ശബരിമല തീർഥാടനം ; ഒരുക്കങ്ങൾ പൂർണം

പി സി പ്രശോഭ്
Published on Nov 14, 2025, 10:47 PM | 3 min read
ഇൗ വർഷത്തെ ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടനകാലം സുഗമവും പരാതിരഹിതവുമാക്കാനുള്ള ഒരുക്കങ്ങൾ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും മാസങ്ങൾ മുമ്പേ ആരംഭിച്ചിരുന്നു. നാല് സംയുക്തയോഗങ്ങളും ഇടത്താവളങ്ങളിലെ ഒരുക്കങ്ങൾക്കായി പ്രത്യേകവും വകുപ്പുമന്ത്രിമാർ പങ്കെടുത്തുള്ള യോഗങ്ങളും ചേർന്നു. തീർഥാടകർക്ക് പൂർണതൃപ്‌തി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും ദേവസ്വം മന്ത്രി വി എൻ വാസവന്റെയും നേതൃത്വത്തിൽ മണ്ഡലകാല ഒരുക്കങ്ങൾക്കുള്ള സർക്കാരിന്റെ ഓരോ ചുവടും. ജൂലൈയിൽത്തന്നെ ഒരുക്കം ആരംഭിച്ചു. പമ്പയിൽ ആഗോള അയ്യപ്പസംഗമം ചരിത്രവിജയമായി. ശബരിമലയിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമു പൂർണതൃപ്‌തയായാണ് മടങ്ങിയത്.
മികച്ച സൗകര്യങ്ങൾ
പാതകൾ സഞ്ചാരയോഗ്യമാക്കി. പാർക്കിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തി. സുരക്ഷയ്‌ക്ക് ആവശ്യത്തിന് പൊലീസുകാരെ നിയോഗിച്ചു. കാനനപാതയിൽ വനംവകുപ്പ് സൗകര്യങ്ങളൊരുക്കി. പ്രത്യേക ശുചീകരണസേനയെ വിന്യസിച്ചു. പമ്പയിൽ സ്ഥാപിച്ച ജർമൻ പന്തലിൽ 4000 പേർക്ക് വിരിവയ്‌ക്കാം. 12,000 പേർക്ക് മഴയും വെയിലുമേൽക്കാതെ പമ്പാസ്‌നാനം കഴിഞ്ഞ് പോകാനാകും. നിലയ്‌ക്കലിൽ 2000 വാഹനങ്ങൾ അധികമായി പാർക്ക് ചെയ്യാം. എല്ലാ തീർഥാടകർക്കും അപകട ഇൻഷുറൻസ് പരിരക്ഷയുണ്ട്. മരിക്കുന്ന തീർഥാടകരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും. കവറേജ് സംസ്ഥാനം മുഴുവനാക്കി.

ഇതുകൂടാതെ സംസ്ഥാനത്തിന് പുറത്തേക്ക് ഒരുലക്ഷം രൂപവരെയും അകത്ത് 30,000 രൂപവരെയും ആംബുലൻസ് ചെലവ് ദേവസ്വം ബോർഡ് വഹിക്കും. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന ബോർഡ് സ്ഥിരം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാർ എന്നിവർക്കും അപകട ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി. പമ്പമുതൽ സന്നിധാനംവരെയും എരുമേലി കാനനപാതയിലും മലകയറ്റത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്ന തീർഥാടകർക്ക് നിലവിൽ ഇൻഷുറൻസ് തുകയില്ല. ഇത് പരിഗണിച്ച്, മരിക്കുന്നവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. വിവിധ ഭാഷകളിലുള്ള പുതിയ ദിശാസൂചക ബോർഡുകൾ, അടിയന്തര ഫോൺ നമ്പരുകൾ ഉൾപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചു. ശരംകുത്തിമുതൽ വലിയ നടപ്പന്തൽവരെ പൈപ്പിലൂടെ ചൂടുവെള്ളം എത്തിക്കുന്ന പദ്ധതി കഴിഞ്ഞ മണ്ഡലകാലത്ത് നടപ്പാക്കി. 56 ചുക്കുവെള്ള വിതരണകേന്ദ്രങ്ങളും കുടിവെള്ള കിയോസ്‌കുകളും സജ്ജമാക്കി. സന്നിധാനത്ത് 1005 ശുചിമുറികളുണ്ട്. ശരംകുത്തി പാതയിലെ ക്യൂ കോംപ്ലക്സുകളിൽ 164 സൗജന്യ ശുചിമുറികളും സജ്ജമാക്കി.
