മോഡിയുടെ തൊപ്പി മറ്റൊരു ‘ഫാൻസി ഡ്രസ‌്’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2018, 05:43 PM | 0 min read


തൊപ്പി വെറും തൊപ്പിയല്ല, തൊപ്പി ഒരു രാഷ്ട്രീയപ്രതീകം കൂടിയാണ്. ആ രാഷ്ട്രീയപ്രതീകത്തെ ഏറ്റവും സമർഥമായി ഉപയോഗിച്ചത് ഫ്രഞ്ച് വിപ്ലവകാലത്താണ്. അത് ലിബർട്ടി തൊപ്പി എന്നറിയപ്പെട്ടു. പിന്നീട് തൊപ്പിയെ സാമ്രാജ്യത്വത്തിനെതിരെയുള്ള രാഷ്ട്രീയമണ്ഡലത്തിലേക്ക് കൊണ്ടു വരുന്നത് മഹാത്മാഗാന്ധിയാണ്. പിന്നീട് ഇതേ തൊപ്പി മാർട്ടിൻലൂഥർ കിങ്ങിന്റെ അണികൾ രാഷ്ട്രീയമായി ഉപയോഗിച്ചു. ഈ അടുത്തകാലത്ത് അഴിമതിവിരുദ്ധ സമരത്തിന് അണ്ണാഹസ്സാരെയും കൂട്ടരും ഇതേ തൊപ്പിതന്നെയാണ് അണിഞ്ഞത്. പക്ഷേ മോഡി ധരിച്ചത് ഗാന്ധിയുടെ തൊപ്പിയല്ല, നേതാജിയുടെ തൊപ്പിയാണ്. മോഡി വെറും തൊപ്പിയിലാണെന്ന് മോഡിഭക്തരായ  ഹിന്ദുത്വവാദികൾക്കുമാത്രമേ ഇതുവരെ മനസ്സിലാകാതെയുള്ളൂ. പറഞ്ഞുവരുന്നത്, ആദ്യം മഹാത്മാഗാന്ധിയെയും പിന്നെ ഭഗത്സിങ്ങിനെയും പിന്നീട് പട്ടേലിനെയും ഒടുവിൽ ഡോ. ബി ആർ അംബേദ്കറെയും സ്വന്തമാക്കാൻ നിങ്ങൾ കാണിച്ച തന്ത്രത്തെയാണ‌്. ഇപ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസാണ് നിങ്ങളുടെ താരം. ആസാദ‌് ഹിന്ദ‌് ഫൗജിന്റെ  വാർഷികത്തിൽ ചെങ്കോട്ടയിലാണ‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി പതാക ഉയർത്തിയത‌്.  ബർമ വഴി സുഭാഷിന്റെ സൈന്യം വരുമ്പോൾ വി ഡി സവർക്കർ ബ്രിട്ടീഷുകാർക്ക് എഴുതിയ കത്തുകൾ വീണ്ടും വീണ്ടും ആവർത്തിച്ചുവായിക്കുക.

അവരെ തകർക്കാൻ എന്ത് സഹായവും ഹിന്ദു മഹാസഭ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് നൽകുമെന്ന‌് ഒരു ഡസനിലധികം എഴുത്തുകളിലൂടെ പ്രസ‌്താവിച്ച ഒരു ബ്രിട്ടീഷ് പിണിയാളായിരുന്നു സവർക്കർ. രണ്ടാം ലോകമഹായുദ്ധത്തിൽ നേതാജിയുടെ സഖ്യതന്ത്രത്തിലും അന്താരാഷ്ട്ര തന്ത്രജ്ഞതയോടുള്ള വിയോജിപ്പും ഉള്ളപ്പോൾ കൂടിയും അദ്ദേഹം മതേതരവാദിയും  ഉന്മത്തമായ ദേശസ്നേഹത്താൽ അന്താരാഷ്ട്ര രാഷ്ട്രീയപരിഗണനകളെ അഗണ്യകോടിയിൽ തള്ളി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടണമെന്ന് ഉൽക്കടമായി വ്യാമോഹിച്ച ചരിത്രപുരുഷനായിരുന്നു.

പക്ഷേ, ആ വ്യർഥമോഹത്തിനിടയിലും അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെട്ടു. ഏത് ഹിന്ദുമഹാസഭക്കാരനാണ്, ഏത് ആർഎസ്എസ്കാരനാണ് സ്വാതന്ത്ര്യസമരത്തിൽ ജീവത്യാഗം സംഭവിച്ചത്?  ബ്രിട്ടീഷുകാരുടെ കങ്കാണികളായി പ്രവർത്തിച്ച നിങ്ങൾക്ക്, അതിനെ അനുകൂലിച്ച നിങ്ങൾക്ക് എന്ത് സംഭവിക്കാൻ? ഇനി ബർമ വഴി ചിറ്റഗോങ്ങിലേക്ക് ആസാദ് ഹിന്ദ് ഫൗജ് മുന്നേറുമ്പോൾ സാക്ഷാൽ സവർക്കർ ബ്രിട്ടീഷ് അധികാരികൾക്ക് എഴുതിയ കത്തുകൾ ലഭ്യമാണ്. വിസ്താരഭയംകാരണം അതിവിടെ പൂർണമായും ഉദ്ധരിക്കുന്നില്ല. രത്നച്ചുരുക്കം പറയാം. നേതാജിയുടെ ആസാദ് ഫൗജിനെ സർവശക്തമായി നേരിടാൻ ഹിന്ദുമഹാസഭയുടെ അണികളെ അണിനിരത്താം എന്നായിരുന്നു അത്.
 



deshabhimani section

Related News

View More
0 comments
Sort by

Home