Articles

എച്ച് 1 ബി വിസ

ട്രംപാണ് മുഖ്യം മോദിക്ക്‌

modi trump deal
avatar
എം വി ഗോവിന്ദൻ

Published on Sep 25, 2025, 11:15 PM | 4 min read

​"കുനിയാൻ പറഞ്ഞപ്പോൾ ഇഴയാൻ’ തയ്യാറായി എന്ന പദപ്രയോഗം എൽ കെ അദ്വാനിയുടേതാണ്. അടിയന്തരാവസ്ഥക്കാലത്തെ മാധ്യമങ്ങളെക്കുറിച്ചായിരുന്നു അദ്വാനിയുടെ ഈ പദപ്രയോഗം. അദ്വാനിയെ പ്രായത്തിന്റെപേരിൽ മാർഗദർശക് മണ്ഡലിലേക്ക്‌ അയച്ച മോദി ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ്‌ ട്രംപിനുമുമ്പിൽ ചെയ്തുകൊണ്ടിരിക്കുന്നതും അദ്വാനി പറഞ്ഞതുതന്നെയാണ്. ട്രംപ് കുനിയാൻ പറഞ്ഞപ്പോൾ ഇഴയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കെതിരെ ട്രംപ് കൈക്കൊള്ളുന്ന ഓരോ നടപടിയും വിമർശമേതുമില്ലാതെ ഏറ്റുവാങ്ങുകയാണ് നമ്മുടെ പ്രധാനമന്ത്രി. റഷ്യയിൽനിന്ന്‌ എണ്ണ വാങ്ങരുതെന്ന തീട്ടൂരത്തിനുമാത്രമാണ് ഇന്ത്യ വഴങ്ങാതിരിക്കുന്നത്. വില കുറഞ്ഞ് എണ്ണ ലഭിക്കുമെന്നതിനാലും അത്‌ നിർത്തിയാൽ രാജ്യത്തെ എണ്ണവിതരണത്തെ സാരമായി ബാധിക്കുമെന്നതിനാലും റഷ്യൻ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് യൂറോപ്പിന് വിറ്റ് അദാനിയുടെയും അംബാനിയുടെയും കീശ വീർക്കുന്നു എന്നതിനാലുമാണ് റഷ്യയിൽനിന്ന്‌ എണ്ണ ഇറക്കുമതി നിർബാധം തുടരുന്നത്. ചൈനയും ബ്രസീലുംമറ്റും ട്രംപിനുമുമ്പിൽ വഴങ്ങാതിരിക്കുമ്പോൾ, മോദി രാജ്യസ്നേഹത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൾക്കുപോലും തയ്യാറാകാതെ എല്ലാ ശിക്ഷയും വരദാനംപോലെ മടിയേതുമില്ലാതെ ഏറ്റുവാങ്ങുന്നത് അപമാനകരമാണ്.


ഇന്ത്യൻ ചരക്കുകൾക്ക് 50 ശതമാനം തീരുവ ചുമത്തുകമാത്രമല്ല, ഇറാനിൽ ഇന്ത്യ നിർമിച്ച ഛബഹാർ തുറമുഖത്തിന് ഉപരോധം ഏർപ്പെടുത്താനും ട്രംപ് സർക്കാർ തയ്യാറായി. ബ്രിക്സ് അംഗരാഷ്ട്രങ്ങൾക്ക് 10 ശതമാനം അധികതീരുവ ചുമത്തുമെന്നും ഭീഷണിയുണ്ട്. അത് നടപ്പാകുന്നപക്ഷം തീരുവ 60 ശതമാനമായി ഉയരും. ഇത്തരം ദ്രോഹനടപടികളോടൊന്നും ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ പുതിയ പുതിയ ശിക്ഷാനടപടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ട്രംപ്. അതിൽ ഏറ്റവും അവസാനത്തേതാണ് എച്ച്1 ബി വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ ഉയർന്ന ഫീസ്. കേരളത്തിൽനിന്നടക്കമുള്ള ഐടി, ടെക്‌ മേഖലയിൽ ജോലിയെടുക്കുന്ന പതിനായിരങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ഈ തീരുമാനം.


