Articles

പഹൽഗാം: പാർലമെന്റ്‌ പ്രത്യേക സമ്മേളനം വിളിക്കണം

പഹൽഗാം: പാർലമെന്റ്‌ പ്രത്യേക സമ്മേളനം വിളിക്കണം; ജനങ്ങളോട്‌ മറുപടി പറയണം

pahalgam attack
avatar
എം എ ബേബി

Published on Jun 16, 2025, 10:18 PM | 5 min read

‘ഓപ്പറേഷൻ സിന്ദൂർ’ താൽക്കാലികമായി നിർത്തിവച്ചതിനെത്തുടർന്ന്, കേന്ദ്ര സർക്കാർ ‘നയതന്ത്രപരമായ ഇടപെടലുകൾ’ എന്ന പേരിൽ അയച്ച ഏഴ് പാർലമെന്ററി പ്രതിനിധി സംഘങ്ങളും മടങ്ങിയെത്തിയിരിക്കുന്നു. ഗൗരവപരമായ വിയോജിപ്പുകളും ചോദ്യങ്ങളും ഉണ്ടായിരുന്നിട്ടും സിപിഐ എം, സർക്കാരിന്റെ അഭ്യർഥന മാനിച്ച്‌ ഈ പ്രതിനിധി സംഘത്തിലൊന്നിൽ പങ്കാളിയാകുകയും ചെയ്തു. ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണവും തുടർന്നുള്ള സൈനിക നടപടികളും ചർച്ച ചെയ്യാൻ സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തേ തീരൂ.


ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി നിലകൊണ്ടു. ഈ ഐക്യത്തെ സർക്കാർ മാനിക്കുകയും ജനങ്ങളെ അലട്ടുന്ന നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകി തങ്ങളുടെ ഭരണഘടനാപരമായ കടമ നിർവഹിക്കുകയും വേണം. എന്നാൽ, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർടിയും രാജ്യമെമ്പാടും യാത്ര ചെയ്തുകൊണ്ട് ‘ഓപ്പറേഷൻ സിന്ദൂറി’നെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനും തീവ്രദേശീയത വളർത്താനുമുള്ള ഉപാധിയാക്കുകയാണ്. പ്രധാനമന്ത്രിയും ആർഎസ്‌എസ്/ ബിജെപിയും നയിക്കുന്ന ഈ പ്രചാരണം, ഭീകരതയെ നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനും അനിവാര്യമായ ഐക്യത്തെ ഇല്ലാതാക്കാനേ ഉപകരിക്കൂ. ജനങ്ങൾക്കിടയിലുള്ള ചില ആശങ്കകൾ നമുക്ക് പരിശോധിക്കാം.


സമഗ്ര അന്വേഷണം വേണം


പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരർ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. സംഭവം നടന്ന് 40 ദിവസത്തിലധികം കഴിഞ്ഞിട്ടും അവർ എങ്ങനെ രാജ്യത്തേക്ക് പ്രവേശിച്ചു, ആക്രമണം എങ്ങനെ നടത്തി, ഇപ്പോൾ എവിടെയാണുള്ളത് എന്നതിനെക്കുറിച്ച് വ്യക്തമായ ഉത്തരങ്ങളൊന്നും ലഭ്യമല്ല. ഇരകളെ തിരഞ്ഞുപിടിച്ച് ലക്ഷ്യമിട്ടത് നമ്മുടെ സുരക്ഷാ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് വെളിപ്പെടുത്തുന്നത്‌. ഈ ഏജൻസികളെല്ലാം കേന്ദ്രസർക്കാരിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാർ ഏറ്റെടുത്ത്‌, സമഗ്രവും നിഷ്‌പക്ഷവുമായ അന്വേഷണത്തിലൂടെ ഉത്തരവാദികളെ കണ്ടെത്തി, പൊതുജനങ്ങൾക്ക് വ്യക്തമായ മറുപടി നൽകണം. രാജ്യത്തെ ജനങ്ങൾക്കുവേണ്ടി കുറഞ്ഞപക്ഷം ഇത്രയെങ്കിലും ചെയ്യാൻ ബിജെപി സർക്കാരിന് ബാധ്യതയുണ്ട്.


