കീഴാറ്റൂർ മാഹാത്മ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 27, 2018, 04:18 PM | 0 min read

രാവുണ്ണികീഴാറ്റൂർ ആണിപ്പോൾ മേലാറ്റൂർ. മതേതരനും വർഗീയവാദിയും ഒന്നിച്ച്. ജനാധിപത്യവാദിയും ഫാസിസ്റ്റും ഒന്നിച്ച്. പരിസ്ഥിതിവാദിയും ഭൂലോകകച്ചോടക്കാരനും ഒന്നിച്ച്. വയൽക്കിളികളും വെട്ടുകിളികളും ഒന്നിച്ച് പറന്നുല്ലസിക്കുന്നു. ദേശീയൻമുതൽ പ്രാദേശികൻവരെ അടയും ചക്കരയും. കീഴാറ്റൂരെങ്ങനെ കീഴ്മേൽ മറിയാതിരിക്കും! അവിടെ അവതരിച്ചതിൽ ബിജെപി ഏതാണ് കോൺഗ്രസ് ഏതാണ്, അതുതാനല്ലയോ ഇത് എന്നൊക്കെ സാദാ ജനത്തിന് വർണ്യത്തിൽ ആശങ്ക ഉണ്ടായത്രേ.

  ചിലർക്ക് ചില അവസരങ്ങൾ വീണുകിട്ടണമല്ലോ... രാഷ്ട്രീയത്തിൽ അപ്രസക്തരായവർക്ക്. പത്രത്താളിൽനിന്ന് മാഞ്ഞുപോയവർക്ക്. ജീവനോടെയുണ്ടെന്ന് തോന്നിപ്പിക്കാൻ. ചത്തോ ഇല്ലയോ എന്ന് സംശയിക്കുന്നവർക്ക് ഞാനിവിടെ ഉണ്ടേ എന്ന് തെര്യപ്പടുത്താൻ. അതിന് ഏറ്റവും നല്ല ഔഷധം മാർക്സിസ്റ്റുവിരുദ്ധ കൂട്ടുകഷായമാണ്. മധുരം വേണ്ടവർക്ക് മധുരമെന്നുതോന്നും. കയ്പ് വേണ്ടവർക്ക് അതെന്നുതോന്നും. എരിവ് വേണ്ടവർക്ക് അതെന്നും തോന്നും. വർഗീയത പൂത്തുലയും. വസന്തത്തിന്റെ ഇടിമുഴക്കം കേൾക്കുമാറാകും. പ്രാർഥനയും ദണ്ഡയടിയും പ്രാക്കും തരംപോലെ ഉയരും. എന്തിനേറെ, മതേതര വർഗീയതപോലും ഉയർന്നുവരും. പ്രാണരക്ഷാർഥം നോഹയുടെ കീഴാറ്റൂർ പെട്ടകത്തിൽ അണലിയും ചെന്നായയും കഴുകനും കഴുതയുമൊക്കെ പരസ്പരം കെട്ടിപ്പുണരുന്നു. എന്തതിശയമേ മഴവിൽ മഹത്വം.

കീഴാറ്റൂരിൽ സുധീരൻ പോയത് ഹസ്സൻ അറിഞ്ഞില്ല. മുരളീധരൻ കിളികൾക്കെതിരെ അമ്പെയ്തത് ഹസ്സൻ അറിഞ്ഞില്ല. ഇപ്പോൾ പിന്തുണയില്ലെന്ന് സുധാകരൻ പറഞ്ഞത് ഹസ്സൻ അറിഞ്ഞില്ല. എന്തിനേറെ താൻ അറിഞ്ഞില്ലെന്നു പറഞ്ഞതുപോലും ഹസ്സൻ അറിഞ്ഞില്ല. എന്തൊരു സുന്ദരൻ പാർടി. ഇതിനെ കൂട്ടുപിച്ചിട്ടുവേണം ഇടതുപക്ഷം ഒരു വഴിക്കാകാൻ..