modi trump deal


​അമേരിക്കയിൽനിന്നുള്ളവരെ ജോലിക്കെടുക്കാൻ കമ്പനികളെ നിർബന്ധിക്കുന്നതിനാണ് എച്ച്1 ബി വിസയ്‌ക്ക് വൻതുക ഈടാക്കാൻ തീരുമാനിച്ചത്. നേരത്തേ മൂന്നുവർഷത്തേക്ക് നൽകുന്ന ഈ വിസയ്‌ക്ക് 2500 മുതൽ 5000 ഡോളർവരെയാണ് ഈടാക്കിയിരുന്നത് (രണ്ടുലക്ഷംമുതൽ അഞ്ചുലക്ഷം രൂപവരെ). എന്നാൽ, സെപ്തംബർ 21 മുതൽ അപേക്ഷിക്കുന്നവർ ഒരുലക്ഷം ഡോളർ അഥവാ 88 ലക്ഷം രൂപ (രൂപയുടെ മൂല്യം ദിനംപ്രതി കുറയുന്നതിനാൽ ഈ തുകയും ക്രമാനുഗതമായി വർധിക്കും) നൽകണമെന്നാണ് പുതിയ പ്രഖ്യാപനം. ഓരോ വർഷവും ഈ തുക നൽകണമെന്ന് ആദ്യം നിർദേശിച്ചെങ്കിലും വൻപ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിസയ്‌ക്കുവേണ്ടി പുതുതായി അപേക്ഷ നൽകുന്നവർമാത്രം ആദ്യവർഷത്തിൽ ഉയർന്ന തുക നൽകിയാൽ മതിയെന്നാക്കിയിട്ടുണ്ട്. ഉയർന്ന ഫീസ് നൽകേണ്ടിവരുമെന്ന് ഭയപ്പെട്ട് സ്വദേശത്തുള്ളവർ ഉയർന്ന നിരക്കുള്ള വിമാന ടിക്കറ്റ് എടുത്ത് അമേരിക്കയിലേക്ക് മടങ്ങിത്തുടങ്ങിയ വേളയിലാണ്, പുതിയ അപേക്ഷ നൽകുന്നവർക്കുമാത്രമേ ഉയർന്ന നിരക്ക് ബാധകമാകൂ എന്ന് വൈറ്റ് ഹ‍ൗസ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ഇതുസംബന്ധിച്ച അനിശ്ചിതത്വം പൂർണമായും നീങ്ങിയെന്ന് പറയാറായിട്ടില്ല. എല്ലാ വർഷവും ഉയർന്ന ഫീസ് ഈടാക്കുമെന്ന് പറഞ്ഞത് അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കാണ്. വൈറ്റ് ഹ‍ൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ലുട്നിക്കിനെ തിരുത്തിയത്. നിലവിൽ എച്ച്1 ബി വിസയുള്ളവരും നിലവിൽ അമേരിക്കയിൽ ഇല്ലാത്തവരും അധികതുകയായ ഒരുലക്ഷം ഡോളർ അടയ്‌ക്കേണ്ടതില്ലെന്നാണ് ലീവിറ്റിന്റെ വിശദീകരണം. എന്നാൽ, ട്രംപിനെ വിശ്വസിക്കാൻ കഴിയാത്തതിനാൽ ഇക്കാര്യത്തിൽ ഇനിയും മാറിമറിച്ചിലുകൾ പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ട്രംപ് എന്നു പറഞ്ഞാൽ അനിശ്ചിതത്വം എന്ന അർഥംകൂടിയുണ്ടെന്ന് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നു.


