മോഡി തൊഴിലിന്റെ അന്തകൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2018, 12:46 PM | 0 min read

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരും തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന അവകാശവാദങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സർക്കാരിനെ പിന്തുണയ‌്ക്കുന്ന ചില സാമ്പത്തിക വിദഗ‌്ധർ  അവകാശപ്പെടുന്നത് 2017ൽ മാത്രം ഒന്നരക്കോടി തൊഴിലവസരം സൃഷ്ടിച്ചെന്നാണ‌്. എന്നാൽ, ഈ അവകാശവാദങ്ങളെ ആധികാരികമായിത്തന്നെ മഹേഷ് വ്യാസിനെപ്പോലുള്ള സാമ്പത്തിക വിദഗ‌്ധർ തുറന്നുകാണിക്കുന്നു. സെന്റർ ഫോർ മോണിറ്ററിങ‌് ഓഫ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ തലവൻകൂടിയായ വ്യാസ് പറയുന്നത് 15 ലക്ഷം തൊഴിലവസരംമാത്രമാണ‌് സൃഷ്ടിച്ചതെന്നാണ്.  സർക്കാർ അവകാശവാദത്തിന്റെ പത്തിലൊന്നുമാത്രം.

ഇതോടെ മോഡി സർക്കാർ തൊഴിലവസരത്തെക്കുറിച്ചും തൊഴിലില്ലായ‌്മയെക്കുറിച്ചുമുള്ള സത്യം മൂടിവയ‌്ക്കാൻ  എല്ലാ ശ്രമവും നടത്തിവരികയാണ്. പാർലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റിയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം സംബന്ധിച്ച (ജിഡിപി) റിപ്പോർട്ട‌് പുറത്തുവരാതിരിക്കാൻ ചില ബിജെപി എംപിമാർ ശ്രമിച്ചുവരികയാണെന്ന റിപ്പോർട്ടും കഴിഞ്ഞദിവസങ്ങളിൽ പുറത്തുവരികയുണ്ടായി. റിപ്പോർട്ട് പുറത്തുവന്നാൽ തൊഴിലവസരങ്ങൾ സംബന്ധിച്ച സർക്കാരിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന‌്  തെളിയുമെന്നതിനാലാണിത്.  

തൊഴിലില്ലായ‌്മ വർധിക്കുന്നു
നേരത്തെ നന്ദ്രേ മോഡിതന്നെ പറഞ്ഞു ‘പക്വട ഉണ്ടാക്കുന്നതും' ഒരു തരം തൊഴിലാണെന്ന‌്. വർധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ‌്മയെക്കുറിച്ചുള്ള പൊള്ളുന്ന യാഥാർഥ്യമാണ്  ദിവസം  കഴിയുന്തോറും ബോധ്യമാകുന്നത്.
അടുത്തിടെ, സെപ്തംബർ 17ന്  ഗ്രൂപ്പ് ഡിക്ക് സമാനമായ ലെവൽ വൺ ജോലിക്കുവേണ്ടി റെയിൽവേ റിക്രൂട്ട്മെന്റ് നടത്തിയ പരീക്ഷയിൽ 1.9 കോടി പേരാണ് ഹാജരായത്. 62,907 ഒഴിവുകളാണ് ആകെയുള്ളത്.  ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഡിപ്പാർട്മെന്റുകളിലെ ഗാങ‌്മാൻ, ഗെയിറ്റ്മാൻ, ഹെൽപ്പർമാർ എന്നീ പോസ്റ്റിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. പരീക്ഷയെഴുതിയതിൽ ഭൂരിപക്ഷവും ബിരുദാനന്തര ബിരുദധാരികളായിരുന്നു.

നേരത്തെ ഉത്തർപ്രദേശിൽ 400 ക്ലാസ് ഫോർ ജീവനക്കാരെ കണ്ടെത്താൻ നടത്തിയ പരീക്ഷയിൽ 23 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ അര ലക്ഷം പേർ ബിരുദധാരികളായിരുന്നു. അതുപോലെ കഴിഞ്ഞ വർഷം പശ്ചിമ ബംഗാളിൽ ക്ലാസ് ഫോർ, ഗ്രൂപ്പ് ഡി വിഭാഗങ്ങളിലായുള്ള 6000 ഒഴിവിലേക്ക് നടത്തിയ പരീക്ഷയിൽ 25 ലക്ഷം പേരാണ് പങ്കെടുത്തത്.  ഇവരിൽ പലരും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമാണ്. മുംബൈയിൽ 1137 പൊലീസ് കോൺസ്റ്റബിൾ ഒഴിവിലേക്ക് നടത്തിയ പരീക്ഷയിൽ രണ്ട് ലക്ഷം പേരാണ് പങ്കെടുത്തത്. അടിസ്ഥാന യോഗ്യത 12 –ാം  ക്ലാസായിരുന്നു. എന്നാൽ, അപേക്ഷകരിൽ 543 പേർ ബിരുദാനന്തര ബിരുദധാരികളും 425 പേർ ബിരുദധാരികളുമായിരുന്നു.

