ഗ്രന്ഥശാലാദിനവും പുനർനിർമാണവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2018, 04:40 PM | 0 min read


1945 സപ്തംബർ 14 കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പൂർവരൂപമായ അഖില തിരുവതാംകൂർ ഗ്രന്ഥശാലാസംഘത്തിന്റെ രൂപീകരണ സമ്മേളനം നടന്ന ദിവസം. അമ്പലപ്പുഴയിൽ പി എൻ പണിക്കർ വിളിച്ചുചേർത്ത ഗ്രന്ഥശാലാ പ്രവർത്തകരുടെ യോഗത്തിൽ സംബന്ധിച്ചത് 47 ഗ്രന്ഥശാലകളുടെ പ്രവർത്തകർ. തിരുവതാംകൂർ ഗ്രന്ഥശാലാസംഘം തിരുകൊച്ചി ഗ്രന്ഥശാലാസംഘമായതും കേരളപ്പിറവിയോടെ കേരള ഗ്രന്ഥശാലാസംഘമായി മാറിയതും ചരിത്രത്തിന്റെ ഭാഗം. 1937ൽ കെ ദാമോദരനും കെ കേളപ്പനും മധുരവനം കൃഷ്ണക്കുറുപ്പും മുൻകൈയെടുത്ത് ആദ്യം മലബാർ വായനശാലാസംഘവും പിന്നീട് 1943ൽ  കേരള ഗ്രന്ഥശാലാസംഘവും രൂപീകരിച്ചെങ്കിലും ഇന്നത്തെ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ  പൂർവരൂപമാകാനുള്ള സൗഭാഗ്യമുണ്ടായത് പി എൻ പണിക്കരുടെ മുൻകൈയിൽ രൂപീകൃതമായ തിരുവതാംകൂർ ഗ്രന്ഥശാലാസംഘത്തിനാണെന്നത് ചരിത്രത്തിന്റെ യാദൃച്ഛികതയാകാം. അതിന‌് തുടക്കംകുറിച്ച സെപ്തംബർ 14  കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ഗ്രന്ഥശാലാദിനമായി ആചരിക്കുന്നു. 1945ൽ 47 ഗ്രന്ഥശാലകളുമായി ആരംഭിച്ച ഈ പ്രസ്ഥാനത്തിൽ  ഇപ്പോൾ 8417 ഗ്രന്ഥശാലയാണുള്ളത്. സാമൂഹ്യനവോത്ഥാനത്തിലും നവകേരളനിർമാണത്തിലും സാക്ഷരതായജ്ഞത്തിലും വലിയ പങ്കുവഹിച്ച പ്രസ്ഥാനമായി ചരിത്രത്തിൽ ഇടംനേടാൻ സംഘത്തിന് കഴിഞ്ഞു.
ഈ വർഷത്തെ ഗ്രന്ഥശാലാദിനം പ്രളയത്തിൽ തകർന്ന കേരളത്തെ പുനർസൃഷ്ടിക്കാനുള്ള യജ്ഞത്തിൽ ഗ്രന്ഥശാലാ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പിക്കുമെന്ന പ്രതിജ്ഞയെടുക്കാനുള്ള ദിനമായി ഗ്രന്ഥശാലാ പ്രവർത്തകർ കാണുന്നു. സർവനാശം വിതച്ച പ്രളയം 200ൽ അധികം ഗ്രന്ഥശാലകളെയാണ് വിഴുങ്ങിയത്. ഈ ഗ്രന്ഥശാലകളിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷത്തോളം പുസ്തകങ്ങളും വസ്തുവകകളുമാണ് പ്രളയമെടുത്തത്. ഗ്രന്ഥശാലാരംഗത്തുമാത്രം 12 കോടിയിൽപ്പരം രൂപയുടെ നഷ്ടം സംഭവിച്ചിരിക്കുന്നുവെന്നാണ് പ്രാഥമികമായ കണക്ക്.

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ ജില്ലകളിലാണ് വലിയ നഷ്ടം സംഭവിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിലെ അഫിലിയേറ്റഡ് ലൈബ്രറികളിൽ 31 എണ്ണം ഇപ്പോഴും വെള്ളത്തിനടിയിൽത്തന്നെയാണ്.

ആലുവയിലും ചാലക്കുടിയിലും വടക്കൻ പറവൂരിലും എല്ലാം ഗ്രന്ഥശാലകൾക്ക് വലിയ നഷ്ടമുണ്ടായി. താമരശേരി താലൂക്കിലെ ഒരു ഗ്രന്ഥശാലയുടെ 30 സെന്റ് സ്ഥലത്തുണ്ടായിരുന്ന പാർക്ക് ആകെ ഒലിച്ചുപോയി. മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഓഫീസിന് ഒന്നരലക്ഷത്തിൽപരം രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത‌്. സംസ്ഥാനത്ത് ആകെ പ്രളയക്കെടുതിയിൽ ഗ്രന്ഥശാലകൾക്ക് സംഭവിച്ച നഷ്ടം  കണക്കാക്കുമ്പോൾ 12 കോടിയിൽപരം രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

പ്രളയത്തിൽ ഗ്രന്ഥശാലകൾക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനും പുനർനിർമാണത്തിലൂടെ അവയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും സർക്കാരിന്റെയും സാമൂഹ്യസംഘടനകളുടെയും സഹായം അനിവാര്യമാണ്. നശിച്ചുപോയ പുസ്തകങ്ങളുടെ  നഷ്ടം നികത്തുന്നതിന് സാഹിത്യ അക്കാദമി ബുക്ക്മാർക്ക്, ഡിസി ബുക്‌സ്, ചിന്ത പബ്ലിഷേഴ്‌സ്, പൂർണ പബ്ലിക്കേഷൻസ് തുടങ്ങിയ ഏജൻസികൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളമാകെ ഈ സന്ദേശം നെഞ്ചേറ്റിയാൽ മാത്രമേ 25 ലക്ഷം പുസ്തകം സമാഹരിക്കാൻ കഴിയുകയുള്ളൂ. അക്ഷരസ്‌നഹികളുടെ സഹായഹസ്തങ്ങൾ തകർന്നുപോയ ഗ്രന്ഥശാലകളിലേക്ക് നീളുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ ഗ്രന്ഥശാലാദിനം പ്രളയം തകർത്ത ഗ്രന്ഥശാലകളുടെ പുനർനിർമാണദിനമായി മാറണമെന്ന് ആഗ്രഹിക്കുന്നു.

( കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറിയാണ‌് ലേഖകൻ)
 



deshabhimani section

Related News

View More
0 comments
Sort by

Home