ഇന്ത്യക്കാരെമാത്രം ലക്ഷ്യമിട്ടാണ് എച്ച്1 ബി വിസയുടെ ഫീസ് ഉയർത്തിയത് എന്ന കാര്യത്തിൽ സംശയമില്ല. 1990ൽ തുടങ്ങിയ ഈ വിസാ പദ്ധതിയനുസരിച്ച് കമ്പനികൾക്ക് പ്രത്യേക വൈദഗ്ധ്യമുള്ള ശാസ്ത്ര-സാങ്കേതിക എൻജിനിയറിങ് മേഖലകളിൽനിന്നുള്ള പ്രവാസികളെ തൊഴിലിന് നിയമിക്കാം. അതിനുള്ള എച്ച്1 ബി വിസ ഫീസ് നൽകുന്നത് കമ്പനികളാണ്. ഇങ്ങനെയെത്തുന്ന ഇന്ത്യൻ തൊഴിലാളിക്ക് ഒരുവർഷം അധ്വാനിച്ചാൽപ്പോലും കിട്ടാത്ത തുകയാണ് ട്രംപ് ഇപ്പോൾ ഫീസായി ചുമത്തിയിട്ടുള്ളത്. തൊഴിലാളികൾ എത്തുന്ന 25 രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. 60 ശതമാനം ഇന്ത്യക്കാർക്കും ഒരുവർഷം ലഭിക്കുക 75,000നും ലക്ഷത്തിനും ഇടയിൽ ഡോളർമാത്രമാണ്. 40 ശതമാനം പേർക്കുമാത്രമാണ് ഒരുലക്ഷം ഡോളറിൽ അധികം വേതനം ലഭിക്കുന്നത്. ഇന്ത്യക്കാരല്ലാത്ത വിദേശികൾക്ക് ശരാശരി ഒരുലക്ഷം ഡോളറോ അതിലധികമോ വേതനം ലഭിക്കാറുണ്ട് എന്നാണ് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2015 മുതലുള്ള കണക്കുകൾ നോക്കിയാൽ എച്ച്1 ബി വിസ ലഭിക്കുന്ന 71 ശതമാനംപേരും ഇന്ത്യയിൽനിന്നുള്ളവരാണ്. ഒരുവർഷം ശരാശരി 6.5 ലക്ഷം എച്ച്1 ബി വിസയാണ് അമേരിക്ക നൽകുന്നത്. ഇതിൽ ഏതാണ്ട് നാലുലക്ഷത്തിലധികംപേരും ഇന്ത്യക്കാരാണ്. ചൈനയിൽനിന്നുള്ളവരാണ് രണ്ടാംസ്ഥാനത്ത്– 11.7 ശതമാനം. ഫിലിപ്പീൻസ്, കാനഡ, ദക്ഷിണ കൊറിയ എന്നീ രാജ്യക്കാരും ഇതേ വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാരെ നിയമിക്കുന്നതിനുപകരം അമേരിക്കക്കാരെ നിയമിക്കാൻ മൈക്രോസോഫ്റ്റിനോടും ഗൂഗിളിനോടും നേരത്തേ അമേരിക്കൻ പ്രസിഡന്റ്‌ ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ നീക്കം.


modi trump deal


വിസ ഫീസ് വർധിപ്പിക്കുന്നത് ഇന്ത്യക്കാർക്ക്‌ കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിലുള്ള തൊഴിലാളികളിൽ വലിയൊരു ശതമാനംപേരുടെയും വിസ പുതുക്കാൻ കമ്പനികൾ തയ്യാറാകില്ല. ലാഭം ലക്ഷ്യമാക്കുന്ന കമ്പനികൾ അതിൽ കുറവുണ്ടാക്കുന്ന ഒരു തീരുമാനത്തിനും തയ്യാറാകില്ലല്ലോ? രണ്ടാമതായി, പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും ഇനി കമ്പനികൾ തയ്യാറാകില്ല. മൂന്നാമതായി, ഉന്നതപഠനത്തിനായുള്ള ഇന്ത്യൻ വിദ്യാർഥികളുടെ അമേരിക്കൻ പ്രവാസത്തിനും ഇതോടെ നിയന്ത്രണം വരും. ഏത്‌ കോണിലൂടെ നോക്കിയാലും ഇന്ത്യക്കാർക്ക് വലിയ തൊഴിൽനഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. ട്രംപിന്റെ തീരുമാനം വലിയ മാനുഷികദുരന്തമാണ് സൃഷ്ടിക്കുകയെന്ന് അഭിപ്രായപ്പെട്ട വിദേശമന്ത്രാലയം, ഈ നടപടിയെ തുറന്നെതിർക്കാൻ തയ്യാറായില്ല. ട്രംപിന്റെ വംശീയതയിൽ അധിഷ്ഠിതമായ കുടിയേറ്റവിരുദ്ധ നയമാണ് ഇന്ത്യ–അമേരിക്ക ബന്ധത്തെയും ദോഷകരമായി ബാധിക്കുന്നത്. അതിനെ തുറന്നെതിർക്കാൻ മോദിക്കാകില്ലല്ലോ? ഏറിയോ കുറഞ്ഞോ അതേനയംതന്നെയല്ലേ മോദിയും പിന്തുടരുന്നത്. രാജ്യത്തെ പൗരന്മാർക്ക് അവസരം നിഷേധിച്ച്, കുറഞ്ഞ ചെലവിൽ വിദേശത്തുനിന്ന്‌ തൊഴിലാളികളെ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയാണ് എച്ച്1 ബി വിസ എന്നാണ് ട്രംപിന്റെ പരാതി. അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗനും (1981-–89) ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറും (1979–1990) ആവേശത്തോടെ നടപ്പാക്കിയ നവ ഉദാരവാദനയത്തിന്റെ ഭാഗമായല്ലേ കുറഞ്ഞ വേതനത്തിന് പ്രവാസി തൊഴിലാളികളെ നിയമിക്കാൻ കോർപറേറ്റുകൾക്ക് അവസരം ലഭിച്ചത്. ആ നവ ഉദാരവാദനയത്തെ തള്ളിപ്പറയാൻ കോർപറേറ്റുകൾക്ക്‌ കഴിയുമോ? എച്ച്1 ബി വിസ സംബന്ധിച്ച വൈറ്റ് ഹൗസിന്റെ വിശദീകരണം വന്നതുപോലും കോർപറേറ്റുകളുടെ സമ്മർദഫലമായാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാഭം നഷ്ടമാക്കി ട്രംപിനെ പിന്തുണയ്‌ക്കാൻ കോർപറേറ്റുകൾ തയ്യാറാകില്ലെന്ന്‌ വ്യക്തം. ലാഭം കുന്നുകൂട്ടാൻ ട്രംപ് തടസ്സമായാൽ അവർ തങ്ങളെ പിന്തുണയ്‌ക്കുന്ന മറ്റൊരു വിഭാഗം രാഷ്ട്രീയക്കാരെ ഉയർത്തിക്കൊണ്ടുവരുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.


