വർത്തമാനകാല രാഷ്ട്രീയവും മാർക്സിസത്തിന്റെ പ്രയോഗവും

marxism
avatar
പുത്തലത്ത് ദിനേശൻ

Published on Sep 07, 2025, 10:36 PM | 4 min read

1991 ൽ സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് വ്യവസ്ഥ തകർക്കപ്പെട്ടതോടെ ലോകരാഷ്ട്രീയത്തിൽ രണ്ട് തലത്തിലുള്ള ചർച്ചകൾ പ്രധാനമായും ഉയർന്നു. ലോകം ജനാധിപത്യത്തിന്റെ പുതിയ യുഗത്തിലേക്ക് പ്രവേശിച്ചുവെന്നായിരുന്നു ഒരുവിഭാഗം പ്രചരിപ്പിച്ചത്. മാർക്സിസം മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ കാലഹരണപ്പെട്ടുവെന്നും ഒരു തിരിച്ചുവരവ് അസാധ്യമാണെന്നും മറ്റൊരു കൂട്ടർ വിലയിരുത്തി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് ഏറ്റ തിരിച്ചടി ലോകത്ത് മൂന്നാം ലോക രാജ്യങ്ങൾക്ക് ദുരന്തങ്ങളുടെ തീമഴയാണ് നൽകിയിരിക്കുന്നതെന്ന് വ്യക്തമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്ത രാജ്യങ്ങളിലെ ഭരണ സംവിധാനങ്ങളെ അവർ തകർക്കുന്നു. ഈ കടന്നുകയറ്റം ജനങ്ങൾക്ക് വലിയ ദുരന്തങ്ങൾ പകരുകയാണ്. ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഭരണ സംവിധാനങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള ഇടപെടലുകളിൽ അട്ടിമറിക്കപ്പെട്ടു. പലസ്തീൻ ജനതതന്നെ ഉൻമൂലനം ചെയ്യപ്പെടുമെന്ന സ്ഥിതിയാണ്. ഉക്രയ്ൻ –റഷ്യ യുദ്ധവും അമേരിക്കൻ ഇടപെടൽ ക്ഷണിച്ചുവരുത്തിയതാണ്. ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളും ലാറ്റിനമേരിക്കയിലെ സംഘർഷങ്ങളുമെല്ലാം കമ്പോളങ്ങളും അസംസ്കൃത ഉൽപ്പന്നങ്ങളും പിടിച്ചെടുക്കുന്നതിനുള്ള സാമ്രാജ്യത്വ ഇടപെടൽമൂലം ഉണ്ടാകുന്നതാണ്.


സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ നിലനിന്നിരുന്ന കാലത്തും ഇത്തരത്തിൽ മൂന്നാം ലോക രാജ്യങ്ങളിൽ കടന്നുകയറുന്നതിനുള്ള ശ്രമങ്ങൾ അമേരിക്ക നടത്തിയിരുന്നു. എന്നാൽ, അതിനെയെല്ലാം സോവിയറ്റ് യൂണിയൻ പരാജയപ്പെടുത്തി. സൂയസ് കനാൽ പ്രശ്നത്തിൽ ഈജിപ്തിലെ ഭരണാധികാരിയായിരുന്ന അബ്ദുൾ നാസർ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് എതിരായ നിലപാട് സ്വീകരിച്ചു. ആ ഘട്ടത്തിൽ ഈജിപ്തിനെ ആക്രമിക്കാൻ യുഎസ്‌ പട പുറപ്പെട്ടു. അമേരിക്ക ഇടപെട്ടാൽ ഈജിപ്തിനെ സംരക്ഷിക്കുമെന്ന നിലപാട് സോവിയറ്റ് യൂണിയൻ സ്വീകരിച്ചു. ഇതോടെയാണ് അമേരിക്ക പിൻമാറിയത്.


ഇങ്ങനെ മൂന്നാം ലോക രാജ്യങ്ങളുടെ സംരക്ഷകനായി കമ്യൂണിസ്റ്റ് പാർടിയും സോഷ്യലിസ്റ്റ് വ്യവസ്ഥയും നിലനിന്നതുകൊണ്ടാണ് ഇപ്പോൾ ഉള്ളതുപോലെ മൂന്നാം ലോക രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലയിൽ കടന്നുകയറാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന് കഴിയാതെ പോയത്