വിദ്വേഷ പ്രചാരണം


അതിനുപകരം മുസ്ലിം മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് വിഷലിപ്തമായ വർഗീയ ക്യാമ്പയിനാണ് ആർഎസ്എസും ബിജെപിയും അഴിച്ചുവിട്ടത്. സമൂഹ മാധ്യമങ്ങളിൽ അവർ ആരെയും വെറുതെ വിട്ടില്ല. വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലും മുറിവേറ്റവരെ ആശുപത്രിയിലും ഒക്കെ എത്തിച്ച കശ്മീരികളുടെ നിസ്വാർഥതയെയും ധീരതയെയും അവർ അവഗണിച്ചു. വിനോദ സഞ്ചാരികളുടെ ജീവൻ രക്ഷിക്കുന്നതിനിടയിൽ സ്വജീവൻ നഷ്ടപ്പെട്ട കുതിരസവാരി നടത്തിപ്പുകാരന്റെ ജീവത്യാഗത്തെ അവർ കണ്ടില്ലെന്ന് നടിച്ചു. എന്നാൽ, അവിടെനിന്ന് രക്ഷപ്പെട്ട വിനോദസഞ്ചാരികളാകട്ടെ, അവരെയെല്ലാം നന്ദിയോടെ സ്മരിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി ആർ മേനോൻ പറഞ്ഞത്, ദുഷ്‌കരമായ സമയത്ത് സഹായവുമായി എത്തിയ മുസാഫർ, സമീർ എന്നീ രണ്ട് കശ്മീരി സഹോദരങ്ങളെ തനിക്ക് ലഭിച്ചുവെന്നാണ്.

ഭീകരാക്രമണത്തെ കശ്മീരിലെ ജനങ്ങൾ ഒറ്റക്കെട്ടായി അപലപിച്ച രീതി ശരിക്കും മാതൃകാപരമായിരുന്നു. കടകൾ സ്വമേധയാ അടച്ചിട്ടു, മെഴുകുതിരി പ്രകടനങ്ങളും സമാധാനപരമായ പ്രതിഷേധങ്ങളും നടത്തി. അത്തരം ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ഈ ഘട്ടത്തിൽ ആവശ്യമായിട്ടുള്ളത്. എന്നാൽ, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമങ്ങൾക്കാണ് വർഗീയശക്തികൾ തുടക്കംകുറിച്ചത്. വിവിധ നഗരങ്ങളിൽ കശ്മീരി വിദ്യാർഥികൾ ആക്രമിക്കപ്പെട്ടു. നാവികസേന ഉദ്യോഗസ്ഥനായ ഭർത്താവിനെ നഷ്ടപ്പെട്ട ഹിമാൻഷി നർവാൾ എന്ന നവവധു ഏറെ നിന്ദ്യവും അശ്ലീലവുമായ വിദ്വേഷ പ്രചാരണത്തിന് ഇരയായി. കശ്മീരികളെയും മുസ്ലിങ്ങളെയും ലക്ഷ്യമിടാനോ മതപരമായ വിദ്വേഷം ആളിക്കത്തിക്കാനോ ഈ ആക്രമണം മറയാക്കരുതെന്ന് അഭ്യർഥിച്ചതായിരുന്നു അവർ ചെയ്ത ഏക ‘കുറ്റം’. ഈ വിദ്വേഷ പ്രചാരണത്തെക്കുറിച്ച് ഇന്ത്യൻ സർക്കാർ പൂർണമായും മൗനം പാലിച്ചു. ഇത് ഓൺലൈൻ ട്രോളുകളുടെ വർഗീയ സൈന്യത്തിന് കൂടുതൽ ധൈര്യം നൽകി.


പല ബിജെപി നേതാക്കളും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളിലെ മന്ത്രിമാരും സൈനിക വക്താവിനും വിദേശ സെക്രട്ടറിക്കുമെതിരെപോലും തീർത്തും അസ്വീകാര്യവും ഒരിക്കലും മാപ്പർഹിക്കാത്തതുമായ പരാമർശങ്ങൾ നടത്തി. അത്തരം വ്യക്തികൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ സർക്കാർ നിർബന്ധിതമായതുതന്നെ കോടതിയുടെ സമ്മർദം കൊണ്ടുമാത്രമാണ്. വർഗീയ വിഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിച്ചപ്പോൾ, വസ്തുതകളും ഐക്യവും ആവശ്യപ്പെടുന്ന സ്വതന്ത്ര മാധ്യമങ്ങളെയും വ്യക്തികളെയും ലക്ഷ്യമിടുന്നതിൽ അവർ വേഗത കാണിച്ചു. അശോക സർവകലാശാലയിലെ അസോസിയറ്റ് പ്രൊഫസർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്ത വേഗതയും ‘ദ വയർ' വെബ്സൈറ്റ് പെട്ടെന്ന് അടച്ചുപൂട്ടിയതും സർക്കാരിന്റെ ആഴത്തിലുള്ള പക്ഷപാതപരവും സ്വേച്ഛാധിപത്യപരവുമായ സ്വഭാവത്തെ എടുത്തു കാണിക്കുന്നു.