ഇതെല്ലാം വിരൽചൂണ്ടുന്നത് തൊഴിലന്വേഷകരുടെ എണ്ണം വളരെ കൂടുതലാണെന്നതാണ്.  രണ്ടാമതായി പല അപേക്ഷകരും ആവശ്യപ്പെട്ടതിനേക്കാൾ യോഗ്യതയുള്ളവരാണെന്നതാണ്.  വിദ്യാസമ്പന്നരായ യുവജനങ്ങളിലെ വർധിച്ച തൊഴിലില്ലായ്മയാണ് ഇവിടെ വെളിച്ചം കാണുന്നത്.  ‘തൊഴിലെടുക്കുന്ന ഇന്ത്യയുടെ അവസ്ഥ' എന്ന പേരിൽ അസിം പ്രേംജി സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ യാഥാർഥ്യം ബോധ്യപ്പെട്ടത്. രാജ്യത്തെ മൊത്തം തൊഴിലില്ലായ്മയുടെ മൂന്നിരട്ടിയിലധികമാണ് ബിരുദമുള്ളവർക്കിടയിലെ തൊഴിലില്ലായ‌്മയെന്ന‌് ഈ പഠനം കണ്ടെത്തി. അതുപോലെ പ്രായംകുറഞ്ഞ ഉന്നത വിദ്യാഭ്യാസം നേടിയവർക്കിടയിലെ തൊഴിലില്ലായ‌്മ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്നും ഈ പഠനം പറയുന്നു. ഇത്തരക്കാരായ 2.3 കോടി തൊഴിലില്ലാത്തവരുണ്ടെന്നും അതിൽ 90 ലക്ഷം പേരും ബിരുദധാരികളോ അതിൽ കൂടുതൽ വിദ്യാഭ്യാസം നേടിയവരാണോ എന്നും വെളിപ്പെട്ടു.

സുരക്ഷിതത്വമില്ലാത്ത ജോലി
ഈ പഠനത്തിൽ വ്യക്തമാക്കപ്പെട്ട മറ്റൊരു കാര്യം തൊഴിലന്വേഷകരിൽ ഭൂരിപക്ഷവും സർക്കാർ ജോലിക്ക് പ്രാമുഖ്യം നൽകുന്നവരാണെന്ന കാര്യമാണ്. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ‌് സൊസൈറ്റീസ് 2007നും 2016നും ഇടയിൽ നടത്തിയ ദേശീയ യൂത്ത് സർവേയനുസരിച്ച് സർക്കാർ ജോലിക്ക‌് പ്രാമുഖ്യം നൽകുന്നവരുടെ എണ്ണം 62 ശതമാനത്തിൽനിന്ന‌് 65 ശതമാനം ഉയർന്നതായും കണ്ടെത്തി.  

ഇതിന് പ്രധാനകാരണം നിലവിൽ തൊഴിൽ ലഭിക്കുന്നത് അനൗപചാരികമേഖലയിലാണെന്നതാണ്. അവിടെയാണെങ്കിൽ ജോലിക്ക് ഒരു സുരക്ഷിതത്വവുമില്ല.  വരുമാനം കുറവും മോശം തൊഴിൽസഹാചര്യവുമാണ്. അതിനാലാണ‌് ബിരുദാനന്തര ബിരുദക്കാരും എൻജിനിയർമാരും റെയിൽവേയിലും മറ്റ‌് സർക്കാർ സർവീസുകളിലും ഉള്ള ക്ലാസ് ഫോർ ജോലിക്കുപോലും അപേക്ഷ നൽകുന്നത്. ഇതുവഴി സ്ഥിരം തൊഴിലും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയാണവർക്കുള്ളത്.

നവ ഉദാരവൽക്കരണനയം
വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന മോഡി സർക്കാരിന്റെ അവകാശവാദങ്ങൾക്ക‌് തീർത്തും വിരുദ്ധമായി സർക്കാർ കൈക്കൊള്ളുന്ന നയങ്ങൾതന്നെയാണ്  തൊഴിലിന്റെ അന്തകനാകുന്നത്.  ഇതിൽ ഏറ്റവും പ്രധാനമാണ് 500 രൂപയുടെയും 1000 രൂപയുടെയും കറൻസി 2016 നവംബറിൽ നിരോധിച്ച നടപടി.  ഇതുകൊണ്ടുമാത്രം 35 ലക്ഷം തൊഴിൽ നഷ്ടമായെന്നാണ് സിഎംഐഇയുടെ പഠനം പറയുന്നത‌്.