1971- ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ കാലത്തും ഇതേ നിലപാട് അമേരിക്ക സ്വീകരിച്ചു. അമേരിക്കൻ പട ഇന്ത്യൻ മഹാസമുദ്രത്തിൽ കടന്നാൽ സോവിയറ്റ് യൂണിയന്റെ സൈന്യത്തെയാണ് നേരിടേണ്ടിവരിക എന്ന പ്രഖ്യാപനം അവർ നടത്തി. അതോടെയാണ് യുഎസ്‌ കപ്പൽപ്പട പിൻമാറിയത്. ഇങ്ങനെ മൂന്നാം ലോക രാജ്യങ്ങളുടെ സംരക്ഷകനായി കമ്യൂണിസ്റ്റ് പാർടിയും സോഷ്യലിസ്റ്റ് വ്യവസ്ഥയും നിലനിന്നതുകൊണ്ടാണ് ഇപ്പോൾ ഉള്ളതുപോലെ മൂന്നാം ലോക രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലയിൽ കടന്നുകയറാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന് കഴിയാതെ പോയത്.


സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് ലോകത്ത് മൂന്നാം ലോക രാജ്യങ്ങളുടെ സംരക്ഷണത്തിനുള്ള ഗാരന്റിയെന്ന് ഇത് വ്യക്തമാക്കുന്നു. ഹിറ്റ്‌ലറുടെ നേതൃത്വത്തിലുണ്ടായിരുന്ന ഫാസിസത്തെ പരാജയപ്പെടുത്തുന്നതിന് രണ്ടുകോടി കമ്യൂണിസ്റ്റുകാരാണ് രക്തസാക്ഷിത്വം വരിച്ചത്. അതിന്റെ അടിത്തറയിലാണ് ലോകത്ത് ഇന്ന് നിലനിൽക്കുന്ന പാർലമെന്ററി ജനാധിപത്യം സംരക്ഷിക്കപ്പെട്ടത്‌. കമ്യൂണിസ്റ്റ്കാർ നിരീശ്വരവാദികളാണെന്ന് പ്രചാരണം നടത്തുന്നവർ ഓർക്കേണ്ടകാര്യം എല്ലാ മതവിശ്വാസങ്ങളും പുലർത്തുന്ന രാജ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള നിലപാടാണ് കമ്യൂണിസ്റ്റ്കാരുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ സ്വീകരിച്ചത്.


മൂന്നാം ലോകരാഷ്ട്രങ്ങളെ സംരക്ഷിക്കുന്ന നിലപാട് സോഷ്യലിസ്റ്റ് രാജ്യങ്ങൾ സ്വീകരിക്കുന്നു. സാമ്രാജ്യത്വരാഷ്ട്രങ്ങൾക്ക് അത്തരം നിലപാട് ഇല്ലാത്തത് ഇവ തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസം ഉള്ളതുകൊണ്ടാണ്. സാമ്രാജ്യത്വ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം മൂന്നാം ലോക രാജ്യങ്ങൾ അവർക്ക് ചൂഷണം ചെയ്യാനുള്ള സംവിധാനമാണ്. ഈ ചൂഷണത്തിന് മുകളിലാണ് സാമ്രാജ്യത്വരാഷ്ട്രങ്ങളുടെ ജീവിതം കെട്ടിപ്പൊക്കിയിരിക്കുന്നത്. ഈ ചൂഷണം ഇല്ലാതായാൽ ഇന്ന് കാണുന്ന പുറംമോടികൾ ഇല്ലാതായി തീരും.


സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് വിപ്ലവം നടന്നതിനുശേഷം മൂന്നാം ലോക രാജ്യങ്ങളിലെ വിമോചന പോരാട്ടങ്ങളെ പിന്തുണയ്‌ക്കുകയും അവ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള നയങ്ങളുമാണ് അവർ സ്വീകരിച്ചത്. ഇത്തരം ഇടപെടലുകൾകൂടിയാണ് ആഫ്രിക്കയിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്


കമ്യൂണിസ്റ്റ് പാർടികൾ നേതൃത്വം നൽകുന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം മൂന്നാംലോക രാജ്യങ്ങൾ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നയിക്കപ്പെടേണ്ട രാഷ്ട്രങ്ങളാണ്. അതുകൊണ്ടുതന്നെ ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം പുലരുന്ന രാഷ്ട്രങ്ങളായി നിലനിൽക്കണമെന്ന കാഴ്ചപ്പാടാണ് സ്വീകരിക്കുന്നത്. സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് വിപ്ലവം നടന്നതിനുശേഷം മൂന്നാം ലോക രാജ്യങ്ങളിലെ വിമോചന പോരാട്ടങ്ങളെ പിന്തുണയ്‌ക്കുകയും അവ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള നയങ്ങളുമാണ് അവർ സ്വീകരിച്ചത്. ഇത്തരം ഇടപെടലുകൾകൂടിയാണ് ആഫ്രിക്കയിലെയും ഏഷ്യയിലെയും വിവിധ രാജ്യങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്.


മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള ഈ വ്യത്യാസം ഇന്ത്യയുടെ അനുഭവങ്ങളിലൂടെ വ്യക്തമാകുന്നതാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യ വികസനത്തിനുള്ള സഹായത്തിനായി അമേരിക്കയെയാണ് സമീപിച്ചത്. എന്നാൽ അവർ മുന്നോട്ടുവച്ച നിബന്ധനകൾ രാജ്യത്തിന്റെ താൽപ്പര്യത്തിന് എതിരായിരുന്നു. അതുകൊണ്ട് ഇന്ത്യ സ്വീകരിച്ചില്ല. എന്നാൽ, സോവിയറ്റ് യൂണിയനെ സമീപിച്ചപ്പോൾ നിബന്ധനകൾ ഇല്ലാതെ നമ്മുടെ രാജ്യത്തെ സഹായിക്കാൻ തയ്യാറായി. അതിന്റെ അടിസ്ഥാനത്തിലാണ് അക്കാലത്ത് ഇറക്കുമതി ബദൽ വികസനതന്ത്രവുമായി രാജ്യം മുന്നോട്ടുപോയത്.


ലാഭാധിഷ്‌ഠിതമായ മുതലാളിത്തവും സമത്വത്തിനായി നിലകൊള്ളുന്ന സോഷ്യലിസവും തമ്മിലുള്ള വൈരുധ്യമാണ് ഏറ്റവും കേന്ദ്രമായി ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സാമ്രാജ്യത്വം ചൈനയെ വളഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നത്‌


​നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ ലോകത്ത് പ്രധാനമായി 4 വൈരുധ്യങ്ങൾ ഉള്ളതായി സിപിഐ എം വിലയിരുത്തുന്നു. ഒന്നാമതായി സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം. രണ്ടാമതായി സാമ്രാജ്യത്വ രാഷ്ട്രങ്ങളും മൂന്നാംലോക രാജ്യങ്ങളും തമ്മിലുള്ള വൈരുധ്യം. മൂന്നാമത്തേത് മുതലാളിത്ത രാജ്യത്തിലെ ഭരണകൂടവും അവിടത്തെ ജനങ്ങളും തമ്മിലുള്ള വൈരുധ്യം. നാലാമത്തേത് സാമ്രാജ്യത്വ രാഷ്ട്രങ്ങൾ തമ്മിലുള്ള വൈരുധ്യം. അതിൽ കേന്ദ്രമായി നിൽക്കുന്ന വൈരുധ്യം സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ളതാണ്. നേരത്തേ പറഞ്ഞപോലെ ലാഭാധിഷ്‌ഠിതമായ മുതലാളിത്തവും സമത്വത്തിനായി നിലകൊള്ളുന്ന സോഷ്യലിസവും തമ്മിലുള്ള വൈരുധ്യമാണ് ഏറ്റവും കേന്ദ്രമായി ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സാമ്രാജ്യത്വം ചൈനയെ വളഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നത്‌.


ഇന്ത്യയുടെ വിദേശനയം അമേരിക്കൻ സാമ്രാജ്യത്വത്തിന് അനുകൂലമായ തരത്തിലാണ് കോൺഗ്രസും -ബിജെപിയും കൊണ്ടുപോയത്. ഈ വിദേശനയം രാജ്യത്തിന് അപകടമാണെന്ന് ഇടതുപക്ഷം അന്നേ പ്രഖ്യാപിച്ചതാണ്. എന്നാൽ, അത് ഉൾക്കൊള്ളാതെ അമേരിക്കയുടെ ജൂനിയർ പങ്കാളിയായി മാറാനാണ് അവർ ശ്രമിച്ചത്. ചൈനയെ തകർക്കുക എന്ന നയത്തിന് പിന്തുണ നൽകുകയും ചെയ്തു. വിഴിഞ്ഞം പോർട്ടിൽ ചൈനീസ് കമ്പനി ഉൾക്കൊള്ളുന്ന ചുരുങ്ങിയ ചെലവിലുള്ള ഒരു ക്വട്ടേഷൻ തള്ളപ്പെട്ടത് അതുകൊണ്ടായിരുന്നു.