യഥാർഥത്തിൽ, തീവ്ര ദേശീയ പ്രചാരണത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന പ്രധാനമന്ത്രിയാൽ നയിക്കപ്പെടുന്ന സർക്കാരിൽനിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കാനില്ല. പാർലമെന്റിനോടോ സ്വതന്ത്രവും ചോദ്യങ്ങൾ ഉന്നയിക്കുന്നതുമായ മാധ്യമങ്ങളിലൂടെ ജനങ്ങളോടോ തന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ വിസമ്മതിക്കുക എന്നത് ഇപ്പോൾ പ്രധാനമന്ത്രിയുടെ സ്വതസിദ്ധമായ ശൈലിയായി മാറിയിട്ടുണ്ട്. മുൻകൂട്ടി അംഗീകരിച്ച, ലളിതമായ ചോദ്യങ്ങൾ ചോദിക്കുന്നതിന് പേരുകേട്ട തെരഞ്ഞെടുക്കപ്പെട്ട മാധ്യമ സ്ഥാപനങ്ങൾക്ക് മാത്രമാണ് അദ്ദേഹം അഭിമുഖങ്ങൾ നൽകുന്നത്. സ്ഥിരമായി പത്ര സമ്മേളനങ്ങൾ ഒഴിവാക്കുന്നു, എന്നിട്ടും ഏകപക്ഷീയമായ പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടത്താൻ സദാ തൽപ്പരനായിരിക്കുന്നു.


ബാഹ്യ ഇടപെടൽ അനുവദിക്കരുത്


ഭീകരതയെക്കുറിച്ചും അതിനെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും സിപിഐ എം എല്ലായ്‌പ്പോഴും വ്യക്തവും സ്ഥിരതയുള്ളതുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. യുദ്ധം മാത്രമാണ് ഏക പോംവഴിയെന്ന് അവകാശപ്പെടുന്നത് അംഗീകരിക്കാനാകില്ല. നയതന്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവും തന്ത്രപരവുമായ സമഗ്ര സമീപനം പിന്തുടരണം. അത്തരം ബഹുമുഖ ശ്രമങ്ങളിലൂടെ ഭീകരരെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഒറ്റപ്പെടുത്തണം. എന്നാൽ, ഈ വിശാല സമീപനം സ്വീകരിക്കുന്നതിനുപകരം, സർക്കാർ യുദ്ധത്തിലും സംഘർഷം വർധിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് വിപരീത ഫലങ്ങളാണ് ഉണ്ടാക്കുക.


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏതൊരു തർക്കവും ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കും, അത് അങ്ങനെയേ ചെയ്യാവൂ. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളിൽ ഏതെങ്കിലും ബാഹ്യകക്ഷി ഇടപെടാനോ മാധ്യസ്ഥ്യം വഹിക്കാനോ അനുവദിക്കരുത്. കശ്മീർ വിഷയത്തിന്റെ അന്താരാഷ്ട്രവൽക്കരണത്തെ സിപിഐ എം ശക്തമായി എതിർക്കുന്നു. നിലവിലെ ബിജെപി സർക്കാരിന്റെ നടപടികളാകട്ടെ യുഎസ് ഇടപെടലിന് വഴിയൊരുക്കുകയും ഈ വിഷയത്തെ അന്താരാഷ്ട്രവൽക്കരിക്കുന്നതിന് കാരണമാകുകയും ചെയ്തു. വെടിനിർത്തൽ മാധ്യസ്ഥ്യത്തിൽ തങ്ങളുടെ പങ്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് നടത്തിയ അവകാശവാദങ്ങളെ ശക്തമായി നിഷേധിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഈ അവകാശവാദങ്ങൾ യുഎസ് സർക്കാർ അവിടത്തെ ഒരു കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽപോലും ഉൾപ്പെടുത്തിയിരുന്നു. അത്തരം ഇടപെടൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഏതെങ്കിലും ബാഹ്യ ഇടപെടലുകളില്ലാതെ ഉഭയകക്ഷിപരമായി പരിഹരിക്കപ്പെടുമെന്ന ദീർഘകാല ദേശീയ സമവായത്തിന് വിരുദ്ധമാണ്. കശ്മീർ പ്രശ്നം അന്താരാഷ്ട്രവൽക്കരിക്കാനും മൂന്നാം കക്ഷി മധ്യസ്ഥത തേടാനുമുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ സിപിഐ എം സ്ഥിരമായി എതിർത്തിട്ടുണ്ട്. നിലവിലെ സർക്കാരിന്റെ പെരുമാറ്റമാകട്ടെ പാകിസ്ഥാന്റെ കൈകളിലേക്ക് കളിക്കുകയും അതുവഴി ഇന്ത്യയുടെ പരമാധികാരത്തെയും ദേശീയ അന്തസ്സിനെയും തകർക്കുകയും ചെയ്യുന്നതാണ്.


