കോർപറേറ്റ് കമ്പോളത്തിന് പ്രാദേശിക ബദൽ

സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന വഴിയോരക്കച്ചവടമേഖല സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ചില ക്രമീകരണവും നിയന്ത്രണവും വരുത്താൻ കേന്ദ്ര വഴിയോരക്കച്ചവട സംരക്ഷണ നിയന്ത്രണനിയമത്തിന് സംസ്ഥാനത്ത് ചട്ടം രൂപീകരിച്ച് വിജ്ഞാപനം ഇറക്കി. ഇതോടെ സംസ്ഥാനത്ത് കുത്തഴിഞ്ഞുകിടക്കുന്ന വഴിയോരക്കച്ചവടമേഖലയെ കൂടുതൽ സംഘടിതമാക്കാനും വൻകിടമാളുകൾക്ക് ബദലായി സാധാരണക്കാരന് ആശ്രയിക്കാൻ കഴിയുന്ന പ്രാദേശികചന്തകളായി അവയെ വളർത്താനും സാധിച്ചു. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായിട്ടാണ് രാജ്യത്ത് ആദ്യമായി വഴിയോരക്കച്ചവടമേഖലയ‌്ക്കും ഈ രംഗത്ത് തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്കും ആശ്വാസകരമായ ചട്ടരൂപീകരണം എൽഡിഎഫ് സർക്കാർ നടത്തിയത്.
വഴിയോരക്കച്ചവടക്കാരുടെ കുടിയൊഴിപ്പിക്കലിനെതിരായി ഡൽഹി മുനിസിപ്പാലിറ്റിയും സോധൻസിങ‌് എന്ന തൊഴിലാളിയും തമ്മിലുള്ള കേസിൽ സുപ്രീംകോടതി 2010ൽ സുപ്രധാന വിധി പ്രസ്താവിച്ചു. വഴിയോരക്കച്ചവടം ഭരണഘടനയിലെ ആർട്ടിക്കിൾ 18 അനുസരിച്ച് തൊഴിലെടുക്കാനുള്ള പൗരന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്നും അത് നിരോധിക്കാൻ സാധ്യമല്ലെന്നുമാണ്് സുപ്രീംകോടതി പറഞ്ഞത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ നിയമം രൂപീകരിക്കാൻ കേന്ദ്രസർക്കാർ തയ്യറായില്ല. തുടർന്ന് നിരന്തരമായ സുപ്രീംകോടതിയുടെ ഇടപെടലിന്റെ ഫലമായി ഗത്യന്തരമില്ലാതെ കേന്ദ്രസർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കുകയും വഴിയോരക്കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം 2014ൽ പാസാക്കുകയും ചെയ്തു. ജമ്മു കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങൾക്ക് നിയമം ബാധകമാണ്. എന്നാൽ, സംസ്ഥാന സർക്കാരുകൾ ചട്ടം രൂപീകരിക്കാൻ തയ്യാറായില്ല.
അന്ന് ഈ രംഗത്ത് നിലനിന്നിരുന്ന തൊഴിലാളി സംഘടനകൾ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ മുന്നോട്ട് വന്നുമില്ല. ഇതോടെ, തൊഴിലാളികൾക്കെതിരായുള്ള അതിക്രമം തുടർന്നു. എന്നാൽ, 2011 ൽ തന്നെ അന്നത്തെ കേരളത്തിലെ എൽഡിഎഫ് സർക്കാർ സുപ്രീംകോടതി വിധിയനുസരിച്ച് വഴിയോരക്കച്ചവട തൊഴിലാളികളെ സംരക്ഷിക്കാനുതകുന്ന നയം രൂപീകരിക്കാൻ തയ്യറായി. പക്ഷേ, പിന്നീട് അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ തുടർനടപടികൾ സ്വീകരിച്ചില്ല. 2014ൽ കേന്ദ്ര നിയമം വന്നിട്ടും യുഡിഎഫ് സർക്കാർ ചട്ടം രൂപീകരിക്കുന്നതിനോ നിയമം നടപ്പാക്കുന്നതിനോ നടപടി സ്വീകരിച്ചില്ല.