കറൻസി പിൻവലിച്ചതോടെ സ്ത്രീത്തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതായും സിഎംഐഇ റിപ്പോർട്ട്  ചൂണ്ടിക്കാട്ടുന്നു. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ സ‌്ത്രീത്തൊഴിലാളികളുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ.  

മോഡി സർക്കാർ നാലരവർഷത്തെ ഭരണം പൂർത്തിയായപ്പോൾ തൊഴിൽ സംബന്ധിച്ച കണക്കുകൾ അടിവരയിടുന്നത് നവ ഉദാരവൽക്കരണ വളർച്ചയിൽ തൊഴിൽ സൃഷ്ടിക്കുന്നില്ലെന്നായിരുന്നു. സർക്കാരിന്റെ കണക്കനുസരിച്ച് ഈ സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ, ഏപ്രിൽമുതൽ ജൂൺവരെ, ഡിജിപി വളർച്ച നിരക്ക് 8.2 ശതമാനമായിരുന്നു. ഇതേ കാലയളവിൽ  തൊഴിൽവളർച്ചയിൽ ഒരു ശതമാനം കുറവ് രേഖപ്പെടുത്തുകയാണുണ്ടായത്.

ജിഡിപി വളർച്ച നിരക്ക് ഉയർന്നപ്പോൾ തൊഴിലില്ലായ‌്മാ നിരക്കും 6.4 ശതമാനമായി ഈ ആഗസ‌്തിൽ ഉയർന്നു. ജൂലൈയിൽ ഇത് 5.6 ശതമാനമായിരുന്നു. 2017 ആഗസ‌്തിൽ 4.1 ശതമാനവും. ഒരു വർഷത്തിനകം തൊഴിലില്ലായ‌്മയിൽ രണ്ടര ശതമാനത്തിന്റെ വർധന ഉണ്ടായി.  ഒാരോ വർഷവും തൊഴിൽതേടിയെത്തുന്ന 1.2 കോടി പേർക്ക് തൊഴിൽ നൽകുംവിധം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മോഡി സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു.

മോഡി സർക്കാരിന്റെ നയങ്ങൾ കാരണം കാർഷികമേഖല പ്രതിസന്ധിയിലായപ്പോൾ  ഗ്രാമീണമേഖലയിലെ തൊഴിലില്ലായ‌്മ കുത്തനെ ഉയർന്നു.  തൊഴിലെടുക്കുന്നവരിൽ 50 ശതമാനവും കാർഷികമേഖലയിലാണുള്ളത്. സ്വകാര്യവൽക്കരണനയവും അടിസ്ഥാന സർവീസുകളെല്ലാം കമ്പോളവൽക്കരിച്ചതുമാണ് ഭൂരിപക്ഷം തൊഴിലും അനൗപചാരികമേഖലയിലാകാൻ കാരണം. ഏറ്റവും കൂടുതൽ ചൂഷണം നടക്കുന്ന മേഖലയാണിത്.  മിനിമം കൂലിയോ ജോലിസുരക്ഷയോ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളോ ഇവർക്കില്ല.

മറ്റൊരു മാർഗവുമില്ലാത്തവരുടെ മുമ്പിലുള്ള ഏക ഉപാധി സ്വയംതൊഴിൽ കണ്ടെത്തുക എന്നതുമാത്രമാണ്. ആശയറ്റ ഈ ജനവിഭാഗങ്ങളോടാണ് ‘പക്വട ഉണ്ടാക്കി' അന്തസ്സുള്ള ജീവിതം നയിക്കാമെന്ന് മോഡി ഉപദേശിച്ചത്. ഇന്ത്യയിലെ യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിലും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന വളർന്നുവരുന്ന തൊഴിൽശക്തിക്ക് മെച്ചപ്പെട്ട ജീവിതവും പ്രദാനം ചെയ്യുന്നതിന് ആദ്യംവേണ്ടത് നവ ഉദാരവൽക്കരണനയം ഉപേക്ഷിക്കുകയാണ്. അതിനു പകരമായി തൊഴിൽ അവസരങ്ങൾക്ക‌് പ്രാമുഖ്യം നൽകുന്ന ബദൽ നയങ്ങൾ പകരംവയ‌്ക്കണം.



deshabhimani section

Related News

View More
0 comments
Sort by

Home