വിവേചനമല്ല ഐക്യമാണ് ആവശ്യം


പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ബിജെപി സർക്കാർ വിസമ്മതിക്കുന്നത് നിരവധി ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വിഷയങ്ങൾ വ്യക്തമാക്കാനും ജനപ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സർക്കാർ ബാധ്യസ്ഥമായ വേദിയാണ് പാർലമെന്റ്. അതുകൊണ്ടുതന്നെ പാർലമെന്റ്‌ സമ്മേളനം വിളിച്ചുചേർക്കാൻ വിസമ്മതിക്കുന്നത് സർക്കാരിന്റെ സ്വേച്ഛാധിപത്യപരമായ സ്വഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സർക്കാർ വിളിച്ചുചേർത്ത രണ്ട് സർവകക്ഷി യോഗങ്ങളിൽനിന്നും പ്രധാനമന്ത്രി മനഃപൂർവം വിട്ടുനിന്നത്, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ ഒപ്പം കൊണ്ടുപോകാൻ സർക്കാരിന് യഥാർഥത്തിൽ പ്രതിബദ്ധതയുണ്ടോ എന്ന ചോദ്യത്തെ കൂടുതൽ പ്രസക്തമാക്കുന്നു. ഏറ്റവും പ്രകടമായ, വിവേചനപരമായ നടപടികളിലൊന്ന്, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ബിജെപി, -എൻഡിഎ മുഖ്യമന്ത്രിമാർക്ക് മാത്രം വിവരങ്ങൾ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനമായിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇന്ത്യൻ യൂണിയനിൽനിന്ന് പുറത്തുള്ളവരായും അതേ വിവരങ്ങൾക്കും സഹകരണത്തിനും അയോഗ്യരായും ആണോ യൂണിയൻ സർക്കാർ കണക്കാക്കുന്നത്. ഇത് ബിജെപിയുടെ പക്ഷപാതപരമായ സമീപനത്തെയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ദേശീയ ഐക്യം വളർത്തുന്നതിലുള്ള താൽപ്പര്യമില്ലായ്മയെയും വ്യക്തമായി തുറന്നുകാട്ടുന്നു.


ഭീകരതയെ നേരിടുന്നതിൽ നമ്മുടെ ശക്തി രാജ്യത്തിന്റെ ഐക്യത്തിലാണ്. പഹൽഗാം ആക്രമണത്തിനുശേഷം ഈ ഐക്യം വ്യക്തമായി ദൃശ്യമായിരുന്നു. അന്ന് എല്ലാ മതങ്ങളെയും ജാതികളെയും പ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്ന ആളുകൾ ആക്രമണത്തെ അപലപിക്കാൻ ഒത്തുചേർന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളവ, സഹിക്കാവുന്നതല്ല. അവ നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്, നമ്മുടെ സാമ്രാജ്യത്വ വിരുദ്ധ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണ്. ബിജെപി സർക്കാർ, പ്രത്യക്ഷമായും പരോക്ഷമായും ഈ പ്രചാരണങ്ങളെ പിന്തുണയ്ക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്നത് തടയുകയും ശിക്ഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ, ഈ വിഭജനപരവും അപകടകരവുമായ ശ്രമങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.


വിദ്വേഷവും അന്യവൽക്കരണവും എല്ലായ്‌പ്പോഴും വിഭാഗീയ ശക്തികൾക്ക് വളരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. അത്തരം സാഹചര്യങ്ങൾ നമ്മുടെ രാജ്യത്ത് വേരൂന്നുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. വിദ്വേഷം ഉന്മൂലനം ചെയ്യുമ്പോൾ മാത്രമേ സമാധാനം സാധ്യമാകൂ. എല്ലാത്തരം വിദ്വേഷങ്ങൾക്കെതിരെയും അത് എവിടെനിന്ന് ഉത്ഭവിക്കുന്നതായാലും നാം ഒറ്റക്കെട്ടായി നിലകൊള്ളണം. ഇന്നത്തെ സാഹചര്യത്തിൽ, ഇതായിരിക്കണം നമ്മുടെ പ്രധാന ഉത്തരവാദിത്വം.


ബിജെപി പ്രചരിപ്പിക്കുന്ന അസത്യങ്ങളെ ചെറുക്കേണ്ടതും അനിവാര്യമാണ്. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായ മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ജമ്മു കശ്മീരിലെ ജനങ്ങളുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാൻ സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണം. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും പുനഃസ്ഥാപിച്ചുകൊണ്ടുവേണം അവ ആരംഭിക്കാൻ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അനുവദിക്കുകയും വേണം.


കേന്ദ്ര സർക്കാരിനോട് നാം കണക്കു ചോദിച്ചുകൊണ്ടേയിരിക്കണം. പഹൽഗാമിലെ ഭീകരാക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങളെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് സമഗ്രമായി ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണം എന്ന ആവശ്യത്തിൽനിന്നാണ് ഇത് ആരംഭിക്കേണ്ടത്.



deshabhimani section

Dont Miss it

Recommended for you

Home