Articles

രാജ്യസഭ

നാമനിർദേശത്തിലെ രാഷ്ട്രീയ താൽപ്പര്യം

rajyasabha nomination
avatar
പി ഡി ടി ആചാരി

Published on Jul 15, 2025, 11:08 PM | 2 min read

രാജ്യസഭയിലേക്ക് നടക്കുന്ന നാമനിർദേശം എല്ലാ പ്രാവശ്യവും ചർച്ചയ്ക്ക് വിഷയീഭവിക്കാറുണ്ട്. ഇപ്രാവശ്യവും അതുതന്നെയാണുണ്ടായത്. രാഷ്ട്രപതിയുടെ പേരിലാണ് നാമനിർദേശം നടക്കുന്നതെങ്കിലും അത് തീരുമാനിക്കുന്നത് ആത്യന്തികമായി പ്രധാനമന്ത്രിതന്നെയാണ്. നമ്മുടെ ഭരണഘടനയനുസരിച്ച് രാഷ്ട്രപതിക്ക്‌ സ്വന്തമായി തീരുമാനമെടുക്കാൻ അധികാരമില്ല. മന്ത്രിസഭയുടെ തീരുമാനമനുസരിച്ച്‌ മാത്രമേ പ്രവർത്തിക്കാനാകൂ. അപ്പോൾ കേന്ദ്രമന്ത്രിസഭ എടുക്കുന്ന തീരുമാനം പൂർണമായ അർഥത്തിൽ നിഷ്‌പക്ഷമാണെന്ന്‌ പറഞ്ഞുകൂടാ. അതിലൊക്കെ രാഷ്ട്രീയപരമായ പരിഗണനകളുണ്ടാകുമെന്ന കാര്യത്തിലൊന്നും ഒരു സംശയവുമുണ്ടാകേണ്ട കാര്യമില്ല.


രാജ്യസഭയിലേക്ക് അടുത്ത ദിവസം നാലുപേരെ രാഷ്ട്രപതി നാമനിർദേശം ചെയ്യുകയുണ്ടായി. വിവിധ മേഖലകളിൽപ്പെട്ടവരാണിവർ. ഭരണഘടനയുടെ 80–-ാം അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിക്ക്‌ 12 അംഗങ്ങളെ ആറു വർഷത്തേക്ക് നാമനിർദേശം ചെയ്യാനുള്ള അധികാരമുണ്ട്. ആ അധികാരം പ്രയോഗിക്കുന്നത് കേന്ദ്ര സർക്കാരിന്റെ തീരുമാനം അനുസരിച്ചു മാത്രമാണ്. ഏതു സർക്കാരും ഇപ്രകാരം നാമനിർദേശം ശുപാർശ ചെയ്യുമ്പോൾ തങ്ങളുടെ രാഷ്ട്രീയതാൽപ്പര്യങ്ങൾകൂടി കണക്കിലെടുക്കാമെന്നതാണ്‌ കഴിഞ്ഞ കാലങ്ങളിൽനിന്നുള്ള അനുഭവം തെളിയിക്കുന്നത്. എന്നാൽ, ഭരണഘടന നിലവിൽ വന്നതിനുശേഷം ആദ്യമായി നടത്തിയ നാമനിർദേശങ്ങളിൽ ഭരിക്കുന്ന പാർടിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നതും ഒരു വസ്‌തുതയാണ്‌. ലിസ്റ്റ്‌ പരിശോധിച്ചാൽ ഈ വസ്‌തുത വ്യക്തമാകുന്നതാണ്. ആദ്യത്തെ ലിസ്റ്റിൽ വന്ന ചില പേരുകൾ ഒന്നു നോക്കാം; ഡോ. സക്കീർ ഹുസൈൻ, രാധാ കുമുദ്‌ മുഖർജി (ചരിത്രകാരൻ), കാകാ കലേൽക്കർ (ഗാന്ധിയൻ ദർശനത്തിന്റെ വലിയ പ്രയോക്താവ്), അല്ലാഡി കൃഷ്‌ണമാചാരി (ഭരണഘടനാവിദഗ്‌ധൻ), പൃഥിരാജ് കപൂർ (അഭിനേതാവ്), സർദാർ കെ എം പണിക്കർ (ചരിത്രകാരൻ) തുടങ്ങിയവരാണ് ആ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ഇവരെല്ലാം അവരുടെ മേഖലകളിൽ ഉന്നതമായ സ്ഥാനം ഉണ്ടായിരുന്നവരാണ്. പിന്നീടുള്ള നാമനിർദേശങ്ങളിലും ഇതുപോലെ വളരെ പ്രസിദ്ധരായ വ്യക്തികളാണ് സ്ഥാനം പിടിച്ചിരുന്നത്.