ട്രംപിന്റെ 50 ശതമാനം തീരുവയും എച്ച്1 ബി വിസയും വ്യാപാര വ്യവസായ രംഗങ്ങളിൽ ചൈന നേടിയ അഭൂതപൂർവമായ നേട്ടങ്ങളും മോദിയെ അലോസരപ്പെടുത്തുന്നതിന്റെ ലക്ഷണമാണ് അദ്ദേഹം കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പ്രസംഗങ്ങളിലെ സ്വദേശീസ്‌നേഹം. വിദേശരാജ്യങ്ങളോടുള്ള ആശ്രിതത്വമാണ് ഇന്ത്യയുടെ പൊതുശത്രുവെന്നും അതിനാൽ സ്വദേശി ഉൽപ്പന്നങ്ങൾമാത്രമേ വാങ്ങാനും വിൽക്കാനും പാടുള്ളൂവെന്നും പ്രധാനമന്ത്രി ആവർത്തിച്ച് പറയുകയാണ്. മോദി അധികാരമേറിയിട്ട് 11 വർഷമായില്ലേ; ഏത്‌ പൊതുമേഖലാ സ്ഥാപനത്തിനാണ് അദ്ദേഹം ആരംഭംകുറിച്ചത്? നെഹ്റുവിന്റെ കാലത്ത് സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുകയല്ലേ മോദി ചെയ്തത്. സംഘപരിവാറിന്റെ ഭാഗമായി ഒരു സ്വദേശി ജാഗരൺ മഞ്ച് ഉണ്ടായിരുന്നില്ലേ? തിരുപ്പതിക്കാരനായ ഗോവിന്ദാചാര്യയുടെ നേതൃത്വത്തിലുള്ള സംഘടന. മോദി അധികാരമേറിയതോടെ നിശ്ശബ്ദമാക്കപ്പെട്ട സംഘടന. ആർഎസ്എസിന്റെ സ്വദേശി പ്രസ്ഥാനത്തെപ്പോലും പ്രവർത്തിക്കാൻ അനുവദിക്കാത്ത, വിദേശ നിർമിത വിമാനത്തിൽ യാത്ര ചെയ്യുന്ന, വിദേശവസ്ത്രങ്ങൾ ധരിക്കുന്ന മോദിയുടെയും കൂട്ടരുടെയും ഈ സ്വദേശീസ്‌നേഹം കാപട്യമല്ലാതെ മറ്റൊന്നുമല്ല. ഈ ദുരനുഭവങ്ങളിൽനിന്ന്‌ പാഠം ഉൾക്കൊണ്ട്, അമേരിക്കയ്‌ക്കുമുമ്പിൽ വഴങ്ങിനിൽക്കാതെ രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്ന തന്ത്രപ്രധാന ബന്ധങ്ങളും സ്വതന്ത്രമായ വിദേശനയവും സ്വീകരിക്കാൻ ഇനിയെങ്കിലും മോദിസർക്കാർ തയ്യാറാകണം.



Home