട്ടങ്ങളായി 6.76 കോടി രൂപ അനുവദിച്ചു.  കടലിൽ മത്സ്യബന്ധനത്തിനുപോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി 40,000 പേർക്ക് ലൈഫ്  ജാക്കറ്റ് നൽകുന്നതിനായി 6.10 കോടി രൂപ അനുവദിച്ചു. 15,000 മത്സ്യത്തൊഴിലാളികൾക്ക് നാവിക് ഉപകരണങ്ങൾ നൽകുന്നതിന് 15.93 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. 1000 മത്സ്യത്തൊഴിലാളികൾക്ക് സാറ്റ് ലൈറ്റ് ഫോൺ നൽകുന്നതിന് 9.62 കോടി രൂപ അനുവദിച്ചു. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനായി പ്രത്യേക പരിശീലനം നൽകി 900 പേരുൾപ്പെടുന്ന കടൽസുരക്ഷാ സ്ക്വാഡ് രൂപീകരിക്കുന്നതിനും 300 മത്സ്യബന്ധനയാനങ്ങളെ കടൽപ്രവർത്തനത്തിന് അനുവദിച്ച് സജ്ജമാക്കുന്നതിനും 7.15 കോടി രൂപ അനുവദിച്ചു.

എൽഡിഎഫ് സർക്കാർ  കൂടെയുണ്ട്
ഓഖി ദുരന്തത്തിൽ മരണപ്പെടുകയും കാണാതാകുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കളായ 318 പേർക്ക്, ഡിഗ്രിതലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുന്നതിനും ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത ട്രെയ്നിങ് കോഴ്സുകൾ സൗജന്യമായി നൽകുന്നതിനും 13.92 കോടി രൂപ സർക്കാർ അനുവദിച്ചു. അതിൽ  ഈ വർഷം ആവശ്യമായ 56.95 ലക്ഷം രൂപ വിതരണം ചെയ്തു.  ഓഖിയിൽ മരണപ്പെടുകയും കാണാതാകുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരിൽ പത്താംതരത്തിൽതാഴെ വിദ്യാഭ്യാസം ഉള്ളതും 40 വയസ്സിൽതാഴെ പ്രായമുള്ളവരുമായ 42 പേർക്ക്  മത്സ്യഫെഡിന്റെ മുട്ടത്തറയിലെ നെറ്റ് ഫാക്ടറിയിൽ ജോലി നൽകി. അങ്ങനെ ആകെ ഇതുവരെ 128 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിവരുന്നത്.

പുതിയ പദ്ധതികൾ
ദുരന്തംമൂലം മത്സ്യബന്ധന യാനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിൽ 120 മത്സ്യബന്ധന യാനങ്ങൾ നൽകുന്നതിനുള്ള 9.88 കോടി രൂപയുടെ ഒരു പദ്ധതിയും ദുരന്തമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതിന്  വിഴിഞ്ഞത്ത് ആരംഭിക്കുന്ന  നാല് കോടി രൂപ അടങ്കലുള്ള മത്സ്യസംസ്കരണ യൂണിറ്റും സീഫുഡ് കിച്ചനും ഉൾപ്പെടുന്ന മറ്റൊരു പദ്ധതിയുംകൂടി ഇതിനു പുറമെ  ഉടൻ നടപ്പാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

ദുരന്തത്തിലുണ്ടായ നഷ്ടം വിലയിരുത്താൻ കേന്ദ്രം നിയോഗിച്ച സംഘം അടിയന്തര സഹായമായി സംസ്ഥാനത്തിന് 416 കോടി രൂപ ശുപാർശ ചെയ്തിട്ടുപോലും  കേവലം 111 കോടി രൂപയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്രസർക്കാർ അനുവദിച്ചത്.

കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട്
ദുരന്തത്തിനിരയായ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളോടുള്ള  കേന്ദ്രസർക്കരിന്റെ   നിഷേധാത്മകമായ നിലപാട്  ഇൗ അവസരത്തിൽ  പരാമർശിക്കാതിരിക്കാൻ വയ്യ.  ദുരന്തത്തിലുണ്ടായ നഷ്ടം വിലയിരുത്താൻ കേന്ദ്രം നിയോഗിച്ച സംഘം അടിയന്തര സഹായമായി സംസ്ഥാനത്തിന് 416 കോടി രൂപ ശുപാർശ ചെയ്തിട്ടുപോലും  കേവലം 111 കോടി രൂപയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്രസർക്കാർ അനുവദിച്ചത്. തുക ചെലവഴിക്കുന്നതിന് കാലോചിതമല്ലാത്ത മാനദണ്ഡങ്ങളാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത് എന്നതാണ് മറ്റൊരു വെല്ലുവിളി. തീരപ്രദേശത്ത ഒരു വീട് പൂർണമായും നഷ്ടപ്പെട്ടാൽ നിലവിലുള്ള കേന്ദ്രമാനദണ്ഡമനുസരിച്ച് 95000 രൂപയുടെ ധനസഹായത്തിനേ അർഹതയുള്ളൂ. ഒരു മത്സ്യബന്ധന യാനം പൂർണമായി നഷ്ടപ്പെട്ടാൽ നൽകാവുന്ന പരമാവധി ധനസഹായം കേവലം 7500 രൂപയാണ്.  ഇതുപോലെ കേരളത്തിൽ ഒട്ടും പ്രയോഗികമല്ലാത്ത മാനദണ്ഡങ്ങളാണ് കേന്ദ്രസർക്കാർ അനുവദിക്കുന്ന ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിന് നിഷ്കർഷിച്ചിട്ടുള്ളത്.  ഓഖിയിൽ തകർക്കപ്പെട്ട സംസ്ഥാനത്തെ മത്സ്യമേഖലയുടെയും ഇതരമേഖലകളുടെയും പുനഃസ്ഥാപനത്തിന് സംസ്ഥാന സർക്കാർ തയ്യാറാക്കി സമർപ്പിച്ച 7340 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് കേന്ദ്രം കണ്ടതായി ഭാവിച്ചിട്ടില്ല.

നാളത്തെ തലമുറയ്ക്ക് മാതൃക
അർഹമായ കേന്ദ്രവിഹിതം ലഭിക്കാഞ്ഞിട്ടും മത്സ്യമേഖലയുടെ സമഗ്രവികസനത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കാനാണ്  സംസ്ഥാന സർക്കാർ 2018‐19 ലെ ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോൾ ചെയ്തുതീർത്ത പദ്ധതികളും പൂർത്തിയാകുന്ന പദ്ധതികളും പരിശോധിച്ചാൽ ഇന്ത്യയിൽത്തന്നെ ഒരു സംസ്ഥാനവും ഇത്രയും ഫലപ്രദമായ  ദുരിതാശ്വാസ പ്രവർത്തനം ചിട്ടയായി ചെയ്തിട്ടില്ലെന്ന് കാണാൻ കഴിയും.  സുതാര്യമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ദുരിതാശ്വാസ പുനരുദ്ധാരണ‐ പുനർനിർമാണ പ്രവർത്തനങ്ങൾ നാളത്തെ  തലമുറയ്ക്ക് മാതൃകയാകുമെന്ന കാര്യത്തിൽ  ഒരു സംശയവുമില്ല.

 



deshabhimani section

Related News

View More
0 comments
Sort by

Home