ഡോണൾഡ് ട്രംപല്ല അമേരിക്ക

donald trump
avatar
എം എ ബേബി

Published on Nov 13, 2025, 11:11 PM | 5 min read

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ് ഉയർത്തുന്ന ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' (MAGA) എന്ന മുദ്രാവാക്യത്തിൽ അടങ്ങിയിരിക്കുന്ന തീവ്ര ദേശീയവാദത്തിന്റെ മറവിൽ, യഥാർഥത്തിൽ നവ-ഉദാരവൽക്കരണ നയങ്ങളുടെ ശാക്തീകരണവും അതിനോടനുബന്ധിച്ച വർഗ വൈരുധ്യങ്ങളുമാണ് വ്യക്തമാകുന്നത്. അമേരിക്കൻ ഭരണകൂടം തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾ ചവിട്ടിമെതിച്ചുകൊണ്ട് കുത്തക മുതലാളിമാരുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെയാണ് എന്നു വെളിപ്പെടുത്തുന്നതാണ് ഗവൺമെന്റ്‌ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതും ഫെഡറൽ വകുപ്പുകളെ വെട്ടിച്ചുരുക്കുന്നതും ട്രഷറിതന്നെ അടച്ചുപൂട്ടുന്നതുമായ ട്രംപിന്റെ ഭരണം. മുതലാളിത്ത ഭരണസംവിധാനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ മാർക്‌സിസ്‌റ്റ്‌ വിശകലനം എത്രമാത്രം ശരിയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇവയെല്ലാം.


make america great again trump's agenda


​ഡിപ്പാർട്ട്‌മെന്റ്‌ ഓഫ് ഗവൺമെന്റ്‌ എഫിഷ്യൻസിയിലൂടെ (ഡിഒജിഇ) ഫെഡറൽ ചെലവുകൾ വെട്ടിച്ചുരുക്കുന്നത് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതും അവകാശങ്ങൾ സംരക്ഷിക്കുന്നതുമായ സംവിധാനങ്ങളെയാണ്. 2025 ന്റെ തുടക്കത്തോടെ ഏകദേശം 10,000 ഫെഡറൽ ജീവനക്കാരാണ് പിരിച്ചുവിടപ്പെട്ടത്. അതാകട്ടെ താഴ്‌ന്നതലങ്ങളിലുള്ള തൊഴിലാളികളെയും കരാർ ജീവനക്കാരെയുമാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. മൂലധന സംഭരണത്തിന് നേരിട്ട് സഹായകരമല്ലാത്ത പരിപാടികൾ മുതലാളിത്ത ഭരണകൂടം എളുപ്പത്തിൽ ഉപേക്ഷിക്കുമെന്ന് മാർക്സ് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഇതിനെ കാണാൻ കഴിയും. 16000 കോടി ഡോളർ ലാഭം ഉണ്ടാക്കിയെന്നാണ് ഡിഒജിഇ അവകാശപ്പെടുന്നത്. എന്നാൽ, തൊഴിലാളിപിരിച്ചുവിടലുകളും സർക്കാർ പ്രവർത്തനത്തിലുണ്ടായ തടസ്സങ്ങളുംമൂലം ലാഭമല്ല മറിച്ച് നഷ്ടമാണ് യഥാർഥത്തിൽ ഉണ്ടായിട്ടുള്ളത് എന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അക്കൗണ്ടിങ്ങിലെ കൃത്രിമങ്ങളിലൂടെ ചെലവു കുറച്ചതായും ആക്ഷേപമുണ്ട്. നവഉദാരവൽക്കരണത്തിന്റെ ഇത്തരം ചെലവുചുരുക്കൽ തന്ത്രങ്ങൾ യഥാർഥത്തിൽ തൊഴിലാളിവർഗത്തിനുമേൽ ഭാരം ചുമത്തുകയും ആരോഗ്യ- സുരക്ഷാ–പരിരക്ഷകളെയും കൂട്ടായ വിലപേശലിനെയും ദുർബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. മുതലാളിത്തത്തിന്റെ ഘടനാപരമായ അക്രമമായി ഇതിനെ കാണാൻ കഴിയും.


സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോൾ മൂലധന രാഷ്ട്രങ്ങൾ അവരുടെ നിയന്ത്രണാത്മകമായതോ പുനർവിതരണാത്മകമായതോ ആയ പ്രവർത്തനങ്ങൾ ചുരുക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നാണ് ലെനിൻ ‘ഭരണകൂടവും വിപ്ലവവും’ എന്ന കൃതിയിൽ വിലയിരുത്തിയിട്ടുള്ളത്. അതാകട്ടെ മുതലാളിത്ത ഭരണകൂടത്തിൽ കൂടുതൽ അധികാരം കേന്ദ്രീകരിക്കുന്നതിന് ഇടയാക്കും. ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്‌മെന്റിലൂടെ നടപ്പാക്കിയ ഡിഫേർഡ് റെസിഗ്നേഷൻ പ്രോഗ്രാം കാര്യക്ഷമത വർധിപ്പിക്കാനെന്ന പേരിൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗമായ തൊഴിലാളികളെ എളുപ്പത്തിൽ പുറത്താക്കുകയും ഉയർന്ന ഉദ്യോഗസ്ഥർക്ക്‌ കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്കാലങ്ങളിൽ തൊഴിലാളി വർഗത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിച്ചുകൊണ്ട് മൂലധനത്തിന്റെ ലക്ഷ്യങ്ങൾ എങ്ങനെയാണ് ഭരണകൂടം അതിന്റെ പ്രവർത്തനങ്ങളിലൂടെ നേടിയെടുക്കുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.


donald trump


2025 ഒക്ടോബർ ഒന്നുമുതൽ അമേരിക്കയിൽ ഫെഡറൽ സർക്കാരിന്റെ അടച്ചുപൂട്ടൽ ആരംഭിച്ചു — അത് ആ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതായി മാറി. കോൺഗ്രസ്‌ 2026 സാമ്പത്തിക വർഷത്തിനുള്ള ബജറ്റ് പാസാക്കാതെ ഇരുന്നതിനാൽ, ഏകദേശം 9 ലക്ഷം ഫെഡറൽ തൊഴിലാളികളെ വേതനം ഇല്ലാതെ വീട്ടിൽ ഇരുത്തുകയും 20 ലക്ഷം പേരെ വേതനം ഇല്ലാതെ ജോലിയിൽ നിലനിർത്തുകയും ചെയ്തു. താൽക്കാലികമായിട്ടാണെങ്കിലും പ്രധാന സാമൂഹ്യപദ്ധതികളുടെ ഫണ്ടുകൾ നിലച്ചു. ലക്ഷക്കണക്കിന് ആളുകൾ ഇൻഷുറൻസ് പരിരക്ഷ, അടിസ്ഥാന സേവനങ്ങൾ എന്നിവ ലഭിക്കാത്തവരായി മാറി. ഇത് തൊഴിലാളി വർഗത്തിന്റെ ജീവിതത്തിന് അടിത്തറ നൽകുന്ന സാമൂഹിക ക്രമീകരണങ്ങൾക്ക് നേരെയുള്ള ആസൂത്രിതമായ ആക്രമണമാണ്. കൂടാതെ, സമ്പത്ത് സംരക്ഷിക്കാനും പൊതു ഉത്തരവാദിത്വം കുറയ്‌ക്കാനും വേണ്ടി മൂലധനം ഭരണകൂടത്തെതന്നെ ആയുധമാക്കുമ്പോൾ, ‘ബൂർഷ്വാസിയുടെ ഏകാധിപത്യത്തിന്റെ' വർധിച്ച വിപുലീകരണമാണ് നടക്കുന്നത്‌.


ട്രംപിന്റെ നയങ്ങളിൽ പാരമ്പര്യ വലതുപക്ഷ തന്ത്രങ്ങൾക്ക്‌ — സമ്പന്നർക്കുള്ള നികുതി ഇളവുകൾ, ക്ഷേമപദ്ധതികളുടെ വെട്ടിച്ചുരുക്കൽ, ഇറക്കുമതി തീരുവ വർധന — പുറമെ സ്വകാര്യ വൻകിട കമ്പനികളിൽ സർക്കാർ ഓഹരി എടുത്തുകൊണ്ട് ‘സ്റ്റേറ്റ് ക്യാപിറ്റലിസം' എന്നതിലേക്കുള്ള നീക്കവും ഉൾപ്പെട്ടിരുന്നു. ‘സംരക്ഷണ’മെന്ന വാചകമടിയുണ്ടെങ്കിലും ഇ‍ൗ നീക്കം തൊഴിലാളികൾക്ക്‌ ഒരാനുകൂല്യവും നൽകുന്നില്ലെന്ന്‌ മാത്രമല്ല, കുത്തക മൂലധനത്തിന്റെ ആധിപത്യവും വൻകിട ബിസിനസ് മേഖലയുമായുള്ള സ്റ്റേറ്റിന്റെ ലയനവും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അമേരിക്കൻ കമ്പനികൾക്ക് തയ്യാറാക്കിയ ‘വിശ്വസ്തത സ്കോർ കാർഡു'കളും രാഷ്ട്രീയ- സാമ്പത്തിക നിയന്ത്രണങ്ങളുടെ സംയോജനവും, ജനാധിപത്യ ഉത്തരവാദിത്വങ്ങളിൽനിന്ന് പൂർണമായി മാറിയതും മൂലധനാധിഷ്ഠിതവുമായ അമേരിക്കൻ ഭരണകൂടത്തിന്റെ രൂപാന്തരത്തെയാണ് സൂചിപ്പിക്കുന്നത്. തൊഴിലാളികളുടെയും ജനാധിപത്യപരമായ മാനദണ്ഡങ്ങളുടെയും ചെലവിലാണ് മുതലാളിത്ത വർഗതാൽപ്പര്യങ്ങൾ ശക്തമായി സംരക്ഷിക്കപ്പെടുന്നത്.


