Articles

സഖാവ് വി എസ്

സമരസംഘടനാ
വൈഭവം

V S ACHUTHANANTHAN
avatar
എം എ ബേബി

Published on Jul 22, 2025, 03:20 AM | 2 min read


സഖാവ് വി എസ്. കേരള ചരിത്രത്തിൽ എണ്ണമറ്റ സമരങ്ങളുമായി ബന്ധമുള്ള നാമധേയം. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിക്കാനും നട്ടെല്ല് വളയ്‌ക്കാതെ നിവർന്നുനിൽക്കാനും സമരംചെയ്‌ത്‌ അവകാശങ്ങൾ പിടിച്ചു വാങ്ങാനും പഠിപ്പിച്ചതും പരിശീലിപ്പിച്ചതും സഖാവിന്റെ ചരിത്രനേട്ടം. അതുല്യ സംഘാടകൻ സഖാവ് പി കൃഷ്‌ണപിള്ളയാണ് യുവാവായ വി എസിന്റെ കഴിവ്‌ തിരിച്ചറിഞ്ഞ് കുട്ടനാട്ടിലെ അസംഘടിതരായ കർഷകത്തൊഴിലാളികളെ ചെങ്കൊടിക്ക് കീഴിൽ അണിനിരത്തുന്ന ദൗത്യമേൽപ്പിക്കുന്നത്. പി കൃഷ്‌ണപിള്ളയുടെ തീരുമാനം മറ്റു മിക്ക കാര്യങ്ങളിലുമെന്നപോലെ ഇവിടെയും ശരിയാണെന്ന് തെളിഞ്ഞു. വി എസ് ധീരവും സാഹസികവുമായ പോരാട്ടങ്ങളിലൂടെ കുട്ടനാട്ടിൽ കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന് അടിത്തറയിട്ടു. മൃഗസമാനമായ ജീവിതം നയിച്ചവർ കായൽനിലങ്ങളിൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ ‘അടിമകളല്ല ഞങ്ങൾ, അടങ്ങുകില്ലിനി നമ്മൾ' എന്ന മുദ്രാവാക്യം ഉയർത്തിയത് വി എസിന്റെ സമരസംഘടനാ വൈഭവത്തിന്റെ നിത്യസാക്ഷ്യം.


ഇതോടെയാണ്‌ അസാധ്യമെന്ന് തോന്നാവുന്ന ഏത് ഉത്തരവാദിത്വവും, അത് സംഘടനാപരമാകട്ടെ സമരസംബന്ധിയാവട്ടെ നിസ്സംശയം വിശ്വസിപ്പിച്ച് ഏൽപ്പിക്കാവുന്ന പോരാളിയായ സംഘാടകൻ എന്ന നിലയ്‌ക്ക്‌ വി എസ് വിഖ്യാതനായത്‌.


ഈ കാരണത്താലാണ് 1958ൽ അമൃത്‌സറിൽ അവിഭക്ത പാർടിയുടെ പാർടി കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിന് പകരം വി എസിന്‌ മറ്റൊരു ചുമതല നൽകി കേരളത്തിൽ നിൽക്കാൻ അഖിലേന്ത്യ–- സംസ്ഥാന നേതൃത്വം നിർദേശിച്ചത്.


അന്ന്‌ ദേവികുളം ഉപതെരഞ്ഞെടുപ്പ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ നിലനിൽപ്പിന് വളരെ നിർണായകം. വിമോചന സമരത്തിന്റെ മുന്നൊരുക്കംപോലെ സകല യാഥാസ്ഥിതിക പിന്തിരിപ്പൻ രാഷ്‌ട്രീയ ശക്തികളും മത സാമുദായിക വിഭാഗങ്ങളും സർവശക്തിയും സമാഹരിച്ച് കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ കള്ളക്കഥകൾ കെട്ടഴിച്ചുവിട്ട് കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. വി എസിലെ തെരഞ്ഞെടുപ്പ് സംഘാടകനും രാഷ്‌ട്രീയ പ്രചാരണ സമരത്തിലെ മർമവേധിയായ നായകനും വെളിപ്പെടുത്തപ്പെട്ട നിയമസഭാ ഉപതെരഞ്ഞെടുപ്പായിരുന്നു അത്‌. അന്ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥി വിജയിച്ചപ്പോൾ വി എസിന്റെ രാഷ്‌ട്രീയ സംഘടനാ പാടവം കൂടിയായിരുന്നു വിജയിച്ചത്. സഖാവിന്റെ അസാന്നിധ്യത്തിൽപോലും അമൃത്‌സർ പാർടി കോൺഗ്രസ് വി എസിനെ ദേശീയ സമിതി അംഗമായി തെരഞ്ഞെടുത്തു. അന്ന് പ്രചാരണത്തിന്‌ വി എസ് അണിനിരത്തിയ കലാസംഗമത്തിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നത് കൗതുകകരമാണ്. ഇന്ന് ലോകപ്രശസ്‌തനായി മാറിയ അതുല്യ സംഗീതജ്ഞൻ ഇളയരാജയും അദ്ദേഹത്തിന്റെ സഹോദരൻ ഗംഗൈ അമരനും വിപ്ലവഗാനങ്ങൾ ആലപിക്കാനെത്തി. രാഷ്‌ട്രീയ പോരാട്ടങ്ങൾക്ക് സാംസ്‌കാരികതലം കൂടിയുണ്ടെന്ന് വി എസ്‌ അന്നേ തിരിച്ചറിഞ്ഞു.




deshabhimani section

Dont Miss it

Recommended for you

Home