  കീഴാറ്റൂരിൽ നാലുകുടുംബത്തെയേ ഒപ്പിക്കൽ സമരത്തിനു കിട്ടിയുള്ളൂ. ഒരുപണിയുമില്ലാത്ത കോൺഗ്രസുകാരെയും എവിടെയും പണിയാൻ തയ്യാറായി പാഞ്ഞുനടക്കുന്ന സംഘികളെയും കൂടെ കൂട്ടിയിട്ടും ഒരു നാഴിയേ ആയുള്ളൂ. മാധ്യമശിങ്കങ്ങൾ ആറാപ്പു വിളിച്ചിട്ടും മണ്ണെണ്ണയൊഴിച്ച് വയലുകത്തിച്ചിട്ടും സർക്കാരിന് ഒരു കുലുക്കവുമില്ലെന്നു വന്നാൽ എന്തുചെയ്യും.

അലൈൻമെന്റൊന്നു മാറ്റിക്കിട്ടിയാൽ പത്തുമുന്നൂറു കുടുംബങ്ങളെയെങ്കിലും കൂടെ കൂട്ടി വിമോചനസമരം നടത്താമെന്നാണ് വെട്ടുകിളികളുടെ ഉള്ളിലിരുപ്പ്. ദേശീയ ജനാധിപത്യ പാർടിയുടെ  ഒരു പങ്ക്  വയൽക്കിളികളോടൊപ്പം. മറ്റൊരു പങ്ക്  വെട്ടുകിളികളോടൊപ്പം. എന്തെന്തു വർണഭംഗി നിറഞ്ഞ കാഴ്ചകൾ.

കീഴാറ്റൂർ സംഗമത്തിൽ പങ്കെടുത്തവരെല്ലാം ഒരേ മുദ്രാവാക്യമാണ് വിളിച്ചതെന്നും സംഘികൾവരെ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചെന്നും പറഞ്ഞ് ഹരിതപ്പറവകൾ ആവേശം കൊള്ളുന്നുണ്ട്. കാവിയുടെ ഹരിതപ്രേമത്തിന്റെ തനിനിറം തിരിച്ചറിഞ്ഞ കർഷകർ നാടെമ്പാടും മാർച്ചും പ്രക്ഷോഭവും നടത്തുകയാണ്. അത്ര പോലും തിരിച്ചറിവില്ലാതെ പോയല്ലോ മണ്ടൻപറവകൾക്ക.്.

 കേരളത്തിൽ ഇന്നോളമുണ്ടായ റോഡുകളെല്ലാം വയൽ നികത്താതെയും പറമ്പുകൾ ഉപയോഗിക്കാതെയും വീടുകൾ ഒഴിപ്പിക്കാതെയും വായുമാർഗത്തിൽ ഉണ്ടാക്കിയതാണല്ലോ. കീഴാറ്റൂരിൽ പാഞ്ഞെത്തിയ സർവോത്തമന്മാരാരും വയൽ നികത്തിയ റോഡിലൂടെ വന്നവരല്ല. അവർ ജലപാതയിലൂടെ നീന്തിയും കല്ലും കരടും മൂർക്കൻ പാമ്പും നിറഞ്ഞ കഠിനപാതകളിലൂടെ ചോരയൊലിപ്പിച്ചു നടന്നും വന്നെത്തിയവരാണ്. അവരിൽ റോഡ് ടാക്സ് വെട്ടിച്ചവരില്ല. മെഡിക്കൽ കുംഭകോണം നടത്തിയവരാരുമില്ല. എല്ലാം ധീരോദാത്തപ്രതാപഗുണവാൻ വിഖ്യാതവംശജൻ ഗണത്തിൽ പെട്ടവർ. ചരിത്രത്തിലെ അത്യപൂർവമായ ചാരുദൃശ്യമായിരുന്നു ആ മഹാസംഗമം.

കീഴാറ്റൂരിൽ വന്ന് ഘോരഘോരം ഗർജിച്ചുപോയ സംഘികളും ദീനദീനം വിലപിച്ചുപോയ സിംഘങ്ങളും ഇനിമേലിൽ വയലും പറമ്പും നികത്തിയുണ്ടാക്കിയ റോഡുകളിലൂടെ സഞ്ചരിക്കുകയില്ലെന്ന് ഉഗ്രപ്രതിജ്ഞ എടുത്തതായാണ് കേട്ടത്. ശരിയാകാതിരിക്കാൻ വഴിയില്ലല്ലോ!

 



deshabhimani section

Related News

View More
0 comments
Sort by

Home