rajyasabha nomination



ക്രമേണ ഈ അവസ്ഥ മാറുന്നതായാണ് കണ്ടത്. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത് സാഹിത്യം, ശാസ്ത്രം, കല, സമൂഹസേവനം എന്നീ മേഖലകളിൽ പ്രത്യേകമായ അറിവോ പ്രായോഗിക അനുഭവസമ്പത്തോ ഉള്ള വ്യക്തികൾ ആയിരിക്കണമെന്നാണ് 80–-ാം അനുച്ഛേദത്തിന്റെ മൂന്നാമത്തെ വകുപ്പിൽ പറഞ്ഞിരിക്കുന്നത്. വാസ്‌തവത്തിൽ ഭരണഘടനാ അസംബ്ലിയിൽ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ നാമനിർദേശം ആവശ്യമില്ലെന്നും അത് രാഷ്ട്രത്തലവനായ രാഷ്ട്രപതിക്കെതിരെ സ്വജനപക്ഷപാതമെന്ന ആരോപണം ഉന്നയിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടാകുമെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. അതിനുവേണ്ടി അവർ ഭേദഗതികൾവരെ നിർദേശിച്ചിരുന്നു. എന്നാൽ, അതിവിശിഷ്ട വ്യക്തികളുടെ സാന്നിധ്യം പാർലമെന്റിൽ ഉണ്ടാകുന്നത് സഭയുടെ മെച്ചമായ പ്രവർത്തനത്തിന്‌ സഹായകമായിരിക്കും എന്നായിരുന്നു ഡോ. അംബേദ്കറുടെ അഭിപ്രായം.


യഥാർഥത്തിൽ 15 പേരുടെ നാമനിർദേശമാണ് ഡ്രാഫ്‌റ്റ്‌ സ്റ്റേജിൽ വ്യവസ്ഥ ചെയ്‌തിരുന്നത്; 12 പേർ സഭയിലെ അംഗങ്ങളും മൂന്നുപേർ സഭകളിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളിലും മറ്റും ഉയർന്ന നിലവാരത്തിലുള്ള ഉപദേശങ്ങളും നിർദേശങ്ങളും നൽകാൻ കഴിയുന്നവരും. പിന്നീടത് വേണ്ടെന്നുവച്ചു. ഡോ. ബി ആർ അംബേദ്കർ പറഞ്ഞത് ഈ മൂന്നു പേരുടെ വിദഗ്ധാഭിപ്രായം നമുക്ക് മറ്റ്‌ 12 പേരിൽനിന്ന്‌ ലഭിക്കുമല്ലോ എന്നാണ്. അപ്പോൾ നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങളിൽനിന്ന്‌ സഭ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അംബേദ്കറുടെ മറുപടിയിൽനിന്ന്‌ വ്യക്തമാകുന്നു.


അതിപ്രാഗൽഭ്യം എന്നതാണ് മാനദണ്ഡം. ഭരണഘടന നിർമാതാക്കൾ അതാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യസഭയിലെ ചർച്ചകളെ ഉന്നതമായ തലങ്ങളിലേക്കുയർത്തുക, അതുവഴി ഭരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നൊക്കെയുള്ള മഹത്തായ ലക്ഷ്യങ്ങളായിരുന്നു അവർക്ക്‌ ഉണ്ടായിരുന്നത്


സമൂഹസേവനത്തിലുള്ള പ്രായോഗികാനുഭവം എന്ന വിഭാഗത്തിലുള്ള നോമിനേഷനാണ് പലപ്പോഴും വിവാദത്തിന് വഴിതുറക്കുന്നത്. ആദ്യ ബാച്ചിലെ നോമിനേഷനുശേഷം അന്നത്തെ പ്രധാനമന്ത്രി നെഹ്റു പറഞ്ഞത് ഓരോ മേഖലയിലുമുള്ള അതിപ്രഗൽഭന്മാരെയാണ് നോമിനേറ്റ് ചെയ്തിരിക്കുന്നതെന്നാണ് (ലോക്‌സഭ, മെയ്‌ 13, 1953). അപ്പോൾ അതിപ്രാഗൽഭ്യം എന്നതാണ് മാനദണ്ഡം. ഭരണഘടന നിർമാതാക്കൾ അതാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യസഭയിലെ ചർച്ചകളെ ഉന്നതമായ തലങ്ങളിലേക്കുയർത്തുക, അതുവഴി ഭരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നൊക്കെയുള്ള മഹത്തായ ലക്ഷ്യങ്ങളായിരുന്നു അവർക്ക്‌ ഉണ്ടായിരുന്നത്.


എന്നാൽ, സമൂഹസേവനം എന്ന ഭരണഘടനയിലെ പട്ടിക ഒരു രാഷ്ട്രീയാവസരമായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയപ്പോൾ ഭരണഘടന നിർമാതാക്കൾ വിഭാവനം ചെയ്ത ഉന്നതനിലവാരം താഴ്‌ന്നുപോവുകയാണുണ്ടായത്. ഈ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെടുന്ന ആളുകളിൽ പലരും അറിയപ്പെടാത്ത വ്യക്തികളായിരുന്നു. ഏറ്റവും ഉയർന്ന യോഗ്യതയെന്ന മാനദണ്ഡം മിക്കവാറും ഉപേക്ഷിക്കപ്പെട്ടതായിട്ടാണ് കുറേക്കാലമായി കണ്ടുവരുന്നത്. ഒരുപക്ഷേ രാഷ്ട്രീയ പരിഗണനകൾ സർവോപരിയായിത്തീർന്ന ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കാമിത്. ഏതായാലും നാമനിർദേശം എന്ന പ്രധാനപ്പെട്ട ഭരണഘടന ചുമതല നിർവഹിക്കുമ്പോൾ രാജ്യസഭയിലെ ആദ്യത്തെ ലിസ്റ്റ് ഒന്ന് മനസ്സിൽ വയ്ക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.


(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ് 
ലേഖകൻ)



Home