അവസാനത്തെ ഗോൾ...സച്ചിദാനന്ദന്റെ കവിത

ഞാൻ, സിനെദീൻ സിഡാൻ,
കണ്ണിലൽപ്പം വെയിലടിച്ചാലുടൻ
നിങ്ങൾക്കു കുത്തിക്കൊല്ലാൻ തോന്നുന്ന
അപരിചിതൻ;
വേറെ മുഖവും വേറെ ഉടലുമായി
നിങ്ങളിലൊരുവനാകാമെന്ന‌് വ്യാമോഹിച്ചവൻ,
നിങ്ങളുടെ സ്നേഹത്തിന്നായി
ഉരുക്കിയ ഇരുമ്പു കുടിച്ച്
മാംസപേശികൾക്ക് കരുത്തുകൂട്ടിയവൻ,
ആണിമുനകളിലൂടെ ഓടി
കാലിന്നു ചടുലതയേറ്റിയവൻ,
ഉദിച്ചിട്ടില്ലാത്ത നക്ഷത്രങ്ങളിലേക്കു നോക്കി
അൾജീരിയൻ കണ്ണുകൾ കൂർപ്പിച്ചവൻ;
ഫ്രഞ്ചിന്റെ ചാണയിൽ വെച്ചും
അറബിയുടെ അരത്താൽ രാകിയും
ബുദ്ധിക്കു മൂർച്ച നേടിയവൻ.
ചുകപ്പുകാർഡുകൾ ഞാൻ മുമ്പേ കണ്ടിരിക്കുന്നു
മാഴ്സേയിലെ അവമതിനിറഞ്ഞ ബാല്യത്തിൽ,
കലാപമുഖരിതമായ കൗമാരത്തിൽ.
മാപ്പ്, നമാസിനുമാത്രം കുനിയാറുള്ള ശിരസ്സിൽ
ന്യൂയോർക്കുമുതൽ ഗുജറാത്തുവരെ വേട്ടയാടപ്പെടുന്ന
എന്റെ വ്രണിത ഗോത്രത്തിന്റെ രുഷ്ടരക്തം
എട്ടു നിമിഷം ഇരച്ചുകയറിയതിന്
ഒരൊറ്റ ഊക്കൻ തിരപോലെ
ആ വിധ്വംസകന്റെ വിഷംചീറ്റിയ നെഞ്ചിനുനേരെ
കൂർത്തുയർന്നതിന്ന‌്
മാപ്പ്, എട്ട് നിമിഷം കളിക്കളത്തിന്റെ മിഥ്യയിലേക്ക്
ചവർപ്പൻ യാഥാർഥ്യം കടത്തിവിട്ടതിന്
കളിയുടെ മൃദുലനിയമത്തെ ഒരിക്കൽമാത്രം
ജീവിതത്തിന്റെ കഠിനനിയമംകൊണ്ട് അട്ടിമറിച്ചതിന്.
എന്റെ മുമ്പിൽ കാണികളില്ലായിരുന്നു, ക്യാമറകളും,
എന്റെ അമ്മയുടെ, എല്ലാ അമ്മമാരുടെയും,
നാടുകടത്തപ്പെട്ട വ്യഥിത മുഖം മാത്രം;
അവഹേളിക്കപ്പെടുന്ന മുഴുവൻ മനുഷ്യർക്കും വേണ്ടി
ഒരൊറ്റ ചേഷ്ടകൊണ്ട് ചോരയൊലിപ്പിക്കാതെ
പകരംവീട്ടാൻ
ചരിത്രമൊരുക്കിയ അന്തിമമുഹൂർത്തം മാത്രം.
അതെ അതായിരുന്നു, ക്ഷമിക്കൂ കുട്ടികളേ,
സിനെദീൻ സിഡാന്റെ ഒടുവിലത്തെ ഹെഡ്ഡർ,
അവസാനത്തെ ഗോൾ.









0 comments