നിലാവിൽ പൊതിഞ്ഞ സ്നേഹജ്വാല

ഏതു കവിതയ്ക്കാണ്, ഏത‌് ആഖ്യായികയ്ക്കാണ് ഈ സ്ത്രീജീവിതം വിവരിക്കാനാകുക? ഏതു സിനിമയുടെ ചതുരങ്ങളിലാണ് അവരെ ഒതുക്കാനാകുക? ഇനിയും രേഖപ്പെടുത്താത്ത വീരേതിഹാസത്തിലെ നായിക. കമ്യൂണിസ്റ്റ് നേതാവായും ഭരണാധികാരിയായും അവരെ അടുത്തറിഞ്ഞിട്ടുണ്ട്. പെട്ടെന്ന് ക്ഷോഭിക്കും, കയർക്കും. ശാസിക്കും. അടുത്ത മാത്രയിൽത്തന്നെ ആർദ്രസ്മിതത്തോടെ നമ്മളെ കേൾക്കും ഗൗരിയമ്മ. അമ്മയെപ്പോലെയോ മൂത്ത സഹോദരിയെപ്പോലെയോ ഭക്ഷണം ഉണ്ടാക്കിത്തരും. കോഴിയെ കറിവച്ച് ഒരുമിച്ചിരുന്ന് ഊണുകഴിക്കും. കറിവാരി വാത്സല്യത്തോടെ നമ്മുടെ പാത്രത്തിലേക്ക് ഇട്ടുതരും. ഇത്രയും സങ്കീർണവും വിസ്മയകരവുമായ വ്യക്തിത്വമുള്ള ഒരാളെ വേറെ കണ്ടിട്ടില്ല. കാർക്കശ്യങ്ങൾക്കുപിന്നിൽ മിന്നിമറിയുന്ന ലോലഭാവങ്ങൾ. ഒരെഴുത്തുകാരന് ഇഷ്ടപ്പെടുന്ന വ്യക്തിത്വം. ഇപ്പോൾ കണ്ട ഗൗരിയമ്മയാകില്ല അടുത്ത നിമിഷത്തിൽ. കേരളം ഇനിയും അടയാളപ്പെടുത്തിയിട്ടില്ല, ഈ രാഷ്ട്രീയപ്രവർത്തകയെയും ഗൗരിയമ്മ എന്ന സ്ത്രീയെയും.
പത്തുകൊല്ലം ആലപ്പുഴയിൽ ദേശാഭിമാനി ലേഖകനായി പ്രവർത്തിച്ചപ്പോഴാണ് ഗൗരിയമ്മയുമായുള്ള ബന്ധം കൂടുതൽ ഉറച്ചത്. ചിലമ്പിച്ച ശബ്ദത്തിൽ പലപ്പോഴും ഫോണിൽ വിളിക്കും, രാമചന്ദ്രാ ഒരു പ്രസ്താവന തയ്യാറാക്കണം. അല്ലെങ്കിൽ പറയും, വാ എനിക്കൊരു പ്രസംഗമുണ്ട്. നീയും വരണം. ഗൗരിയമ്മയ്ക്കൊപ്പമുള്ള ഓരോ യാത്രയും ഓരോ അനുഭവമാണ്. എത്രയോ സ്വീകരണങ്ങളിൽ, എത്രയോ പൊതുയോഗങ്ങളിൽ, എത്രയോ സമരമുഖങ്ങളിൽ, അവരുടെ ഭിന്നഭാവങ്ങൾ കണ്ടു. ഗൗരിയമ്മ സിപിഐ എമ്മിൽനിന്ന് പുറത്തായ ഘട്ടത്തിലും സൗഹൃദത്തിന്റെ ഊഷ്മളത കുറഞ്ഞിരുന്നില്ല.

വൈക്കം എഴുതാത്ത നോവൽ
മരണാസന്നനായി കിടക്കുന്ന വൈക്കം ചന്ദ്രശേഖരൻനായരെ കാണാൻ ഒരിക്കൽ ഞാൻ പോയി. പ്രിയപ്പെട്ടവരെ കാണുമ്പോഴൊക്കെ അദ്ദേഹത്തിന്റെ കണ്ണിൽനിന്ന് ധാരമുറിയാതെ കണ്ണീർ പ്രവഹിക്കുമായിരുന്നു. ആ അവസ്ഥയിലും അദ്ദേഹം പറഞ്ഞത് ഗൗരിയമ്മയെക്കുറിച്ച് ഒരു നോവലെഴുതാൻ കഴിയാത്തതിന്റെ സങ്കടം. ഇത്രയേറെ അനുഭവസമ്പത്തുള്ള ഒരു സ്ത്രീ രാജ്യത്തുതന്നെയുണ്ടാകുമോ എന്നാണ് വൈക്കം അന്ന് ചോദിച്ചത്. ടി വി തോമസുമായുള്ള ദാമ്പത്യത്തിലെ സംഘർഷങ്ങൾ, സങ്കീർണമായ ദാമ്പത്യം. ഒരുപക്ഷേ മാക്സിം ഗോർക്കിയുടെ അമ്മയെക്കാൾ അനുഭവമുണ്ട് അവർക്ക്. ഗൗരിയമ്മയെ ഗോർക്കി കണ്ടിരുന്നെങ്കിൽ അവരെക്കുറിച്ച് നോവൽ എഴുതിയേനെ. എഴുതാൻ കഴിയാതെപോയ ഒരു നോവലിന്റെ വിങ്ങലുമായാണ് വൈക്കം വിടചൊല്ലിയത്.