2015 ഡിസംബറിൽ സിഐടിയു നേതൃത്വത്തിൽ സംസ്ഥന വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന് രൂപം നൽകി. കുടിയൊഴിപ്പിക്കൽ അവസാനിപ്പിക്കാനും ചട്ടം രൂപീകരിക്കാനും തൊഴിലാളികൾക്ക് ക്ഷേമപദ്ധതികൾ ആരംഭിക്കാനും വഴിയോരക്കച്ചവടം സംരക്ഷിക്കാനും ആവശ്യമായ നടപടി വേണമെന്ന‌് ആവശ്യപ്പെട്ട് വൻ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. അഞ്ചരലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ തികച്ചും അസംഘടിതരായ തൊഴിലാളികളെ ഒരു കൊടിക്കീഴിൽ അണിനിരത്തി. പിന്നീട് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് അനുഭാവപൂർവമായ സമീപനം സ്വീകരിക്കുകയും നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി ആരംഭിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണമന്ത്രി ചെയർമാനായി സംസ്ഥാനതല ഉപദേശക സമിതിക്ക് രൂപം നൽകുകയും നിയമം നടപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പക്ഷേ, ചട്ടം രൂപീകരിക്കുന്നതിനുള്ള കാലതാമസത്തിനെതിരായി ഫെഡറേഷൻ നേതൃത്വത്തിൽ തൊഴിലാളികൾ സമരം തുടർന്നു. ചട്ടം രൂപീകരിക്കാനുള്ള സർക്കാരിന്റെ സന്നദ്ധത 2018 ഏപ്രിൽ രണ്ടിന് നിയമസഭയിൽത്തന്നെ പ്രസ്താവിക്കുകയും ഏപ്രിൽ 22ന് ചട്ടം രൂപീകരിച്ച് വിജ്ഞാപനം ഇറക്കുകയും ചെയ്തു.എൽഡിഎഫ് സർക്കാരിന്റെ നടപടി തൊഴിലാളികൾക്കുമാത്രമല്ല എല്ലാ ജനങ്ങൾക്കും ആശ്വാസകരമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കച്ചവട കമ്മിറ്റികൾ രൂപീകരിച്ച് തൊഴിലാളികളുടെ സർവേ നടത്തി തിരിച്ചറിയൽ കാർഡും ലൈസൻസും നൽകുന്നതോടുകൂടി തൊഴിലാളികൾക്ക് ഭയാശങ്കകളില്ലാതെ മാന്യമായി തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാകും. ഇത് വ്യാപരരംഗത്തെ ആഗോളകുത്തകകളുടെ ആധിപത്യത്തിനെതിരായ പ്രാദേശിക ചെറുത്തുനിൽപ്പിനെ കൂടുതൽ ശക്തിപ്പെടുത്താൻ ഉതകുന്നതായിരിക്കും. ഇത്തരത്തിൽ ക്രമീകരിക്കപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുന്ന വഴിയോരക്കച്ചവടത്തെ തകർക്കാൻ ആഗോളവൽക്കരണത്തിന്റെ വക്താക്കളും കോർപറേറ്റുകളും ഏജന്റുമാരും ശ്രമങ്ങൾ നടത്തും എന്നതിൽ സംശയമില്ല. ഇതിനെതിരായി നിരന്തരമായ ജാഗ്രത പുലർത്താൻ സർക്കാരും തൊഴിലാളികളും ജനാധിപത്യ വിശ്വാസികളും തയ്യറാകേണ്ടതുണ്ട്. ഇപ്പോൾത്തന്നെ ആരാധനാലയങ്ങൾക്ക് അരികിൽ അന്യമതസ്ഥർ കച്ചവടം നടത്താൻ പാടില്ല എന്ന ശക്തമായ പ്രചാരണങ്ങൾ സംഘപരിവാർ ആരംഭിച്ചിട്ടുണ്ട്. അതിനാൽ, ജാതിക്കും മതത്തിനും അതീതമായി വ്യാപാരമേഖലയിലെ ആഗോള കുത്തകകളുടെ ചൂഷണത്തിനെതിരായ ജനകീയ ബദലായി വഴിയോരക്കച്ചവടമേഖലയെ സംരക്ഷിക്കേണ്ടതുണ്ട്.
സംസ്ഥാന വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്റെ ഒന്നാം സംസ്ഥാന സമ്മേളനം മേയ് 12, 13, 14 തീയതികളിൽ പാലക്കാട്ട‌് ചേരുകയാണ്. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കുടിയൊഴിപ്പിക്കലിന‌് എതിരായും നിയമപരമായ അവകാശങ്ങൾ നടപ്പാക്കി കിട്ടുന്നതിനും ക്ഷേമനിധി അടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികൾ ലക്ഷ്യമാക്കുന്നതിനുംവേണ്ടിയുള്ള ഭാവിപ്രക്ഷോപങ്ങൾക്ക് സമ്മേളനം രൂപം നൽകും. അതോടൊപ്പം വലിയതോതിൽ ടൂറിസ്റ്റുകൾ അടക്കം എത്തിച്ചേരുന്ന സംസ്ഥാനം എന്ന നിലയ‌്ക്ക് തൊഴിലാളികളെ കൂടുതൽ സൗഹാർദ സമീപനം സ്വീകരിക്കുന്നവരായും തെരുവിന്റെ കാവൽക്കാരായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചും തെരുവോര ശുചീകരണത്തിന്റെ സംരക്ഷകരായും ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായും വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. വഴിയോരക്കച്ചവട ബദൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാധാരണക്കാരന് ആശ്വാസം നൽകുന്ന വിധത്തിലും പ്രാദേശികചന്തകളും ആഴ്ചച്ചന്തകളും ഉത്സവച്ചന്തകളും മറ്റും വ്യാപകമാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കും.
(സംസ്ഥാന വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)









0 comments