കെഎസ്‌ആർടിസി സജ്ജം
തീർഥാടനത്തിന്റെ ആദ്യഘട്ടത്തിൽ കെഎസ്‌ആർടിസി 467 ബസുകളും രണ്ടാംഘട്ടത്തിൽ 502 ബസുകളും മകരവിളക്കിന് 900 ബസുകളും പ്രത്യേക സർവീസ് നടത്തും. ഡ്രൈവർമാർക്കായി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വഴിയോരങ്ങളിൽ പൊലീസ് ചുക്കുകാപ്പി വിതരണം ചെയ്യും. പരമ്പരാഗതപാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി 58 ബയോ ടോയ്‌ലറ്റുകളുണ്ട്. പമ്പ–സന്നിധാനം പാതയിൽ നാല് മൊബൈൽ കണ്ടെയ്നർ ടോയ്‌ലറ്റ് ബ്ലോക്കുകളുണ്ട്. മരക്കൂട്ടംമുതൽ സന്നിധാനംവരെ ചന്ദ്രാനന്ദൻ റോഡിൽ തീർഥാടകർക്ക് വിശ്രമിക്കാനുള്ള ബെഞ്ചുകൾ ഒരുക്കി. അപ്പാച്ചിമേട്ടിലും ചരൽമേട്ടിലും ഉൾപ്പെടെ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ 15 ഇഎംസികൾ ഒരുക്കി.

ശുചിമുറികളുംമറ്റും വൃത്തിയാക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ ലേബർ കോൺട്രാക്ട് നൽകുകയായിരുന്നു. എന്നാൽ, തൊഴിൽ ചൂഷണം മനസ്സിലാക്കി 420 താൽക്കാലിക തൊഴിലാളികളെ ദേവസ്വം ബോർഡ് നേരിട്ട് നിയമിച്ചു. ശരംകുത്തിമുതൽ വലിയ നടപ്പന്തൽവരെ സൈഡ് വാൾ നിർമിച്ച് തീർഥാടകർക്ക് ഇരിക്കാൻ സൗകര്യമൊരുക്കി. സന്നിധാനത്ത് താമസിക്കാൻ 546 മുറികൾ സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ ശബരി ഗസ്റ്റ് ഹൗസിലെ 56 മുറികൾ പൂർണമായും നവീകരിച്ചതാണ്. ലഭ്യമായ മുറികളുടെ 50 ശതമാനം ഓൺലൈനിൽ ബുക്ക് ചെയ്യാം. ജൈവ അജൈവമാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ പ്രത്യേകം ബിന്നുകൾ സ്ഥാപിച്ചു. പമ്പയിൽ 300 ശുചിമുറി സജ്ജമാക്കിയിട്ടുണ്ട്. 70 എണ്ണം സ്ത്രീകൾക്കുള്ളതാണ്. പമ്പയിൽ ക്യൂ നിൽക്കാൻ 10 പുതിയ നടപ്പന്തലുകൾ ഒരുക്കി. ശീതീകരിച്ച വനിതാ ഫെസിലിറ്റേഷൻ സെന്റർ, സ്ത്രീകൾക്ക് വസ്ത്രം മാറാൻ സൗകര്യം എന്നിവയൊരുക്കി. പമ്പ ഹിൽടോപ്, ചക്കുപാലം- 2 എന്നിവിടങ്ങളിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുണ്ടായിരിക്കും. നിലയ്ക്കലിൽ 420 സ്ഥിരം ശുചിമുറികളും 500 കണ്ടെയ്നർ ശുചിമുറികളും ഒരുക്കി. സംസ്ഥാന ഫണ്ട് ഉപയോഗിച്ച് അഞ്ച് കെട്ടിടങ്ങൾ പൂർത്തിയാക്കി. വിരിവയ്‌ക്കാൻ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിലയ്‌ക്കലിൽ നാല് കെട്ടിടങ്ങൾ പൂർത്തിയാക്കി. ടാറ്റ നിർമിച്ച അഞ്ച് ഷെഡുകളിലായി 5000 പേർക്ക് വിരിവയ്‌ക്കാം. നിലയ്ക്കലിൽ ഡ്രൈവർമാർക്ക് വിശ്രമിക്കാൻ പ്രത്യേകം സൗകര്യമുണ്ട്.