കലഹപ്രിയ
ഒരുദിവസം ചാത്തനാട്ടെ വീട്ടിൽ ചെന്നപ്പോൾ ഒരു പെരുന്നാളിന്റെ ആളുണ്ട്. പലതരക്കാർ അവിടെ വരും. ജാതിമത രാഷ്ട്രീയഭേദമില്ലാത്തവർ. ശുപാർശയ്ക്കും സ്നേഹം കാണിക്കാനും വരുന്നവർ. നല്ല പ്രാക്ടീസുള്ള ഒരു ഡോക്ടറുടെ വീടുപോലെ തോന്നും. അന്ന് പ്രായമുള്ള സ്ത്രീ ഒരു പെൺകുട്ടിയുമായി നേരിട്ട് ഗൗരിയമ്മയെ ചെന്നുകണ്ടു. എന്താന്ന് ചോദിക്കുംമുമ്പേ അവർ പറഞ്ഞു, പഠിച്ച പെണ്ണാണ്, ഇവൾക്കൊരു ജോലി വേണം. പെട്ടെന്ന് ഗൗരിയമ്മ പൊട്ടിത്തെറിച്ചു, ഇതെന്താ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണോ, നിങ്ങളുടെയൊക്കെ അപ്പച്ചിയാണോ ഞാൻ. അതുകേട്ട് അവർ മടങ്ങി. കൂടിനിന്നവരിൽ ഗൗരിയമ്മയുടെ സ്വഭാവമറിയുന്നവർക്കൊന്നും ഒരത്ഭുതവും തോന്നിയില്ല.
യാദൃച്ഛികമെന്നുപറയട്ടെ കുറച്ചുനാളിനുശേഷം ഗൗരിയമ്മ നിർദേശിച്ച പ്രകാരം ചാത്തനാട്ടെ വീട്ടിലെത്തിയപ്പോൾ ഇതേ അമ്മയും മകളും. ഒരു സഞ്ചി കൈയിലുണ്ട്. മുഖം പ്രസന്നമാണ്. ഗൗരിയമ്മയുടെ അടുത്ത് ചെന്നു. കവറിലെന്താണെന്ന് ചോദിച്ചു, ഉണ്ണിയപ്പമാണെന്ന് മറുപടി. ജോലി കിട്ടിയതിന്റെ സന്തോഷം. അത് അവിടെ വച്ചുതന്നെ എല്ലാവർക്കും വിതരണംചെയ്തു.
ദിവസങ്ങൾക്കുമുമ്പ് വഴക്ക് പറഞ്ഞ് വിട്ടെങ്കിലും എറണാകുളത്തെ ഏതോ കമ്പനിയിൽ ആ പെൺകുട്ടിക്ക് ഗുമസ്തപ്പണി തരപ്പെടുത്തിക്കൊടുക്കാൻ ഗൗരിയമ്മ മറന്നില്ല. മുമ്പെങ്ങോ വയലാർ രവിയുടെ കൂടെ കോൺഗ്രസ് ജാഥയിൽ ആ സ്ത്രീയെ കണ്ടതിന്റെ ചൊരുക്കാണ്കഴിഞ്ഞ വരവിൽ തീർത്തതെന്ന് അവർ പോയപ്പോൾ ഗൗരിയമ്മതന്നെ പറഞ്ഞു. ഓരോ പ്രവർത്തകരെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരുന്നു ഗൗരിയമ്മയ്ക്ക്. വയലാർ‐പുന്നപ്ര വാരാചരണ പരിപാടികൾക്ക് ഗൗരിയമ്മ എത്തിയാൽ എന്തൊരു ഓളമാണ്. അവിടെ കൂടിയ നാട്ടുകാരിൽ പലരെയും പേരെടുത്തുവിളിക്കാനും ശാസിക്കാനും മറ്റാർക്കു കഴിയും.