mamdani


ഇത്തരത്തിൽ കലുഷമായ സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലത്തിലാണ് അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നും സാമ്പത്തിക തലസ്ഥാനവുമായ ന്യൂയോർക്കിൽ മേയർ തെരഞ്ഞെടുപ്പ് നടന്നത്. ‘ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സൊഹ്‌റാൻ മംദാനി സാമ്പത്തിക നീതി, പുരോഗമന പരിഷ്കാരങ്ങൾ എന്നിവയിൽ കേന്ദ്രീകരിക്കുന്ന പ്രചാരണമാണ് നടത്തിയത്. അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും സൗജന്യ ബാല പരിചരണം, സൗജന്യ നഗര ബസ് സേവനം, ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം തടയാൻ നഗരത്തിന്റെ ഉടമസ്ഥതയിലുള്ള പലചരക്കു കടകൾ — ദശാബ്ദങ്ങൾക്കുമുമ്പ് കേരളത്തിലെ എൽഡിഎഫ് സർക്കാർ ആരംഭിച്ച മാവേലി സ്റ്റോറുകളെ പോലെ — തുടങ്ങി നിരവധി ജനസൗഹൃദ പദ്ധതികളാണ് മംദാനി മുന്നോട്ടുവച്ചത്. കൂടാതെ ഗാസയിലെ കൂട്ടക്കൊലയെ അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്തു. വാടക നിയന്ത്രണമുള്ള വീടുകളുടെ വാടക ഉയർത്താതെ ഇരിക്കുക, ചെലവു കുറഞ്ഞ 2,00,000 പുതിയ വീടുകൾ നിർമിക്കുക, 2030 ഓടെ മിനിമം വേതനം മണിക്കൂറിൽ 30 ഡോളറായി ഉയർത്തുക തുടങ്ങിയവയായിരുന്നു പ്രധാന സാമ്പത്തിക നിർദേശങ്ങൾ.


സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ സൗജന്യ ട്യൂഷൻ ഏർപ്പെടുത്തുന്നതും പത്തുലക്ഷം ഡോളറിന് മുകളിൽ വരുമാനമുള്ള വ്യക്തികൾക്കും കമ്പനികൾക്കും വൻ നികുതി വർധന ഏർപ്പെടുത്തി ജനക്ഷേമ പദ്ധതികൾക്കുവേണ്ട വിഭവങ്ങൾ കണ്ടെത്തുമെന്നതും മംദാനിയുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടാണ് ട്രംപ് തന്നെ മംദാനിയെ കമ്യൂണിസ്റ്റ് എന്ന് മുദ്രയടിച്ചത്. പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നവരെയും സാമൂഹ്യ നീതിക്കായി നിലകൊള്ളുന്നവരെയും കമ്യൂണിസ്റ്റ് എന്ന് വിളിച്ച് വേട്ടയാടുന്നത് മക്കാർത്തി കാലഘട്ടം മുതൽ അമേരിക്കയിൽ നിലവിലുള്ള രീതിയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെ ‘അർബൻ നക്സൽ' എന്ന് വിളിച്ച് ആക്ഷേപിക്കാനും നിർവീര്യമാക്കാനും ഇന്ന് ഇന്ത്യയിലെ വലതുപക്ഷം ശ്രമിക്കുന്നതിനു സമാനമാണത്.


