സാമൂഹ്യ മാറ്റങ്ങളെ വിലയിരുത്തുന്ന വീരവണക്കം

വീരവണക്കം സിനിമയുടെ പോസ്റ്റർ

എം വി ഗോവിന്ദൻ
Published on Oct 31, 2025, 12:45 AM | 2 min read
മനുഷ്യരുടെ വേദനകളും കുതിപ്പും മുന്നേറ്റവും എല്ലാം അടയാളപ്പെടുത്തുന്നവയാണ് അതത് കാലത്തെ കലാരൂപങ്ങൾ. ഇത്തരം കലാരൂപങ്ങള്‍ സാമൂഹ്യ മുന്നേറ്റങ്ങൾക്കും പ്രേരകശക്തിയായി മാറുന്നത് കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ബോധ്യപ്പെടും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതില്‍ പാട്ടബാക്കി, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് പോലുള്ള നാടകങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തെയാകെ ചിത്രീകരിക്കുന്ന സിനിമ അത്തരത്തിൽ രൂപപ്പെട്ടുവന്നിട്ടില്ല. പ്രത്യേകിച്ചും കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തെ മാറ്റിമറിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച കൃഷ്ണപിള്ളയും അക്കാലത്തെ സാമൂഹ്യ ചലനങ്ങളും വേണ്ടത്ര അഭ്രപാളികളിൽ എത്തിയിട്ടില്ല. അനിൽ വി നാഗേന്ദ്രന്റെ "വസന്തത്തിന്റെ കനൽവഴികൾ' അതിൽനിന്ന് വ്യത്യസ്തമായ ഇടപെടലായിരുന്നു.
കൃഷ്ണപിള്ളയുടെ ജീവിതം കേന്ദ്രീകരിച്ചുകൊണ്ട് കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റം സിനിമയിലൂടെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രതിബദ്ധതയുള്ള കലാകാരന് മാത്രമേ ഇത്തരം പ്രമേയവുമായി സിനിമാലോകത്ത് പ്രത്യക്ഷപ്പെടാനാകൂ. "വസന്തത്തിന്റെ കനൽവഴി' കളെന്ന മലയാള സിനിമയ്‌ക്ക് രണ്ടാം ഭാഗം സൃഷ്ടിക്കുകയാണ് "വീരവണക്കം' എന്ന തമിഴ് സിനിമയിലൂടെ അനിൽ നാഗേന്ദ്രൻ. വസന്തത്തിന്റെ കനൽ വഴികൾ കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ സാമൂഹ്യ ചലനങ്ങളെയും അതിന് നേതൃത്വം കൊടുത്ത ത്യാഗവര്യരായ നേതാക്കളെയുമാണ് കാട്ടിത്തന്നത്. ഒരുകാലത്ത് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതി ഭ്രാന്തും ജന്മിവാഴ്ചയും നിലനിന്നിരുന്ന നാടായിരുന്നുവല്ലോ കേരളം. വിദേശഭരണംകൂടി ചേർന്നപ്പോൾ ചൂഷണത്തിന്റെ രീതി കൂടുതൽ ശക്തമായി. ഇതിനെതിരായി വിവിധങ്ങളായ ചെറുത്തുനിൽപ്പുകൾ വളർന്നുവന്നു. നവോത്ഥാന ആശയങ്ങളിൽ തുടങ്ങി അത് വർഗപരമായ വീക്ഷണത്തോടെ ഒരു മഹാപ്രസ്ഥാനമായി മാറി. തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ ശക്തിപ്രാപിച്ചു. അതിന്റെ കരുത്തിൽ കേരളത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തി. തുടർച്ചയായി നടത്തിയ ഇടപെടലുകൾ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. അതിദാരിദ്ര്യം ഉൾപ്പെടെ പരിഹരിക്കുന്നിടത്തേക്ക് അത് എത്തി.
കേരളത്തിലുണ്ടായ സമഗ്ര മാറ്റങ്ങളെക്കുറിച്ച് പുതുതലമുറയ്‌ക്ക് പകർന്നു നൽകുന്ന വ്യക്തമായ ചരിത്ര പാഠമാണ് "വീരവണക്കം'. കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇഴയടുപ്പത്തെയും പാരമ്പര്യത്തെയും സാഹോദര്യത്തെയും ഓർമിപ്പിക്കുന്ന അപൂർവ ചിത്രമാണ് ഇതെന്ന് നിസ്സംശയം പറയാം
കേരളത്തിന്റെ ഈ മാറ്റങ്ങളെ ശരിയായി പ്രതിഫലിപ്പിക്കുന്ന സിനിമകളില്ലെന്ന വിടവ് നികത്തുന്ന ചിത്രമാണ് "വീരവണക്കം'. പി കൃഷ്ണപിള്ളയുടെ ജീവിതത്തിലെ അധ്യായങ്ങൾ മാത്രമല്ല, എ കെ ജിയെ യും ഇ എം എസിനെയും പോലുള്ള ജനനേതാക്കൾ വഹിച്ച അവിസ്മരണീയ സംഭാവനകളെ ചരിത്ര വസ്തുതകൾ ചോർന്നുപോകാതെ ഹൃദയസ്പർശിയായി സിനിമ അനാവരണം ചെയ്യുന്നു. കമ്യൂണിസ്റ്റ് പാർടി അസംഘടിതരായ തൊഴിലാളികളെയും പട്ടിണിപ്പാവങ്ങളെയും ബഹുജനങ്ങളെയും സംഘടിപ്പിച്ച് നടത്തിയ ജനകീയ സമരങ്ങളെ സിനിമ ചിത്രീകരിക്കുന്നുണ്ട്. കേരളത്തിലുണ്ടായ സമഗ്ര മാറ്റങ്ങളെക്കുറിച്ച് പുതുതലമുറയ്‌ക്ക് പകർന്നു നൽകുന്ന വ്യക്തമായ ചരിത്ര പാഠമാണ് "വീരവണക്കം'. കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇഴയടുപ്പത്തെയും പാരമ്പര്യത്തെയും സാഹോദര്യത്തെയും ഓർമിപ്പിക്കുന്ന അപൂർവ ചിത്രമാണ് ഇതെന്ന് നിസ്സംശയം പറയാം. സമുദ്രകനി, ഭരത്, പ്രേംകുമാർ, റിതേഷ്, ഭീമൻ രഘു, പി കെ മേദിനി, സുരഭി ലക്ഷ്മി, ഭരണി, ഐശിക, രമേഷ് പിഷാരടി, സിദ്ദിഖ് തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.
തമിഴിലുള്ള ഈ ചിത്രം തമിഴ്നാട്ടിൽ ഉൾപ്പെടെ ജാതി വിവേചനങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് കരുത്തു പകരുന്ന ഒന്നായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിന്റെ അനുഭവവും തമിഴ്നാടിന്റെ സവിശേഷതകളും ഇഴചേർത്ത് നിർമിച്ച ചിത്രം സാമൂഹ്യ പ്രതിബദ്ധതയുടെ ഉന്നതമായ ദൃഷ്ടാന്തമാണ്. ചരിത്രത്തെ വിസ്മരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് യഥാർഥ ചരിത്രത്തെ അനാവരണം ചെയ്യുക എന്ന ധർമം നിർവഹിക്കുകയാണ് അനിൽ വി നാഗേന്ദ്രൻ. സാമൂഹ്യ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ് വീരവണക്കം എന്ന ചിത്രം.













