പി ജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 11:05 PM | 0 min read


കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് പന്ത്രണ്ട്‌ വർഷം തികയുന്നു. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട മാർക്സിസ്റ്റ് സൈദ്ധാന്തികൻ സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശമായിരുന്നു. രാഷ്ട്രീയപ്രവർത്തകൻ, നേതാവ്, ചിന്തകൻ, നിരൂപകൻ, പ്രഭാഷകൻ, പത്രാധിപർ തുടങ്ങി വിശേഷണങ്ങൾ അവസാനിക്കാത്ത പ്രതിഭ. അതിരുകളില്ലാത്ത വായനയും അഗാധമായ പാണ്ഡിത്യവുംകൊണ്ട് സമ്പന്നമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന പി ജി, മലയാളി വായനക്കാർക്ക് മാർക്സിസ്റ്റ് കൃതികളെ പരിചയപ്പെടുത്തി. ഏത് വിഷയത്തെക്കുറിച്ചും എഴുതാനും സംസാരിക്കാനും കഴിയുമായിരുന്ന പി ജിക്ക് പ്രാദേശികകാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന അതേ ലാഘവത്തോടെ സാർവദേശീയരംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കാനും സാധിക്കുമായിരുന്നു. കേരളത്തിലെ മാർക്സിസ്റ്റുവിരുദ്ധ ചിന്താഗതികളോട് വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം പോരാടി. -

കഥ, കവിത, ചരിത്രം, ചിത്രകല, തത്വശാസ്ത്രം, സിനിമ, പത്രപ്രവർത്തനം എന്നിങ്ങനെ വിവിധങ്ങളായ വൈജ്ഞാനിക ശാഖകളിൽ രാഷ്ട്രീയപ്രവർത്തനത്തിന്റെ തിരക്കിനിടയിലും പി ജി സജീവമായി വ്യാപരിച്ചു. വിമർശ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ "മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളർച്ചയും' എന്ന പുസ്തകം മലയാളത്തിലെ മാർക്സിസ്റ്റ് കലാ സാഹിത്യ വിമർശ സാഹിത്യശാഖയിലെ ശ്രദ്ധേയമായ ചുവടുവയ്പാണ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തിൽ 1926 മാർച്ച് 25നായിരുന്നു ജനനം. 2012 നവംബർ 22ന് വിടപറഞ്ഞു. ആലുവ യുസി കോളേജ്, ബോംബെ സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1946ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 1953ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടി സംസ്ഥാന കമ്മിറ്റിയിലെത്തിയ അദ്ദേഹം, സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.

25–--ാം വയസ്സിൽ പെരുമ്പാവൂരിൽനിന്ന് തിരു കൊച്ചി നിയമസഭയിലേക്കും 1957ലും 1967ലും നിയമസഭയിലേക്കും പി ജി തെരഞ്ഞെടുക്കപ്പെട്ടു. 1965ൽ തടവിൽ കഴിയുമ്പോൾ മത്സരിച്ച് ജയിച്ചെങ്കിലും നിയമസഭ ചേർന്നില്ല. പാർടി പിളർപ്പിനുശേഷം സിപിഐ എമ്മിൽ ഉറച്ചുനിന്ന പി ജി 1964 മുതൽ 83 വരെ ദേശാഭിമാനി പത്രത്തിന്റെയും വാരികയുടെയും മുഖ്യ പത്രാധിപരായിരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു.
-ദേശാഭിമാനി പ്രവർത്തകർ



deshabhimani section

Related News

View More
0 comments
Sort by

Home