അടിയന്തരാവസ്ഥക്കാലം
അടിയന്തരാവസ്ഥക്കാലത്ത് ഇ എം എസും ഗൗരിയമ്മയുമടക്കം ചുരുക്കം ചില നേതാക്കളേ ജയിലിന് പുറത്തുള്ളൂ. അന്ന് കുട്ടനാട്ടിലൊന്നും പൊതുയോഗം നടത്താൻ സ്വാതന്ത്ര്യമില്ല. സ്ഥലത്തുള്ള പാർടിക്കാർ പല കേന്ദ്രങ്ങളിലും ഗൗരിയമ്മയ്ക്ക് സ്വീകരണം എന്ന പേരിൽ പരിപാടികൾ വയ്ക്കും. ഗൗരിയമ്മയ‌്ക്ക‌് കൂട്ടുപോകുന്നത് ഞാനാണ്. പ്രസംഗിക്കുകയുംവേണം. ദേശാഭിമാനിക്ക് വാർത്ത അയക്കുകയും വേണം. തോടിനക്കരെയും കായലോരത്തും നിരന്നുനിൽക്കുന്നവരെ മെഗഫോണിലാണ് അഭിസംബോധന ചെയ്യുക. അ
ന്നേ ചിലമ്പിച്ച ശബ്ദമാണ് ഗൗരിയമ്മയ്ക്ക്. പറയാനുള്ളത് കാര്യമാത്രപ്രസക്തമായി ചുരുങ്ങിയ വാക്കുകളിൽ പറയും. തൊണ്ടയ്ക്ക് വയ്യ, അകലെയുള്ളവരോട് മൈക്കില്ലാത്തതിനാൽ ഉച്ചത്തിൽ സംസാരിക്കാനാകില്ല. അടിയന്തരാവസ്ഥയ്ക്കെതിരെ ജീവൻ കളഞ്ഞും പോരാടണം. ഇല്ലെങ്കിൽ നമ്മുടെ മക്കൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനാകില്ല എന്നീ വാചകങ്ങളിൽ പ്രസംഗം ചുരുക്കും. ഇനി ഏഴാച്ചേരി നിങ്ങളോട് കാര്യങ്ങൾ പറയുമെന്നുപറഞ്ഞ് പിൻവാങ്ങും. എന്റെ പ്രസംഗം തീരുംവരെ കാത്തിരുന്ന് എന്നെയും കാറിൽ കൂടെ കൂട്ടിയേ മടങ്ങാറുള്ളൂ.
ടി വി തോമസും ഗൗരിയമ്മയും
1964ൽ പാർടി പിളർന്നശേഷം പുന്നപ്ര‐വയലാർ വാരാചരണ പരിപാടികൾ രണ്ടായിട്ടാണ് നടത്തുക. സിപിഐ എമ്മിന്റെയും സിപിഐയുടെയും നേതാക്കൾ വെവ്വേറെ സ്റ്റേജിൽ പ്രസംഗിക്കും. വയലാർ സ്മരണ പുതുക്കുന്നതിലുപരി പരസ്പരം വാക്കുകൾകൊണ്ടുള്ള യുദ്ധം. സിപിഐ എമ്മിന്റെ വേദിയിൽ ഞാനും പ്രസംഗിച്ചു. ടി വി

തോമസിനെ രൂക്ഷമായി വിമർശിച്ച് ചില കാര്യങ്ങൾ ഞാൻ പറഞ്ഞു. പൊതുയോഗം കഴിഞ്ഞ‌് കാറിൽ മടങ്ങവെ ഗൗരിയമ്മയുടെ മുഖം വലിഞ്ഞുമുറുകിയ മട്ട്. മിണ്ടുന്നില്ല. സുഖമില്ലാഞ്ഞിട്ടാണോ? എന്താണെന്ന് ചോദിച്ചപ്പോൾ മറുചോദ്യം, "തനിക്ക് ടി വി തോമസിനെക്കുറിച്ച് എന്തറിയാം?''ടി വിയെ കുറ്റം പറഞ്ഞതാണ് പ്രശ്നം. ‘‘പ്രസംഗിക്കുമ്പോൾ നിനക്ക് രാഷ്ട്രീയം പറയാം. പക്ഷേ എതിരാളികളെ വ്യക്തിപരമായി വിമർശിക്കാൻ നിനക്ക് അധികാരമില്ല. നമ്മൾ എതിരാളികളെ വിമർശിക്കുമ്പോൾ കാര്യമാത്രപ്രസക്തമാകണം. പ്രതിപക്ഷബഹുമാനം വേണം.'' ഗൗരിയമ്മ കർക്കശമായി പറഞ്ഞു. ഇതുപോലൊരനുഭവം ഇ എം എസിന്റെ ഭാര്യ ആര്യ അന്തർജനത്തിൽനിന്നുമുണ്ടായി. സി അച്യുതമേനോനെ ഞാൻ പ്രസംഗത്തിൽ വിമർശിച്ചതറിഞ്ഞപ്പോൾ അവരും ഇങ്ങനെ പറഞ്ഞു. വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് സ്ത്രീകൾ. ഇരുവരും പറഞ്ഞത് ഒരേ കാര്യം. ആ ഉപദേശം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