സമ്പൂർണ ഡിജിറ്റലൈസേഷൻ
ഇ-കാണിക്ക, വഴിപാടുതുക സ്വീകരിക്കാൻ പിഒഎസ് മെഷീൻ, യുപിഐ പണമിടപാട് സംവിധാനം, പ്രൈസ് സോഫ്‌റ്റ്‌വെയർ, ജി–സ്പാർക്ക്, ഇ-ടെൻഡർ, ഇ–ഓഫീസ് എന്നീ സംവിധാനത്തിലൂടെ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കി. ചെന്നൈ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററുമായി സഹകരിച്ച് പുതിയ വെബ്‌സൈറ്റിൽ അധിഷ്‌ഠിതമായ ഇന്റഗ്രേറ്റഡ് ടെമ്പിൾ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കി. ബോർഡിന്റെ ശ്രമഫലമായി കിഫ്ബിവഴി വിവിധ മരാമത്തുജോലികൾക്കായി 123 കോടിയും ലഭ്യമായിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ശബരിമല ഇടത്താവളങ്ങളുടെ നിർമാണം വിവിധ ജില്ലകളിലായി പുരോഗമിക്കുന്നു. മണ്ഡല–-മകരവിളക്ക് മഹോത്സവം സർക്കാരുമായി യോജിച്ച് കൃത്യമായ ആസൂത്രണത്തോടെ നടത്താൻ ദേവസ്വം ബോർഡിന് കഴിഞ്ഞു.

തൃപ്‌തികരമായ ഓൺലൈൻ സേവനം
ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപ്പൂജ, ഉച്ചപ്പൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകൾക്കുള്ള ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചു. കൂടാതെ നേരിട്ട് ടിക്കറ്റെടുത്തും വഴിപാടുകൾ നടത്താം. വെർച്വൽ ക്യൂ ബുക്കിങ്ങിനുപുറമെ തത്സമയ ബുക്കിങ് കൗണ്ടറുകൾ പമ്പ, നിലയ്‌ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ തയ്യാറാകുന്നു. ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനം സാധ്യമാകും. ഓൺലൈൻ ദർശനം ബുക്കുചെയ്ത് ക്യാൻസൽ ചെയ്യുമ്പോൾ ആ ക്വോട്ടകൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും. അതുവഴി എല്ലാവർക്കും ദർശനം ഉറപ്പാക്കും. ക്യൂ നിൽക്കുന്നവർക്ക് മുഴുവൻസമയവും ബിസ്‌കറ്റും ഔഷധകുടിവെള്ളവും ലഭ്യമാക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കി.
സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുമ്പായി നടപ്പന്തൽമുതൽ പ്രത്യേകം ക്യൂ സംവിധാനവും പെട്ടെന്ന് ദർശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. ഡോളിക്കാർ തീർഥാടകരെ ചൂഷണം ചെയ്യാതിരിക്കാൻ മോനിട്ടറിങ് ഏർപ്പെടുത്തി. സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ഫിസിയോതെറാപ്പി സെന്റർ ബോർഡിന്റെ നിയന്ത്രണത്തിലുണ്ട്. പമ്പയിലും സന്നിധാനത്തും ഓഫ്റോഡ് ആംബുലൻസ് 24 മണിക്കൂറും പ്രവർത്തിക്കും. വകുപ്പുകളുടെ ഏകോപനത്തിന് മുതിർന്ന, പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.