മംദാനിക്ക് ഉറച്ച സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഇല്ലെങ്കിലും, അദ്ദേഹം തൊഴിലാളി വർഗത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങളെ അനുകൂലിക്കുന്നു എന്നത് ശ്രദ്ധേയമാണ്


​പുരോഗമന വാഗ്‌ദാനങ്ങൾ നടത്തുന്നുണ്ട് എങ്കിലും മംദാനി ഭാവിയിൽ എങ്ങനെയാകും എന്നതിനെക്കുറിച്ച് പലരും സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. ‘ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്കു പലപ്പോഴും തങ്ങളുടെ വാഗ്ദാനങ്ങൾ പൂർണമായി നിറവേറ്റാൻ കഴിയാതെ പോകുന്നതിന്റെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നിലപാടുകളുമായി ഏറെക്കുറെ ചേർന്നുപോകുന്നതിന്റെയും പല ഉദാഹരണങ്ങളും നമ്മുടെ മുമ്പിലുണ്ട്. ബേർണി സാൻഡേഴ്സും അലക്സാൻഡ്രിയ ഒകാസിയോ കോർട്ടസും അത്തരത്തിലുള്ള സമീപകാല ഉദാഹരണങ്ങളാണ്. വൻ വിമർശങ്ങൾക്കൊടുവിലാണ് സാൻഡേഴ്സ് ഗാസയിൽ വംശഹത്യ നടക്കുന്നുവെന്ന് സമ്മതിച്ചത്. ഒകാസിയോ-കോർട്ടസ് ആകട്ടെ ഇസ്രയേൽ സൈന്യത്തിന് ഫണ്ടിങ്‌ കുറയ്ക്കാനുള്ള ഭേദഗതിക്കെതിരെ വോട്ട് ചെയ്യുകയാണ് ഉണ്ടായത്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെയോ സോഷ്യലിസ്റ്റ് നിലപാടുകൾ സ്വീകരിക്കുന്ന സർക്കാരുകളെയോ അവർ സ്വേച്ഛാധിപതികൾ എന്ന് തെറ്റായി വിമർശിക്കാറുണ്ട്. വെനിസ്വേലൻ പ്രസിഡന്റ്‌ നിക്കോളാസ് മഡൂറോയെക്കുറിച്ചും ക്യൂബൻ നേതാവ് മിഗ്വൽ ഡിയാസ് കനേലിനെക്കുറിച്ചും ഉള്ള മംദാനിയുടെ തന്നെ പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതായിരുന്നു. മംദാനിക്ക് ഉറച്ച സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഇല്ലെങ്കിലും, അദ്ദേഹം തൊഴിലാളി വർഗത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങളെ അനുകൂലിക്കുന്നു എന്നത് ശ്രദ്ധേയമാണ്.


എബ്രഹാം ലിങ്കന്റെ രണ്ടാം തെരഞ്ഞെടുപ്പ് ജയത്തിൽ അമേരിക്കൻ ജനതയെ അഭിനന്ദിച്ചുകൊണ്ട് അന്തർദേശീയ തൊഴിലാളി അസോസിയേഷനുവേണ്ടി എബ്രഹാം ലിങ്കന് മാർക്സ് എഴുതിയ കത്തിലെ വാചകങ്ങൾ ഇപ്രകാരം ആയിരുന്നു: "നിങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം അടിമശക്തിക്കെതിരായ പ്രതിരോധമായിരുന്നെങ്കിൽ, നിങ്ങളുടെ പുനർതെരഞ്ഞെടുപ്പിന്റെ യുദ്ധനാദം ‘അടിമത്തത്തിന്റെ മരണം’ ആയിരിക്കട്ടെ... അമേരിക്കൻ സ്വാതന്ത്ര്യസമരം മധ്യവർഗത്തിന്റെ പ്രാധാന്യത്തിന്റെ കാലഘട്ടം ആരംഭിച്ചതുപോലെ, അമേരിക്കൻ അടിമവിമോചനസമരം തൊഴിലാളിവർഗത്തിനായുള്ള പുതിയ ഘട്ടം ആരംഭിക്കുമെന്ന് യൂറോപ്പിലെ തൊഴിലാളിവർഗം വിശ്വസിക്കുന്നു.’ അസോസിയേഷന്റെ ജർമനിയിലെ കറസ്പോണ്ടിങ് സെക്രട്ടറി എന്ന നിലയ്ക്കാണ് മാർക്സ് ആ കത്ത് തയ്യാറാക്കിയത്. ലിങ്കൺ അക്കാലത്തെ റിപ്പബ്ലിക്കൻ പാർടിക്കാരൻ ആയിരുന്നു, സോഷ്യലിസ്റ്റോ സാമ്രാജ്യത്വ വിരോധിയോ ആയിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ പുരോഗമനപരമായ ഒരു ഇടപെടലിനെ മുൻനിർത്തി മാർക്സ് അദ്ദേഹത്തെ അഭിനന്ദിച്ചു.


ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ വഷളാകുന്നതിനെക്കുറിച്ചുള്ള യഥാർഥ ആശങ്കകൾ ചൂഷണം ചെയ്‌തുകൊണ്ട്, ചില രാജ്യങ്ങളിൽ നവ-ഫാസിസ്റ്റ് ശക്തികളും തീവ്ര വലതുപക്ഷ പാർടികളും സ്വാധീനം വർധിപ്പിക്കുന്നു... പ്രായോഗികമായ ഒരു ഇടതുപക്ഷ രാഷ്ട്രീയ ബദലിന്റെ അഭാവത്തിൽ, ജനങ്ങളുടെ അസംതൃപ്തി തീവ്ര വലതുപക്ഷ ശക്തികൾ ഉപയോഗിക്കുന്നു


സിപിഐ എമ്മിന്റെ 24-–ാമത് പാർടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്: "ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ വഷളാകുന്നതിനെക്കുറിച്ചുള്ള യഥാർഥ ആശങ്കകൾ ചൂഷണം ചെയ്‌തുകൊണ്ട്, ചില രാജ്യങ്ങളിൽ നവ-ഫാസിസ്റ്റ് ശക്തികളും തീവ്ര വലതുപക്ഷ പാർടികളും സ്വാധീനം വർധിപ്പിക്കുന്നു... പ്രായോഗികമായ ഒരു ഇടതുപക്ഷ രാഷ്ട്രീയ ബദലിന്റെ അഭാവത്തിൽ, ജനങ്ങളുടെ അസംതൃപ്തി തീവ്ര വലതുപക്ഷ ശക്തികൾ ഉപയോഗിക്കുന്നു... യൂറോപ്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ പല രാജ്യത്തും തീവ്ര വലതുപക്ഷ പാർടികൾ ഗണ്യമായ നേട്ടമുണ്ടാക്കി. അർജന്റീനയിൽ ഹാവിയർ മിലേയിയുടെയും ഇറ്റലിയിൽ ജോർജിയ മെലോണിയുടെയും യുഎസിൽ ഡോണൾഡ് ട്രംപിന്റെയും വിജയം വലതുപക്ഷ രാഷ്ട്രീയ മാറ്റത്തിന്റെ ആഗോള പ്രവണതയെ പ്രതിഫലിപ്പിക്കുന്നു.’


ഈ വിശകലനത്തിന്റെ പശ്ചാത്തലത്തിൽ, ഒരു പ്രായോഗിക ഇടതുപക്ഷ രാഷ്ട്രീയ ബദൽ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ പ്രമേയത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ, "പാർടി വേദികൾ യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഭിസംബോധന ചെയ്യുകയും ‘സോഷ്യലിസമാണ് ബദൽ' എന്ന പ്രചാരണത്തെ പ്രത്യേകമായി കാണുകയും വേണം...’ എന്നത് പ്രധാനമാണ്, അതുവഴി പാർടിയുടെ ബഹുജന അടിത്തറയും സ്വാധീനവും വർധിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, സോഷ്യലിസ്റ്റായ കാതറിൻ കോണോളി അയർലൻഡിന്റെ പ്രസിഡന്റായതും ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് മേയറായതും, ഇടതുപക്ഷ യൂണിറ്റി പാനൽ ജെഎൻയുവിൽ വിജയിച്ചതും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ്‌ യൂണിയനിൽ എസ്‌എഫ്‌ഐ വിജയിച്ചതും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ക്യാമ്പസുകളിൽ പുരോഗമന ശക്തികളുടെ വിജയവുമെല്ലാം ആഗോളതലത്തിൽ വലതുപക്ഷ രാഷ്ട്രീയ മാറ്റത്തിനെതിരായി പുരോഗമന ശബ്ദങ്ങളെ ശക്തിപ്പെടുത്താനുള്ള പരിശ്രമത്തിൽ പ്രധാനമാണ്!



deshabhimani section

Dont Miss it

Recommended for you

Home