അമേരിക്കൻ സാമ്രാജ്യത്വം മൂന്നാംലോക രാജ്യങ്ങളെ വരുതിയിൽ നിർത്താൻ തീരുവ ഉയർത്തിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ അമേരിക്കൻ നിലപാടിനെ പ്രതിരോധിക്കാൻ ചൈനയോടും റഷ്യയോടുമെല്ലാം ചേർന്നുനിൽക്കേണ്ട സ്ഥിതി ഇന്ത്യക്ക്‌ വന്നുചേർന്നു. അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾ അല്ല സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളാണ് നമുക്ക് ആശ്രയിക്കാനാകുന്നതെന്നുള്ള ഇടതുപക്ഷ നിലപാട് ശരിയെന്ന് കാലം തെളിയിച്ചിരിക്കുകയാണ്.


മുതലാളിത്തം മുന്നോട്ട് വയ്‌ക്കുന്ന ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കുന്ന രാഷ്ട്രങ്ങളിൽ ഭരണകൂടവും അധ്വാനിക്കുന്ന ജനങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ മൂർച്ഛിച്ച് മുന്നോട്ട് വരുമെന്നാണ് പാർടി കാണുന്നത്


ലോക രാഷ്ട്രീയത്തിലെ മുഖ്യവൈരുധ്യമായി സിപിഐ എം കാണുന്നത് സാമാജ്യത്വ രാഷ്ട്രങ്ങളും മൂന്നാം ലോക രാജ്യങ്ങളും തമ്മിലുള്ളതാണ്. അമേരിക്കൻ സാമ്രാജ്യത്വം സ്വീകരിക്കുന്ന നയങ്ങളും മൂന്നാം ലോക രാജ്യങ്ങളിൽ അതിന് എതിരായി ഉയരുന്ന ശക്തമായ പ്രതിഷേധങ്ങളും ഈ വൈരുധ്യത്തെ സംബന്ധിച്ച പാർടി കാഴ്ചപ്പാട് ശരിയാണെന്നത് അടിവരയിടുന്നതാണ്. മുതലാളിത്തം മുന്നോട്ട് വയ്‌ക്കുന്ന ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കുന്ന രാഷ്ട്രങ്ങളിൽ ഭരണകൂടവും അധ്വാനിക്കുന്ന ജനങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ മൂർച്ഛിച്ച് മുന്നോട്ട് വരുമെന്നാണ് പാർടി കാണുന്നത്. ഇന്ത്യയിൽ കർഷകരും തൊഴിലാളികളും വിവിധ ജനവിഭാഗങ്ങളും നടത്തുന്ന പ്രക്ഷോഭങ്ങളും മതനിരപേക്ഷ പോരാട്ടവുമെല്ലാം ഈ വിലയിരുത്തൽ ശരിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്.


സാമ്രാജ്യത്വരാഷ്ട്രങ്ങൾ തമ്മിലും വൈരുധ്യങ്ങൾ ഉണ്ട്. അമേരിക്കൻ സാമ്രാജ്യത്വവും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഭിന്നതയും ഇതിന്റെ ഭാഗമാണ്. കോഴിക്കോട് പാർടി കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം സൂചിപ്പിക്കുന്നതുപോലെ ഈ വൈരുധ്യം ഇപ്പോൾ മുൻകാലങ്ങളിലെപോലെ മൂർച്ഛിച്ച് നിൽക്കുന്ന നിലയല്ല ഉള്ളത് എന്നുമാത്രം. ഇത്തരത്തിൽ ലോകരാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തെയും സംബന്ധിച്ചും പാർടി മുന്നോട്ട് വയ്‌ക്കുന്ന കാഴ്ചപ്പാട് ഏറെ ശരിയായി തീർന്നിരിക്കുകയാണ്.


സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ ശക്തിപ്പെടുന്ന ഘട്ടത്തിലാണ് മൂന്നാം ലോക രാജ്യങ്ങളുടെ ജനതയ്ക്ക് സംരക്ഷണം ലഭിക്കുന്നത്. എല്ലാ മതവിശ്വാസികൾക്കും അല്ലാത്തവർക്കും സംരക്ഷണ വലയമാണ് മാർക്സിസവും അത് മുന്നോട്ടു വയ്‌ക്കുന്ന പ്രായോഗിക സമീപനങ്ങളും. സാർവദേശീയതലത്തിലും കേരളത്തിന്റെ രാഷ്ട്രീയത്തിലും ഇതേ അനുഭവം തന്നെയാണ് നമുക്ക് കാണാനാകുന്നത്. മാർക്സിസമാണ് ലോകത്തിന്റെ വസന്തം എന്ന പ്രഖ്യാപനമാണ് ലോക രാഷ്ട്രീയ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. ഗ്രീഷ്മം വന്നുവെങ്കിലും വസന്തത്തിന് മാറിനിൽക്കാൻ ആകില്ലെന്ന കവിവാക്യം ഇവിടെ അർഥപൂർണമാകുന്നു.



deshabhimani section

Dont Miss it

Recommended for you

Home