എ കെ ജി മരിച്ച് ആറേഴ് ദിവസങ്ങൾക്കുള്ളിലാണ് ടി വിയുടെ മരണം. ക്യാൻസറായിരുന്നു മരണകാരണം. എ കെ ജിയുടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയ കെഎസ്ആർടിസിയുടെ പ്രത്യേക വാഹനത്തിലാണ് ടി വിയുടെ മൃതദേഹവും ആലപ്പുഴയ‌്ക്ക് കൊണ്ടുപോയത്. തടിച്ചുകൂടിയ എല്ലാവർക്കും കാണാൻ വലിയ ചുടുകാട്ടിലെ, ഉയർത്തിക്കെട്ടിയ വേദിയിലാണ് മൃതദേഹം. ശവപേടകത്തിനടുത്ത് ഗൗരിയമ്മ അല്ലാതെ ആരുമില്ല. ഒരു വെള്ളിത്തിരയിലെന്നോണം അവരുടെ പൂർവകാലസ്മൃതികൾ ആ മുഖത്ത് വന്നുപോകുന്നത് ഞാൻ വീക്ഷിച്ചു. പ്രണയിച്ചത്, ഒരുമിച്ച് സഞ്ചരിച്ചത്, പാർടി രണ്ടായപ്പോൾ പരസ്പരം പോരടിച്ചത് എല്ലാം.
ഗൗരിയമ്മയുടെ ഇഷ്ടങ്ങൾ
ചില സുഖിപ്പിക്കലുകളെയും ഗൗരിയമ്മ ഇഷ്ടപ്പെട്ടിരുന്നു. ഇ എം എസ്, എ കെ ജി, സുന്ദരയ്യ സിന്ദാബാദ് എന്ന പ്രശസ്തമായ മുദ്രവാക്യം ചില സഖാക്കൾ മാറ്റി വിളിക്കും. സുന്ദരയ്യയുടെ സ്ഥാനത്ത് ഗൗരിയമ്മ എന്ന് ഉച്ചത്തിൽ വിളിക്കും. ഇതു കേൾക്കുമ്പോൾ ആ സഖാവിനെ ഇടംകണ്ണിട്ട് ഒന്നു നോക്കും. ഒരു നേർത്ത ചിരി കട്ടിക്കണ്ണടയിലൂടെ പുറത്തുവരും.

ഉദയായുടെ ഷൂട്ടിങ‌് നടക്കുമ്പോൾ കുഞ്ചാക്കോ പലപ്പോഴും ക്ഷണിക്കാറുണ്ട്. കുഞ്ചാക്കോയുടെ ഭാര്യ ഗൗരിയമ്മയുടെ സഹപാഠിയാണ്. ഒരിക്കൽ ഞാനും കൂടെ പോയി. സിനിമയേതാണെന്ന‌് കൃത്യമായി ഓർക്കുന്നില്ല. കെ പി ഉമ്മർ ചെറിയ നിക്കറിട്ട് സെറ്റിലൂടെ നടക്കുന്നത് ഗൗരിയമ്മയ‌്ക്ക് പിടിച്ചില്ല. ഇയാൾ എന്താണ് ഇങ്ങനെ നടക്കുന്നതെന്ന് ചോദിച്ചു. സിനിമയ്ക്കുവേണ്ടിയല്ലേ എന്നു പറഞ്ഞപ്പോഴാണ് ഒന്നടങ്ങിയത്. കുറച്ചുകഴിഞ്ഞപ്പോൾ വിജയശ്രീ ഷൂട്ടിങ് കഴിഞ്ഞ് വരുന്നു. ഗൗരിയമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ അവർ ഗൗരിയമ്മയെ നമസ്കരിച്ച് കാൽ തൊട്ടുവന്ദിച്ചു. പിന്നെ സിനിമക്കാര്യം പറയുമ്പോഴൊക്കെ പറയും വിജയശ്രീ നല്ല പെണ്ണാണെന്ന്.
നൂറിന്റെ ചെറുപ്പം
രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയപ്രവർത്തക. നൂറാം വയസ്സിലേക്ക് കടക്കുന്നു. ഇപ്പോഴും രാഷ്ട്രീയചലനങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നു. രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം വീണ്ടും ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ശരി തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരിക്കുന്നു. ഈ പിറന്നാൾ ആലപ്പുഴ മാത്രമല്ല, കേരളമാകെ മനസ്സുകൊണ്ട് ആഘോഷിക്കുകയാണിന്ന്.









0 comments